ആശങ്കയുടെ ഓണക്കാലം
വിജയ് ചൗക്ക് @ 107 @ മെട്രോ വാര്‍ത്ത: ആസസ്റ്റ് 21
സുധീര്‍നാഥ്
മാവേലി നാടു വാണിടും കാലം
മാനുഷ്യരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
സഹോദരന്‍ അയ്യപ്പന്‍ എഴുതിയ വരികള്‍ക്ക് വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ തിരുത്തലുകള്‍ വേണ്ടി വരുന്നില്ലേ എന്ന് ചിന്തിച്ചു പോകുന്നതില്‍ തെറ്റില്ല.
കോവിഡ് മാനധണ്ഡങ്ങള്‍ പാലിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
എന്ന് തിരുത്തിയും പാടാം...
രാജ്യം കോവിഡ് വ്യാപനത്തില്‍ നിന്ന് ഇനിയും മുക്തി നേടിയിട്ടില്ല. രാജ്യത്തെ ആകെ രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍ നിന്നാണുള്ളതെന്നത് വലിയ ആശങ്കയ്ക്ക് കാരണവുമാണ്. കേരളത്തില്‍ കൂടി വരുന്ന കോവിഡ് രോഗികളുടെ ദൈനംദിന കണക്കുകളില്‍ ആര്‍ക്കാണ് ആശങ്ക ഇല്ലാത്തത്...? ശാസ്ത്രീയമായ വിലയിരുത്തലല്ല പൊതുജനങ്ങള്‍ ഇപ്പോള്‍ നോക്കി കാണുന്നത്. ആശങ്കകളുടെ നാളുകള്‍ എണ്ണി നീക്കുന്നതിനിടയിലാണ് മലയാളികളുടെ ഓണക്കാലം ഒന്നിരിക്കുന്നത്. മുഹറവും, ഉത്രാടപ്പാച്ചിലും മലയാളികള്‍ കൂട്ടമായി ഇറങ്ങിയത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഡല്‍ട്ടാ വൈറസിന്‍റെ ആക്രമണമാണ് ഇപ്പോള്‍ കേരളത്തെ വേട്ടയാടുന്നത്.
കോവിഡ് രോഗികള്‍ കൂടുന്നതിന് നമ്മുടെ സമൂഹം തന്നെയാണ് കാരണം. ഒരു വിഭാഗം ജനങ്ങള്‍ കരുതല്‍ ജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു. സാമൂഹ്യ അകലം പാലിക്കലും, മാസ്ക്കും, സാനിറ്റയ്സറും ജീവിത ശൈലിയാക്കി മാറ്റി. അനാവശ്യമായ യാത്രകളും, കൂടിചേരലുകളും ഒഴിവാക്കി. പൊതുചടങ്ങുകള്‍ വേണ്ടെന്ന് വെച്ചു. അതിഥിയായില്ല എന്നു മാത്രമല്ല, സ്വയം ആഥിതേയത്ത്വം വേണ്ടെന്നു വെച്ചു. ജനങ്ങള്‍ മാറിയ സാഹചര്യത്തില്‍ അവരുടെ സംസ്ക്കാരത്തിന്‍റെ ഭാഗമാക്കി മാറ്റേണ്ട ഒന്നായി കോവിഡ് മാനധണ്ഡങ്ങള്‍ മാറിയിരിക്കുന്നു.
കോവിഡ് തനിക്ക് വരില്ലെന്ന് ഉറപ്പിക്കുന്ന മറ്റൊരു വിഭാഗം ജനങ്ങളുണ്ട്. കേരളത്തില്‍ കര്‍ശനമായി കോവിഡ് മാനധണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നു. നാട്ടിലെ ഹോട്ടലുകളും ചായപീടികകളും പായ്ക്കിങ്ങ് സംവിധാനം നടപ്പിലാക്കി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നു. ഒരു ചായപീടികയില്‍ നിന്ന് ചായ വാങ്ങിയാല്‍ മാറി നിന്ന് വേണം കുടിക്കുവാന്‍. കേരള പോലീസ് നടപടി കര്‍ശനമാക്കി നടപ്പാക്കുകയും ഉണ്ടായി. എന്നാല്‍ കേരള നിയമസഭയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് പറയുന്നവര്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മസാല ദോശയും, ചായയും കുടിക്കുന്നു. കൊറോണ വൈറസ് അവിടെ വരില്ലെന്ന തെറ്റിദ്ധാരണ കാരണമാകാമെന്ന് ആശ്വസിക്കാം.
കോവിഡ് മാനധണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങളുടെ ആരോഗ്യത്തെ കേരള നിയമസഭയിലെ ക്യാന്‍റിനില്‍ തെട്ട് വെല്ലു വിളി നടത്തുന്നതില്‍ ഭരണ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളാണ് നേത്യത്ത്വം നല്‍കുന്നത്. കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി കുട്ടികളെ ബോധവത്ക്കരണ പോസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി പന്ത്രണ്ട് കാര്‍ട്ടൂണിസ്റ്റുകളും, അഞ്ചോളം സംഘാടക പ്രതിനിധികളും ആലുവയില്‍ ക്യാമ്പ് നടത്തി. എല്ലാ ക്യാമ്പ് അംഗങ്ങളും, സംഘാടകരും, ക്യാമ്പ് നടന്ന സ്ഥാപനത്തിലെ ജീവനക്കാരും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവിടേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പ്രതിഷേധമായി ഇരച്ച് കയറിയത് മാസ്ക്ക് ധരിക്കാതേയും, സാമൂഹ്യ അകലം പാലിക്കാതേയും. അവരുടെ ആവശ്യം യുക്തിക്ക് നിരക്കാത്തതും. ഇത്തരം പ്രതിഷേധ പരിപാടികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും തീരുമാനിച്ചാല്‍ കോവിഡ് വ്യാപനത്തില്‍ ഒരു പരിധി വരെ കുറവ് ഉണ്ടാകും.
ഓണം മലയാളികളുടെ ഉത്സവമാണെന്നതിന് സംശയമില്ല. വരും വര്‍ഷങ്ങളിലും ഓണം ഉണ്ടാകും. വരുന്ന വര്‍ഷങ്ങളിലും ഓണം ആഘോഷങ്ങളില്‍ പങ്കാളികളാകണമെങ്കില്‍ കരുതല്‍ ഉണ്ടാകണം. മൂന്നാം തരംഗത്തെ ഒഴിവാക്കി എന്ന് പറയുവാന്‍ സാധിക്കില്ല. അത് ഉണ്ടാകുമെന്ന് തന്നെയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. കുട്ടികളിലായിരിക്കും മൂന്നാം തരംഗത്തിന്‍റെ ആഘാതം കൂടുതല്‍ ഉണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. പല സംസ്ഥാനങ്ങളും സ്ക്കൂളുകള്‍ പോലും തുറക്കാന്‍ ഭയപ്പെടുന്നതും മൂന്നാം തരംഗത്തില്‍ കുട്ടികള്‍ കോവിഡ് പിടിയിലാകുമെന്ന മുന്നറിയിപ്പാണ്.
ജനങ്ങള്‍ക്ക് മുഴുവനായി കോവിഡ് വാക്സിനേഷന്‍ നല്‍കിയാല്‍ കോവിഡിന്‍റെ തീവ്യത കുറയ്ക്കുവാന്‍ സാധിക്കും. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ അതിനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. കോവിഡ് വാക്സിനുകള്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ ഒരിക്കലും പൂര്‍ണ്ണ സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാസ്ക്കും, സാനിറ്റയ്സറും, സാമൂഹ്യ അകലവും അവര്‍ ഒഴിവാക്കാന്‍ പാടില്ല. ഏത് തരംഗത്തേയും പ്രതിരോധിക്കാന്‍ പൊതുതത്ത്വം എസ്.എം.എസ് എന്ന കോവിഡ് മാനധണ്ഡമാണെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
കൊവിഡ് വാക്സിന്‍ എടുക്കുന്നതിന്‍റെ പ്രസക്തി എന്തെന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം കൊവിഡ്-19 രോഗം ബാധിക്കുന്നതിനുള്ള സാധ്യത കുറക്കുന്നു എന്നതാണ്. രണ്ടാമതായി കൊവിഡ്-19 രോഗബാധ ഗുരുതരമാകുന്നതിനുള്ള സാധ്യത കുറക്കുന്നു എന്നുള്ളതും. മൂന്നാമത് നിങ്ങളുടെ സുഹൃത്തുക്കളുടെയും, കുടുംബത്തിന്‍റെയും കൂടാതെ സമൂഹത്തിന്‍റെയും സുരക്ഷക്കായി സഹായിക്കുന്നു. ഭൂരിഭാഗം ആളുകളും വാക്സിനേഷന്‍ സ്വീകരിച്ചാല്‍ കൊവിഡ് 19 വൈറസ് വേഗത്തില്‍ പടരില്ല. വാക്സിനേഷന്‍ സ്വീകരിക്കാന്‍ കഴിയാത്തവരെയും ഇത് സംരക്ഷിക്കും.
അംഗീകൃത ആരോഗ്യ പ്രവര്‍ത്തകരാണ് നിങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുക. എല്ലാ വാക്സിനേഷനും പോലെ, കൊവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ച ശേഷവും സാധാരണയായി കാണുന്ന പാര്‍ശ്വഫലങ്ങള്‍ ചിലര്‍ക്ക് അനുഭവപ്പെടാം. താഴെ പറയുന്നവ ഇതില്‍ ഉള്‍പ്പെടാം: കുത്തിവയ്ച്ച സ്ഥലത്ത് വേദന, ക്ഷീണം, പേശിവേദന, തലവേദന, പനിയും വിറയലും, സന്ധിവേദന. ഇത് കൊണ്ട് ഭയപെടേണ്ട ആവശ്യമില്ല. വാക്സിന്‍റെ പ്രവര്‍ത്തി നിങ്ങളുടെ ശരീരത്തില്‍ ആരംഭിച്ചു എന്നതിന്‍റെ ലക്ഷണങ്ങളായി മാത്രം കണ്ടാല്‍ മതി.
ഓണാഘോഷം കേരളത്തില്‍ കഴിയുന്നതോടെ കോവിഡ് വ്യാപനത്തിന്‍റെ തോത് നമ്മള്‍ മനസിലാക്കാന്‍ പോകുന്നതേയുള്ളൂ. ഉത്രാടപ്പാച്ചിലില്‍ ചന്തകളില്‍ തിക്കി തിരക്കിയതും, ഓണത്തിന് ഒത്തു കൂടി ആഘോഷിച്ചതും നിര്‍ഭാഗ്യമായി പോയി എന്ന് ചിലരെങ്കിലും പറയും. കാരണം പലരും കോവിഡ് കരുതലുകള്‍ മറന്ന് പ്രവര്‍ത്തച്ചു. ഭാഗ്യം ചിലരെ രക്ഷിക്കും. അത് ആരെന്നുള്ളതിന് ഉത്തരം പറയാന്‍ സമയമെടുക്കും.
(ചിത്രം: കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണി വരച്ച കാര്‍ട്ടൂണ്‍ പോസ്റ്റര്‍)