ഡോക്ടര്‍മാരെല്ലാം ഡോക്ടറല്ല, റക്കോഡുകളെല്ലാം റക്കോര്‍ഡല്ല ....!
വിജയ് ചൗക്ക് @ 104 @ മെട്രോ വാര്‍ത്ത: ജൂലൈ 29
സുധീര്‍നാഥ്
അടുത്ത കാലത്തായി പല വ്യക്തികളും പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് എഴുതി കണ്ടു. ഒരു മാന്യ വ്യക്തിയോട് ഇതെപ്പോള്‍ സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടിയായി കുറച്ച് ചിലവായി എന്ന് പറഞ്ഞു. പി എച്ച് ഡി ബിരുദ്ധ ദാന ചടങ്ങിനും , വേഷത്തിനും മറ്റും ചിലവഴിച്ച കഥ മൂപ്പര്‍ തുറന്ന് പറഞ്ഞു. സംഗതി വ്യാജമാണെങ്കിലും ഒരു എടുപ്പുണ്ടെന്നാണ് മൂപ്പരുടെ പക്ഷം. ചിലര്‍ക്ക് അങ്ങിനെയാണ്. പണം ചിലവഴിക്കാന്‍ തയ്യാറാണ്. ഡോക്ടറേറ്റ് ലഭിച്ചാല്‍ പേരിന് മുന്‍പ് ഡോക്ടര്‍ എന്ന് എഴുതാമല്ലോ... ഡോക്ടറേറ്റ് നല്‍ക്കുന്ന സര്‍വ്വകലാശാല എവിടുത്തെയാണെന്ന് ചോദിക്കരുത് .... പ്പീസ്.
ഒരു വിഷയത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തുക. അത് വിഷയത്തില്‍ പണ്ഠിതനായ ഒരു വ്യക്തിയുടെ കീഴില്‍ ആയിരിക്കണം. അങ്ങിനെ തയ്യാറാക്കുന്ന പഠന ഗവേഷണ പ്രബന്ധം എഴുതി തയ്യാറാക്കി അംഗീകാരം നേടണം. അപ്പോള്‍ സര്‍വ്വകലാശാല പി.എച്ച്.ഡി. ബിരുദം ഗവേഷകയ്ക്ക് നല്‍കും. ജീവിത വഴിയില്‍ ഒരു കലയ്ക്കോ, ഒരു വിഷയത്തിലോ നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍ക്കും പലപ്പോഴും ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കാറുണ്ട്. അങ്ങിനെ ആദരിക്കപ്പെട്ട് ഡോക്ടറേറ്റ് നേടുന്നവര്‍ നിസാരക്കാരല്ലെന്ന് സമൂഹം വിലയിരുത്തും. ഇങ്ങനെ ഒരു രംഗത്ത് വിജയിച്ചവര്‍ക്ക് ലഭിക്കുന്ന ഡോക്ടറേറ്റാണ് ഇവിടെ പൊതു കമ്പോളത്തില്‍ വില്‍ക്കുന്നത്. അത് വാങ്ങുവാന്‍ ഉളുപ്പില്ലാത്ത കുറേ മാന്യന്‍മാരും നമുക്ക് ചുറ്റിനും ഉണ്ട്.
ഡോക്ടറേറ്റ് നല്‍കുന്നത് പോലെ തന്നെ നാടുനീളെ ഇപ്പോള്‍ റക്കോഡുകള്‍ വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ച് ജനങ്ങളെ വീടിനുള്ളില്‍ ഇരുത്തിയ അവസരത്തിലാണ് റക്കോഡുകളുടെ പെരുമഴ ഉണ്ടായത്. എന്തെല്ലാം റക്കോഡുകളാണന്നോ ഓരോ ദിവസം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു ദിവസം നാല്.ചെരുപ്പ് മാറി മാറി ധരിക്കുന്നവന് ലോക റക്കോഡ് വരെ ലഭിക്കും. ലഭ്യമായ വിവരം വെച്ച് ലോക റക്കോഡ് ലഭിക്കാന്‍ ചിലവ് കൂടുതലാണ്. അതിനേക്കാള്‍ കുറവാണ് ഏഷ്യന്‍ റക്കോഡ് ഇന്ത്യന്‍ റക്കോഡ് ലഭിക്കാന്‍ 25000 രൂപ മാത്രം മതി എന്നാണ് കണക്ക്. പണം മുടക്കാന്‍ തയ്യാറായവന് റക്കോഡ് ഉണ്ടാക്കി നല്‍കാന്‍ ബുദ്ധിയുള്ള ഏജന്‍റുമാരുള്ള നാടാണ് നമ്മുടേത്.
പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ മലയാളികളുടെ മനസില്‍ കാണും . അതില്‍ ശ്രീരാമന്‍ അഭിനയിക്കുന്ന കഥാപാത്രം മമ്മുട്ടി അഭിനയിക്കുന്ന ഫ്രാന്‍സിസ് എന്ന അരി കച്ചവടക്കാരന്‍റെ ജീവചരിത്ര കുറിപ്പ് ഉണ്ടാക്കുന്നുണ്ട്. ഏതാണ്ട് അതു തന്നെയാണ് ഡോക്ടറേറ്റും , റിക്കോര്‍ഡുകളും. ഇത് സംഘടിപ്പിച്ച് കൊടുക്കാന്‍ കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഏജന്‍റ് പ്രവര്‍ത്തിക്കുന്നു എന്നത് അത്ദുതമാണ്. അതിനേക്കാള്‍ അത്ഭുതമാണ് ലക്ഷങ്ങള്‍ എറിഞ്ഞ് ഇത് സംഘടിപ്പിക്കുന്ന ജനങ്ങള്‍. ഇതിലെ നെല്ലും പതിരും ഇനിയും നമ്മുടെ മാധ്യമലോകം തിരിച്ചറിഞ്ഞിട്ടില്ല എന്നത് വളരെ കഷ്ടം തന്നെയാണ്.
കേരളത്തില്‍ വ്യാജ പതിപ്പിന് ജനങ്ങള്‍ മുതിരില്ലായിരുന്ന കാലമുണ്ടായിരുന്നു. പക്ഷെ, കാലം മാറിയപ്പോള്‍ ജനങ്ങളുടെ ചിന്താഗതിയും മാറി. വ്യാജ ഡോക്ടര്‍മാര്‍ ( ചികിത്സിക്കുന്നവര്‍) വ്യാജ എന്‍ജിനിയര്‍മാര്‍ , വ്യാജ വക്കീലന്‍മാര്‍ ഇങ്ങനെ നാട്ടില്‍ വ്യാജന്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനിടയിലാണ് വ്യാജ പി.എച്ച്.ഡി. നേടി ഡോക്ടര്‍മാരാകുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റിനും അട്ടഹസിക്കുന്നത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖനായ ഒരു വ്യവസായിയെ തേടി ഒരു മനോഹര ക്ഷണകത്ത് ലഭിക്കുന്നു. അതില്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിക്കുന്നതായി ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ഡല്‍ഹിയിലെ പല പ്രമുഖരുമുണ്ട്. മലയാളിയും, മറ്റ് സംസ്ഥാനങ്ങളിലുള്ളവരും ഉണ്ട്. തനിക്ക് ഡോക്ടറേറ്റ് ലഭിക്കുന്ന ചടങ്ങിന്‍റെ ക്ഷണകത്ത് കണ്ട് മൂപ്പര്‍ ഞെട്ടി. ക്ഷണക്കത്തില്‍ കണ്ട നമ്പറില്‍ വിളിച്ച അദ്ദേഹത്തോട് പണചിലവില്ലാത്തതാണ് എന്നും, ചടങ്ങില്‍ പങ്കെടുത്ത് ഡോക്ടറേറ്റ് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥനയാണ് ഉണ്ടായത്.
രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഡോക്ടര്‍മാരുടെ മുളച്ച് പൊന്തലില്‍ലില്‍ കളിയിക്കലുകള്‍ പലതും നടക്കുന്ന കാലം. അതില്‍ നിന്ന് രക്ഷപെടാന്‍ മൂപ്പര്‍ കടുത്ത തീരുമാനമെടുത്തു. എനിക്ക് ഡോക്ടറേറ്റ് വേണ്ട. ദയവായി നാറ്റിക്കരുത്. എന്തായാലും ഡോക്ടര്‍ പദവി ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലാണ്. ഒറിജിനല്‍ ഡോക്ടറേറ്റ് നേടുന്നവര്‍ പോലും മടിച്ച് മടിച്ച് പറയുന്ന കാലം.
സ്വന്തം മക്കള്‍ക്ക് കോവിഡ് അവധികാലത്ത് റിക്കോഡുകള്‍ സമ്മാനിക്കാന്‍ പെടാപാട് പെടുന്ന മാതാപിതാക്കള്‍.... ചുമരിലെ ചിത്രം, മണലിലെ ചിത്രം.... അങ്ങിനെ എന്തെല്ലാം. ലോകത്തിലെ ഏറ്റവും വലിയ.... ലോകത്തിലെ ഏറ്റവും നീളം കൂടിയ.... ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയത്ത് .... ലോകത്തിലെ ഏറ്റവും കൂടുതല്‍ സമയത്ത് .... ഇങ്ങനെ റക്കോഡുകള്‍ പലതരം . ഏഷ്യയും , ഇന്ത്യയും ഇത്തരം റക്കോഡുകള്‍ തരം തിരിക്കുന്നു. ചുരുക്കി പറയട്ടെ, നമ്മള്‍ കാണുന്ന എല്ലാ റക്കോഡുകളും റക്കോഡല്ല. എല്ലാ ഡോക്ടര്‍മാരും ഡോക്ടറല്ല...
