സാധാരണക്കാരുടെ ശബ്ദമായിരുന്നു ആർ.കെ. ലക്ഷ്മൺ സൃഷ്ടിച്ച സാക്ഷിയായി മാത്രം നിലകൊണ്ട കോമൺ മാൻ. ലക്ഷമൺ വർഷങ്ങൾക്ക് മുൻപ് വരച്ച പല കാർട്ടൂണുകളും ഇന്നും പ്രസക്തമാണ്. വിലക്കയറ്റത്തിന്റെ കാലത്ത് ലക്ഷമൺ വരച്ച കാർട്ടൂണുകൾ കാലങ്ങൾക്കിപ്പുറവും പ്രസക്തമാകുന്നു എന്നത് അദ്ദേഹത്തിന്റെ വിഷയത്തിലുള്ള ദീർഘവീക്ഷണമാണ്.
ശക്തമായ വരകളും, മൂർച്ചയേറിയ വിമർശനവും, നർമ്മവും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ കാലങ്ങൾക്കിപ്പുറവും ആസ്വാദ്യമാക്കാൻ കാരണം. നെഹ്റു മുതൽ ഡോക്ടർ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരെ തന്റെ വരയിൽ വിമർശന വിധേയമായിട്ടുണ്ട് ആർ. കെ. ലക്ഷ്മൺ.
കാർട്ടൂൺ കലയുടെ കുലപതിയായ ശങ്കറിന് ഒട്ടേറെ ശിഷ്യൻമാരുള്ളതായി നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ആർ.കെ. ലക്ഷമണന്റെ ശിഷ്യനായി കാർട്ടൂൺ രംഗത്ത് ആരെങ്കിലും ഉണ്ടാ എന്നത് ചോദ്യമായി അവശേഷിക്കട്ടെ. അദ്ദേഹത്തിന്റെ ടൈംസ് ഓഫ് ഇന്ത്യയിലെ കാർട്ടൂണുകൾ നോക്കി കാർട്ടൂൺ രംഗത്ത് എത്തിയിരിക്കുന്നു. പുരാണത്തിൽ ദ്രോണാചാര്യരിൽ നിന്ന് ആയുധവിദ്യകൾ അഭ്യസിച്ച ഏകലവ്യന്റെ കഥ പ്രശസ്തമാണല്ലോ. ഇത്തരത്തിൽ ആർ.കെ. ലക്ഷമണനെന്ന ദ്രോണാചാര്യരുടെ ശിക്ഷണത്തിൽ കാർട്ടൂണിന്റെ മേഖലയിൽ എത്തിയ ഏകലവ്യൻമാർ എത്രയോ പേരാണ്.
അടിയന്തിരാവസ്ഥ കാലത്ത് കാർട്ടൂൺ വരതന്നെ നിർത്തി വിദേശത്തു പോയ ആർ. കെ. ലക്ഷ്മൺ വർച്ച ഒരു കാർട്ടൂൺ ഏറെ പ്രശസ്തമാണ്. തന്റെ പ്രശസ്തമായ സാധാരണ മനുഷ്യൻ മണ്ണിൽ തല താഴ്ത്തി പത്രം കൊണ്ട് വെളിച്ചം മറച്ചിരിക്കുന്നു. സെൻസർ ഷിപ്പിനെ ശക്തമായി വിമർശിക്കുന്ന ഈ കാർട്ടൂൺ എത്രയോ തവണ പുനർ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ആർ. കെ. ലക്ഷമണിന്റെ രസകരമായ മറ്റൊരു കാർട്ടൂണുണ്ട്. ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് കടന്നു വരുന്ന ലക്ഷമണിന്റെ പ്രശസ്തമായ കോമൺ മാൻ. കോമൺമാനെ ചൂണ്ടി ഒരു ശാസ്ത്രഞ്ജൻ പറയുകയാണ്. "ഇതാണ് നമ്മുടെ ആൾ. ഇയാൾക്ക് വെള്ളം, ഭക്ഷണം, വെളിച്ചം, വായു, വീട് ഇല്ലാതെ ജീവിക്കാൻ പറ്റും..." ഇന്ത്യയിലെ ദാരിദ്രം വിമർശനാത്മകമായി ചിത്രീകരിക്കുകയാണ് ഈ കാർട്ടൂൺ.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഓപ്പൺ സർവ്വകലാശാലയിലെ ഇവാലുവേഷൻ വിഭാഗത്തിന്റെ മുന്നിൽ ഒരു കാർട്ടൂണുണ്ട്. വയലിൽ പണിയെടുക്കുന്ന പിതാവ്. പരീക്ഷയിൽ പത്തിൽ പൂജ്യം മാർക്കുമായി മകൻ വരുന്നു. എന്നിട്ട് പിതാവിനെ നോക്കി പറയുകയാണ്. " പത്താം തവണയും തോറ്റു നമ്മുടെ പരീക്ഷാ രീതിയിൽ മാറ്റം വരേണ്ടിയിരിക്കുന്നു "
സൂക്ഷമ നിരീക്ഷണം നടത്തുന്ന കാർട്ടൂണിസ്റ്റുകൾക്ക് എപ്പോഴും മാതൃകയാണ് ആർ.കെ. ലക്ഷമണന്റെ കാർട്ടൂണുകൾ. പക്ഷെ, ലക്ഷമൺ വരച്ചിരുന്ന നെഹ്റുവിന്റെ കാർട്ടൂണുകൾ പഠന വിഷയമാക്കേണ്ടതാണ്. നെഹ്റുവിന്റെ പ്രശസ്തമായ തൊപ്പി ഒഴിവാക്കിയാണ് അദ്ദേഹം വരച്ചിരുന്നത്.
നൂറ് കണക്കിന് ശ്രദ്ധേയ കാർട്ടൂണുകൾ വരച്ചിട്ട ലക്ഷമൺ, ഇന്ത്യയുടെ ചരിത്രമാണ് രേഖപ്പെടുത്തിയത്. അങ്ങിനെ ഇന്ത്യൻ ചരിത്രത്തിന്റെ ഒരു ഭാഗം വരച്ചിട്ട ആർ. കെ. ലക്ഷമൺ ഒരു ചരിത്രകാരൻ കൂടിയാണ്. ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ പ്രധാന കഥാപാത്രമായ ആർ. കെ. ലക്ഷ്മൺ ജൻമ ശതാബ്ദി ദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമ്മകളിൽ നിറഞ്ഞ് തുളുമ്പട്ടെ.