പാര്‍ലമെന്‍റില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസ്

പാര്‍ലമെന്‍റില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസ്  

കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന കാലത്ത് ഏറ്റവും ശ്രദ്ധേയനായത് കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് തന്നെ. ദേശിയ മാധ്യമങ്ങളില്‍ ബ്രിട്ടാസ് നിറഞ്ഞ് നിന്നത് സി.പി.എമ്മിന് ആശ്വാസമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാനിധ്യമായി ബ്രിട്ടാസ് മാറിയതാണ് അതിന് കാരണം. ഫോണ്‍ ചോര്‍ത്തല്‍ വിവാദമാണ് ബ്രിട്ടാസിനെ ശ്രദ്ധേയമാക്കിയത്. അദ്ദേഹം സുപ്രീം കോടതിയില്‍ പോയതോടെ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേയ്ക്കും നീണ്ടു. കര്‍ഷക സമരം, വിലക്കയറ്റം, ചര്‍ച്ചയില്ലാതെ പാസാക്കുന്ന ബില്ലുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ബ്രിട്ടാസിന്‍റേതായി സഭാ രേഖകളില്‍ ഉണ്ടാകും. രാജ്യസഭയില്‍ മാത്രമല്ല, പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തും ബ്രിട്ടാസ് ഉയര്‍ത്തിയ പ്രതികരണം ശ്രദ്ധേയമായി. ദേശിയ മാധ്യമങ്ങള്‍ അന്തിചര്‍ച്ചയ്ക്കായി ബ്രിട്ടാസിന്‍റെ സമയത്തിനായി ഓടി നടന്നു. മുന്‍പ് ഇതേ പാര്‍ലമെന്‍റില്‍ വര്‍ഷങ്ങളോളം റിപ്പോര്‍ട്ടറായി ഓടി നടന്ന് പത്രത്തിലും, ചാനലിലുമാണ് അദ്ദേഹം നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അദ്ദേഹം സഭാ അംഗമായി എടുക്കുന്ന നിലപാടുകള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കുറിച്ചെടുക്കുന്നു.