ഇന്ത്യയുടെ സാംസ്കാരിക ഇടത്തില്‍ കേരളത്തിന്‍റെ സംഭാവന

 ഇന്ത്യയുടെ സാംസ്കാരിക ഇടത്തില്‍ കേരളത്തിന്‍റെ സംഭാവന 


കേരളത്തില്‍ നിന്ന് മികച്ച സാഹിത്യ സൃഷ്ടികള്‍ ഉണ്ടാകുന്നതില്‍ അതിശയമില്ലെന്നും ആധുനിക ഇന്ത്യയുടെ സാഹിത്യ സംസ്കാരത്തിന് കേരളം നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും ഗവര്‍ണര്‍ ആരിഫ്  മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രമുഖകവി പ്രഭാവര്‍മ്മയുടെ രണ്ടു കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളുടെ പ്രകാശനം ഡല്‍ഹിയിലെ കേരള ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാവ്യ നോവലുകള്‍ ഇന്ത്യന്‍ സാഹിത്യത്തിലും മലയാള ഭാഷയിലും പൊതുവേ കുറവാണ്. മലയാളത്തില്‍ ഒ.എന്‍.വി.യുടെ ഉജ്ജയിനി ഇത്തരത്തിലുള്ള ഒന്നാണ്. നല്ല സാഹിത്യം പിറക്കുന്നത് മറ്റുള്ളവരുടെ വേദന ഉള്‍ക്കൊള്ളുന്നതിലൂടെയും സ്വയം അനുഭവിക്കുന്നതിലൂടെയും ആണ്. 

പ്രഭാവര്‍മയുടെ കൃതികള്‍ മികച്ചതാവുന്നതും മറ്റുള്ളവരുടെ വേദനകളും ശോകവും ജീവിതവും സംഘര്‍ഷങ്ങളും അദ്ദേഹത്തിന് ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കൊണ്ടാണ്. കവി പ്രഭാ വര്‍മയെയും  'ആന്‍ക്ലെറ്റ് ഓഫ് ഫയര്‍' വിവര്‍ത്തനം ചെയ്ത അജീര്‍കുട്ടിയെയും 'ലാമന്‍റ് ഓഫ് ദി ഡസ്കി ലോര്‍ഡ്'  വിവര്‍ത്തനം ചെയ്ത അനിത മാധവനെയും അഭിനന്ദിക്കുന്നു. 'ആന്‍ക്ലെറ്റ് ഓഫ് ഫയര്‍' ന്‍റെ ആദ്യ പ്രതി ഫ്രണ്ട്ലൈന്‍  സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണനും 'ലാമന്‍റ് ഓഫ് ദി ഡസ്കി ലോര്‍ഡ്'ന്‍റെ ആദ്യ പ്രതി കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റ് ഡോ. ചന്ദ്രശേഖര കമ്പാറും ഗവര്‍ണ്ണറില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.ശ്രീനിവാസ റാവു ആശംസ പ്രസംഗം നടത്തി. ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച ഇന്‍ഡസ് പബ്ലിഷേഴ്സ് മേധാവി ഗൗരിശങ്കര്‍ നടേശന്‍  സ്വാഗതവും കവി പ്രഭാവര്‍മ്മ നന്ദിയും പറഞ്ഞു.