സ്വകാര്യതയുടെ ചോര്‍ത്തല്‍
വിജയ് ചൗക്ക് @ 103 @ മെട്രോ വാര്‍ത്ത: ജൂലൈ 24
സുധീര്‍നാഥ്
കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഫോണ്‍ ചോര്‍ത്തലും, പെഗസിസ് സോഫ്റ്റ് വെയറുമാണ്. ലോകത്തിലെ പല രാജ്യങ്ങളും രഹസ്യാനേഷണത്തിന്‍റെ ഭാഗമായി രാജ്യ സുരക്ഷയ്ക്കാണെന്ന് പറഞ്ഞ് ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നുണ്ട്. രാജ്യം ഭരിക്കുന്നവര്‍ അവരുടെ അധികാരം ഉപയോഗിച്ച് അവരെ എതിര്‍ക്കുന്നവരുടേയോ, സംശയമുള്ളവരുടേയോ ഫോണുകള്‍ ചോര്‍ത്തുന്ന പതിവ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇത് അധാര്‍മിക പ്രവര്‍ത്തിയാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലാണ് ഇത്തരത്തില്‍ കടന്നു കയറ്റം പല ഭരണകര്‍ത്താക്കളും നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റായ റിച്ചാര്‍ഡ് നിക്സണ് പദവി രാജിവയ്ക്കേണ്ടി വന്നത് ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്തിയ ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ്. 1970കളില്‍ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ പ്രതിപക്ഷത്തിരുന്ന ഡെമോക്രേറ്റീവ് പാര്‍ട്ടിയുടെ ആസ്ഥാനമായ വാട്ടര്‍ഗേറ്റില്‍ നടത്തിയ ടാപ്പിംഗ് സംഭവമാണ് രാജിക്ക് വഴി തെളിച്ചത്.
ഇസ്രായേലിലെ എന്‍എസ്ഒ ടെക്നോളജീസ് എന്ന സ്വകാര്യ കമ്പിനി നിര്‍മ്മിച്ച പെഗാസസ് സ്പൈവൈറസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍ ഫോണ്‍ചോര്‍ത്തല്‍ നടന്നിരിക്കുന്നത്. അമേരിക്കയില്‍ ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടുയര്‍ന്ന കോടതിവ്യവഹാരത്തില്‍ 2017ല്‍ ഈ കമ്പനി തന്നെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പെഗാസസ് സോഫ്റ്റ് വെയര്‍ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. അതുപ്രകാരം ഇന്ത്യയിലെ ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രധാനമന്ത്രിയോ, അഭ്യന്തിര മന്ത്രിയോ തന്നെയാണ് എന്ന് വ്യക്തം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രാജ്യത്തെ പ്രമുഖരുടെ ഫോണാണ് ഇന്ത്യയില്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നത്. നിയമപരമായി തന്നെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടും ക്രിമിനല്‍-ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവായി കാണിക്കുവാനും ഫോണ്‍ടാപ്പിംഗ് രാജ്യത്തെ പ്രമുഖ അഭ്യന്തിര വകുപ്പിന് കീഴിലെ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കാറുണ്ട്.
പ്രമുഖരായ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ആയിട്ടാണ് പറയുന്നത്. ഇതില്‍ രാഷ്ട്രീയ നേതാക്കള്‍, ഭരണപക്ഷത്തെ എതിര്‍ക്കുന്നവര്‍, സ്വന്തം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, ബിസിനസുക്കാര്‍ തുടങ്ങിയവരുടെയെല്ലാം ഫോണ്‍ ചോര്‍ത്തുന്ന അധാര്‍മ്മികമായ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തിയാണ് രാജ്യത്ത് നടന്നത്. ഒരു ഭരണാധികാരിയുടെ അരക്ഷിതബോധത്തില്‍ നിന്നും ചുറ്റുമുള്ള എല്ലാത്തിനെയും സംശയിക്കുന്ന മാനസിക തലത്തില്‍ നിന്നുമാണ് ഇത്തരം അധാര്‍മ്മികമായ ഫോണ്‍ചോര്‍ത്തല്‍ പോലുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുന്നത് എന്ന് ഫോണ്‍ ചോര്‍ത്തപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജെ. ഗോപീക്യഷ്ണന്‍ പറഞ്ഞു.
ഇസ്രായേല്‍ പ്രതിരോധവകുപ്പിന്‍റെ ലൈസന്‍സുള്ള സ്പൈവെയര്‍ ആണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെഗസിസ്. രാജ്യ സുരക്ഷയ്ക്കായും, ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനുമായി കോടികള്‍ ചിലവഴിച്ചാണ് പല രാജ്യങ്ങളും ഈ സോഫ്റ്റ്വെയര്‍ വാങ്ങുന്നത്. അതിന് വേണ്ടി മാത്രമായിരിക്കും സോഫ്റ്റ്വെയര്‍ ഉപയോഗിക്കു എന്ന സത്യവാങ്ങ് നല്‍കിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ഇന്ത്യ സോഫ്വെയര്‍ വാങ്ങിയത് ലൈസന്‍സ് സംഘടിപ്പിച്ചാണ്. അപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം സത്യവാങ്ങ്മൂലം ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്താം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കോടികള്‍ ചിലവഴിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. പി.എം. കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണോ എന്ന സംശയവും ജനങ്ങളുടെ സംസാരത്തിലുണ്ട്. കോടികള്‍ വിലയുള്ള സോഫ്റ്റ്വെയര്‍ വ്യക്തിക്കോ സ്ഥാപനത്തിനോ ഇത് ലഭ്യമല്ല. പെഗാസസ് സ്വകാര്യ കമ്പനിയാണെങ്കില്‍ കൂടിയും ഈ സോഫ്റ്റ് വെയര്‍ മറ്റുരാജ്യങ്ങള്‍ക്ക് വില്‍ക്കണമെങ്കില്‍ ഇസ്രായേല്‍ പ്രതിരോധവകുപ്പിന്‍റെ ലൈസന്‍സ് ആവശ്യമാണ്. 2017ല്‍ തന്നെ ഇന്ത്യയ്ക്ക് പെഗാസസ് നല്‍കാനുള്ള ലൈസന്‍സ് ഇസ്രായേലി പ്രതിരോധവകുപ്പ് അനുവദിച്ചിരുന്നു. ഈ ആരോപണം ഇന്ത്യന്‍ ഭരണകൂടം ഇതുവരെ നിഷേധിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു ആയുധമായിട്ടാണ് ഈ സോഫ്റ്റ്വെയര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിന്‍റെ ജനങ്ങള്‍ക്കെതിരെ ഉപയോഗിച്ചു എന്നാണ് ഇപ്പോള്‍ പരക്കെ ഉയരുന്ന വിഷയം.
പെഗസിസ് വിവാദ നടത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്നിരിക്കുകയാണ്. രാഹുല്‍ഗാന്ധി തന്‍റെ എല്ലാ ഫോണുകളും ചോര്‍ത്തി എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അത് അദ്ദേഹത്തിന്‍റെ സുരക്ഷാ വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രമുഖരായ പലരുടേയും പേരുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആദ്യം ഫോണ്‍ ചോര്‍ത്തല്‍ വിവരം പറയുന്നത്. ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരാളുടെ ടെലിഫോണ്‍ സംഭാഷങ്ങള്‍, എസ്.എം.എസും, ഷാട്ട്സ്അപ്പ് സന്ദേശങ്ങളും, അതുപോലെ തന്നെ മൊബൈലില്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് പാസ്വേഡുകളും, മറ്റു വിവരങ്ങളും ചോര്‍ത്തുക എന്നത് ഞെട്ടിക്കുന്നതാണ്.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഫോണ്‍ നിയമപരമായി നിരീക്ഷിക്കാന്‍ നിലവില്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ രാജ്യ സുരക്ഷയും ഭീകരവാദവും മാഫിയാ പ്രവര്‍ത്തനുമായെല്ലാം ബന്ധപ്പെട്ട വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുടെ വാക്കാലുള്ള ഉറപ്പിലെല്ലാം അന്വേഷണ ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്താറുണ്ട്. പിന്നീട് സൗകര്യം പോലെ ഇതിന് അനുമതി ലഭ്യമാക്കുകയാണ് പതിവ്. ക്രിമിനല്‍-ഭീകര പശ്ചാത്തലമുള്ളവരെയാണ് ഇത്തരത്തില്‍ പോലും പൊതുവെ സര്‍ക്കാരുകള്‍ നിരീക്ഷണവിധേയരാക്കുന്നത്. എന്നാല്‍ നിലവില്‍ രാജ്യത്തെ ഒരു സംഘം ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ന്യയാധിപന്മാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ പരാതി നല്‍കിയ യുവതിയുടെയും അടുത്ത ബന്ധുക്കളുടെയും ഫോണും ഇത്തരത്തില്‍ ചോര്‍ത്തിയതായി ആരോപണം ഉയരുന്നുണ്ട്. ഒരു കേസിന്‍റെ ഭാഗമായിരുന്നു ഈ ഫോണ്‍ ചോര്‍ത്തല്‍ എന്ന് വാദിക്കാമെങ്കിലും ഈ കേസിന്‍റെ ഗൗരവം പരിശോധിക്കപ്പെടുമ്പോള്‍ ഈ സംഭവം യാദൃശ്ചികമായി കാണാന്‍ കഴിയില്ല. ഗോഗോയിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എവിടെയുമെത്താതെ പോയത് നമുക്ക് ഓര്‍മ്മയുണ്ട് എന്ന് ജെ. ഗോപീക്യഷ്ണന്‍ ചൂണ്ടി കാണിക്കുന്നു.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ചിലവഴിച്ച തുക മുന്‍ വര്‍ഷങ്ങളേക്കാള്‍ പത്തിരട്ടിയിലേറെയാണ് എന്നത് പ്രതിപക്ഷത്തിന്‍റെ ആരോപണമാണ്. സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനായാണ് കൂടുതലായി വകയിരുത്തിയ തുക ഉപയോഗിച്ചത് എന്നും ആരോപണമുണ്ട്. അത് നിഷേധിക്കപ്പെട്ടിട്ടില്ല. 2017 . 2018 സാമ്പത്തിക കാലയളവില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 333 കോടിയാക്കി ഉയര്‍ത്തി. ഈ കാലയളവ് മുതലാണ് ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചതെന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാം. രാജ്യസുരക്ഷയ്ക്ക് തുക വര്‍ദ്ധിപ്പിച്ച നടപടിയെ ബി.ജെ.പി. അംഗങ്ങള്‍ ഉള്‍പടെ സംശയത്തിലാണ് നോക്കി കാണുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ ആരോപണം പുറത്ത് വന്ന സമയം പ്രധാനമാണ്. ഭരിക്കുന്ന സര്‍ക്കാരിനെതാരെ ലഭിക്കുന്ന എന്തും ആയുധമാക്കുക പതിവാണ്. വലിയ കഴമ്പുള്ള ഇത്തരം ആരോപണങ്ങള്‍ എത്ര ശക്തമായി പ്രതിപക്ഷം ഉപയോഗിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം വരും ദിവസങ്ങളില്‍ കത്തിക്കയറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. രണ്ടു കാര്യങ്ങളിലാണ് പ്രധാനമായും സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറയേണ്ടത്. പെഗാസസ് പൈവെയര്‍ ഇന്ത്യാ സര്‍ക്കാര്‍ ഇസ്രായേലില്‍ നിന്നും വാങ്ങിയോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ വാങ്ങിയ സ്പൈവെയര്‍ കേന്ദ്രമന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ന്യായാധിപന്മാര്‍ക്കും എതിരെ എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അങ്ങിനെ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുടെ കൂമ്പാരമാണ് ഉയര്‍ന്ന് വരുന്നത്. അംബാനിയും, മധാനിയും തങ്ങളുടെ ഫോണ്‍ ചോര്‍ത്തിയതറിഞ്ഞ് ഞെട്ടി തരിച്ചിരിക്കുകയാണ്.
