ഒളിമങ്ങാതെ ഗാന്ധിജി

ഒളിമങ്ങാതെ ഗാന്ധിജി

സുധീര്‍ നാഥ് 


ചിത്രരചന രംഗത്ത് ഏറ്റവും വേഗതയിലും ഏറ്റവും എളുപ്പവും വരയ്ക്കാവുന്ന ഒരു ദേശീയ അന്തര്‍ ദേശീയ രൂപമാണ് മഹാത്മാഗാന്ധിയുടേത്. കാര്‍ട്ടൂണിസ്റ്റ് രങ്ക വളരെ ലളിതമായി ഗാന്ധിജിയെ വരച്ച് പ്രശസ്തനുമാണ്. ഒരു ചോദ്യ ചിഹ്നത്തില്‍ നിന്ന് പോലും ഗാന്ധി ചിത്രം ഉണ്ടാകുന്നു. വരയ്ക്കാന്‍ എളുപ്പമായതുകൊണ്ടല്ല അദ്ദേഹത്തിനെ ഇപ്പോഴും വരയ്ക്കപ്പെടുന്നത്. മഹാത്മാ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍, ജീവിതരീതി, വചനങ്ങള്‍ ഇതെല്ലാം കാലമേറെ കഴിഞ്ഞിട്ടും അതി ശക്തമായി തന്നെ ജനമനസ്സുകളില്‍ നില്‍ക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു രാഷ്ട്രീയ നേതാവിനെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിലും, ഛായാ ചിത്രത്തിലും, വരയ്ക്കപ്പെട്ടതും, ശില്‍പ്പികളാല്‍ നിര്‍മ്മിക്കപ്പെട്ടതും മഹാത്മാ ഗാന്ധിയുടെ രൂപമാണ്. 1948 അദ്ദേഹം ഗോഡ്സെയുടെ തോക്കിനല്‍ കൊല്ലപ്പെടുകയായിരുന്നു. പക്ഷേ 2021ല്‍ പോലും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കാര്‍ട്ടൂണിസ്റ്റുകളും അദ്ദേഹത്തെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി കാര്‍ട്ടൂണുകളില്‍ ചിത്രീകരിക്കുന്നു എന്നുള്ളത് ഒരു മഹത്തായ കാര്യം തന്നെയാണ്. 

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഇന്ത്യന്‍ ജനതയെ സംഘടിപ്പിച്ച് സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുമ്പോള്‍ പോലും ബ്രിട്ടീഷുകാര്‍ ബഹുമാനത്തോടെ തന്നെ മഹാത്മാഗാന്ധിയെ കാര്‍ട്ടൂണുകളില്‍ കഥാപാത്രമായിരുന്നു. വളരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഹാത്മാ ഗാന്ധിയുടേത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റുകള്‍ ഗാന്ധിജിയെ ആനയുടെ ശരീരമായി ചിത്രീകരിച്ച് വരച്ചു. വിശേഷിച്ച് ഡേവിഡ് ലോ അടക്കമുള്ള വിദേശ കാര്‍ട്ടൂണിസ്റ്റുകള്‍ മഹാത്മാഗാന്ധിജിയെ ആനയുടെ രൂപത്തില്‍ വരച്ചിട്ടുള്ളത് ശ്രദ്ധിക്കുക. അദ്ദേഹത്തിന്‍റെ ശരീരപ്രകൃതം വളരെ മെലിഞ്ഞ ആണെങ്കിലും പിന്നെ എന്തുകൊണ്ടാണ് അതിശക്തനായ ആനയുടെ ശരീരം അദ്ദേഹത്തിന് നല്‍കിയത് എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. അദ്ദേഹത്തിന്‍റെ ശക്തിയുടെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റുകള്‍ ഗാന്ധിജിയെ ആനയാക്കിയത്. 

ഗാന്ധിയെ പിന്നീട് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളും ആനയുടെ രൂപം നല്‍കിയിട്ടുണ്ട്. അബുവിന്‍റെ അതിപ്രശസ്തമായ ഒരു കാര്‍ട്ടൂണും ഈ ഗണത്തില്‍ പെടും. കാര്‍ട്ടൂണിസ്റ്റുകളും സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയോടൊപ്പം നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ബ്രിട്ടീഷുകാരെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളാണ് ശങ്കര്‍, അഹമ്മദ്, വാസു,കുട്ടി തുടങ്ങിയവര്‍ വരച്ചുകൂട്ടിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അങ്ങനെ ഗാന്ധിജിയോടൊപ്പം ശങ്കറും, അഹമ്മദും, വാസുവും, കുട്ടിയും ഉള്‍പ്പെട്ട കാര്‍ട്ടൂണിസ്റ്റുകള്‍ നിര്‍ണായക പങ്കുവഹിച്ചു എന്ന് തീര്‍ച്ചയായും പറയേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ കാര്‍ട്ടൂണുകള്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ഇന്ത്യന്‍ ജനതയുടെ വികാരങ്ങളായിരുന്നു ഓരോ കാര്‍ട്ടൂണിലും ഉണ്ടായിരുന്നത്. 

ഗാന്ധിജി മരണപ്പെട്ടിട്ട് 75 വര്‍ഷം കഴിഞ്ഞും അദ്ദഹം കാര്‍ട്ടൂണുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഒരു കാര്യം ഉറപ്പാണ്, വരും തലമുറയിലുള്ള കാര്‍ട്ടൂണിസ്റ്റുകളും ഗാന്ധിജിയെ വരച്ചുകൊണ്ടിരിക്കും. മറ്റൊരു ലോക നേതാക്കള്‍ക്ക് ലഭിക്കാത്ത ബഹുമതി കാര്‍ട്ടൂണിലൂടെ മഹാത്മാഗാന്ധിജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.