കര്‍ഷക സമരവും ദേശീയ രാഷ്ട്രീയവും.

കര്‍ഷക സമരവും ദേശീയ രാഷ്ട്രീയവും.

വിജയ് ചൗക്ക് @ 114 @ മെട്രോ വാര്‍ത്ത: ഒക്ടോബര്‍ 10

സുധീര്‍നാഥ് 


ഒരു വര്‍ഷത്തോളമായി തുടരുന്ന കര്‍ഷക സമരം ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റി എഴുതുമോ...? ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ചരിത്രം ആവര്‍ത്തിച്ചാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സമകാലീന ചിത്രം കര്‍ഷക സമരം മാറ്റി എഴുതും. ഇന്ത്യ കര്‍ഷകരുടെ നാടായത് കൊണ്ട് തന്നെ അന്നം തരുന്നവരുടെ സമരത്തിന് എക്കാലത്തും പിന്തുണ ഏറും എന്ന കാര്യത്തില്‍ സംശയമില്ല. സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കര്‍ഷകര്‍ നടത്തുന്ന സമരം. ഡല്‍ഹി അതിര്‍ത്തികളില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ പോകുന്ന സമരം ദൂരവ്യാപകമായ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കും.

കേന്ദ്ര സര്‍ക്കാര്‍ 2020 സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലിനെതിരെ പഞ്ചാബിലാണ് കര്‍ഷകര്‍ സമരത്തിന് തുടക്കം കുറിച്ചത്. റെയില്‍ ഗതാഗതം തടസപ്പെടുത്തി റെയില്‍ റുക്കോ സമരം തുടങ്ങിയത് ഒക്ടോബര്‍ ഒന്നു മുതലാണ്. സമരം രണ്ടു മാസത്തിലേറെ നീണ്ടതോടെ ശക്തമാകുകയും റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുകയും ഉണ്ടായി. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംബു റെയില്‍വേ സ്റ്റേഷനിലാണ് ശക്തമായ സമരം നടന്ന ഒരു പ്രധാന കേന്ദ്രം. അതിന് കാരണവുമുണ്ട്. ശംബു റെയില്‍വേ സ്റ്റേഷന്‍ കടന്നല്ലാതെ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിലേയ്ക്ക് തീവണ്ടികള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ല. പഞ്ചാബിലെ കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകള്‍ എല്ലാം പരാജയമായി. 

2020 നവംബര്‍ മൂന്നാം വാരം അവസാനിച്ചപ്പോള്‍ സമരം ചെയ്യുന്നവരുമായി അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തി. പതിനഞ്ച് ദിവസം സമരത്തിന് അവധി നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചതോടെ 2020 നവംബര്‍ 23 മുതല്‍ യാത്രാ, ചരക്ക് തീവണ്ടികള്‍ ഓടി തുടങ്ങി. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് അന്നേ കര്‍ഷകര്‍ അറിയിച്ചിരുന്നു. റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടമാണ് റെയില്‍ റുക്കോ സമരം മൂലം ഉണ്ടായത്. നവംബര്‍ 26, 27 തിയതികളില്‍ ഡല്‍ഹി ചലോ എന്ന പേരില്‍ കര്‍ഷകര്‍ നടത്തിയ സമരത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പങ്കാളികളായി. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളില്‍ സമരം ചെയ്ത് ഡല്‍ഹിയിലേയ്ക്ക് നീങ്ങിയ കര്‍ഷകരെ തടഞ്ഞു. ആയിരകണക്കിന് കര്‍ഷകരാണ് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 

സമരത്തിന്‍റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി ചരിത്രത്തിന്‍റെ ഭാഗമായി മാറി. ലക്ഷക്കണക്കിന് ട്രാക്റ്ററുകളില്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി.  ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലൂടെയും കര്‍ഷകര്‍ ട്രാക്ടറില്‍ പ്രവേശിച്ചപ്പോള്‍ ഭരണസിരാകേന്ദ്രം നടുങ്ങി. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച് പ്രഖ്യാപിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്റ്റര്‍ റാലി നടന്നത്. പോലീസ് നിശ്ചയിച്ച സമയവും, വഴിയും സമര രംഗത്തുള്ള കര്‍ഷകര്‍ 2021 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിന്‍റെ രാവിലെ തന്നെ ലംഘിച്ചു. നിര നിരയായി  ത്രിവര്‍ണ്ണ പതാകയും, കര്‍ഷക പതാകയും പിടിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. ചെങ്കോട്ടയുടെ മുകളില്‍ കര്‍ഷക സമരത്തിന്‍റെ ചിഹ്നമായ കൊടി നാട്ടിയത് വലിയ ചര്‍ച്ചയായി. ഇന്ത്യ എന്ന രാജ്യത്തിന്‍റെ ചിഹ്നമാണ് ചെങ്കോട്ടയും, ഇന്ത്യാ ഗേറ്റും, ടാജ്മഹളും മറ്റും. ഇത് സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്‍റെ കടമയാണ്. അത് തകരുന്ന കാഴ്ച്ചയാണ് ചെങ്കോട്ടയുടെ മുകളില്‍ കയറി കൊടി നാട്ടിയ സംഭവം. ഇത് രാജ്യത്തിന്‍റെ ഇന്‍റലിജന്‍സ് സംവിധാനത്തിന്‍റെ വീഴ്ച്ചയാണെന്ന് പറയാം. പക്ഷെ ഇവിടെ ആസൂത്രിതമായി നടപ്പിലാക്കിയ കാര്യങ്ങള്‍ നടന്നു എന്ന നിലയിലാണ് സംഭവങ്ങളെ കാണേണ്ടത്. 

ഗാസിപ്പൂരില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ കര്‍ഷകരില്‍ ചിലര്‍ ഐ.ടി.ഒയില്‍ അക്രമാസക്തരായി. ഒരു കര്‍ഷകന്‍ അവിടെ മരണമടയുകയും ചെയ്തു. അക്രമണങ്ങളെ കര്‍ഷക സംഘടനകളും, സമരത്തെ പിന്തുണയ്ക്കുന്നവരും ആദ്യം തന്നെ അപലപിച്ചു. ശക്തമായ സമരത്തെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കങ്ങള്‍ പാളുന്നതായാണ് പിന്നീട് രാജ്യം കണ്ടത്. സമര നേതാക്കളെ പോലും വിസ്മയിപ്പിച്ച ജനപങ്കാളിത്തം കൊണ്ട് കര്‍ഷകരുടെ റിപ്പബ്ലിക്ക് ദിനത്തിലെ സമരം ചര്‍ച്ചയായി. സമരം അതോടെ അന്തര്‍ദേശിയ തലത്തിലും ചര്‍ച്ചയായി. മറ്റ് സമരങ്ങളില്‍ നിന്ന് വ്യത്യാസമായി കര്‍ഷക സമരം ഓരോ ദിവസവും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്ന കാഴ്ച്ച രാജ്യം കണ്ടു. കര്‍ഷകര്‍ക്ക് നേരെ നിയമ പ്രശ്നം ഉന്നയിച്ച് നടത്തിയ ഇടപെടലുകള്‍ തിരിച്ചടിയായി. സമര രംഗത്തുണ്ടായ കര്‍ഷകരെ പല പല കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച്ചയും രാജ്യം കണ്ടു. ആദായ നികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങി പല ഏജന്‍സികളും കര്‍ഷകരെ തേടി എത്തി. കര്‍ഷക സമരത്തിന് ഇരുവരും അനുഭാവ നിലപാട് പരസ്യമാക്കിയിരുന്നു. മോദിയേയും, കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ പേലും കേന്ദ്ര അന്വേഷണ സംഘങ്ങള്‍ വളയുന്ന വിചിത്രമായ നടപടിയാണ് രാജ്യത്ത് നടന്നത്. നിവര്‍ത്തിയില്ലാതെ കര്‍ഷകര്‍ക്കെതിരെയുള്ള ഒറ്റപ്പെട്ട നിയമനടപടികള്‍ക്ക് കുറവുണ്ടായി. 

കര്‍ഷക സമരത്തെ ഉയര്‍ത്തി കാട്ടിയ വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ വലിയ അളവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. പക്ഷെ സമരം ശക്തമായി തന്നെ തുടരുകയും ചെയ്യുന്നു. സമരത്തിന്‍റെ ഭാഗമായി വടക്കേ ഇന്ത്യയില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷക കൂട്ടായ്മ നടത്തുന്ന മഹാ പഞ്ചായത്തില്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും പതിനായിരങ്ങള്‍ ഒത്തുകൂടുന്നു. ഒരിടത്തും രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. അതേസമയം  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പാര്‍ട്ടി പരിപാടി പോലും പല സ്ഥലത്തും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ കര്‍ഷകര്‍ കൂട്ടമായി എത്തുന്നതാണ് പല പരിപാടികളും ഉപേക്ഷിക്കാന്‍ കാരണം.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിന് സംഭവിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കര്‍ഷക സമരത്തെ അനുകൂലിക്കുന്ന സമരക്കാര്‍ക്കിടയിലേയ്ക്ക് കേന്ദ്ര അഭ്യന്തിര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വണ്ടി ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല ചെയ്തു. കാറിലുണ്ടായ നാലു പേരും മരണപ്പെട്ടു. ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും സംഭവത്തില്‍ മരണപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയും, ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദും പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ കരിങ്കൊടികളുമായാണ് കര്‍ഷകര്‍ എത്തിയത്. കര്‍ഷക പ്രതിഷേധത്തെ കുറിച്ചറിഞ്ഞ നേതാക്കള്‍ ഹെലിക്കോപ്റ്റര്‍ ഉപേക്ഷിച്ച് റോഡ് മാര്‍ഗം എത്തുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതോടെ കര്‍ഷകര്‍ ഉച്ചയ്ക്ക് തന്നെ പിരിഞ്ഞ് പോകുന്ന സമയത്താണ് ആശിഷ് മിശ്രയും സംഘവും മൂന്ന് കാറുകളില്‍ എത്തി കൊല നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദ്യശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ സാധ്യത കുറവാണ്. 

കര്‍ഷക സമരക്കാരെ ലാത്തി കൊണ്ട് നേരിടാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബി.ജെ.പി. പ്രവര്‍ത്തകരോട് പരസ്യമായി ആവശ്യപ്പെട്ടത് വിവാദമായിരിക്കുകയാണ്. സമരക്കാരെ നേരിടാന്‍ അഞ്ഞൂറ് പേര്‍ വോളന്‍റിയര്‍മാരാകണം. ലാത്തിയെടുത്ത് ഇറങ്ങണം. കര്‍ഷക സമരക്കാരെ അടിച്ച് ഓടിക്കണം. അഞ്ചോ ആറോ മാസം ജയിലില്‍ കിടക്കേണ്ടി വന്നേക്കാം. പുറത്തിറങ്ങിയാല്‍ അവര്‍ നേതാക്കളാകും. ഹരിയാനയിലെ കര്‍ണാല്‍ സിറ്റി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ പോലീസുകാരോട് ലാത്തി കൊണ്ട് കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊട്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പരസ്യമായിരുന്നു. കര്‍ണാലില്‍ പോലീസുകാര്‍ കര്‍ഷക സമരക്കാരുടെ തല തല്ലി പൊട്ടിച്ചു. ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തു. 

ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി. 352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്. 

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ (ഇപ്പോള്‍ കര്‍ഷക സമരം നയിക്കുന്ന രാജേഷ് ടിക്കായത്തിന്‍റെ പിതാവ്) നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. 

ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. ടി.ഡി.പി 30 സീറ്റുമായി രണ്ടാംസ്ഥാനത്തായിരുന്നു. സിപിഎം 23 സീറ്റുകളില്‍ അന്ന് പാര്‍ലമെന്‍റിലെ ലോക്സഭയില്‍ ഉണ്ടായിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. ജനത ദള്‍ 142 സീറ്റില്‍ ജയിച്ചു. ബിജെപി 89, സിപിഎം 34, സിപിഐ 12, എഐഎഡിഎംകെ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വി.പി. സിംഗ് അധികാരത്തില്‍ എത്തുന്നത് ഇവിടെ നിന്നാണ്.

1988ല്‍ കര്‍ഷക സമരം നയിച്ച മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ മകന്‍ രാജേഷ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന് രാഷ്ട്രീയമായ പ്രാധാന്യമുണ്ട്. രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ വികാരങ്ങളെ മാനിക്കാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വിജയിക്കാന്‍ പ്രയാസമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും, പഞ്ചാബും, ഗുജറാത്തും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കര്‍ഷകര്‍ ധാരാളമുള്ള പ്രദേശമാണ്. രാജ്യത്തിന്‍റെ രാഷ്ട്രീയ ചൂണ്ട് പലകയായിരിക്കും ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലം. ദേശിയ രാഷ്ട്രീയത്തിന്‍റെ ഗതിയും അതോടെ നിര്‍ണ്ണയിക്കപ്പെടും.