തിരഞ്ഞെടുപ്പുകളും, കണക്കിലെ കളികളും

തിരഞ്ഞെടുപ്പുകളും, കണക്കിലെ കളികളും

വിജയ് ചൗക്ക് @ 110 @ മെട്രോ വാര്‍ത്ത: സെപ്തംബര്‍ 11

സുധീര്‍നാഥ് 

2022ല്‍ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. ഇതിന്‍റെ ഫലം വന്നതിന് പിന്നാലെ ഹരിയാന സര്‍ക്കാരിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുമെന്നും, സര്‍ക്കാര്‍ താഴെ വീഴുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ മാര്‍ച്ചിലും, യുപിയില്‍ മെയ് മാസത്തിലുമാണ് നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കുക. പഞ്ചാബ് ഒഴിച്ച് നാല് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി ഭരണം പിടിക്കുമെന്നാണ് ബി.ജെ.പി. ആഭിമുഖ്യമുള്ള എ.ബി.പി. സീവോട്ടര്‍ സര്‍വ്വെ കണക്ക് കൂട്ടി പ്രവചിക്കുന്നത്. കര്‍ഷക സമരം ശക്തമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്ന സംസാരമുണ്ട്. 

മ്യതപ്രാണനായി കിടക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പൊതുവെ സംസാരമുണ്ട്. അത് വ്യക്തമായി കേന്ദ്രനേത്യത്ത്വത്തിന് അറിയാം. ഓരോ തിരഞ്ഞെടുപ്പ് കാലത്തും പ്രമുഖ നേതാക്കള്‍ മറുകണ്ടം ചാടുന്നത് പതിവാണ്. അതില്‍ കൂടുതലും കോണ്‍ഗ്രസില്‍ നിന്നാണ് എന്നത് വാസ്ഥവമാണ്. രണ്ടാമത് ബി.എസ്.പിയില്‍ നിന്നും. മിക്കവരും ബി.ജെ.പിയാണ് രക്ഷ എന്ന് കണ്ടവരാണ്. അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ രാഷ്ട്രീയ ്ംഗത്ത് ശോഭിക്കുന്നുള്ളൂ. 2014 മുതല്‍ 1133 പേരാണ് കാലുമാറി മത്സരരംഗത്ത് വന്നത്. ഇതില്‍ 500 ജനപ്രതിനിധികളുണ്ടായിരുന്നു. 

കോണ്‍ഗ്രസിനെ ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാക്കി മാറ്റുക എന്ന രാഷ്ട്രീയ തന്ത്രമാണ് രാഹുല്‍ ഗാന്ധി പരീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നാണ് വലിയ മാറ്റത്തിന് കോണ്‍ഗ്രസില്‍ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ വലിയ പൊട്ടിതെറികള്‍ ഉണ്ടായെങ്കിലും പതറാതെ നിന്ന പുതിയ നേത്യത്ത്വത്തിന് മുന്നില്‍ എല്ലാവരും ശാന്തരായി. വിഭാഗിയതയും, ഗ്രൂപ്പും എല്ലാം തുച്ച്െ മാറ്റി പുതിയ തലമുറയിലുള്ളവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന സമീപനം വലിയ അളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണര്‍വ്വ് ഉണ്ടാക്കി എന്ന് പറയുവാന്‍ സാധിക്കും. 

ഉത്തരാഖണ്ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ മാറ്റം ഉണ്ടാകുന്നൊണ് വിലയിരുത്തല്‍. ഇവിടെ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിംഗ് പുറത്താവുമെന്നാണ് സൂചന. പഞ്ചാബില്‍ ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ഡല്‍ഹിയിലെ ഷീലാ ദീക്ഷിദിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വ്യത്തങ്ങളിലെ സംസാരം. കര്‍ഷക സമരവും, ആംആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയും, ബിജെപിയോടുള്ള വെറുപ്പും നില നില്‍ക്കുന്നിടമാണ് പഞ്ചാബ്. അവിടെ കോണ്‍ഗ്രസില്‍ മുന്‍പെങ്ങും കാണാത്ത ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്. കേഡര്‍ പാര്‍ട്ടിയാക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ പഞ്ചാബ് പരീക്ഷണം പരാജയമായിരുന്നു. 

ഉത്തര്‍പ്രദേശില്‍ ജാട്ട് സമുദായം ഒന്നാകെ കര്‍ഷകര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുന്നു. ഒപ്പം കര്‍ഷകരുടെ എക്യൈം വലിയ രീതിയിലാണ് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് എന്നത് ചര്‍ച്ചയാണ്. അവിടെ പലയിടങ്ങളില്‍ നടന്ന കര്‍ഷകരുടെ സമ്മേളനങ്ങളിലെ പങ്കാളിത്തവും, ആവേശവും ഭരണപക്ഷത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി. ഭരണത്തിന് കീഴില്‍ മുസ്ലീം സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്ന പാര്‍ശ്വവത്ക്കരണം എങ്ങിനെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് ചര്‍ച്ചാ വിഷയമാണ്. 

ഉത്തര്‍ പ്രദേശില്‍ ജനതാ പാര്‍ട്ടിക്ക് വലിയ വേരോട്ടമുണ്ട്. അതുകൊണ്ട് തന്നെ കര്‍ഷകരെ മുന്നില്‍ നിര്‍ത്തിയുള്ള അഖിലേഷിന്‍റെ പ്രചരണത്തെ കുറച്ച് കാണുവാനും സാധിക്കില്ല. മികച്ച ഭരണമാണ് അഞ്ച് വര്‍ഷം അഖിലേഷ് കാഴ്ച്ചവെച്ചതെങ്കിലും 2017ലെ തിരഞ്ഞെടുപ്പില്‍ വിധി എതിരായി. അത് മറികടക്കുവാന്‍ അന്നു മുതല്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷിന് നല്ല മത്സരം കാഴ്ച്ച വെയ്ക്കാന്‍ സാധിക്കും. മറ്റൊരു ഉത്തര്‍ പ്രദേശ് മുഖമാണ് മായാവതി. ദളിത് രാഷ്ട്രീയം ഉയര്‍ത്തി കാട്ടി ജനങ്ങളെ ഒന്നിപ്പിച്ച് അധികാരം നേടിയ പാര്‍ട്ടിയാണ് മായാവതിയുടെ ബി.എസ്.പി. രാഷ്ട്രീയപരമായി ബി.എസ്.പിയുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കുറഞ്ഞിരിക്കുകയാണ്. ദളിത് രാഷ്ട്രീയത്തില്‍ പോലും സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബി.എസ്.പി. എന്നത് അവരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതല്ല.

ഉത്തര്‍ പ്രദേശിലാണ് കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ളത്. ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെ ശക്തമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ അവിടെ ഉണ്ട്. പക്ഷേ കോണ്‍ഗ്രസിന് ജനങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ വരവ് ഒരു പരിധിവരെ പ്രതീക്ഷകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യവുമാണ്. പ്രിയങ്ക അല്ലാതെ ജനങ്ങളെ സ്വാധീനിക്കുന്ന രണ്ടാമതൊരു നേതാവ് കോണ്‍ഗ്രസില്‍ അവിടെ ഇല്ല എന്നത് പോരായ്മയാണ്. മൂന്ന് ദശാബ്ദമായി അധികാരത്തിലില്ലാത്ത കോണ്‍ഗ്രസിന്‍റെ അവസ്ഥ ഓരോ തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെടുന്നുണ്ട് എന്നത് രാഷ്ട്രീയമാണ്. അത്കൊണ്ട് സംസ്ഥാന ഭരണം ഒറ്റയ്ക്ക് പിടിച്ച് എടുക്കുക എന്ന കടമ്പ അപ്രായോഗികമാണ്. 

മണിപ്പൂരില്‍ അറുപതില്‍ ഇരുപത്തെട്ട് സീറ്റ് നേടിയും, ഗോവയില്‍ നാല്‍പ്പതില്‍ പതിനേഴ് സീറ്റ് നേടിയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. മണിപ്പൂരില്‍ ഇരുപത്തൊന്നും, ഗോവയില്‍ വെറും പതിമൂന്ന് സീറ്റും നേടിയ ബി.ജെ.പിക്ക് ഭരണം ഏറ്റെടുക്കാന്‍ സാധിച്ചു. അതിന്‍റെ പ്രതികരണം ഇത്തവണ രണ്ടിടത്തും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളുടെ വിധിയെഴുത്ത് ഇവിടെ പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ മണിപ്പൂരിലും, ഗോവയിലും ഇക്കുറി വാശിയേറിയ രാഷ്ട്രീയ പോരാട്ടമായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ തവണ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷെ രണ്ടിടത്തും രാഷ്ട്രീയമായി കോണ്‍ഗ്രസ് പരാജയപ്പെട്ടു. രണ്ടിടത്തും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ബി.ജെ.പി. സര്‍ക്കാരുണ്ടാക്കി. ഇത്തവണ രണ്ടിടത്തും അതുകൊണ്ട് തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രത്യേക ശ്രദ്ധ രണ്ട് സംസ്ഥാനങ്ങളിലും കൊടുക്കുന്നുണ്ട്. കണക്ക് കൂട്ടലുകള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇവിടെ ആര് ജയിക്കുമെന്ന് വരാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ചൂണ്ട് പലക തന്നെയാണ്. 

അഞ്ച് സംസ്ഥാനങ്ങളില്‍ 2022ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വലിയ രീതിയില്‍ ഡല്‍ഹിയിലെ ഓരോ പാര്‍ട്ടി ആസ്ഥാനത്തും തുടങ്ങി കഴിഞ്ഞു. കൂട്ടിയും കിഴുക്കിയും എല്ലാവരും കണക്കുകള്‍ നിരത്തുന്നു. അവര്‍ കരുതുന്ന ഫലങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നു. എല്ലാവരും വിജയിക്കും എന്ന പ്രതീക്ഷ എല്ലാവരും പ്രകടിപ്പിക്കുന്നു.