അവര്‍ വീണ്ടും കണ്ടു. കോവിഡിന്‍റെ വലിയ ഇടവേളയ്ക്ക് ശേഷം.
സുധീര്‍ നാഥ്
ഡല്‍ഹി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാലയുടെ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായ തിരുവല്ലക്കാരന്‍ ഡോക്ടര്‍ സഖി ജോണ്‍ 2016 ല്‍ സ്വന്തം ജീവന്‍റെ ഭാഗമായ ഒരു കിഡ്നി കേരളത്തില്‍ പീച്ചിയിലെ തികച്ചും അപരിചിതനും ബസ് ക്ലീനറുമായ ഷാജു പോളിന് പകുത്ത് നല്‍കി ലേകത്തിന് മാതൃകയായി. അവയവ ദാനം അത്ര പ്രചാരമില്ലാത്ത കാലത്താണ് അന്ന് 44 വയസുള്ള സഖി ജോണ്‍ ഒരാള്‍ക്ക് ജീവിതം നല്‍കിയത്.
ഡോ: സഖി ജോണിന്‍റെ പിതാവ്, പോസ്റ്റ് മാസ്റ്ററായിരുന്ന ഉഴത്തില്‍ നൈനാന്‍ ജോണ്‍ 2004 ല്‍ മരണപ്പെട്ടപ്പോള്‍ രണ്ടു കണ്ണുകളും ദാനം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നേത്രദാന ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടപ്പോള്‍ പിതാവിന്‍റെ നന്‍മയെ കുറിച്ച് പറഞ്ഞു., പിതാവിന്‍റെ രണ്ട് കണ്ണുകളും ഇപ്പോഴും ലോകത്തിന്‍റെ പ്രകാശം രണ്ടു പേരിലൂടെ കാണുന്നുണ്ടെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. ഡോക്ടര്‍ അന്ന് പിതാവിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടതിന് ശേഷം ഡോ: സഖി ജോണ്‍ എടുത്ത തീരുമാനമായിരുന്നു അവയവ ദാനം നടത്തണമെന്നത്.
സാമൂഹ്യ അരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ: സഖി ജോണ്‍ എച്ച്.ഐ.വി എയ്ഡ്സ് ലോകത്തെ പിടിച്ച് കുലുക്കിയ കാലത്താണ് പൊതുരംഗത്ത് പ്രവേശിക്കുന്നത്. ഡല്‍ഹിയിലെ തെരുവിലുള്ള മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു. ചേരിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രവര്‍ത്തിച്ചു. ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ ദീപാലയ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള എട്ട് സ്ക്കൂളുകളുടെ ഹോണററി മാനേജറായിരുന്നു.
ഈ സമയത്താണ് മരണ കിടക്കയിലുള്ള പീച്ചിയിലെ ഒരു ബസ് ക്ലീനര്‍ ഷാജു പോളിന്‍റെ കിഡ്നി തകരാറിലായ വാര്‍ത്ത ഡോക്ടര്‍ സഖി ജോണിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇരുവരുടേയും രക്ത ഗ്രൂപ്പുകള്‍ ഒന്നായിരുന്നു. ഫാദര്‍ ഡേവിസ് ചിറമേലിന്‍റെ കിഡ്നി ഫൗണ്ടേഷന്‍ വഴി ബന്ധപെടുകയും, ഷാജു പോളിന്‍റേയും കുടുംബത്തിന്‍റേയും നിസഹായവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ തന്‍റെ കിഡ്നി ദാനം ചെയ്ത് ഷാജുവിനെ രക്ഷിക്കാന്‍ തീരുമാനിച്ചു. ഒരാഴ്ച്ച അവധി എടുത്ത് 275 ഡയനോസ്റ്റിക്ക് പാരാമീറ്റര്‍ പരിശോധനയ്ക്ക് വിധേയനായി. താങ്കളാഴ്ച്ച മുതല്‍ തുടങ്ങിയ തുടര്‍ പരിശോധനകള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച ഏഴങ്ക മെഡിക്കല്‍ സംഘം ഇടത് കിഡ്നി ദാനം ചെയ്യാന്‍ ഡോ: സഖിക്ക് സാധിക്കുമെന്ന് വിധി എഴുതി.
പിന്നീടുള്ള രണ്ട് മാസം 32 രേഖകള്‍ സംഘടിപ്പിക്കേണ്ട ഓട്ടത്തിലായിരുന്നു ഡോക്ടര്‍ സഖി ജോണ്‍. രേഖകള്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ സഖിയും കുടുംബവും ഓതറയ്സേഷന്‍ കമ്മറ്റിക്ക് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വന്നു. 2016 ക്രിസ്തുമസ് രാവില്‍ വ്യക്ക മാറ്റല്‍ ശസ്ത്രക്രിയയ്ക്കായി എറണാകുളം ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 28 ന് ഡോക്ടര്‍ സഖിയുടെ ഇടത് വ്യക്ക ഷാജു പോളിലേയ്ക്ക് മാറ്റി വെച്ചു. തന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ ദിനമാണ് 2016 ഡിസംബര്‍ 28 എന്ന് ഡോ. സഖി പറയുന്നു. എല്ലാ വര്‍ഷവും ഒരു തവണയെങ്കിലും ഇരു കുടുംബങ്ങളും ഒന്നിക്കും.
കോവിഡ് മഹാമാരി ഇരുവരേയും അകറ്റി നിര്‍ത്തിയതായിരുന്നു. മിക്ക ദിവസവും ഇരുവരും ഫോണില്‍ സംസാരിക്കും. ഒരു വര്‍ഷത്തെ വലിയ വിടവിന് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. മണിക്കൂറുകളോളം സംസാരിച്ചു. ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. കഠിന ജോലി ചെയ്യാന്‍ സാധിക്കാത്ത ഷാജു പശുവളര്‍ത്തലിലാണ് വരുമാനം കാണുന്നത്. വൈകുന്നേരത്തെ കറവയ്ക്കുള്ള സമയത്ത് പീച്ചിയില്‍ എത്തേണ്ടത് കൊണ്ട് തിരക്കിട്ട് ഷാജുവും കുടുംബവും മടങ്ങി.
കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയപ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായി ഡി.എം.സി. ഇന്ത്യ എന്ന എന്‍.ജി.ഒ യുടെ നേതൃത്ത്വത്തില്‍ ഒരാളായി ഡോ: സഖി ജോണും ഉണ്ടായിരുന്നു. ടെലി മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കിയ മെഡിക്കല്‍ സംഘ തലവനായിരുന്നു ഡോ: സഖി. കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ട ലൈംഗീക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ നേതൃത്ത്വം നല്‍കിയതില്‍ ഡോ: സഖി ജോണും ഉണ്ടായിരുന്നു.
കോവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ് കുട്ടികളില്‍ കൂടുതല്‍ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. കുട്ടികളേയും, രക്ഷിതാക്കളേയും ബോധവത്ക്കരിക്കാന്‍ ആലുവായില്‍ നടത്തുന്ന ശില്‍പശാലയില്‍ പങ്കെടുക്കാനാണ് ഡോക്ടര്‍ സഖി ജോണ്‍ എത്തിയത്.
