മഹാമാരിക്കാലത്തെ പുനരധിവാസം
വിജയ് ചൗക്ക് @ 101 @ മെട്രോ വാര്‍ത്ത: ജൂലൈ 10
സുധീര്‍നാഥ്
കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളുണ്ട്. അതില്‍ വ്യത്യസ്ഥ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുണ്ട്. ലൈഗീക തൊഴിലാളികളും ഈ കൂട്ടത്തില്‍ പെടും. അവര്‍ക്കും കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു. ഡല്‍ഹിയിലും, മുംബയിലും, കല്‍ക്കത്തയിലും, മദ്രാസിലും ചുവന്ന തെരുവുകളുണ്ട്. ഇവിടെ നിന്ന് സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഒട്ടേറെ ശ്രമങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകളാണ് ഇതിന് നേതൃത്ത്വം നല്‍കിയിരുന്നത്. സര്‍ക്കാരുകള്‍ നിര്‍ബന്ധിത പുനരധിവാസ നടപടികള്‍ പല തവണ നടത്തിയിട്ടുണ്ട്. റെയ്ഡുകള്‍ നടത്തി ലൈഗീക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും, അവരെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യും. ഇങ്ങിനെ ഏത് തരത്തില്‍ പുനരധിവാസ നടപടികള്‍ സ്വീകരിച്ചിട്ടും വലിയ ഫലം നാളിതു വരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്ഥവം.
ലൈഗീക തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്കവരും ചതിയിലൂടെ അവിടെ എത്തപ്പെടുന്നവരാണ്. വീട്ടുകാരറിയാതെ ചുവന്ന തെരുവില്‍ വന്നു പോകുന്ന കുടുംബിനികള്‍ വരെ ഉണ്ട്. വളരെ ചെറു പ്രായത്തില്‍ ചുവന്ന തെരുവുകളില്‍ എത്തപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം നാല്‍പത് വയസില്‍ അവസാനിക്കുന്നു. അവര്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളില്‍ ഒരു ഇടപാടുകാരനെ പോലും സ്വീകരിക്കാന്‍ പറ്റാത്ത തരത്തില്‍ മാറുന്നു. ലൈഗീക തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന മിക്ക എന്‍.ജിഒകളും ഇപ്പോള്‍ അവരുടെ പുനരധിവാസവും കൂടി നോക്കുന്നുണ്ട്.
കോവിഡ് മഹാമാരി വന്നതോടെ രാജ്യത്തെ പ്രമുഖ ചുവന്ന തെരുവുകളില്‍ വിശപ്പിന്‍റെ വിളി ഉയര്‍ന്നു. ലൈഗീക ശമനം തേടി എത്തുന്നവര്‍ ഭയം കൊണ്ട് ചുവന്ന തെരുവുകളില്‍ എത്താതായി. ജീവനില്‍ കൊതിയുള്ളതിനാല്‍ ഒട്ടേറെ ലൈഗീക തൊഴിലാളികള്‍ ഈ രംഗം വിട്ടു. ലൈഗീക തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് മുന്നില്‍ നിന്ന സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്കും, എന്‍.ജി.ഒകള്‍ക്കും കോവിഡ് മഹാമാരിയുടെ കാലത്ത് വളരെ എളുപ്പത്തില്‍ അവരുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചു. രാജ്യത്തെ പകുതിയിലേറെ ലൈഗീക തൊഴിലാളികള്‍ അവരുടെ ജോലി ഉപേക്ഷിച്ച് സ്വയം തൊഴില്‍ കണ്ടെത്തി സ്വന്തം ദേശങ്ങളിലേയ്ക്ക് മടങ്ങി. അതിന് സാധിക്കാത്തവര്‍ക്ക് എന്‍.ജി.ഒകളും സംഘടനകളും പുനരധിവാസം ഒരുക്കി.
എയ്ഡ്സ് വലിയ ഭീതി ഉണ്ടാക്കിയ സമയത്ത് ലൈംഗീക തൊഴിലാളികള്‍ നേരിട്ട അവസ്ഥകളെക്കാള്‍ ഭീകരമായ അസ്ഥയാണ് കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്. എയ്ഡ്സിന്‍റെ സമയത്ത് വലിയ രീതിയില്‍ ബോധവത്ക്കരണം ഉണ്ടായിരുന്നു. അന്ന് കുറേപേര്‍ പുനരധിവസിക്കപ്പെട്ടു. എയ്ഡ്സിനെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങള്‍ വ്യാപകമായതോടെ ഭീതി പതിയെ ഒഴിഞ്ഞ് പോയി. കൊറോണ വൈറസ് ഉണ്ടാക്കിയ ഭീതി എയ്ഡ്സിനേക്കാള്‍ ഭയാനകമാണ്. അത് പടര്‍ന്ന് പിടിക്കുമെന്ന അറിവ് വ്യാപകമായി. മറ്റ് മേഖലകളില്‍ ജോലി ചെയ്യാനുള്ള തീരുമാനം രാജ്യത്തെ എല്ലാ ലൈഗീക തൊഴിലാളികളിലും ഉണ്ടായത് ഒരു ശ്രമത്തിന്‍റെ ഫലമല്ല. സ്വയം അവര്‍ക്കുണ്ടായതാണ്. ഇപ്പോള്‍ ഈ രംഗം വിട്ട അറുപത് ശതമാനം ലൈഗീക തൊഴിലാളികളില്‍ ഇരുപത് ശതമാനം വീണ്ടും ഈ രംഗത്ത് തന്നെ മടങ്ങി വരും. പക്ഷെ വരും കാലങ്ങളില്‍ എയ്ഡ്സും, കൊറോണയും ഭീകര രൂപമായി ലൈഗീക തൊഴിലാളികളിലും, അവരെ തേടി ചെല്ലുന്ന ഇടപാടുകാരിലും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഡല്‍ഹിയിലെ പ്രശസ്തമായ ചുവന്ന തെരുവാണ് ജി.ബി. സ്ട്രീറ്റ്. ഇവിടെ നിന്ന് അറുപത് ശതമാനത്തിലേറെ ലൈഗീക തൊഴിലാളികളാണ് അവരുടെ തൊഴില്‍ ഉപേക്ഷിച്ച് പോയത്. മാന്യമായ തൊഴില്‍ അവര്‍ സ്വയമോ, അവരെ പുനരധിവസിപ്പിക്കുവാന്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകള്‍ വഴിയോ കണ്ടെത്തി. ഡല്‍ഹിയില്‍ ചുവന്ന തെരുവില്‍ പ്രവര്‍ത്തിക്കുന്ന കത് കഥാ എന്ന എന്‍. ജി.ഒ. വഴി ഒട്ടേറെ ലൈഗീക തൊഴിലാളികള്‍ സ്വയം തൊഴില്‍ കണ്ടെത്തി വിജയിച്ചിരിക്കുന്നു. എല്ലാ മാസവും ഇവിടെ ഇപ്പോള്‍ ലൈഗീക തൊഴില്‍ ഉപേക്ഷിച്ച് സ്വയം തൊഴില്‍ തേടി വരുന്നവരുടെ എണ്ണം കൂടി വരികയാണ്. തൈയ്യല്‍ രംഗത്താണ് പലരും ഇവിടെ പുനരധിവസിക്കപ്പെട്ടിരിക്കുന്നത്. ചുവന്ന തെരുവ് ഉപേക്ഷിച്ച സ്ത്രീകള്‍ അതിന് ഏറെ ദൂരെയല്ലാത്ത കത് കഥയുടെ പരിശീലന കേന്ദ്രത്തില്‍ തൈയ്യല്‍ പരിശീലിക്കുന്നു. ഇവര്‍ക്ക് മാസം അയ്യായിരം രൂപയാണ് എന്‍.ജി.ഒ സ്റ്റെപ്പന്‍റായി കൊടുക്കുന്നത്. കൂടാതെ ഇവര്‍ ഉണ്ടാക്കുന്ന ഓരോ ഉത്പന്നങ്ങള്‍ക്കും പ്രത്യേക തുകയും കൊടുക്കും. മറ്റ് ഇടങ്ങളില്‍ കൊടുക്കുന്ന തൈയ്യല്‍ കൂലിയെക്കാള്‍ ഇരട്ടിയാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇത് കൂടുതല്‍ പേരെ പുനരധിവാസത്തിന് പ്രേരിപ്പിക്കുന്നതായി പ്രൊജക്റ്റിന്‍റെ മുഖ്യ കോഡിനേറ്ററായ അര്‍സൂ ജോഷി പറഞ്ഞു.
സ്വന്തമായി വീട്ടില്‍ സൗകര്യമില്ലാത്തവര്‍ എന്‍.ജി.ഒ. ഒരുക്കിയ കേന്ദ്രങ്ങളില്‍ വന്ന് ജോലി ചെയ്യും. ചിലര്‍ അസംസ്ക്യത വസ്ഥുക്കളായ തുണികളും മറ്റും എന്‍.ജി.ഒയുടെ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കും. നൈറ്റിയും, ബാഗും, മറ്റുമായിരുന്നു പ്രധാനമായി കോവിഡിന് മുന്‍പുള്ള കാലങ്ങളില്‍ പുനരധിവസിക്കപ്പെട്ടവര്‍ തൈയ്ച്ചിരുന്നത്. കോവിഡ് വന്നതോടെ പുനരധിവസിക്കപ്പെട്ടവരുടെ എണ്ണം കൂടി. അവര്‍ മാസ്ക്കുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. മാസ്ക്കുകള്‍ ധാരാളമായി ഉണ്ടാക്കിയപ്പോള്‍ ഇവരില്‍ നിന്ന് മാസ്ക്കുകള്‍ വാങ്ങുവാന്‍ ജനം തയ്യാറാകാത്ത സാഹചര്യമുണ്ടായി. കേരളത്തിലെ ജയിലുകളില്‍ ചപ്പാത്തിയും, ചിക്കന്‍ കറിയും, കുറുമയും ഉണ്ടാക്കി പൊതു സമൂഹത്തില്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ആദ്യം ജനങ്ങള്‍ മുഖം തിരിച്ചു. തടവ് പുള്ളികള്‍ ഉണ്ടാക്കുന്ന ഭക്ഷണം എങ്ങനെ കഴിക്കും എന്നായിരുന്നു ആദ്യ കാലങ്ങളിലെ ജനങ്ങളുടെ മനോഭാവം. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കേരളത്തില്‍ ഏറ്റവും ഡിമാന്‍റുള്ള വിഭവമായി ജയിലിലെ ഭക്ഷണം മാറി.
കത് കഥപോലെ ഒട്ടേറെ എന്‍.ജി.ഒകള്‍ ലൈംഗീക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ രാജ്യത്ത് ലൈഗീക തൊഴില്‍ മേഖലകളില്‍ നിന്ന് പിന്തിരിഞ്ഞ് പുതിയ വഴി സ്വീകരിച്ചവരുടെ എണ്ണം കൂടുതലുണ്ടായ കാലമാണ് കോവിഡ് കാലം. സാമ്പത്തിക ബുദ്ധിമുട്ടും, പട്ടിണിയും അവരുടെ ചിന്തകളെ മാറ്റി മറിച്ചു. മഹാമാരിയുടെ കാലത്ത് അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായില്ല. കോവിഡിന്‍റെ ആദ്യ ലോക്ഡൗണ്‍ മുതല്‍ വെല്ലുവിളികള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു എന്നുള്ളത് ഒരു വസ്ഥുതയാണ്. അവരൊക്കെ തന്നെ തൈയ്യല്‍ രംഗത്തും, സ്ത്രീകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ ഉത്പാദന മേഖലയിലും പുനരധിവസിക്കപ്പെട്ടു.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, സുപ്രീം കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നേത്യത്ത്വത്തിലുള്ള ഡിസട്രസ് മാനേജ്മെന്‍റ് കളക്ടീവ് ഇന്ത്യ (ഡി.എം.സി. ഇന്ത്യ) എന്ന സന്നദ്ധ സംഘടന ഇവരുടെ ആരോഗ്യ സുരക്ഷാ രംഗങ്ങളില്‍ സഹായം ചെയ്തു വരികയായിരുന്നു. കത് കഥയിലൂടെ ലൈഗീക തൊഴിലാളികളുടെ മാസ്ക്കുകളും, മറ്റ് ഉത്പന്നങ്ങളും വിപണനം ചെയ്യുന്ന ചുമതല ഹാര്‍ട്ട്ശാല എന്ന പുനരധിവാസ പദ്ധതിയിലൂടെ ഇവര്‍ ഏറ്റെടുത്തു. ഇവിടെ നിര്‍മ്മിച്ച കോട്ടന്‍ തുണിയുടെ മൂന്ന് ലെയറുള്ള മാസ്ക്കുകള്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, കേരളത്തിലും, വിതരണം ചെയ്തു. കേരളത്തിലാണ് നല്ലൊരു ശതമാനം മാസ്ക്കുകളും ഡി.എം.സി. ഇന്ത്യ വിതരണം ചെയ്തത്. അട്ടപ്പാടിയിലും, കേരളത്തിന്‍റെ തീരപ്രദേശങ്ങളിലും ഇവിടുന്നുള്ള മാസ്ക്കുകളാണ് ഡി.എം.സി. ഇന്ത്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്തതെന്ന് ഡോക്ടര്‍ സഖി ജോണ്‍ പറഞ്ഞു. മാസ്ക്കുകള്‍ ആരാണ് ഉണ്ടാക്കിയത് എന്ന് പരസ്യപ്പെടുത്തി തന്നെയാണ് വിതരണം ചെയ്തത്. കേരളത്തില്‍ ജനങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചു. അവര്‍ മുഖം തിരിച്ചില്ല.
മലയാളികളുടെ ഡല്‍ഹിയിലെ പല കൂട്ടായ്മകളും പിന്തുണയുമായി വന്നത് വലിയ വിജയമാണിപ്പോള്‍. ലൈംഗീക തൊഴില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും മുന്‍ കാലങ്ങളിലേക്കാള്‍ വര്‍ദ്ധനവുണ്ട്. വര്‍ഷങ്ങളായി ശ്രമിച്ച കാര്യങ്ങള്‍ കോവിഡ് കാലത്ത് ആയാസമില്ലാതെ നടപ്പിലാകുന്ന സന്തോഷം ലൈഗീക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ട്. സ്ഥിരം മദ്യപാനികളായ വ്യക്തികള്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ മരണം സംവിച്ചതും, ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും മറ്റൊരു മാറ്റത്തിന് കാരണമായിരുന്നു. രാജ്യത്തെ ചെറിയൊരു ശതമാനമെങ്കിലും മദ്യപാനം ഉപേക്ഷിച്ചു. മഹാമാരി കാലത്ത് ഇത്തരത്തില്‍ സാമൂഹ്യ ബോധവത്ക്കരണം ഉണ്ടായതില്‍ അല്‍പ്പം സന്തോഷിക്കുന്നതില്‍ തെറ്റില്ല.
