റീഷഫിളിങ്ങ് പൊളിറ്റിക്സ്...
വിജയ് ചൗക്ക് @ 111 @ മെട്രോ വാര്‍ത്ത: സെപ്തംബര്‍ 21
സുധീര്‍നാഥ്
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വല്ലാത്ത ആശങ്കയിലാണ്. മുന്‍പ് ബി.ജെ.പിയിലേയ്ക്ക് വ്യാപകമായ പാലായനം പല പാര്‍ട്ടികളില്‍ നിന്നും ഉണ്ടായ സാഹചര്യം ഉണ്ടായിരുന്നു. ദിവസവും അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയെ ഉണ്ടായത് വലിയ സംസാരമായിരുന്നു. പിന്നീട് ഈ ഒഴുക്ക് വ്യാപകമായി കുറയുന്ന കാഴ്ച്ചയും ഉണ്ടായി. അന്ന് രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേയ്ക്ക് ചേക്കേറിയിരുന്നത്. ഇപ്പോള്‍ രസകരമായ മറ്റൊരു കാര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടികള്‍ക്ക് നേതാക്കളില്‍ വിശ്വാസം കുറയുന്നു എന്ന തോന്നല്‍ എല്ലായിടത്തും വ്യാപകമാണ്. പാര്‍ട്ടി എന്നാല്‍ ഒരു കൂട്ടം നേതാക്കളല്ലേ എന്ന സംശയം ഇല്ലാതില്ല. നേതാക്കള്‍ക്ക് പരസ്പര വിശ്വാസം കുറയുന്നു എന്നു വേണമെങ്കില്‍ പറയാം. അതു തന്നെയാണ് ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരിടുന്ന പ്രതിസന്ധി. യുവാക്കള്‍ക്ക് വഴിമാറണമെന്ന പുതിയ ട്രന്‍ന്‍റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരുന്നുണ്ട്.
നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചരിത്രം അവകാശപ്പെടുന്ന കോണ്‍ഗ്രസ് എത്തി നില്‍ക്കുന്നതെവിടെയാണ്. ഉത്തര്‍പ്രദേശ് എന്ന ഏറ്റവും വലിയ സംസ്ഥാനത്തെ എതിര്‍പ്പുകളില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസിന്‍റെ ഉത്തര്‍പ്രദേശിലെ സ്ഥാനം എവിടെയാണെന്ന് പരിശോധിക്കേണ്ട സ്ഥിതിയിലാണ്. കോണ്‍ഗ്രസിന്‍റെ ദേശിയ നേതാക്കള്‍ ആരെന്ന് പരസ്യമാക്കാന്‍ പാര്‍ട്ടിക്ക് തന്നെ സാധിക്കുന്നില്ല. പുതിയ ഒരു പാര്‍ട്ടി പ്രസിഡന്‍റിനായി വര്‍ഷങ്ങളായി അലയുകയാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ വരട്ടെ എന്ന് രാഹുല്‍ ഗാന്ധി പറയുകയും, എന്നാല്‍ മറ്റൊരാള്‍ക്ക് അധികാരത്തിന്‍റെ ചെങ്കോല്‍ നല്‍കാന്‍ മടിക്കുന്ന കാഴ്ച്ച പരസ്യമാണ്. കോണ്‍ഗ്രസിന്‍റെ മുഖ്യ പരാജയം അവിടെയാണ്. കുതിരയുടെ കാഴ്ച്ച നേരെ മാത്രം ലഭിക്കുന്നതിനും, മറ്റ് കാഴ്ച്ചകള്‍ കാണാതിരിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണം പോലൊന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ വെച്ചിട്ടുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ടായാല്‍ കുറ്റം പറയുവാന്‍ പറ്റില്ല. ഗാന്ധി കുടുംബ സ്ഥുതികള്‍ മാത്രമാണല്ലോ മുതിര്‍ന്ന നേതാക്കള്‍ എപ്പോഴും പറയുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു. 2022ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മേല്‍ക്കൈ നേടുമെന്ന് സര്‍വേകള്‍ വരികയും, അത് രാഷ്ട്രീയ ചര്‍ച്ചയാകുകയും ചെയ്ത അവസരത്തിലാണ് മുഖ്യമന്ത്രിയുടെ രാജി. കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങള്‍ മറ നീക്കി പുറത്ത് വരികയും ചെയ്തു. കേരളത്തില്‍ കെ.പി.സി.സി. പ്രസിഡന്‍റിനേയും, പ്രതിപക്ഷ നേതാവിനേയും ഹൈകമാന്‍റ് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ബഹളം ജനങ്ങള്‍ അടുത്തിടെ കണ്ടതാണ്.
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കേണ്ടതാണ്. വലിയ പ്രതീക്ഷകളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ രാജ്യഭരണം ഏറ്റെടുത്തത്. ഒട്ടേറെ നല്ല തീരുമാനങ്ങള്‍ എടുക്കുകയും, അത് നടപ്പിലാക്കുകയും ചെയ്തു. രാജ്യത്ത് വികസനം കൊണ്ടുവരികയും, അഴിമതി കുറയ്ക്കുകയും ഉണ്ടായി. ജനങ്ങളുടെ പിന്തുണ നേടി എന്ന സ്ഥിതിയില്‍ എത്തിയതോടെ രാജ്യ താത്പര്യങ്ങള്‍ ബലി നല്‍കി തുടങ്ങി. പെതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വില്‍ക്കുകയും, സ്വകാര്യ മേഖലയുടെ കടന്ന് വരവിനായി പല സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങള്‍ ബലി കൊടുക്കുന്ന കാഴ്ച്ച രാജ്യം കണ്ടു.
2021ല്‍ മാത്രം ബി.ജെ.പിയുടെ നാല് മുഖ്യമന്ത്രിമാര്‍ രാജിവെച്ച് പുതുമുഖത്തെ സ്ഥാനം ഏല്‍പ്പിച്ചു. കര്‍ണ്ണാടകയില്‍ ബി.ജെ.പിയിലെ അഭ്യന്തിര പ്രശ്നങ്ങളാണ് ജൂലൈയില്‍ യദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര റാവത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനം മാര്‍ച്ച് ഒന്‍പതിന് അവസാനിച്ചു. അസാമില്‍ സര്‍ബാനന്ദ സോനോവാളിനും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് 2021ല്‍ തന്നെയാണ്. 15 മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. 12 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ നാട്ടില്‍ ഏഴ് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് ഉണ്ടായിരിക്കുന്നത്. പുതിയതായി പുതുമുഖ എം.എല്‍.എ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. കേരള മോഡലില്‍ എല്ലാ മന്ത്രിമാരേയും മാറ്റി. എല്ലാവരും പുതുമുഖങ്ങള്‍. അനന്ദീ ബെന്‍ പട്ടേലിന്‍റെ ഏറ്റവും അടുത്ത അനുയായി ആണ് ഭൂപേന്ദ്ര പട്ടേല്‍. പട്ടേല്‍ സമുദായത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തിയാണ് ഭൂപേന്ദര്‍. പക്ഷെ അമിത്ത് ഷായുടെ നല്ല പുസ്തകത്തില്‍ ഭൂപേന്തര്‍ ഇല്ലെന്നാണ് സംസാരം.
2016 ആഗസ്റ്റില്‍ 16 മാസം ശേഷിക്കെയാണ് ആനന്ദി ബെന്‍ പട്ടേലിലെ മാറ്റി രൂപാണിയെ അമിത്ത് ഷാ മുഖ്യമന്ത്രിയാക്കുന്നത്. അമിത്ത് ഷായുടെ അടുത്ത അനുയായി ആയ രൂപാണിയെ മാറ്റിയതില്‍ നരേന്ദ്ര മോദിയുടെ താത്പര്യമെന്ന സംസാരം ഉണ്ട്. മോദിയും, അമിത്ത് ഷായും രണ്ട് ദ്രുവങ്ങളിലാണെന്ന സംസാരവും വ്യാപകമാണ്. ഇവര്‍ രണ്ട് പേരും ഒന്നിച്ച് നിന്നപ്പോഴായിരുന്നു ബി.ജെ.പിക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചത്. രണ്ട,മതും നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ ശക്തമായ അഭിപ്രായ ഭിന്നതകള്‍ തുടങ്ങി എന്നാണ് പിന്നാമ്പുറ സംസാരം. അമിത്ത് ഷായുടെ പല തീരുമാനങ്ങളും പാര്‍ട്ടിയില്‍ നടപ്പിലാകുന്നില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നു. ഗുജറാത്തിലെ ഭരണത്തില്‍ വന്ന മാറ്റങ്ങള്‍ അത് മറ നീക്കി പുറത്ത് വരാന്‍ ഇടയാക്കുകയും ചെയ്തു. കോവിഡ് കാലത്ത് നരേന്ദ്ര മോദി ഔദ്യോഗിക വസതിയില്‍ തന്നെ കഴിച്ചു കൂട്ടി എടുത്ത പല നടപടാകളുമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത് എന്ന സംസാരമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന വിഷയത്തില്‍ ഇരുവരും രണ്ട് തട്ടിലാണെന്ന് പറയുന്നു.
ജനതാ പാര്‍ട്ടി വളരെ ശക്തമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ ഭരിച്ചു എന്നത് ഒരു നേട്ടമാണെങ്കിലും പിന്നീട് അത് പല കഷണങ്ങളായി. വീണ്ടും അവരൊക്കെ ഒന്നിച്ച് ഇന്ത്യന്‍ ഭരണം നേടിയെങ്കിലും ഒന്നും വിജയകരമായിരുന്നില്ല. പല അഭിപ്രായങ്ങള്‍ ഒന്നിച്ച് വന്നത് കൊണ്ട് സംഭവിച്ച പരാജയം പല കുറി സംഭവിച്ചു. ജനതാ പാര്‍ട്ടി പഴയത് പോലെ ഒന്നിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും മുകളിലാകുമായിരുന്നു. അത് അസംഭവ്യമായ കാര്യമാണെന്നതില്‍ ഒരു സംശയവുമില്ല.
ഇടത് പക്ഷം ശക്തമായ കാലമുണ്ടായിരുന്നു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എ.കെ.ജിക്ക് ശേഷം മറ്റൊരു ശക്തനായ വ്യക്താവ് പാര്‍ലമെന്‍റില്‍ ഉണ്ടായില്ല. ഇന്ദ്രജിത്ത് ഗുപ്തയും, സോമനാഥ് ചാറ്റര്‍ജിയും മാത്രമായിരിക്കും ഇന്ത്യന്‍ പാര്‍ലമെന്‍റിലെ പിന്നീടുണ്ടായ ശക്തമായ മുഖം. ഒരു തവണ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഏക സ്വരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയിലേയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു. അന്ന് ഇടത്പക്ഷം ഓഫര്‍ നിരാകരിച്ച അവസരത്തില്‍ സഖാവ് ജ്യോതി ബസു പറഞ്ഞ ഒരു വാചകമുണ്ട്. ഹിസ്റ്റോറിക്ക് ബ്ളണ്‍ഡര്‍. ലോക രാഷ്ട്രീയ ചരിത്രത്തില്‍ ഒരു രാജ്യ തലവനായി കമ്മ്യൂണിസ്റ്റുകാരന്‍ വന്നു എന്നത് ചരിത്രമാകുമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം ശക്തിയുള്ള പാര്‍ട്ടിയായി മാറി.
വ്യക്തി കേന്ദ്രീക്യതമായ രാഷ്ട്രീയ പാര്‍ട്ടികളാണ് ഓരോ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നത്. അതിന് വലിയ ആയുസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍. ഉത്തര്‍പ്രദേശില്‍ മായാവതിയും, അഖിലേഷ് യാദവും. ബംഗാളില്‍ മമത. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ. തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു. ആന്ദ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി. തമിഴ്നാട്ടില്‍ എം. കെ സ്റ്റാലിന്‍. ഇങ്ങനെ ഓരോ സംസ്ഥാനങ്ങളിലും പ്രാദേിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കെ വന്നിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്. മുന്‍പ് ഈ പ്രദേശങ്ങളില്‍ ദേശിയ പാര്‍ട്ടികള്‍ക്ക് വലിയ വേരോട്ടമുള്ള പ്രദേശങ്ങളായിരുന്നു. ഇപ്പോള്‍ എവിടേയും റീഷഫിളിങ്ങ് പൊളിറ്റിക്സാണ്.
