പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 സെപ്തംബര്‍ 01 

ചരിത്രം തിരുത്തുന്നവര്‍

ഡല്‍ഹിയിലും ചുറ്റുമുള്ള മറ്റ് സംസ്ഥാനങ്ങളിലുമായി ഒട്ടേറെ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. അന്യ രാജ്യങ്ങളില്‍ നിന്ന് കുടിയേറി ഇന്ത്യയില്‍ അഭയം തേടിയവരാണ്. അതുപോലെ തന്നെ പാവപ്പെട്ട ഇന്ത്യന്‍ ജനത കൂട്ടമായി താമസിക്കുന്ന ചേരികളും ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രദേശങ്ങളില്‍ വിദ്യഭ്യാസത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്താല്‍ ഒട്ടേറെ എന്‍.ജി.ഒ. ഈ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. രാഷ്ട്രീയ അന്തരീക്ഷം ദേിയ തലത്തില്‍ മാറിയപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റ 75ാം വാര്‍ഷ ആഘോഷത്തിന്‍റെ പോസ്റ്ററില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലെ വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് നെഹ്റുവിനെ പുറത്താക്കി. ആസാദി കാ അമ്യത് മഹോത്സവ്  ളന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ രണ്ടാമത്തെ പോസ്റ്ററില്‍ നെഹ്റുവിനെ ഉള്‍പ്പെടുത്തുമെന്ന് വിവാദമായപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെഹ്റു എന്ന പേര് തന്നെ കേന്ദ്ര സര്‍ക്കാരിന് നീരസമെന്നാണ് തോന്നുന്നത്. നെഹ്റുവിന്‍റെ സ്മരണ നിലനില്‍ക്കുന്ന എല്ലായിടത്തും ഒരു തിരുത്തലുകള്‍ വരുത്തി വരുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രവും, പേരുമാണ് അടുത്തതെന്ന് ചിലര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിങ്ങനെ അതിന് തുടക്കവുമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെയും ജുഗ്ഗികളിലേയും കുട്ടികള്‍ക്കായി വിതരണം ചെയ്ത സ്വതന്ത്ര്യ സമര നേസനാനികളുടെ പോസ്റ്ററില്‍ ഗാന്ധിജിയില്ല... പിന്നെ എങ്ങനെ നെഹ്റുവിന് നീതി ലഭിക്കും...?

15 നേതാക്കളെ കുടുക്കണമെന്ന്

രാജ്യത്തെ പതിനഞ്ച് രാഷ്ട്രീയ നേതാക്കളെ കുടുക്കണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി തലപ്പത്തുള്ളവര്‍ക്ക് പ്രധാനമന്ത്രി മോദി നേരിട്ട് നിര്‍ദേശം നല്‍കി. പതിനഞ്ച് പേരുകളുടെ ലിസ്റ്റും അദ്ദേഹം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും, ആം ആദ്മി നേതാവുമായ മനീഷ് സിസോഡിയ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ, ഇ.ഡി, ഡല്‍ഹി പോലീസ് എന്നീ സ്ഥാപനങ്ങളാണ് ഇതിനായി ഒരുങ്ങുന്നത്. വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് നേതാക്കളെ കുരുക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി പോലീസ് മേധാവി ഇതിനിടയില്‍ ഏല്‍പ്പിക്കുന്ന ജോലി ചെയ്യും എന്ന് പ്രഖ്യാപിച്ചത് കൂടുതല്‍ വിവാദമായിരിക്കുകയാണ്. വോട്ടിനായി രാഷ്ട്രീയ ആശയങ്ങള്‍ ഉപയോഗിക്കൂ, ജനങ്ങളുടെ സ്വീകാര്യത നേടൂ, എതിരാളികളെ കള്ളകേസുകളില്‍ കുടുക്കുവാന്‍ നോക്കുന്നതില്‍ ധാര്‍മ്മികത ഇല്ലെന്ന് ആംആദ്മി പരസ്യ പ്രസ്ഥാവന ഇറക്കി. എന്തായാലും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പല തീരുമാനങ്ങളും ചോരുന്നത് ബി.ജെ.പി നേത്യത്ത്വത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സികള്‍ ആറ് മണിക്കൂറുകള്‍ വീതം രണ്ട് തവണ റെയ്ഡ് നടത്തിയിരുന്നു. ഒന്നും കണ്ടെത്തിയില്ല. കേന്ദ്ര സര്‍ക്കാര്‍ അത് പരസ്യപ്പെടുത്തണമെന്നാണ് സിസോഡിയയുടെ ആവശ്യം. ഇത്തരത്തില്‍ ആംആദ്മി നേതാക്കളായ സത്യേന്തര്‍ ജെയിന്‍ അടക്കമുള്ള ആംആദ്മി നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളെല്ലാം തെളിവില്ലാത്തതിനാല്‍ പിന്‍വലിക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളുടെ മനോവീര്യം തകര്‍ക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ബി.ജെ.പി. നേതാക്കള്‍ക്കിടയിലും ഉയരുന്നുണ്ട്.

ഫോട്ടോ ഇല്ലാതെ 

പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ നേരില്‍ കണ്ട് സംസാരിക്കാറില്ല. വരുതിയിലുള്ള മാധ്യമങ്ങളെ വിളിച്ച് വരുത്തി ഒറ്റയ്ക്ക് കാണുകയാണ് പതിവ്. തുടക്കം മുതല്‍ ഇങ്ങനെയാണ് നടക്കുന്നത്. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയോ മറ്റ് പ്രധാന വ്യക്തികളോ കാണുവാന്‍ വരുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫോട്ടോ റിലീസ് പതിവാണ്. ഏറ്റവും ഒടുവില്‍ പിണറായി വിജയനും, മമതാ ബാനര്‍ജിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അവസരത്തില്‍ ഫോട്ടോ റിലീസ് ഉണ്ടായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, തേജസ്വി യാദവടക്കമുള്ള സംസ്ഥാനത്തെ പ്രധാന 10 പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രിയെ കാണുവാന്‍ പോയിരുന്നു. 2021ലെ സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്ക് ഉള്‍പ്പെടുത്തണമെന്നാണ് സംഘത്തിന്‍റെ ആവശ്യം. രാജ്യത്തെ ഒബിസി ജനസംഖ്യ രേഖപ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായുള്ളതാണ്. ഇതിന് രാഷ്ട്രീയക്കാരുടെയും നയതന്ത്രജ്ഞരുടെയും പിന്തുണയുമുണ്ട്. എന്നാല്‍ സെന്‍സസില്‍ ഒബിസി ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്തായാലും നിതീഷും സംഘവും പ്രധാനമന്ത്രിയെ കണ്ടതിന്‍റെ വാര്‍ത്താ കുറിപ്പോ, ഫോട്ടോ റിലീസോ ഉണ്ടായില്ല. ഇതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന ചര്‍ച്ച പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ വ്യാപകമായി ഉണ്ട്. 

ദേശീയ ധനസമാഹരണ പദ്ധതി

രാജ്യം സ്വാതന്ത്രമായിട്ട് 75 വര്‍ഷം പൂര്‍ത്തിയായി. നൂറ് കണക്കിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്ത് ഉണ്ടായി. എന്നാലിപ്പോള്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി'യെ രാജ്യവ്യാപകമായി ഇപ്പോള്‍ വിമര്‍ശിക്കുകയാണ്. രാജ്യത്തിന്‍റെ ആസ്തികള്‍ രാജ്യത്തിന്‍റേത് മാത്രമാണെന്നും ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ലെന്നുമാണ് ജനങ്ങള്‍ പൊതുവായി സംസാരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജനവിരുദ്ധമെന്ന് വിളിച്ച മമത രാജ്യം മുഴുവന്‍ ഈ തീരുമാനത്തിനെതിരെ ഒരുമിച്ച് നില്‍ക്കുമെന്നും പറഞ്ഞു. ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ പദ്ധതിയാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ പദ്ധതി പ്രകാരം ധനസമാഹരണം നടത്തുവാന്‍ വേണ്ടി പദ്ധതി പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള റെയില്‍വ, വ്യോമയാനം, തുറമുഖം, വാര്‍ത്താവിതരണം, ഖനികള്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ മേഖലക്ക് വില്‍ക്കുന്ന തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മോദി സര്‍ക്കാര്‍ ഒരു പൊതുമേഖലാ സ്ഥാപനവും ഉണ്ടാക്കി വിജയിപ്പിക്കാതെ, നിലവിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിലെ ഭവിഷ്യത്തുകള്‍ പൊതുസമൂഹത്തെ ബോധവത്ക്കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ കക്ഷികള്‍ ഇറങ്ങി തിരിച്ചിരിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

കര്‍ഷക സമരം വീണ്ടും ശക്തമാകുന്നു 

കോവിഡിന്‍റെ പിടിയിലമര്‍ന്ന രാജ്യം കണ്ട വലിയ സമരമാണ് കര്‍ഷകര്‍ നടത്തി വരുന്നത്. കര്‍ഷക ബില്ല് പൊതുസമൂഹത്തിന്‍റെ മുന്നില്‍ എത്തിയ ഉടനെ 2020 ആഗസ്റ്റ് മാസം പഞ്ചാബിലെ ചെറുകിട കര്‍ഷകര്‍ സമരമുഖത്ത് ഇറങ്ങി. കോവിഡ് സമരത്തിന് ഇന്നു വരെ തടസമായില്ല എന്നത് അത്ഭുതമാണ്. സെപ്തംബര്‍ 25ന് രാജ്യത്തെ കര്‍ഷക സംഘടനകള്‍ കര്‍ഷക ബില്ലിനെതിരെ ഭാരത് ബന്ദ് നടത്തി. സമരത്തിന്‍റെ ഭാഗമായി റെയില്‍ റൊക്കോ സമരം തുടങ്ങിയതോടെ പഞ്ചാബിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു. ഡിസംബര്‍ 12 മുതല്‍ ഹരിയാനയിലേയും, പഞ്ചാബിലേയും ടോള്‍ പ്ലാസകള്‍ കര്‍ഷകരുടെ നിയന്ത്രണത്തിലായത് ഇപ്പോഴും തുടരുകയാണ്. നവംബര്‍ 25ന് ഡല്‍ഹി ചലോ മുദ്രാവാക്യവുമായി കര്‍ഷകര്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ഡല്‍ഹി കേന്ദ്രമാക്കി മാര്‍ച്ച് ചെയ്തു. ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളിലും സൈന്യം ഉള്‍പ്പടെയുള്ള വലിയ സുരക്ഷാ സംവിധാനങ്ങളോടെ മാര്‍ച്ച് തടയപ്പെട്ടു. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടര്‍ന്നത് രാജ്യാന്തര വാര്‍ത്തയായി. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനമായ 2021 ജനുവരി 26ന് കര്‍ഷകര്‍ ട്രാകര്ടര്‍ റാലി നടത്തിയത് വലിയ വാര്‍ത്തയും, സംസാരവുമായി. ചില അനിഷ്ട സംഭവങ്ങളും അതിന്‍റെ ഭാഗമായി ഉണ്ടായി എന്നത് മറച്ചു വെയ്ക്കാന്‍ പറ്റില്ല. കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അത് ശക്തമായിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. കര്‍ഷകര്‍ സമരം ശക്തിപ്പെടുത്താന്‍ തുടങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനിടയില്‍ ഹരിയാനയിലെ കര്‍ണാല്‍ സബ് കളക്ടര്‍ 2018 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആയുഷ് സിന്‍ഹ കര്‍ഷകരുടെ തല തല്ലി പൊട്ടിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ആയുഷ് സിന്‍ഹ മാപ്പ് പറഞ്ഞെങ്കിലും ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ സബ് കളക്ടര്‍ക്ക് പിന്തുണ നല്‍കുകയാണുണ്ടായത്. ഇപ്പോള്‍ കര്‍ഷകര്‍ ഹരിയാനയില്‍ കൂടുതല്‍ പ്രകോപിതരായിരിക്കുന്നു. ഹരിയാനയിലെ അതിര്‍ത്തിയില്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ഒട്ടേറെ കര്‍ഷകര്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. ഒരു കര്‍ഷകന്‍ തലതകര്‍ന്ന് മരിച്ചു. വരും ദിവസങ്ങള്‍ അതിര്‍ത്തികള്‍ സമാധാന സമരമല്ല കാണുവാന്‍ പോകുന്നത്.