പ്രൊഫസര്‍ കെ. സച്ചിദാനന്ദന്‍ പറയുന്നു...
കേരളത്തിലെ വനിതാക്ഷേമവകുപ്പ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ നിയമനം രാഷ്ട്രീയ നിയമനം അല്ലാതാക്കാനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ആത്യന്തികമായി പ്രധാനമാകാന്‍ പോകുന്നത് ചെയര്‍ പേഴ്സന്‍റെ സഹാനുഭൂതിയും പ്രതിജ്ഞാബദ്ധതയും തന്നെ. സാംസ്കാരിക സ്ഥാപനങ്ങളോടും ഇത്തരം സമീപനം ഉണ്ടായാല്‍ അവ കൂടുതല്‍ നന്നാകാന്‍ ഇടയുണ്ട്. സംസ്കാരത്തെ മാര്‍ക്സിസ്റ്റ് ചിന്തകര്‍ ആരും ഇപ്പോള്‍ കേവലം 'ഉപരിഘടന' ആയി കാണുന്നില്ലല്ലോ, അതിനു ആപേക്ഷികമായി സ്വതന്ത്രമായ നിലനില്‍പ്പുണ്ട് എന്ന് അല്‍തൂസര്‍ മുതല്‍ ഉള്ളവരെല്ലാം സമ്മതിക്കുന്നു. കേരളത്തിനും, ചിലപ്പോള്‍ ഇന്ത്യയ്ക്കും പുറത്തു ജീവിക്കുന്ന, അഥവാ ജീവിച്ചിരുന്ന, മലയാളികളുടെ സാംസ്കാരിക- വൈജ്ഞാനിക സംഭാവനകള്‍ നാം വേണ്ട പോലെ അംഗീകരിച്ചിട്ടുണ്ടോ? കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെക്കുറിച്ചുള്ള സുധീര്‍ നാഥിന്‍റെ പുസ്തകമാണ് ഈ ആലോചന എന്നില്‍ ഉണര്‍ത്തിയത്. എഴുത്തുകാരെ കുറച്ചെങ്കിലും അംഗീകരിച്ചിട്ടുണ്ട്. ഞാനും അതിന്‍റെ ഗുണഭോക്താവാണ്. പക്ഷെ ചിത്രകാരന്മാര്‍/ കാരികള്‍ ശില്‍പ്പികള്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിവര്‍ത്തകര്‍, പത്രാധിപന്മാര്‍, പത്രപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, സാമൂഹ്യചിന്തകര്‍... ആലോചിക്കേണ്ട വിഷയമാണ്. എഴുത്തുകാരില്‍ പോലും എന്നും കേരളത്തെ ആത്മാവില്‍ വഹിച്ച, അമേരിക്കയില്‍ ജീവിച്ചു മരിച്ച, മീനാ അലക്സാണ്ടര്‍ , ഇന്നത്തെ മുന്‍നിര ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ജീത് തയ്യില്‍,ഇന്നത്തെ ഇന്ത്യന്‍ കാര്ട്ടൂണിസ്റ്റുകളുടെ മുന്‍നിരയിലുള്ള ഉണ്ണി. ശില്‍പ്പി റിംസണ്‍, കെ സി എസ് പണിക്കര്‍ മുതലിങ്ങോട്ട് പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും രാമചന്ദ്രനും ദാമോദരനും പദ്മിനിയും മുതല്‍ പുതുതലമുറക്കാര്‍ വരെ എത്രയോ ചിത്രകാരന്മാരും ചിത്രകാരികളും... ഒരു കണക്കെടുപ്പ് നല്ലതാണ്. ലോക കേരള സഭയ്ക്കും മറ്റും അത് കഴിയണം. അതു പോലെ സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും വേണം- ആവര്‍ത്തനം ഒഴിവാക്കാനെങ്കിലും. അവയുടെ തലപ്പത്ത് കലയും സാഹിത്യവും സംസ്കാരവും മനസ്സിലാകുന്നവര്‍,ഗ്രൂപ്പും ക്ലിക്കും ഇല്ലാത്തവര്‍ വരണം. പാര്‍ട്ടിക്കൂറ് മാനദണ്ഡമാകരുത്, ഏതു പാര്‍ട്ടി വന്നാലും.
