ഇലക്ഷന്‍ കാലം കണ്ട കാര്‍ട്ടൂണുകള്‍

ഇലക്ഷന്‍ കാലം കണ്ട കാര്‍ട്ടൂണുകള്‍

സുധീര്‍ നാഥ്.  

ഇലക്ഷന്‍ കാലം കാര്‍ട്ടൂണുകളുടെ വിളവെടുപ്പ് കാലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഈ സമയത്താണല്ലോ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അച്ചടി മാധ്യമങ്ങള്‍ വല്ലാതൊന്നു മെലിഞ്ഞു. പേജുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. പല പത്രങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കുറച്ചു. ചിലര്‍ ബ്യൂറോകളും, എഡിഷനും വേണ്ട എന്ന് തീരുമാനിച്ചു. ചില പത്രങ്ങള്‍ പ്രസിദ്ധീകരണം തന്നെ നിര്‍ത്തി.

മുന്‍ കാലങ്ങളില്‍ അച്ചടി മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തില്‍ കൊടുത്തിരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇപ്പോള്‍ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. പല പത്രങ്ങളും കാര്‍ട്ടൂണുകളുടെ സ്ഥാനം അകം പേജുകളിലേയ്ക്ക് മാറ്റി. ചില പത്രങ്ങള്‍ ആദ്യ പേജില്‍ ബോക്സ് കാര്‍ട്ടൂണ്‍ മാത്രം നല്‍കുന്നുണ്ട്. ഇത് മലയാള മാധ്യമങ്ങളില്‍ മാത്രം ഉണ്ടായ മാറ്റമല്ല. ദേശീയ പത്രങ്ങളിലും സമാനമായ നടപടിക്രമങ്ങളാണ് ഉള്ളത്. 

2021 ലെ നിയമസഭാ കാലത്തും ശ്രദ്ധേയമായ കാര്‍ട്ടൂണുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇലക്ഷന്‍ കാലത്താണ് കുറച്ചെങ്കിലും കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് പ്രസിദ്ധീകരിക്കുന്നത്. 1987 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലമാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പല പ്രമുഖ പത്രങ്ങളും ഒരു പേജ് പൂര്‍ണ്ണമായും കാര്‍ട്ടൂന്നുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രങ്ങളുടെ ആദ്യ താളില്‍ തന്നെ കാര്‍ട്ടൂണുകള്‍ തലയെടുപ്പോടെ നിന്നിരുന്ന കാലത്തിന് പിന്നീട് ക്ഷീണം സംഭവിച്ചു. ഒന്നാം പേജില്‍ അപൂര്‍വ്വമായി വന്നിരുന്ന കാര്‍ട്ടൂണുകള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അകം പേജുകളില്‍ ഇടം നേടി. 

പക്ഷെ ഇലക്ഷന്‍ കാലങ്ങളില്‍ ധാരാളമായി കാര്‍ട്ടൂണുകള്‍ പത്ര താളുകളില്‍ കാണുവാന്‍ സാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും, തദ്ദേശ ഭരണ തിരഞ്ഞെടുപ്പും കാര്‍ട്ടൂന്നുകള്‍ക്ക് കൂടുതല്‍ സ്ഥലം മാറ്റിവെയ്ക്കപ്പെടുന്നു. അതേസമയം ബജറ്റ് ദിവസം ധനമന്ത്രിയുടെ കാരിക്കേച്ചറുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍റ് കാര്‍ട്ടൂണുകളെക്കാള്‍ കാരിക്കേച്ചറുകള്‍ക്കാണ് മിക്ക മാധ്യമങ്ങളും ഇപ്പോള്‍ അവസരം നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരയ്ക്കുന്ന കാരിക്കേച്ചറുകള്‍ക്ക് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. 

2020 നവംമ്പര്‍ മാസം നടന്ന കേരളത്തിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്ത് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2021 ഏപ്രില്‍ മാസം കാര്‍ട്ടൂണുകളുടെ എണ്ണം കുറഞ്ഞ് പോയതായി കാണാം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വെറും ദിവസങ്ങള്‍ മാത്രം ഉണ്ടായതാണ് അതിന് കാരണമെന്ന് ആശ്വസിക്കാം. തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കിറ്റ്, സ്വാര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ആഴക്കടല്‍ മത്സ്യബന്ധനം, പിന്‍വാതില്‍ നിയമനം തുടങ്ങിയവയായിരുന്നു പൊതുവായി കാര്‍ട്ടൂണുകളിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ പലരും വരച്ച കാര്‍ട്ടൂണുകള്‍ ഇലക്ഷന്‍ കാലയളവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

എല്ലാ വിഷയങ്ങളിലും വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകളിലും രാഷ്ട്രീയ പക്ഷപാദം കാണുവാന്‍ സാധിക്കും. പൊതു സമൂഹം ചിന്തിക്കുന്നതിനൊപ്പം പല കാര്‍ട്ടൂണിസ്റ്റുകള്‍ക്കും വരയ്ക്കാന്‍ സാധിച്ചില്ല. വലതു പക്ഷ നേതാക്കളും, ബി.ജെ.പി. നേതാക്കളും പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സമയത്ത്, അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചാണ് വരച്ചത്. ഇടത് പക്ഷത്തിന് അനുകൂലമായി കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടത് വളരെ അപൂര്‍വ്വമായി മാത്രമായിരുന്നു.

മലയാള കാര്‍ട്ടൂണിന്‍റെ ചരിത്രം പരിശോധിക്കുകയാണെങ്കിലും നമുക്ക് സമാനമായ സാഹചര്യങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വിമോചന സമരകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും വലതു പക്ഷ കാര്‍ട്ടൂണുകള്‍ വളരെ പ്രാധാന്യത്തില്‍ വരയ്ക്കപ്പെട്ടിരുന്നു. അക്കാലത്തെ ഏറ്റവും പ്രമുഖനായ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള മലയാളത്തിലെ അഞ്ച് പത്രങ്ങളില്‍ ഒരേ ദിവസം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. അക്കാലത്തെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വലത് പക്ഷ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. ജനയുഗത്തില്‍ യേശുദാസന്‍ വന്നതോടെ ഇടത് പക്ഷ കാര്‍ട്ടൂണ്‍ രചനകള്‍ക്ക് തുടക്കമായി. ജനയുഗത്തില്‍ ഒട്ടേറെ മറ്റ് കാര്‍ട്ടൂണിസ്റ്റുകളും ഇടത് പക്ഷം ചേര്‍ന്നു വരച്ചു തുടങ്ങി. മലയാള മാധ്യമ ചരിത്രത്തില്‍ പിന്നീട് ഇടത് പക്ഷ കാര്‍ട്ടൂണിസ്റ്റുകളുടെ മേല്‍ക്കൈ തന്നെ ഉണ്ടായി എന്ന് കാണാം.  

ഒരു പക്ഷവും ചേരാതെ വളരെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരും , കാര്‍ട്ടൂണിസ്റ്റുകളും. അങ്ങിനെ പ്രവര്‍ത്തിച്ചവര്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. എന്തുകൊണ്ട് അങ്ങിനെ പക്ഷം പിടിച്ച് മാധ്യമ പ്രവര്‍ത്തനവും, കാര്‍ട്ടൂണ്‍ രചനയും നടത്തുന്നു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പത്ര മാനേജ്മെന്‍റിന്‍റെ ഇഷ്ടത്തിനൊത്ത് കാര്‍ട്ടൂണുകള്‍ വരയ്ക്കുവാന്‍ പല കാര്‍ട്ടൂണിസ്റ്റുകളും നിര്‍മ്പന്ധിതരാകുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഉറപ്പാണ് എല്‍.ഡി. എഫ്. എന്നതായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുദ്രാവാക്യം. വലതു പക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം നാട് നന്നാവാന്‍ യു.ഡി.എഫ് എന്നായിരുന്നു. ബി.ജെ.പി. നേതൃത്വത്തില്‍ കേരളത്തില്‍ മത്സര രംഗത്ത് എത്തിയ എന്‍.ഡി.എ. മുന്നണിക്കും ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു. പുതിയ കേരളം മോദിക്കൊപ്പം എന്നതായിരുന്നു അത്. കാര്‍ട്ടൂണുകളില്‍ പക്ഷെ ഏറെ വിമര്‍ശിച്ച് വരയ്ക്കപ്പെട്ടത് ഉറപ്പാണ് എല്‍.ഡി.എഫ്. എന്ന മുദ്രാവാക്യമാണ്. ഒരു തുടര്‍ ഭരണം പല മാധ്യമങ്ങളും പ്രതീക്ഷിച്ചില്ല എന്നത് വാസ്ഥവമാണ്.

2021 നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ കാലത്ത് ഏറെ കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടില്ല എങ്കിലും, വരച്ചതില്‍ ഭൂരിപക്ഷവും ഇടത് പക്ഷത്തിനെ വിമര്‍ശിച്ചുള്ളവയായിരുന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രതിപക്ഷം ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കുകയും ചെയ്തു. എല്‍.ഡി.എഫ് മുന്നണിയെ നയിച്ച പിണറായി വിജയനും, യു.ഡി.എഫ് മുന്നണിയെ തിരഞ്ഞെടുപ്പില്‍ നയിച്ച ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, എന്‍.ഡി.എയുടെ പ്രചരണ നേതൃത്വം വഹിച്ച സുരേന്ദ്രനും ഇലക്ഷന്‍ കാലത്ത് കാര്‍ട്ടൂണില്‍ കൂടുതല്‍ വരയ്ക്കപ്പെട്ടു. രാഹുല്‍ ഗാന്ധിയും, നരേന്ദ്ര മോദിയും മലയാള കാര്‍ട്ടൂണ്‍ ലോകത്ത് ഇലക്ഷന്‍ കാലത്ത് വരച്ച കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടു.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്ന മുഖ്യമന്ത്രി പിണറായുടെ പ്രസ്ഥാവനയെ അടിസ്ഥാനമാക്കി മലയാള മനോരമ പത്രത്തില്‍ ബൈജു പൗലോസ് വരച്ചു. കാര്‍ട്ടൂണ്‍ കണ്ട മുഖ്യന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചതായിരുന്നു അതെന്ന് അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്ന പ്രസ്ഥാവനയും കാര്‍ട്ടൂണില്‍ വിഷയമായി.

കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഷയ ദാരിദ്രം ഉണ്ടാകാത്ത ഇലക്ഷന്‍ കാലമാണ് കടന്ന് പോയത് എന്ന് നിസംശയം പറയാം. ഒട്ടേറെ മികച്ച കാര്‍ട്ടൂണുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വന്നിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും മികച്ച കാര്‍ട്ടൂണുകള്‍ കാണുവാന്‍ സാധിക്കുന്നത് അവിടെ നിയന്ത്രണങ്ങള്‍ ഇല്ലാത്തതാണ്. വരയ്ക്കുന്നവന്‍ തന്നെയാണ് എഡിറ്റര്‍മാര്‍. കാര്‍ട്ടൂണ്‍ വരയ്ക്കുന്നവര്‍ പലപ്പോഴും സ്വയം നിയന്ത്രണ രേഖ മറികടക്കാതെ നോക്കുന്നു. എന്നാല്‍ ചിലര്‍ ശ്രദ്ധ നേടി വയറലാകുമെന്ന പ്രതീക്ഷയില്‍ നിയന്ത്രണ രേഖ മറികടന്ന് വരയ്ക്കുന്നു. 

മലയാളത്തില്‍ ഇന്നിറങ്ങുന്ന ഏക കാര്‍ട്ടൂണ്‍ ഹാസ്യ മാസികയില്‍ രസകരമായ ഒട്ടേറെ കാര്‍ട്ടൂണുകള്‍ കാണാം. മുന്‍പ് സൂചിപ്പിച്ച ഇലക്ഷന്‍ കാലത്തെ ചര്‍ച്ചാ വിഷയങ്ങളാണ് മിക്ക കാര്‍ട്ടൂണുകളും. അവിടെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകളുടേയും രചനകള്‍ കാണാം. 

ഒരു മികച്ച കാര്‍ട്ടൂണ്‍ എന്ന് വെച്ചാല്‍ ആയിരം വാക്കുകള്‍ക്ക് പകരം നില്‍ക്കുന്ന ഒന്നാകണം എന്നാണ് വെയ്പ്പ്. അത്തരത്തിലുള്ള കാര്‍ട്ടൂണുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആകെ ചരിത്രം ഒറ്റ കാര്‍ട്ടൂണില്‍ കണ്ടു. എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരാന്‍ കാരണമെന്തെന്ന് കൃത്യമായി ഈ കാര്‍ട്ടൂണ്‍ വിവരിക്കുന്നു.  യു ഡി എഫ് ഇലക്ഷന്‍ പ്രചരണം പാളിയത് എന്ത് കൊണ്ടെന്ന് കാര്‍ട്ടൂണ്‍ വിവരിക്കുന്നു. 2021 നിയമസഭാ തിരഞ്ഞടുപ്പ് കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട നൂറിലേറെ കാര്‍ട്ടൂണുകളില്‍ കെ. ഉണ്ണികൃഷ്ണന്‍ വരച്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഏറ്റവും മികച്ചതായി ഞാന്‍ വിലയിരുത്തുന്നു. മറ്റെല്ലാ ആരോപണങ്ങളും നിഷ് പ്രദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലതും കഴിച്ചോ എന്ന് ജനത്തിനോട് ചോദിക്കുന്ന കാര്‍ട്ടൂണില്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വളരെ ലളിതമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

Kindly Click this link to hear the article.

http://admin.radiokerala.in/FilesStore/Media/22.mp3