കര്‍ക്കിടകത്തിലെ ഓണവും, സ്വാതന്ത്ര്യദിന ചിന്തകളും
വിജയ് ചൗക്ക് @ 106 @ മെട്രോ വാര്‍ത്ത: ആസസ്റ്റ് 14
സുധീര്‍നാഥ്
അത്തം പത്തിന് പെന്നോണം എന്നാണല്ലോ...? വളരെ അപൂര്‍വ്വമായി മാത്രമേ കര്‍ക്കിട മാസത്തില്‍ ഓണം ആഘോഷിക്കാറുള്ളൂ. അത് ഇക്കുറി നടക്കുകയാണ്. ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്നെയാണ് പ്രധാന ഓണം വരുന്നത്. ഓണത്തിന്‍റെ പ്രധാന നാടായ ത്യക്കാക്കരയില്‍ കൊടി കയറി. പക്ഷെ കോവിഡ് കാലമായതിനാല്‍ ചടങ്ങുകള്‍ മാത്രമേ ഉണ്ടാകൂ. മൂന്നാം തരംഗം പടിയിലെത്തി നില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെ ജനങ്ങള്‍ക്ക് ധാരണയില്ലെന്നാണ് തോന്നുന്നത്. ജനങ്ങള്‍ കൂട്ടമായി ഇറങ്ങി നടക്കുന്നു. ടി.പി.ആര്‍. റേറ്റ് പത്തില്‍ താഴെ പോകുന്നില്ല എന്നത് ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ഓണം മലയാളികളുടെ ഉത്സവമാണെങ്കിലും, കൊറോണ വൈറസിന് അത് അറിയില്ലെന്ന സത്യം എങ്ങനെ ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കും എന്നതാണ് വിഷയം. കോവിഡ് ഒന്നും, രണ്ടും തരംഗങ്ങള്‍ നിയന്ത്രിക്കാന്‍ മലയാളിക്ക് കഴിഞ്ഞു. രണ്ടാം തരംഗത്തിന്‍റെ വ്യാപനം പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യാന്‍ വലിയ ശ്രമം നടക്കുന്നു. അത് പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. ആദ്യ കാലത്തെ ജാഗ്രത നമ്മുടെ ജനങ്ങള്‍ക്ക് ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജനങ്ങളുടെ സഹകരണം കൂടി ലഭിക്കാതെ കോവിഡ് വ്യാപനം അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഓണക്കാലത്ത് ജനങ്ങളുടെ ജാഗ്രത കുറവ് കൂടുതലാണെന്നത് ആശങ്ക ഉണ്ടാക്കുന്നു. കര്‍ക്കിടകത്തിലെ ഓണം പോലെ ആശങ്ക നിറഞ്ഞതാണ് കര്‍ക്കിടകത്തിലെ സ്വാതന്ത്ര്യ ദിനാഘോഷവും.
1947 ആഗസ്റ്റ് മാസം ആദ്യം മുതലേ സംസാരം തുടങ്ങി. ഇന്ത്യ സ്വതന്ത്ര്യത്തിന്‍റെ പൊന്‍ പുലരിയിലേയ്ക്ക് കടക്കുവാന്‍ പോകുന്നു എന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മാരുടെ എന്നല്ല സ്റ്റെനോ ഗ്രാഫര്‍മാരും ടൈപ്പിസ്റ്റുകളും മലയാളികളായ മദ്രാസികളായിരുന്നു. മലയാളികളെ അടുത്ത കാലം വരെ മദ്രാസികളെന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ കത്തിടപാടുകള്‍ തയ്യാറാക്കിയിരുന്നത് മലയാളികളാകുമല്ലോ. അക്കാലത്ത് ഡല്‍ഹിയില്‍ സജീവമായിരുന്ന കേരള ക്ലബ്ബിന്‍റെ സെക്രട്ടറി ഇരുപത്താറുകാരനായ ഒറ്റപ്പാലം സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് കെ.പി.എസ് കുട്ടിയായിരുന്നു. വിവരമറിഞ്ഞ കുട്ടി സുഹ്യത്തുക്കളായ ചെറുപ്പക്കാരെ കൂട്ടി. 1947 ആഗസ്റ്റ് മാസം 14ന് വൈകീട്ട് അവര്‍ കൊണാട്ട് പ്ലേസിലെ കേരള ക്ലബ്ബില്‍ ഒത്തു കൂടി.
കേരള ക്ലബ്ബില്‍ നിന്ന് ഇരുപതോളം മലയാളികളായ ചെറുപ്പക്കാര്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ നേത്യത്ത്വത്തില്‍ മലയാളത്തില്‍ മുദ്രാവാക്യം മുഴക്കി ആഹ്ളാദ പ്രകടനത്തിന് തുടക്കം കുറിച്ചു. ത്രിവര്‍ണ്ണ പതാക വീശി അവര്‍ ആവേശത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജാഥ പാര്‍ലമെന്‍റ് സ്ട്രീറ്റിലൂടെ നിങ്ങിയപ്പോള്‍ വലിപ്പവും കൂടി. നൂറ് കണക്കിന് ജനങ്ങള്‍ ജാഥയുടെ ഭാഗമായി. ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഹ്ളാദ പ്രകടനത്തിന് മലയാളികള്‍ ആദ്യമേ മുന്നിലുണ്ടായിരുന്നു. മലയാളികളല്ലാത്ത പഞ്ചാബികളും, ഹരിയാനികളം എന്നു വേണ്ട രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ളവരും അവരില്‍ ഉണ്ടായിരുന്നു. അവരെല്ലാവരും മലയാളത്തിലും മുദ്രാവാക്യം ഏറ്റുവിളിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ എത്തിയ ജാഥാ അംഗങ്ങള്‍ ആനന്ദ ന്യത്തമാടി. ഡല്‍ഹിയുടെ പല ഭാഗങ്ങളില്‍ നിന്നും സമാനമായ ജാഥകള്‍ പാര്‍ലമെന്‍റ് മന്ദിരം ലക്ഷ്യമാക്കി വന്നിരുന്നു.
ആയിരക്കണക്കിന് ജനങ്ങള്‍ പാര്‍ലമെന്‍റിന് ചുറ്റും കൂടി മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഗാന്ധിജിക്കും, നെഹ്റുവിനും അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം ഉണ്ടായിരുന്നു. ഭാരത് മാതാ കീ ജയ് മുതല്‍ ഇന്‍ങ്കുലാബ് സിന്ദാബാദ് വരെ കേട്ടു. ഇതിനിടയില്‍ പണ്ഡിറ്റ് മൗണ്ട്ബാറ്റണ്‍ സിന്ദാബാദ് എന്ന് ചിലര്‍ വിളിച്ചതായും, അത് ചിരിക്ക് കാരണമായതായും കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്‍റെ ആത്മ കഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവേശം അലതല്ലിയപ്പോള്‍ പാര്‍ലമെന്‍റ് പരിസരം ശബ്ദമുഖരിതമായി. നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും, മറ്റ് ദേശിയ നേതാക്കളും പാര്‍ലമെന്‍റിന്‍റെ മട്ടുപ്പാവില്‍ വന്ന് ജനങ്ങളെ ക്കൈകള്‍ വീശി അഭിവാദ്യം ചെയ്തു.
രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പാര്‍ലമെന്‍റില്‍ ഇന്ത്യന്‍ സ്വതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ജനങ്ങള്‍ മുദ്രാവാക്യം വിളി കുറച്ചത്. കുട്ടി അടക്കമുള്ള മലയാളി യുവാക്കള്‍ കേരള ക്ലബ്ബിലേയ്ക്ക് തിരിച്ചെത്തിയത് പുലര്‍ച്ചയ്ക്കായിരുന്നു. ജനങ്ങളുടെ ആവേശത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ ആവേശം ചോരാതെ കുറിച്ചിട്ടുണ്ട്.
നമ്മള്‍ പറഞ്ഞത് സ്വാതന്ത്ര്യത്തിന് മുന്‍പേ വിവരം അറിഞ്ഞ മലയാളികളെ കുറിച്ചാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും ഒരു മാസത്തോളം ബ്രിട്ടീഷ് കൊടിക്ക് കീഴില്‍, ബ്രിട്ടീഷ് നിയമങ്ങള്‍ പാലിച്ച് കഴിഞ്ഞ ഒരു വിഭാഗം ജനങ്ങളെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. അവരെ നമുക്ക് മലയാളികളുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടതുണ്ട്. കേരള തീരത്തോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് ജനതയാണ് സ്വാതന്ത്ര്യം ലഭിച്ചിട്ടും അതറിയാതെ ഒരു മാസം കഴിഞ്ഞത്. ലക്ഷദ്വീപിന്‍റെ ജനപ്രതിനിധിയും കേന്ദ്ര മന്ത്രിയുമായിരുന്ന ജനാബ് പി.എം. സെയ്ത് പറഞ്ഞതാണ് ഈ സംഭവം. അദ്ദേഹത്തിന്‍റെ മാധ്യമകാര്യ സെക്രട്ടറിയായി സേവനം ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ കേട്ടിരുന്നു. ചരക്കുമായി കോഴിക്കോടു നിന്ന് ലക്ഷദ്വീപിനെ ലക്ഷ്യം വെച്ച് വന്ന കപ്പലില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പാറിയത് കണ്ടപ്പോള്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് അറിയുന്നത്. അപ്പോഴേയ്ക്കും ഇരുപത്തേഴ് രാവ് കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തി അഞ്ചാമത്തെ വര്‍ഷമാണ് നമ്മള്‍ ആഘോഷിക്കുന്നുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷം നടക്കുന്നത്. ജനങ്ങള്‍ ആരോഗ്യ രംസത്തെ കുറിച്ച് ആശങ്കയിലാണ്. ഒട്ടേറെ മരണങ്ങള്‍ കണ്ട കാലമാണ് കഴിഞ്ഞത്. കൊറോണ വൈറസിന്‍റെ അക്രമണം അവസാനിച്ചിട്ടില്ല. മൂന്നാം തരംഗം പടിവാതിലില്‍ എത്തി നില്‍ക്കുന്നു. പതിവിന് വിപരീതമായി എന്തൊക്കെയാണ് ചെങ്കോട്ടയില്‍ ഒരുക്കിയിരിക്കുന്നത് എന്നത് ആശ്ചര്യമുണ്ടാക്കും. കൊറോണയെ തുരത്താനാണോ എന്ന് തമാശയായി സംശയിക്കുന്നതിലും തെറ്റില്ല. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നില്‍ കപ്പലിലെ കണ്ടേയ്നറുകള്‍ അടുക്കിവെച്ച് വന്‍മതില്‍ തന്നെ സ്യഷ്ടിച്ചിരിക്കുകയാണ്. ഡല്‍ഹി പോലീസിന്‍റെ നേത്യത്വത്തിലായിരുന്നു വന്‍ മതില്‍ നിര്‍മ്മാണം. മുന്‍പൊക്കെ ചാന്ദിനി ചൗക്കില്‍ നിന്നാല്‍ ചെങ്കോട്ട കാണുവാന്‍ സാധിക്കും. ഇപ്പോള്‍ കാഴ്ച്ച മറയും വിധമാണ് താത്ക്കാലിക വന്‍മതില്‍.
ചെങ്കോട്ടയില്‍ പ്രസംഗിച്ച പ്രധാനമന്ത്രിക്ക് സ്വന്തം ജനങ്ങളെ ഭയമായിരിക്കുന്നതായി വേണം മനസിലാക്കാന്‍. ജനങ്ങള്‍ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന്‍റെ പാതയിലാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. രാജ്യത്തെ കര്‍ഷകര്‍ മാസങ്ങളായി സമര മുഖത്താണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. ചെങ്കോട്ടയില്‍ നിന്നാണ് കാലങ്ങളായി സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രിമാര്‍ രാജ്യത്തെ അഭിമുഖീകരിക്കുന്നത്. പക്ഷെ ഇത്തണ പതിവിന് വിപരീതമായി വന്‍ മതില്‍ ഉയര്‍ത്തി. താന്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുമെന്ന ഭീതി അദ്ദേഹത്തിന് ഉണ്ടായാല്‍ കുറ്റം പറയുവാനും കഴിയില്ല. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിന് സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ ട്രാക്റ്റര്‍ റാലി നടത്തിയതും, അതില്‍ ചിലര്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയതും മറക്കാറായിട്ടില്ല. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ റിപ്പബ്ലിക്ക് ദിന പരേഡ് ഉണ്ടാകുമോ എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 27 ദിവസം കഴിഞ്ഞ് വിവരമറിഞ്ഞ ലക്ഷദ്വീപിലെ ജനങ്ങള്‍ എഴുപത്തി അഞ്ച് വര്‍ഷത്തിനിപ്പുറവും സ്വാതന്ത്ര്യത്തിനായി കേഴുന്ന കാഴ്ച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അവിടെ ജനങ്ങള്‍ പഴയ അടിമത്ത നാളുകളിലേയ്ക്ക് തള്ളി മാറ്റപ്പെടുന്നു. സ്വാതന്ത്ര്യത്തിന് അവര്‍ ലോകത്തോട് കെഞ്ചുന്ന കാഴ്ച്ച കണ്ടില്ലെന്ന് നടിക്കുവാന്‍ സാധിക്കുമോ...? ഒരു രണ്ടാം സ്വാതന്ത്ര്യ സമര കാഹളം മുഴങ്ങുന്നതായി എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തത്തില്‍ തോന്നുന്ന പോലെ തോന്നുന്നില്ലേ...?

