ശങ്കറും, നെഹ്റുവും ഇപ്പോള്‍ മോഡിയും...!
വിജയ് ചൗക്ക് @ 105 @ മെട്രോ വാര്‍ത്ത: ആസസ്റ്റ് 06
സുധീര്‍നാഥ്
1948 മെയ് 28ന് ശങ്കേഴ്സ് വീക്കിലിയുടെ ആദ്യ ലക്കം റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നിര്‍വ്വഹിച്ചു. അവിടെ നടന്ന ഉദ്ഘാടന പ്രസംഗത്തിലാണ് നെഹ്റും തന്‍റെ സുഹ്യത്തും ശങ്കേഴ്സ് വീക്കിലി എഡിറ്ററുമായ ശങ്കറിനോട് നെഹ്റു ഇങ്ങനെ പറഞ്ഞത്. ഡോണ്‍ഡ് സ്പെയര്‍ മി ശങ്കര്‍...പിന്നീട് ഈ വാക്കുകള്‍ പലകുറി ആവര്‍ത്തിക്കപ്പെട്ടു. ഇന്നും ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന് ശേഷമുള്ള കാലഘട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്റുവിനെ കഥാപാത്രമാക്കി പതിനായിരക്കണക്കിന് കാര്‍ട്ടൂണുകള്‍ ആണ് വരച്ചത്. എല്ലാ കാര്‍ട്ടൂണുകളിലും ശങ്കര്‍ പ്രിയ സുഹ്യത്തായ നെഹ്റുവിന് സ്ഥാനം നല്‍കി. രസകരമായ രീതിയില്‍ നെഹ്റുവിനെ തന്‍റെ കാര്‍ട്ടൂണില്‍ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു എന്നുള്ള കാര്യം വ്യക്തം.
നെഹ്റുവിന്‍റെ കാലത്ത് മാധ്യമങ്ങളില്‍ ഫോട്ടോകളെക്കാള്‍ തെളിച്ചം കാര്‍ട്ടൂണുകളില്‍ വരുന്നതായിരുന്നു എന്നുള്ളത് ഒളിച്ചു വെയ്ക്കേണ്ടതില്ല. അതുകൊണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എല്ലാ നേതാക്കളേയും പൊതുസമൂഹം തിരിച്ചറിഞ്ഞിരുന്നത് കാര്‍ട്ടൂണുകളിലൂടെ തന്നെയായിരുന്നു. നെഹ്റു യഥാര്‍ത്ഥത്തില്‍ തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പത്രത്തിലെ കാര്‍ട്ടൂണിസ്റ്റായ ശങ്കറെ സ്വന്തമാക്കി നെഹ്റു വിജയിക്കയായിരുന്നു.
നെഹ്റുവിന്‍റെ കാലത്തിനു ശേഷം ഇന്ദിരാഗാന്ധിയാണ് ശങ്കര്‍ കാര്‍ട്ടൂണുകളില്‍ കഥാപാത്രമായി വന്നിരുന്നത്. ഇന്ദിരാഗാന്ധിയെയും കൂട്ടരെയും വിമര്‍ശിച്ച് കൊണ്ടുള്ള ഒട്ടേറെ കാര്‍ട്ടൂണുകള്‍ ശങ്കര്‍ വരച്ചിരുന്നു. നെഹ്റുവിനെ പോലെ സ്വന്തം കാര്‍ട്ടൂണില്‍ എപ്പോഴും ആഹ്ലാദം ഇന്ദിര കണ്ടിരുന്നില്ല. വിമര്‍ശിക്കപ്പെടുന്ന സ്വന്തം കാര്‍ട്ടൂണുകള്‍ നോക്കി ചിരിക്കാന്‍ നെഹ്റുവിന്‍റെ മകള്‍ ഇന്ദിരയ്ക്ക് സാധിക്കുമായിരുന്നില്ല എന്നുള്ളത് മറ്റൊരു യാഥാര്‍ഥ്യം ആയിരുന്നു. പിതാവിന്‍റെ ആത്മസുഹ്യത്തായിരുന്ന ശങ്കറിനെ വിമര്‍ശിക്കാന്‍ ഇന്ദിര ഒരിക്കലും തയ്യാറായിരുന്നില്ല. ഇന്ദിര അടിയന്തിരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ചപ്പോഴാണ് ശങ്കേഴ്സ് വീക്കിലി നിന്നു പോയത്. അതിന് അടിയന്തരാവസ്ഥ കാരണമായിരുന്നില്ല എന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഇന്ദിരയ്ക്ക് മുന്നില്‍ ബഹുമാന പുരസ്ക്കരം തല കുനിക്കണമെന്നേ അടിയന്തിരാവസ്ഥയുടെ നിയമങ്ങള്‍ കൊണ്ട് ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍. അടിയന്തിരാവസ്ഥയുടെ പേരില്‍ മുട്ടിലിഴഞ്ഞ് വിധേയത്ത്വം കാണിച്ചു. ഇത് പറഞ്ഞത് മറ്റാരുമല്ല. എല്‍. കെ. അധ്വാനിയായിരുന്നു.
കാലം കടന്നുപോയി പോയി. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യന്‍മാരായ പുതുതലമുറ കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായി. ഇന്ദിരയുടെ മകന്‍ രാജീവനെയും, ജനത ഗവണ്‍മെന്‍റിന്‍റെ കീഴില്‍ രാഷ്ട്രീയ നേതാക്കളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് കാര്‍ട്ടൂണുകള്‍ വരച്ചു. മാധ്യമങ്ങളില്‍ അക്കാലത്ത് കാര്‍ട്ടൂണിന് പ്രമുഖ സ്ഥാനം തന്നെ ഉണ്ടായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആദ്യ പേജില്‍ ശക്തമാായ വിമര്‍ശനവും, ഹാസ്യവും നിറഞ്ഞ കാര്‍ട്ടൂണുകള്‍ പ്രാധാന്യത്തോടെ പ്രസിന്ധീകരിച്ചു.
എ ബി വാജ്പേയി യുടെ കാലം വരെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ സുവര്‍ണ്ണകാലം എന്ന് വിലയിരുത്തേണ്ടത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ പുതുതലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വാജ്പേയെ കഥാപാത്രമാക്കി എത്രയോ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ അതി ശക്തമായി വിമര്‍ശിച്ച് കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. വാജ്പേ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായ എല്‍. കെ. അധ്വാനി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിരുന്നു സല്‍ക്കാരം ഒരുക്കി. മുന്‍പ് നെഹ്റു കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞതു പോലെ അധ്വാനി കാര്‍ട്ടൂണിസ്റ്റ് കൂട്ടായ്മയില്‍ പറഞ്ഞു. നാളെ മുതല്‍ കാര്‍ട്ടൂണില്‍ എന്നെയും ഉപേക്ഷിക്കരുത്. ഇങ്ങനെ പറയുമ്പോള്‍ ലേഖകനും അവിടെ സാക്ഷിയായിരുന്നു. ഈ സന്ദര്‍ഭം ലേഖകന്‍ മാത്രമല്ല അവിടെ കൂടിയിരുന്ന എല്ലാ കാര്‍ട്ടൂണിസ്റ്റുകളുടെ ജീവിതത്തില്‍ ഒരു അവിസ്മരണീയ നിമിഷം തന്നെയായിരുന്നു. അത്തരത്തില്‍ കാര്‍ട്ടൂണിന് പ്രാധാന്യം 2000 വരെ ലഭിച്ചതായി കണക്കാക്കാം. പിന്നീട് അച്ചടി രംഗം മാറി, ദ്യശ്യമാധ്യമ രംഗത്ത് വന്‍ വളര്‍ച്ചയുണ്ടായി. രാഷ്ട്രീയം മാറി. നാട്ടില്‍ അഴിമതിയുടെ കൂത്തരങ്ങായി.
തുടര്‍ന്നങ്ങോട്ട് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് നല്ല കാലം ആയിരുന്നില്ല എന്നു വേണം കരുതുവാന്‍. കാരണം ഒന്നാം പേജില്‍ നിന്ന് കാര്‍ട്ടൂണുകള്‍ ഉള്‍പേജുകളിലേക്ക് മാറി. മൂന്നു കോളത്തില്‍ നിന്ന് രണ്ടു കോളത്തിലേക്ക് കാര്‍ട്ടൂണുകള്‍ ചുരുക്കപ്പെട്ടു. കാര്‍ട്ടൂണുകള്‍ക്ക് വലിയ പ്രാധാന്യം നഷ്ടപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കും, കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ശബ്ദം ഇല്ലാതായി. പത്രമാനേജ്മെന്‍റിന് കൂടുതല്‍ അധികാരം ഉണ്ടായി. വിമര്‍ശനവും, തെറ്റ് ചൂണ്ടി കാണിക്കുന്നതും മാധ്യമരംഗത്ത് അപരാധമായി മാറി. അധികാര കേന്ദ്രത്തിലുള്ളവര്‍ വാര്‍ത്തകള്‍ നിയന്ത്രിക്കുന്ന അവസ്ഥ വന്നു.
ഒരു കാലത്തിലേക്ക് കാര്‍ട്ടൂണുകള്‍ ക്കൈയ്യടക്കിയ ഇടങ്ങളില്‍ കാരിക്കേച്ചറുകള്‍ സ്ഥാനം പിടിച്ചു. ബഡ്ജറ്റ് ദിവസങ്ങളിലും, മറ്റ് പ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും, ഒരു വ്യക്തിക്ക് നേട്ടം ഉണ്ടാകുമ്പോഴും ഒന്നാം പേജില്‍ കാരിക്കേച്ചറുകള്‍ സ്ഥാനം പിടിച്ചു. കാരിക്കേച്ചറുകള്‍ കാര്‍ട്ടൂണുകളല്ലല്ലോ. വിമര്‍ശനമില്ല. പരിഹാസമില്ല. കാരിക്കേച്ചറുകള്‍ ആനന്ദിപ്പിക്കുന്നതാണല്ലോ. സ്വന്തം കാരിക്കേച്ചര്‍ കാണുവാന്‍ എല്ലാവരും ആഗ്രഹിക്കുകയും ചെയ്യും.
ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അധികാരത്തിലേറിയത് മുതല്‍ മാധ്യമങ്ങളുടെ നിയന്ത്രണം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ തോതില്‍ നിയന്ത്രിക്കാന്‍ തുടങ്ങി. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും, മാധ്യമ പ്രവര്‍ത്തകരേയും ഒറ്റപ്പെടുത്തി നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാം പല തട്ടുകളിലായി. ദേശിയ മാധ്യമങ്ങള്‍ ഓരോ പാര്‍ട്ടികളുടെ മുഖപത്രമായി മാറി എന്ന് ജനം തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയുവാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. കടുത്ത വിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ യു.പി.എയുടെ കാലത്ത് തന്നെ തുടങ്ങി. 2014 ന് ശേഷം വിമര്‍ശനമുള്ള എഴുത്തും, വിമര്‍ശനമുള്ള കാര്‍ട്ടൂണുകളും വരയ്ക്കപ്പെടുന്ന പലരും രാജ്യദ്രോഹകുറ്റം നേരിടേണ്ടിവന്ന ഒരു സാഹചര്യം ഉണ്ടായി എന്നുള്ളത് അത് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ നരേന്ദ്രമോഡിയാണ്. വിമര്‍ശിക്കുന്നവര്‍ ക്രൂശിക്കപ്പെടുന്ന ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അതു കൊണ്ടു തന്നെ അത്ര സുഖകരമല്ല ഇന്നത്തെ ഇന്ത്യ എന്ന് വിലയിരുത്തുന്നു. വിമര്‍ശിക്കുന്നവന്‍ രാജ്യദ്രോഹിയായി മാറുന്നു. പരിഹസിക്കുന്നവന്‍ ഭീകരവാദിയാകുന്നു.
ചിരിപ്പിക്കുന്നവന്‍റെ തല അറുത്തുമാറ്റിയ ഞെട്ടിക്കുന്നവിവരം നാം പത്രങ്ങളിലൂടെ കൂടെ വായിച്ചു. നാസര്‍ മുഹമ്മദ് എന്ന ഇറാനിയന്‍ ഹാസ്യനടന്‍റെ കഴുത്തറുത്ത് കൊന്നത് താലിബാന്‍ സംഘമാണ്. അവരത് സമ്മതിച്ചത് ഞെട്ടലോടെ ലോകം കേട്ടു. ഏറ്റവും വിചിത്രം ജനങ്ങളെ ചിരിപ്പിക്കുന്നു എന്നതായിരുന്നു നാസര്‍ ചെയ്ത കുറ്റം. ഈ വിവരം നമ്മുടെ ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ദിനംപ്രതി പ്രതികരണ ശേഷം നഷ്ടപ്പെടുന്ന കാഴ്ച്ച നാം കാണുന്നു. നഷ്ടപ്പെട്ട പ്രതികരണ ശേഷി വീണ്ടെടുക്കേണ്ട സമയമായി. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമായി നമ്മള്‍ മാറിയോ നാളെ ഇതുതന്നെയല്ലേ ഇന്ത്യയിലും സംഭവിക്കാന്‍ പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.
