കോവിഡാനന്തര ഇന്ത്യയിൽ
വിജയ് ചൗക്ക് @ 112 @ മെട്രോ വാര്‍ത്ത: സെപ്തംബര്‍ 25
സുധീര്‍നാഥ്
കോവിഡ് മഹാമാരി പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ലോകം മനസിലാക്കിയിരിക്കുന്നു. എന്നിട്ടും വലിയ ഇളവുകള്‍ ലോകത്തിലെ എല്ലാ രാജ്യവും ജനങ്ങള്‍ക്ക് കൊടുക്കുന്നു. പൊതുനിരത്തില്‍ ജനങ്ങള്‍ ഇറങ്ങുന്നു. തീവണ്ടിയും, വിമാനവും, പൊതുഗതാഗത വാഹനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ചടങ്ങുകള്‍ നടക്കുന്നു. മാളുകള്‍ തുറക്കുന്നു. സ്ക്കൂളുകളും കോളേജുകളും തുറക്കുന്നു... നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 2020 മെയ് മാസത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ ലോകമെങ്ങും നടക്കുന്നത്. കോവിഡിന്‍റെ ആരംഭ കാലത്ത് ജനങ്ങള്‍ക്കുണ്ടായ പേടി ഇപ്പോള്‍ ഇല്ല. അന്ന് ഉണ്ടായതിനേക്കാള്‍ പതിന്‍ മടങ്ങ് രോഗികള്‍ ഇന്ന് ഉണ്ട് എന്നത് എടുത്ത് പറയണം.
ഇന്ത്യയുടെ ദേശിയ, പ്രാദേശിക രാഷ്ട്രിയത്തിലും വലിയ മാറ്റങ്ങളാണ് കോവിഡ് മഹാമാരിയുടെ വരവോടെ ഉണ്ടായത്. ലോകം മുഴുവനുമുള്ള മനുഷ്യര്‍ ജീവനുവേണ്ടി വീടുകളിലേയ്ക്ക് ഉള്‍വലിഞ്ഞത് കോവിഡിന്‍റെ ആരംഭ കാലത്താണ്. എങ്ങിനെ കൊറോണ വൈറസിനെ നേരിടാം എന്ന് തിരിച്ചറിയാന്‍ ആഴ്ച്ചകള്‍ എടുത്തു. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. വാക്സിനുകള്‍ ഒന്നൊന്നൊയി പുറത്തിറങ്ങി. യുവാക്കളും, പ്രതിരോധ ശേഷിയുള്ളവരുമായ വ്യക്തികള്‍ക്ക് മാത്രമേ കോവിഡ് കാലത്ത് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്ന വിശ്വാസം വ്യാപകമായി. ഇതിന്‍റെ ഫലമായി ദേശിയ, പ്രദേശിക പാര്‍ട്ടികള്‍ പൊതുതിരഞ്ഞെടുപ്പില്‍ മാത്രമല്ല, സംഘടനാ നേത്യത്ത്വത്തിലും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതായി കാണാം. ഇത് വ്യാപകമായി നടപ്പിലാക്കി തുടങ്ങിയതോടെ രഷ്ട്രീയ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷ്യന്‍ പ്രായം അറിഞ്ഞോ അറിയാതെയോ വിധിക്കപ്പെട്ടു എന്ന് പറയാം.
മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ രംഗത്ത് ഉപദേശകന്‍മാരായി മാത്രം ഒതുങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. അവര്‍ അവരുടെ ജീവിതത്തിലെ അനുഭവ പരിചയം കൊണ്ട് നേടിയ അറിവുകള്‍ പുതു തലമുറയിലേയ്ക്ക് പകരണം എന്നതാണ് വ്യവസ്ഥ. പക്ഷെ ഇത് സാധ്യമാകുമോ എന്ന ചിന്ത സമൂഹത്തില്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ മാത്രമാണ് റിട്ടയര്‍മെന്‍റ് പ്രായം എന്നൊന്ന് ഇല്ലാതിരുന്നത്. സര്‍ക്കാര്‍ ജോലിയിലും മറ്റും നിശ്ചിത വയസ് പൂര്‍ത്തിയാക്കിയാല്‍ സേവനം അവസാനിക്കുന്നു. സുപ്രീം കോടതിയില്‍ പരമോനത വിധി നിര്‍ണ്ണയിക്കുന്ന ചീഫ് ജസ്റ്റസിനും പ്രായപരിധി ഉണ്ട്. 2017ല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചത് ഇത് തന്നെ അവസാന തിരഞ്ഞെടുപ്പായിരുന്നു എന്നാണ്. അതേ വ്യക്തി 2021ല്‍ ചുവട് മാറ്റി. 2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നയിക്കുമെന്നും, ഭരിക്കുമെന്നും. കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചതും അത് തന്നെയാണ്. രാജസ്ഥാനില്‍ അശോക് ഖലോട്ടും സമാനമായ പിടിവാശിയിലാണ്. ഇത് കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ക്ക് നിരാശയാണ് ഉണ്ടാക്കുന്നത്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്ത്യനാഥിന്‍റെ സ്ഥിതി അത്ര സുഖകരമല്ല. കര്‍ഷക സമരം വലിയ അളവില്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. ജാട്ട് സമുദായം കര്‍ഷകരുടെ കൂടെയാണ്. മുസ്ലീം സമുദായം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തീക്ത അനുഭവം ഉള്‍കൊണ്ട് യോഗിക്ക് അനുകൂലമല്ല. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും, ബി.എസ്.പിയും, ആം ആദ്മി പാര്‍ട്ടിയും പല മേഖലകളിലും ശക്തരാണ്. ഇവര്‍ ഒന്നിക്കില്ല എന്നിടത്താണ് ബി.ജെ.പിയുടെ വിജയം. ഗുജറാത്തിലും ഉത്തര്‍ പ്രദേശിലെ സാഹചര്യമാണ്. പഞ്ചാബില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന സമാന സാഹചര്യമാണ് ഗുജറാത്തിലെ ബി.ജെ.പി. നേരിട്ട് കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പുകള്‍ കോവിഡ് കാലത്ത് നടക്കുന്നു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. കോവിഡ് മഹാമാരി വന്നതിന് ശേഷം ആദ്യമായി ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നത് 2020 ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലായി ബീഹറിലായിരുന്നു. 72 മില്ല്യന്‍ ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചത്. ബീഹറില്‍ തിരഞ്ഞെടുപ്പ് നത്തെിയതിലെ ആത്മവിശ്വാസമാണ് പിന്നീട് പല തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയില്‍ നടത്തുവാന്‍ കാരണമായതും. കര്‍ശനമായ നിയന്ത്രണങ്ങളോടെ കേരളത്തിലടക്കം തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി നിരീക്ഷിച്ചിരുന്നു. എന്നാലും കണക്കുകളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇലക്ഷന് ശേഷം വര്‍ദ്ധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ആദ്യം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ആരോഗ്യ രംഗത്തെ പാഠഭാഗമാണ്.
രണ്ടാം കോവിഡ് തരംഗത്തില്‍ വകമാറ്റം സംഭവിച്ച വൈറസുകള്‍ ഉണ്ടെന്ന് ശാസ്ത്ര ലോകം പറയുന്നു. കേരളത്തില്‍ രണ്ടാം തരംഗം വളരെ വൈകിയാണ് എത്തിയതും, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ രണ്ടാം തരംഗം ഭീകര അന്തരീക്ഷമാണ് ഉണ്ടാക്കിയത്. ജീവവായുവായ ഓക്സിജന്‍ ലഭിക്കാതെ ജനങ്ങള്‍ മരിച്ചു. ആശുപത്രികള്‍ നിറഞ്ഞു. ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിട്ടും തികയാതെ വന്നു. പത്തും പതിനഞ്ചും ശരീരങ്ങള്‍ ഒറ്റ ചിതയില്‍ ദഹിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മരണസംഖ്യയും കുറഞ്ഞു. ഡല്‍ഹി പതിയെ പഴയ ഡല്‍ഹിയായി മടങ്ങി തുടങ്ങി. സ്ക്കൂളും, കോളേജും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ഡല്‍ഹിയിലെ സ്ക്കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത് കോവിഡിന്‍റെ മൂന്നാം തരംഗം ഉണ്ടാകാന്‍ പോകുന്നു എന്ന മുന്നറിയിപ്പിന്‍റെ മുന്നിലാണ്. മൂന്നാം കോവിഡ് തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിക്കുക കുട്ടികളിലാണെന്നും പറയുന്നുണ്ട്. രാജ്യത്തെ 18 വയസിന് താഴെയുള്ള ഒരു കുട്ടിയും വാക്സിന്‍ എടുത്തിട്ടില്ല എന്നതും ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോള്‍ 9 മുതല്‍ 12ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സെപ്തംബര്‍ 1 മുതല്‍ സ്ക്കൂളുകളില്‍ എത്തുന്നത്. 50 ശതമാനം കുട്ടികള്‍ മാത്രമാണ് ഓരോ ക്ലാസിലും ഉണ്ടാകുക.
ഡല്‍ഹിയിലെ ഭൂരിപക്ഷം ജനങ്ങളിലും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ രംഗത്തെ പഠന സര്‍വ്വെകള്‍ പറയുന്നത്. കോവിഡ് ബാധിതരായി ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നവരില്‍ പ്രതിരോധ ശക്തി റണ്ടാകുമെന്നാണ് പറയുന്നത്. അതുപോലെ നല്ലൊരു ശതമാനം ജനങ്ങളും കോവിഡിന്‍റെ രണ്ട് വാക്സിനുകളും എടുത്തിട്ടുണ്ട്. ഇത് രണ്ടും ഡല്‍ഹിയിലെ കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്യത കുറയ്ക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെയാകും ഡല്‍ഹിയില്‍ കോവിഡാനന്തര നടപടികള്‍ സ്വീകരിച്ചതിന്‍റെ കാരണവും.
ഡല്‍ഹിയിലും മറ്റ് പല സംസ്ഥാനങ്ങളിലും വളരെ കരുതലോടെ സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് പഠിച്ചതിന് ശേഷമാണ് കേരളത്തിലെ സ്ക്കൂളുകള്‍ തുറക്കുന്നതിന് തയ്യാറെടുക്കുന്നത്. വരുന്ന കാലത്ത് കൊറോണ വൈറസ് നമുക്ക് ചുറ്റിലും ഉണ്ടാകും എന്ന ബോധം ഉണ്ടായിരിക്കണം. വാക്സിനുകള്‍ ഒരു പ്രതിരോധം മാത്രമാണ്. വാക്സിന്‍ എടുത്തത് കൊണ്ട് കോവിഡ് വരാതിരിക്കും എന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. ചിക്കന്‍ ബോക്സ് വൈയറസ് നമുക്ക് ചുറ്റിലും ഇപ്പോഴുമുണ്ട്. അത് പ്രതിരോധിക്കാന്‍ നമ്മള്‍ വാക്സിനുകള്‍ സ്വീകരിച്ചിട്ടുമുണ്ട്. വാക്സിന്‍ സ്വീകരിച്ചവരിലും ചിക്കന്‍ ബോക്സ് വരുന്നുണ്ട്. പക്ഷെ, ഭീകരാവസ്ഥ ഒഴിവാക്കാം എന്നു മാത്രം. അതുതന്നെയാണ് കോവിഡിന്‍റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.
