മ​ല​യാ​ള ഭാ​ഷ​യെ വ​ള​ര്‍ത്തി​യ ഡ​ല്‍ഹി

മ​ല​യാ​ള ഭാ​ഷ​യെ വ​ള​ര്‍ത്തി​യ ഡ​ല്‍ഹി

Published:28 August 2021

വിജയ് ചൗക്ക് @ 108 @ മെട്രോ വാര്‍ത്ത: ആസസ്റ്റ് 28

സുധീര്‍നാഥ് 

മലയാള ഭാഷയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ്. എത്ര എത്ര സാഹിത്യ സ്യഷ്ടികളാണ് ഡല്‍ഹിയില്‍ പിറവി കൊണ്ടത്. ഒടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പ്രൊഫസര്‍ ഓംചേരി എന്‍.എന്‍. പിള്ളയുടെ ഓര്‍മ്മകുറിപ്പുകള്‍ ആകസ്മികം പിറവി കൊണ്ടതും ഡല്‍ഹിയില്‍ തന്നെ. ഇന്നിപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ആര്‍ക്കും അവരുടെ കഴിവ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തടസങ്ങളില്ല. സാഹിത്യമാണെങ്കിലും, അഭിനയമാണെങ്കിലും, ചിത്രരചനയോ സംഗീതമോ ആണെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ എല്ലാവര്‍ക്ക് മുന്നിലും തുറന്നിട്ടിരിക്കുന്നു. എണ്ണം കൂടിയപ്പോള്‍ മികച്ചത് കണ്ടെത്തുന്നതില്‍ പ്രയാസങ്ങളും ഉണ്ട്. 

മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും മികച്ച ക്യതികളില്‍ നല്ലൊരു പങ്ക് ഡല്‍ഹി രുചിക്കൂട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്‍റെ എല്ലാ സംസ്ക്കാരങ്ങളും ഒന്നിച്ചുള്ള ഡല്‍ഹിയില്‍ സാഹിത്യ രചന നടത്തുമ്പോള്‍ ഒരു എഴുത്തുകാരനിലേയ്ക്ക് സ്വന്തം ഭാഷയുടെ സ്ഫുടിതങ്ങളായ വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ഇഴുകി ചേരുന്നതാകാം അങ്ങിനെ സംഭവിക്കാന്‍ കാരണം. കേരളത്തെ തിരിച്ചറിയാന്‍ കേരളത്തില്‍ നിന്ന് അകന്ന് നിന്ന് വീക്ഷിക്കണമെന്ന് പ്രവാസികള്‍ പറയുന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. കേരളത്തിന്‍റെ ഭംഗിയും, മണ്ണിന്‍റെ മണവും, സംസ്ക്കാരത്തിന്‍റെ തലയെടുപ്പും തിരിച്ചറിയാന്‍ അകന്ന് നിന്ന് വീക്ഷിക്കുക തന്നെ വേണം. അങ്ങനെ അകന്ന് നിന്ന് വീക്ഷിച്ചതിന്‍റെ ഗുണഫലങ്ങള്‍ പല പ്രവാസ രചനകളിലും കാണാവുന്നതാണ്.

മലയാളികളുടെ മക്കളെല്ലാം മലയാള ഭാഷ പഠിക്കണമെന്ന ഉദ്ദേശത്തോടെ ഡല്‍ഹിയിലെ കേരള ക്ലബ്ബ് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ലോകം മുഴുവനും ഉണ്ട്. പ്രൊഫസര്‍ ഓംചേരിയും, ഇടമറുകും, ഡി. വിജയമോഹനും ചേര്‍ന്ന് തുടക്കം കുറിച്ച മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. മലയാളം മിഷന്‍ തുടക്കം കുറിക്കുന്നത് അങ്ങിനെയാണ്. ഇന്ന് മലയാളിയുള്ളിടങ്ങളില്‍ മിക്ക സ്ഥലങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മലയാള ഭാഷാ പഠനം ലോകത്തെങ്ങും ആവേശത്തോടെ നടക്കുന്നു.

മലയാള ഭാഷയുടെ വളര്‍ച്ച മുന്നില്‍ കണ്ട് തുടങ്ങിയ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി ഇന്ന് ഡല്‍ഹിയില്‍ നാല് കേരള സ്ക്കൂളുകളുടെ ഉടമസ്ഥരാണ്. കേരള ഹൗസിന്‍റെ മുറ്റത്ത് ടര്‍പ്പാളിന്‍ ടെന്‍റ് കെട്ടി തുടങ്ങിയ കേരള സ്ക്കൂളിന് കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് രണ്ടേക്കര്‍ കേരള സര്‍ക്കാര്‍ ഭൂമി നല്‍കി ആദ്യ സ്ക്കൂള്‍ കെട്ടിടം പണിയാന്‍ അവസരം ഒരുക്കിയത്. അത്യാതുനിക സൗകര്യങ്ങളോടുള്ള നാല് കേരള സ്ക്കൂളുകളും ഇന്ന് മലയാള ഭാഷയുടെ ഡല്‍ഹിയിലെ നാല് ശ്രീകോവിലുകളാണെന്ന് പറയാം.

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ എന്നെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് പ്രവാസി മലയാളികള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. റോസ്‌ ക്കോട്ട്  കൃഷ്ണപിള്ള നാടക രചനയിലും, ഇ എം എസ് നമ്പൂതിരിപ്പാട് ലേഖനങ്ങള്‍ കൊണ്ടും മലയാള സാഹിത്യത്തെ സമ്പന്നമാക്കി തുടങ്ങി. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ വളര്‍ത്തിയതോടൊപ്പം മലയാള കാര്‍ട്ടൂണ്‍ ലോകത്തേയും വളര്‍ത്തി. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ആക്ഷേപ ഹാസ്യ രചനകള്‍ കേരളത്തില്‍ പലരും മാത്യകയാക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ അരുമ ശിഷ്യനായിരുന്ന കാര്‍ട്ടൂണിസ്റ്റ് കുട്ടി അതിന് നേത്യത്ത്വം നല്‍കി. ഇത്തരത്തില്‍ ഒട്ടേറെ ഭാഷാസ്നേഹികള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ടാണ് അവരുടെ ഭാഷാസ്നേഹം സ്നേഹം പ്രകടിപ്പിച്ചത്. മലയാള ഭാഷ ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭാവനകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

മലയാള ഭാഷ പ്രചരിപ്പിക്കുന്നതില്‍ മലയാള സാഹിത്യത്തിന് വലിയ പങ്കാണുള്ളത്. ജനകീയമായ പല രചനകളും ഡല്‍ഹിയില്‍ നിന്നായിരുന്നു. മലയാള ഭാഷയില്‍ രചനകള്‍ നടത്തി ശ്രദ്ധേയരായ  എം.പി. നാരായണപിള്ള, വി.കെ.എന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയൂര്‍, അകവൂര്‍, അപ്പന്‍ തച്ചേത്ത് തുടങ്ങി എത്രപേര്‍. ഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സാഹിതീസഖ്യം ഇപ്പോഴും സജീവമാണ്. ഒ.വി. വിജയന്‍, എം. മുകുന്ദന്‍, കാക്കനാടന്‍, സേതു, സക്കറിയ തുടങ്ങിയവര്‍ അവരുടെ കൃതികള്‍ സാഹിതീസഖ്യത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ രചനകളും അതിസൂക്ഷ്മമായി വിമര്‍ശിക്കുന്ന ഒരു ചര്‍ച്ച വേദിയായിരുന്നു സാഹിതീസഖ്യം. ഈ ചര്‍ച്ച വേദിയില്‍ ഉണ്ടായ വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടുള്ള തിരുത്തലുകള്‍ വരുത്തിയതിനു ശേഷമാണ് പല എഴുത്തുകാരുടേയും രചനകള്‍ മലയാളികള്‍ക്ക് ലഭിച്ചിരുന്നത്.

എം. മുകുന്ദന്‍ തന്‍റെ രചനകള്‍ സാഹിതി സഖ്യത്തില്‍ അവതരിപ്പിച്ചത് പല വേദികളിലും പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു വലിയ ആള്‍ക്കൂട്ടം ഒന്നും ഉണ്ടാകാറില്ല സാഹിതീ സഖ്യത്തില്‍ എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ അവിടെ എത്തുന്ന ആളുകള്‍ കേമന്മാരായ സാഹിത്യപ്രേമികള്‍ ആയിരിക്കും. അവര്‍ക്കുമുന്നില്‍ ആണ് പല കഥകളും സ്പുടനം ചെയ്തെടുത്തിട്ടുള്ളത് എന്നത് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് സ്പുടനം ചെയ്ത കഥകളും, നോവലുകളും മലയാള ഭാഷയെ സമ്പന്നമാക്കി. ഇന്നും സാഹിതീ സഖ്യം സജീവമായി നടക്കുന്നു.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന സാഹിത്യകാരന്‍മാരുടെ സ്വപ്ന സങ്കേതമാണ് കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ പങ്കെടുക്കുക എന്നത്. തകഴിയും, മാധവിക്കുട്ടിയും, പുനത്തിലും, ഒ.എന്‍.വിയും, സുഗതകുമാരിയും എന്നു വേണ്ട മധുസൂധനന്‍ നായരും, ബെന്ന്യാമനും, കെ.ആര്‍ മീരയും, പി.കെ. പാറക്കടവ് തുടങ്ങി എത്രയോ പേര്‍ ഇവിടെ അതിഥികളായി എത്തിയിട്ടുണ്ട്.

മലയാള സാഹിത്യത്തില്‍ നാടക രചനയ്ക്ക് ഡല്‍ഹി നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്. റോസ്‌ക്കോട്ട് കൃഷ്ണപിള്ളയില്‍ നിന്ന് തുടങ്ങുന്നു അത്. മലയാള നാടക രചനയുടെ ആചാര്യനായി വിശേഷിപ്പിക്കുന്ന ഓംചേരി തന്‍റെ മിക്ക രചനകളും ഡല്‍ഹിയില്‍ ഇരുന്ന് എഴുതിയതാണ്. ഓംചേരിയുടെ ഭാര്യ ലീലാ ഓം ചേരിയും, മകള്‍ ദീപ്തി ഓം ചേരിയും മലയാള സംഗീതത്തിലും നൃത്തത്തിലും നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്.

കേരളത്തില്‍ ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ തൊഴിലാളികള്‍  പട്ടിണിയിലാണെന്ന് മനസിലാക്കി അവരെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എ.കെ.ജി പരിപാടിയിട്ടു. അന്ന് ഡല്‍ഹി മലയാളി അസോസിയഷന്‍റെ പേട്രണായിരുന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഓംചേരി ഒരു നാടകമെഴുതി. വെളിച്ചത്തിലേയ്ക്ക് എന്നായിരുന്നു നാടത്തിന്‍റെ പേര്. നാടകം എഴുതാന്‍ ഓംചേരിയെ ഏല്‍പ്പിച്ചത് ഒരു ചരിത്രത്തിന്‍റെ തുടക്കമായിരുന്നു. മലയാളത്തിന് ഓരു നാടക രചയിതാവിനെ ലഭിക്കുന്നത് അങ്ങിനെയാണ്. 

ഓംചേരിക്ക് പിന്‍മുറക്കാരായി ഒട്ടേറെ പേര്‍ മലയാള നാടക രചനയുടെ ലോകത്ത് ഡല്‍ഹിയില്‍ തന്നെ ഉയര്‍ന്ന് വന്നു. അഭിലാഷ് പിള്ളയും, സാംകുട്ടിയും, അജിത്ത് ജി. മണിയനും മലയാള നാടക വേദിയിലെ ഒന്നാം നിരക്കാരാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ചലച്ചിത്ര താരം മധു ഓംചേരിയുടെ ചെരുപ്പ് കടിക്കില്ല എന്ന നാടകം ഡല്‍ഹിയില്‍ അവതരിപ്പിച്ചാണ് അഭിനയ രംഗത്ത് വരുന്നത്. അതുപോലെ തന്നെയാണ് ശ്യാമപ്രസാദും. മലയാളികളുടെ കഥകളിയെ ലോക പ്രശസ്തമാക്കുന്നതില്‍ ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ കഥകളി കേന്ദ്രം വഹിക്കുന്ന പങ്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലയാളത്തെ ഓര്‍മ്മിപ്പിക്കുന്ന ആരാധനാലയങ്ങളും ഭാഷാ പ്രചരണത്തിന്‍റെ കേന്ദ്രങ്ങള്‍ തന്നെ.

വി.കെ. മാധവന്‍കുട്ടി, ഓംചേരി, ഇടമറുക്, പ്രൊഫ. കെ. സച്ചിദാന്ദന്‍, എം. മുകുന്ദന്‍, ആനന്ദ്, ഡി. ?വിജയമോഹന്‍ തുടങ്ങിയവരാണ് ഡല്‍ഹിയി മലയാള സാഹിത്യത്തിന്‍റെ മുന്നണിയില്‍ ഉണ്ടായിരുന്നത്. വി.കെ. മാധവന്‍കുട്ടിയും ഡി. വിജയമോഹനും ഇടമറുകും ഇന്നില്ല. പലരും നാട്ടിലേക്കു മടങ്ങി. വി.കെ.എന്‍, കാക്കനാടന്‍, ഒ.വി. വിജയന്‍ എന്നിവര്‍ക്കു പിന്നാലെ എം. മുകുന്ദനും ഡല്‍ഹി വിട്ടു. പിന്നാലെ ആനന്ദും, അതിന് പിന്നാലെ കെ. സച്ചിദാനന്ദനും കേരളത്തില്‍ അഭയം കാണുകയാണ്. ജോയ് വാഴയില്‍ എന്ന വി.പി. ജോയ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തി ചീഫ് സെക്രട്ടറിയായി. അദ്ദേഹത്തിനു മുന്‍പ് കെ. ജയകുമാര്‍. തൊണ്ണൂറുകളില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകളും സംസ്കാരവുമല്ല ഇപ്പോഴത്തെ ഡല്‍ഹി എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. സാംസ്കാരികമായി, രാഷ്ട്രീയമായി, ഡല്‍ഹി വളരെ മാറിയിരിക്കുന്നു. ഇപ്പോള്‍ മലയാള ഭാഷയെ നില നിര്‍ത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമേ രക്ഷയായുള്ളൂ.

മാധ്യമ പ്രവര്‍ത്തകരുടെ സംഭാവനയും ശ്രദ്ധേയമാണ്. ഡല്‍ഹിയിലെ കപുട്ത്തലി എന്ന കലാകാരന്‍മാരുടെ കോളനി വിഷയമാക്കി വി.എസ്. കുമാരന്‍ രചിച്ച നോവല്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടി. വി.കെ. മാധവന്‍കുട്ടിയുടെ 'മരണം എന്‍റെ സഹയാത്രികന്‍' അക്കാലത്ത് ഏറെ വായിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ 'അശ്രീകര'വും ശ്രദ്ധേയമായി. പ്രഭാവര്‍മയുടെ കാവ്യജീവിതത്തിന്‍റെ ഒരു അധ്യായം ഡല്‍ഹിയായിരുന്നു. ടി.എന്‍. ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരും നിസ്തുല സംഭാവനകള്‍ നല്‍കി. ജോമി തോമസും ആര്‍. ഗോപീകൃഷ്ണനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ഡാവിഞ്ചി കോഡിന് ഒരു ഡസനിലേറെ പതിപ്പുകളാണ് ഇറങ്ങിയത്. ദേശീയ വാര്‍ത്തകള്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഇപ്പോള്‍ നൂറോളം മാധ്യമ പ്രവര്‍ത്തകരുണ്ട് ഡല്‍ഹിയില്‍. അവരിലുമുണ്ട് എന്‍.അശോകന്‍, ജോസി ജോസഫ് തുടങ്ങി നിരവധി ഭാഷ, സാഹിത്യ കുതുകികള്‍.