തുറക്കുന്ന വിദ്യാലയങ്ങളും, മൂന്നാം തരംഗവും
വിജയ് ചൗക്ക് @ 109 @ മെട്രോ വാര്‍ത്ത: സെപ്തംബര്‍ 04
സുധീര്‍നാഥ്
2020 മാര്‍ച്ച് മാസം മുതല്‍ ഡല്‍ഹിയിലെ എല്ലാ സ്ക്കൂളുകളും കോവിഡിന്‍റെ ഭീതിയില്‍ അടച്ചിട്ടിരുന്നു. വലിയ ആഹ്ളാദത്തോടെയാണ് കുട്ടികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച നാളില്‍ പ്രകടിപ്പിച്ചത്. 2020 മാര്‍ച്ച് 24ന് രാജ്യം തന്നെ അടച്ചിട്ട് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിച്ച് വീട്ടിലിരിക്കുന്നതിന്‍റെ ആഹ്ളാദം പലരിലും ഉണ്ടായി എന്നത് വാസ്ഥവമാണ്. ഒന്നാം ലോക്ഡൗണ്‍ പലരും ആഘോഷിച്ചു. കൊറോണ വൈറസിന്‍റെ ഭീകരത ജനങ്ങള്‍ തിരിച്ചറിഞ്ഞത് ലോക്ഡൗണ്‍ രണ്ടും, മൂന്നുമായി നീട്ടിയപ്പോഴാണ്. കൊറോണ വൈറസിന്‍റെ ഭീകരത തിരിച്ചറിഞ്ഞവര്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. പക്ഷെ ആദ്യം വളരെ കുറച്ചു പേര്‍ മാത്രമാണ് അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് ഈ സാഹചര്യത്തിലേയ്ക്കാണോ ഇപ്പോള്‍ ജനങ്ങള്‍ മടങ്ങുന്നത് എന്ന് ആശങ്കപെടേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജാഗ്രത കുറവ് കാര്യമായി കാണുന്നുണ്ട്.
കൊറോണ വൈറസ് ഇപ്പോഴും അന്തരീക്ഷത്തില്‍ ഉണ്ട്. സ്ക്കൂളുകള്‍ അടച്ചിട്ട സമയത്ത് രാജ്യത്ത് ഉണ്ടായിരുന്ന കോവിഡ് രോഗികളേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തേത് എന്നത് വസ്ഥുതയാണ്. കൊറോണ വൈറസ് പൂര്‍ണ്ണമായും ലോകത്ത് നിന്ന് പോകുവാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കും. കൊറോണ വൈറസിനൊപ്പം ജീവിക്കുക എന്നത് മാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. ജനങ്ങള്‍ കര്‍ശനമായ കരുതലുണ്ടെങ്കില്‍ കോവിഡ് വ്യാപനം തടയുവാന്‍ സാധിക്കും. ശക്തമായ കരുതലിനായി വ്യാപക പ്രചരണമാണ് കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി നടക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ സ്ക്കൂളുകള്‍ തുറന്നിരിക്കുന്നു. ഡല്‍ഹി, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര, തെലുങ്കാന തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലാണ് അത്. മുതിര്‍ന്ന കുട്ടികളെയാണ് സ്ക്കൂളിലേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമാണ് കുട്ടികളെ സ്ക്കൂളുകളില്‍ പ്രവേശിപ്പിക്കുന്നത്. ഹാജര്‍ കര്‍ശനമാക്കിയിട്ടില്ല. ഓണ്‍ ലൈന്‍ ക്ലാസുകളും സമാന്തരമായി നടക്കും. അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് പ്രവേശിപ്പിക്കുക എന്ന് പറഞ്ഞിരുന്നെങ്കിലും 80 ശതമാനം ഹാജര്‍ തമിഴ് നാട്ടിലെ സ്ക്കൂളുകളില്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. അദ്ധ്യാപകര്‍ രണ്ട് വാക്സിന്‍ പൂര്‍ത്തിയാക്കി എന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താപനില പരിശോധിച്ചും, സാനിറ്റയ്സര്‍ ഉപയോഗിച്ചും, മാസ്ക്ക് നിര്‍ബന്ധമാക്കിയും, സാമൂഹ്യ അകലം പാലിച്ചുമായിരുന്നു ഓരോ സ്ക്കൂളുകളിലേയും ക്ലാസുകള്‍ ആരംഭിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ തോത് കുറഞ്ഞാല്‍ കേരളത്തിലും സ്ക്കൂളുകള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്.
മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ സ്കൂളുകള്‍ തുറക്കരുതെന്ന് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലുള്ളവരും ആവശ്യപ്പെടുന്നതിനിടെയാണ് ഇപ്പോള്‍ സ്കൂളുകള്‍ തുറന്നത്. ഉത്തര്‍പ്രദേശില്‍ ഒന്നുമുതല്‍ അഞ്ചുവരെയും, ഹരിയാനയില്‍ നാല്, അഞ്ച് ക്ലാസുകളും തുടങ്ങി. ഉത്തര്‍പ്രദേശില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും, ഹരിയാനയില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളും രണ്ടാഴ്ചമുമ്പ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. രാജസ്ഥാനില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും, മധ്യപ്രദേശില്‍ ആറാം ക്ലാസ് മുതലും, തമിഴ്നാട്ടില്‍ ഒമ്പതാം ക്ലാസ് മുതലും ക്ലാസ് മുറി പഠനം ആരംഭിച്ചു തുടങ്ങി. തെലങ്കാനയില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ നേരിട്ടുള്ള അധ്യയനം തുടങ്ങി.
എല്ലായിടത്തും വലിയ ആഘോഷമായാണ് സ്ക്കൂളുകളിലേയ്ക്ക് കുട്ടികളെ പ്രവേശിപ്പിച്ചത്. ആദ്യ രണ്ട് മൂന്ന് ദിവസം കുട്ടികള്‍ക്ക് മാനസിക നിലയില്‍ ഉണര്‍വ്വുണ്ടാക്കുവാനുള്ള സംഭാഷണങ്ങള്‍ മാത്രമാണുണ്ടാകുക. മുതിര്‍ന്ന ക്ലാസുകളിലെ അനുഭവം പഠിച്ച ശേഷം മാത്രമായിരിക്കും താഴെയുള്ള സ്ക്കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ഡല്‍ഹിയില്‍ തീരുമാനിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പണ്ട് കാലത്ത് സ്ക്കൂള്‍ തുറക്കുന്ന ദിവസം കോരി ചൊരിയുന്ന മഴ പതിവായിരുന്നു. മഴക്കാലത്ത് പുത്തന്‍ ക്ലാസുകളില്‍ പോകുന്ന അനുഭവമാണ് മാതാപിതാക്കള്‍ക്ക് ഉള്ളത്. സമാനമായ അനുഭവം തന്നെയായിരുന്നു കോവിഡ് അവധി കഴിഞ്ഞുള്ള സ്ക്കൂള്‍ തുറക്കല്‍. ഡല്‍ഹിയില്‍ മാത്രമല്ല, സ്ക്കൂളുകള്‍ തുറന്ന എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ മഴ ഉണ്ടായി. കുട്ടികള്‍ എല്ലാവരും സ്ക്കൂളുകളില്‍ എത്തിയിരുന്നില്ല. ചിലരെ മാതാപിതാക്കള്‍ തന്നെ തടഞ്ഞു. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍ ഉണ്ടല്ലോ. അത് വലിയഒരളവ് ഭയം മാതാപിതാക്കളില്‍ ഉണ്ടാക്കിയിട്ടുണ്ട്.
18 മാസത്തെ അവധിക്ക് ശേഷം സ്ക്കൂളുകളില്‍ എത്തിയ കുട്ടികള്‍ ഏറെ സന്തോഷത്തോടെ സുഹ്യത്തുക്കളേയും, അദ്ധ്യാപകരേയും കണ്ടു. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. കമ്പ്യൂട്ടറിന്‍റെ മോണിറ്ററിലും, മൊബൈലിന്‍റെ മോണിറ്ററിലും കണ്ട സുഹ്യത്തുക്കളേയും അദ്ധ്യാപകരേയും നേരില്‍ കണ്ടതിന്‍റെ അമ്പരപ്പ് പലരിലും ഉണ്ടായിരുന്നു. അദ്ധ്യാപകരില്‍ നിന്ന് നേരില്‍ പാഠഭാഗങ്ങള്‍ മനസിലാക്കുക എന്ന ലക്ഷ്യം തന്നെയാണ് സ്ക്കൂളുകളില്‍ എത്തിയ കുട്ടികള്‍ക്കുള്ളത്.
ഡല്‍ഹിയിലെ പകുതിയിലേറെ സ്വകാര്യ സ്ക്കൂളുകള്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമാകും തുറക്കുക. മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള കക്തമായ എതിര്‍പ്പാണ് അങ്ങിനെ പല സ്ക്കൂളുകളിലും പഠനം തുടങ്ങാന്‍ തടസമായത്. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ സ്ക്കൂള്‍ അടക്കമുള്ള സ്വകാര്യ സ്ക്കൂളുകളിലെ സാഹചര്യങ്ങളാണ് മറ്റ് സ്ക്കൂളുകള്‍ നിരീക്ഷിക്കുന്നത്.
2021 ജൂലൈ 26ന് പഞ്ചാബിലെ സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. കര്‍ശനമായ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു കൊണ്ടാണ് രണ്ടാം തരംഗം നിയന്ത്രണവിധേയമായപ്പോള്‍ തന്നെ അവിടെ സ്ക്കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. 10, 11, 12 ക്ലാസുകള്‍ക്കാണ് അവിടെ ആദ്യം സ്ക്കൂള്‍ പഠനം ആരംഭിച്ചത്. സുരക്ഷയുടെ ഭാഗമായി വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ അദ്ധ്യാപകരേയും ജീവനക്കാരേയും മാത്രമാണ് സ്ക്കൂള്‍ നടത്തിപ്പിന് അവിടെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പഞ്ചാബിലെ നടപടികളുടെ ചുവട് പിടിച്ചാണ് ഇപ്പോള്‍ ആറ് സംസ്ഥാനങ്ങള്‍ സ്ക്കൂള്‍ തുറക്കുവാന്‍ നടപടി സ്വീകരിച്ചത് എന്ന് വേണം അനുമാനിക്കാന്‍.
കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒക്ടോബര്‍ ആദ്യം മുതല്‍ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം. ഓക്സിന്‍ സ്വീകരിക്കുക എന്നതാണ് കോവിഡ് മാരകമാകാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. കോവിഡിന്‍റെ തുടക്കം മുതല്‍ ആവര്‍ത്തിക്കുന്ന എസ്.എം.എസ് മൂന്നാം തരംഗ സമയത്തും പ്രസക്തമാണ്. സമൂഹത്തിന് മുഴുവന്‍ കോവിഡ് വ്യാപനം തടയുവാനുള്ള മനസുണ്ടായാല്‍ മൂന്നാം തരംഗം ഭീകരത സ്യഷ്ടിയ്ക്കാതെ കടന്നു പോകും. അതിന് ബോധവത്ക്കരണം ആവശ്യമാണ്. ജനങ്ങള്‍ക്ക് ബോധോദയവും...
(വാക്സിനേഷന്‍റെ ആവശ്യം വിളിച്ചോതുന്ന കാര്‍ട്ടൂണ്‍ പോസ്റ്റര്‍ തയ്യാറാക്കിയത് അനൂപ് രാധാക്യഷ്ണന്‍)
