പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 ആഗസ്റ്റ് 10
ജനങ്ങളെ പേടിച്ച് എന്തെല്ലാം...
രാജ്യത്തെ എഴുപത്തിഅഞ്ചാമത് സ്വാതന്ത്രദിനാഘോഷം കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നില്‍ കപ്പലിലെ കണ്ടേയ്നറുകള്‍ അടുക്കിവെച്ച് വന്‍മതില്‍ തന്നെ സ്യഷ്ടിച്ചു. ഡല്‍ഹി പോലീസിന്‍റെ നേത്യത്വത്തിലായിരുന്നു വന്‍ മതില്‍ നിര്‍മ്മാണം. മുന്‍പൊക്കെ ചാന്ദിനി ചൗക്കില്‍ നിന്നാല്‍ ചെങ്കോട്ട കാണുവാന്‍ സാധിക്കും. ഇപ്പോള്‍ കാഴ്ച്ച മറയും വിധമാണ് താത്ക്കാലിക വന്‍മതില്‍. ചെങ്കോട്ടയില്‍ പ്രസംഗിച്ച പ്രധാനമന്ത്രിക്ക് സ്വന്തം ജനങ്ങളെ പോലും വിശ്വാസമില്ല. ചെങ്കോട്ടയില്‍ നിന്നാണ് പ്രധാനമന്ത്രിമാര്‍ കാലങ്ങളായി സ്വാതന്ത്ര ദിനത്തില്‍ രാഷ്ട്രപ്പോട് സംസാരിക്കുന്നത്. പക്ഷെ ഇത്തണ പതിവിന് വിപരീതമായി വന്‍ മതില്‍ ഉയര്‍ത്തി. താന്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുമെന്ന ഭീതി അദ്ദേഹത്തിന് ഉണ്ടായാല്‍ കുറ്റം പറയുവാനും കഴിയില്ല. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിന് സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ ട്രാക്റ്റര്‍ റാലി നടത്തിയതും, അതില്‍ ചിലര്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയതും മറക്കാറായിട്ടില്ല. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ റിപ്പബ്ലിക്ക് ദിന പരേഡ് ഉണ്ടാകുമോ എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. രാജ്പഥിന്‍റെ ഇരുവശത്തും നിര്‍മ്മാണ പ്രവര്‍ത്തികള്‍ തക്രിതിയായി നടക്കുകയാണ്. കര്‍ഷകര്‍ ഇപ്പോഴും സമരമുഖത്ത് തന്നെ ഉണ്ട്. പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ ഇരിപ്പുണ്ട്. കര്‍ഷക സമരങ്ങള്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതിശക്തമായി തന്നെ തുടരുന്നു. പാര്‍ലമെന്‍റ് സമ്മേളനം നടന്ന ദിവസങ്ങളില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ കിസാന്‍ പാര്‍ലമെന്‍റ് നടന്നു. എല്ലാ സമരവും സമാധാനമായി തന്നെയാണ് നടന്നത്. എപ്പോഴാണ് സമരത്തിന്‍റെ രീതി മാറുക എന്നതിലാണ് സര്‍ക്കാരിന് പേടി. അത് തീര്‍ത്തും സ്വഭാവികം തന്നെ. സമരത്തിന്‍റെ തീവ്രത കുറയുമെന്ന ധാരണ സര്‍ക്കാരിന് ഉണ്ടായിരുന്നത് അസ്ഥാനത്തായി. സമരം പല തലങ്ങളിലേയ്ക്ക് വളര്‍ന്നു. ബി.ജെ.പിയില്‍ തന്നെ കര്‍ഷക വിഷയത്തില്‍ രണ്ട് തട്ടായി. സുരക്ഷ ഒരുക്കുക എന്നല്ലാതെ മറ്റെന്ത് ചെയ്യാനാകും...?
ഓരോ വിദ്യാര്‍ത്ഥിയും ഒരു മരം നടട്ടെ...
ഡല്‍ഹി സര്‍വ്വകലാശാല പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നു. ഡല്‍ഹി സര്‍വ്വകലാശാലയിലെ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും രാജ്യത്ത് എവിടെയെങ്കിലും ഒരു മരത്തിന്‍റെ തൈ നടണം. അത് നട്ടതിന്‍റേയും പിന്നീടുള്ള പരിപാലനത്തിന്‍റെയും തെളിവുകള്‍ അവരവരുടെ വകുപ്പ് മേധാവികളെ ബോധ്യപ്പെടുത്തുകയും വേണം. വ്യക്ഷ തൈ നട്ടതിന്‍റെ ചിത്രവും, അത് നട്ട പ്രദേശത്തിന്‍റെ വിവരണവും, സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികളില്‍ ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യവും, പരിസ്ഥിതി സംരക്ഷണവും ബോധ്യപ്പെടുത്താനും, അവരെ നേരിട്ട് പങ്കാളിയാക്കുവാനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. ഇത്വഴി ഓരോ വര്‍ഷവും രാജ്യത്ത് ഡല്‍ഹി സര്‍വ്വകലാശാലയുടെ വിദ്യാത്ഥികളുടെ വകയായി മാത്രം ഒരു ലക്ഷത്തിലേറെ മരങ്ങള്‍ രാജ്യത്ത് നടപ്പെടും. മറ്റ് സര്‍വ്വകലാശാലകളും സമാന തീരുമാനം എടുക്കേണ്ടതായി വരും. നമ്മുടെ രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടട്ടെ...
രാജീവ് ഗാന്ധി പോട്ടെ, സുഷമ്മ സ്വരാജ് വരട്ടെ...
രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ പേര് മാറ്റി. ഇനി ഈ പുരസ്ക്കാരം ഖ്യാന്‍ചന്ദ് ഖേല്‍രത്ന എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ തിളങ്ങുന്ന താരമായിരുന്നു ഖ്യാന്‍ ചന്ദ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല. ഇന്ത്യന്‍ കായിക രംഗത്തെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹത്തിന്‍റെ പല ഇടപെടലും ഇന്ത്യന്‍ കായിക രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായിരുന്നു. അതുകൊണ്ടാണ് രാജീവ് ഗാന്ധിയുടെ പേര് രാജ്യത്തിന്‍റെ പരമോനത കായിക അവാര്‍ഡിനൊപ്പം ചേര്‍ത്തത്. അദ്ദേഹത്തിന്‍റെ മരണ ശേഷം മാത്രമാണ് ഇത്തരം ഒരു അവാര്‍ഡ് നിലവില്‍ വന്നതും. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കോണ്‍ഗ്രസ് നേതാക്കളുടേയും, മുസലീം ഭരണകര്‍ത്താക്കളുടേയും പേര് നീക്കം ചെയ്യുന്ന നടപടി തുടര്‍ച്ചയായി കാണുന്നുണ്ട്. അതേ സമയം പുതുതായി ഡല്‍ഹിയില്‍ പണിയുന്ന കോളേജിന് മുന്‍ വിദേശകാര്യ മന്ത്രിയും, ഡല്‍ഹിയുടെ മുഖ്യമന്ത്രിയും, ബി.ജെ.പി നേതാവുമായിരുന്ന സുഷമ്മ സ്വരാജിന്‍റെ പേരിടാന്‍ ഡല്‍ഹി സര്‍വ്വകലാശാല തീരുമാനിച്ചു. ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബെരീഡിയിലെ പുതുതായി നിര്‍മ്മിക്കുന്ന വനിതാ കോളേജിനാണ് സുഷമ്മ സ്വരാജിന്‍റെ പേര് നല്‍കുവാന്‍ തീരുമാനിച്ചത്. രാജ്യം മറ്റൊരു പാര്‍ട്ടി ഭരിക്കുന്ന കാലത്ത് പേരുകളില്‍ വീണ്ടും മാറ്റങ്ങള്‍ വരുവാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഡല്‍ഹി കോവിഡ്മുക്തമായോ...?
കോവിഡിന്‍റെ രണ്ടാം തരംഗം ഡല്‍ഹിയില്‍ ഭീകരത സ്യഷ്ടിച്ചപ്പോള്‍ രാജ്യം തന്നെ ഞെട്ടി വിറച്ചിരുന്നു. ജനങ്ങള്‍ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ തളര്‍ന്ന് വീണ് മരണപ്പെട്ടു. ശ്മശാനങ്ങള്‍ക്ക് താങ്ങാവുന്നതിലേറെ ചലനമറ്റ ശരീരങ്ങള്‍ വന്നപ്പോള്‍ കൂട്ടമായി സംസ്ക്കരിക്കേണ്ട സാഹചര്യമുണ്ടായി. ജീവവായുവായ ഓക്സിജന്‍ കിട്ടാതെ ആശുപത്രികളിലെ ഐ.സി.യുവില്‍ ജനങ്ങള്‍ പിടഞ്ഞ് മരിച്ചു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. മൂന്നാം തരംഗം ഉണ്ടായേക്കാം എന്ന ഭീതി അന്തരീക്ഷത്തിലുണ്ട്. കൊറോണ വൈറസ് രാജ്യ തലസ്ഥാനം വിട്ടിട്ടില്ല. ദിവസവും എഴുപതും എണ്‍പതും പുതിയ രോഗികളുണ്ട്. മരണസംഘ്യ ഒറ്റ അക്കത്തില്‍ തുടരുന്നു. ബസുകളിലും, മെട്രോയിലും നിറയെ ആളുകള്‍ യാത്ര ആരംഭിച്ചു. മാളുകള്‍ തുറന്നു. ആഴ്ച്ച ചന്തകള്‍ തുറന്നു. പടി പടിയായി വിദ്യാലയങ്ങള്‍ തുറക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങളോടും, കച്ചവടക്കാരോടും സാമൂഹ്യ അകലം, മാസ്ക്ക്, സാനിറ്റയ്സര്‍ എന്നിവ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്നു.
മനുഷ്യാവകാശലംഘനം പോലീസ് സ്റ്റേഷനുകളില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അഭിപ്രായപ്പെട്ടു. ദേശിയ തലത്തില്‍ തന്നെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്തെ പോലീസുകാര്‍ ജനങ്ങളെ ഒരുപോലെ കാണണമെന്നും, എല്ലാവര്‍ക്കും നിയമം ഒരുപോലെ പ്രാര്‍ത്തികമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ഒരു യോഗത്തില്‍ ഡല്‍ഹിയില്‍ സംസാരിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത്.
പാര്‍ലമെന്‍റില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസ്
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന കാലത്ത് ഏറ്റവും ശ്രദ്ധേയനായത് കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് തന്നെ. ദേശിയ മാധ്യമങ്ങളില്‍ ബ്രിട്ടാസ് നിറഞ്ഞ് നിന്നത് സി.പി.എമ്മിന് ആശ്വാസമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാനിധ്യമായി ബ്രിട്ടാസ് മാറിയതാണ് അതിന് കാരണം. ഫോണ്‍ ചോര്‍ത്തല്‍ വിവാദമാണ് ബ്രിട്ടാസിനെ ശ്രദ്ധേയമാക്കിയത്. അദ്ദേഹം സുപ്രീം കോടതിയില്‍ പോയതോടെ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേയ്ക്കും നീണ്ടു. കര്‍ഷക സമരം, വിലക്കയറ്റം, ചര്‍ച്ചയില്ലാതെ പാസാക്കുന്ന ബില്ലുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ബ്രിട്ടാസിന്‍റേതായി സഭാ രേഖകളില്‍ ഉണ്ടാകും. രാജ്യസഭയില്‍ മാത്രമല്ല, പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തും ബ്രിട്ടാസ് ഉയര്‍ത്തിയ പ്രതികരണം ശ്രദ്ധേയമായി. ദേശിയ മാധ്യമങ്ങള്‍ അന്തിചര്‍ച്ചയ്ക്കായി ബ്രിട്ടാസിന്‍റെ സമയത്തിനായി ഓടി നടന്നു. മുന്‍പ് ഇതേ പാര്‍ലമെന്‍റില്‍ വര്‍ഷങ്ങളോളം റിപ്പോര്‍ട്ടറായി ഓടി നടന്ന് പത്രത്തിലും, ചാനലിലുമാണ് അദ്ദേഹം നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അദ്ദേഹം സഭാ അംഗമായി എടുക്കുന്ന നിലപാടുകള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കുറിച്ചെടുക്കുന്നു.
സുധീര്‍ നാഥ്