വിലക്കയറ്റവും, നഷ്ടപരിഹാരവും

വിലക്കയറ്റവും, നഷ്ടപരിഹാരവും

വിജയ് ചൗക്ക് @ 100 @ മെട്രോ വാര്‍ത്ത: ജൂലൈ 03

സുധീര്‍നാഥ്   

വിലക്കയറ്റം ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഇന്ധനവില വില കോവണി കയറും പോലെ ഓരോ ദിവസവും പടിപടിയായി കയറുന്നു. ഇലക്ഷന്‍ കാലത്ത് മാത്രമാണ് ഇന്ധന വിലവര്‍ധന ഉണ്ടാകാതിരുന്നത്. ഇത് സൂചിപ്പിക്കുന്നത് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് വിലക്കയറ്റം പിടിച്ച് നിര്‍ത്താം എന്നാണ്. ഈ വിലക്കയറ്റം സംഭവിക്കുന്നത് കോവിഡ് മഹാമാരിയില്‍ രാഷ്ട്രം സാമ്പത്തികമായി കൂപ്പ് കുത്തിയ കാലത്താണ് എന്നതും എടുത്ത് പറയണം. കേരളം എള്‍പ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറ് രൂപ കടന്നിരിക്കുകയാണ്. ജൂണ്‍ മാസം മാത്രം 16 തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.

പെട്രോള്‍, ഡീസല്‍ വില ഉയരുന്നത് പോലെതന്നെയാണ് പാചകവാതക വില ഉയരുന്നതും. പാചകവാതക വിലയിലെ വര്‍ദ്ധനവ് രൂപയുടെ രൂപത്തില്‍ ആഴ്ച്ചയിലും, ഇന്ധന വില ദിവസേന പൈസയുടെ രൂപത്തിലുമാണ്. ഇതുരണ്ടും വളരെ വലിയ രീതിയില്‍ ബാധിക്കുന്നത് രാജ്യത്തെ സാധാരണക്കാരായ പൊതു സമൂഹത്തെയാണ.് രാജ്യത്തെ ജനങ്ങള്‍ക്ക് ഇതുമൂലം നേരിടേണ്ടി വരുന്നത് കേവലം ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മാത്രമല്ല. ഇത് രാജ്യത്തെ നിത്യോപയോഗ സാധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. മുന്‍പൊക്കെ ഒരു വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഇപ്പോള്‍ ചിലവഴിക്കേണ്ടി വരുന്നത്. കോവിഡിന്‍റെ മുന്‍പും, പിന്‍പും ഉണ്ടായ വിലയിലെ മാറ്റം ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങി.

ക്രൂഡോയില്‍ വിലയില്‍ വന്ന വര്‍ദ്ധനവിന്‍റെ കത്ത് കൂടി പരിശോധിക്കേണ്ടതുണ്ട്. 2014ലെ ഏപ്രിലില്‍ ക്രൂഡോയില്‍ ബാരലിന് 105.56 ഡോളറായിരുന്നു. അന്ന് പെട്രാളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയും ആയിരുന്നു. 2020 ജൂണ്‍ മാസം ക്രൂഡോയില്‍ ബാരലിന് 40.63 ഡോളറായിരുന്നപ്പോള്‍ പെട്രോളിന് ലിറ്ററിന് ഇന്ത്യയിലെ വില 79.76 രൂപയും, ഡീസലിന് 79.88 രൂപയും ആയിരുന്നു. 2021ല്‍ ക്രൂഡോയിലിന് രാജ്യാന്തര വിപണിയില്‍ 70.45 ഡോളറാണ്. ഇന്ത്യയില്‍ പെട്രോള്‍ വില 94.49 രൂപയും, ഡീസലിന് 85.38 രൂപയുമാണ്. ജൂലൈ മാസം രാജ്യത്തെ പെട്രോള്‍ വില നൂറ് രൂപ കടക്കുന്നു എന്നത് സംസാരവിഷയം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തില്‍ മുഖ്യകാരണം ഇന്ധനവിലയില്‍ ഉള്ള വര്‍ദ്ധനവ് തന്നെയാണെന്ന് കാണുവാന്‍ സാധിക്കും. എന്തുകൊണ്ട് ഇന്ധന വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ പിടിച്ചു കിട്ടുന്നില്ല എന്ന വലിയ വിമര്‍ശനം ഉണ്ടായിട്ടുപോലും കൈകള്‍ കെട്ടി നോക്കി നില്‍ക്കുന്നത് കുറ്റകരം തന്നെ. ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്കും, നേപ്പാളിലേയ്ക്കും സംസ്കരിച്ച ക്രൂഡോയില്‍ കയറ്റി അയക്കുന്നു. ഏറ്റവും രസകരമായ കാര്യം ഇന്ത്യയില്‍ വില്‍ക്കുന്ന ഇന്ധനങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ാണക്ക് ശ്രീലങ്കയിലും നേപ്പാളിലും വില്‍ക്കപ്പെടുന്നത് എന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇന്ന് സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.

അടുക്കളയില്‍ നിത്യമായി ഉപയോഗിക്കുന്ന പയര്‍വര്‍ഗ്ഗങ്ങള്‍ക്കും, അരിക്കും, ഗോതമ്പിനും, പാചക എണ്ണയ്ക്കും ഉണ്ടായ വിലവര്‍ദ്ധനവ് പൊള്ളുന്നതാണ്. ഇതുപോലെ തന്നെയാണ് പച്ചക്കറിക്കും മറ്റും രാജ്യത്ത് വില വര്‍ധിച്ചിരിക്കുന്നത്. ദിവസേന ഇന്ധന വില വര്‍ധിക്കുന്നത് പോലെതന്നെയാണ് പയര്‍ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്. ഇന്ധന വില ഉയരുന്നതാണ് മുഖ്യമായും വിലക്കയറ്റത്തിന് കാരണമെന്നതിന് ധനതത്ത്വ ശാസ്ത്രത്തിലെ പാണ്ഡിത്ത്യമൊന്നും വേണ്ട. വിലവര്‍ധനവ് ഇല്ലാത്ത ഒരു ഉല്‍പ്പന്നം പോലും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലെന്ന് പൊതുസമൂഹം പറഞ്ഞ് തുടങ്ങിയിരിക്കുന്നത് രാഷ്ട്രീയമായ ചുവട്വെയ്പ്പായി കാണാം. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിന് പകരം താഴുന്ന കാഴ്ച്ചയാണ് ഓരോ ദിവസവും കാണുന്നത്. 

രാജ്യത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്കു പോലും ഏതാണ്ട് ഇരട്ടിയോളം വില വര്‍ധിച്ചിരിക്കുന്നത് കാണുന്നു. മരുന്നുകള്‍ കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തുന്ന പലര്‍ക്കും ഇപ്പോള്‍ അത് വലിയ ഇരുട്ടടി ആയിരിക്കുന്നു. കോവിഡിന്‍റെ പിടിയില്‍ നിന്ന് കരുതല്‍ കൊണ്ട് മാത്രം രക്ഷപ്പെട്ട് നില്‍ക്കുന്ന ലക്ഷങ്ങളുണ്ട് രാജ്യത്ത്. വാക്സിന്‍ എടുക്കുന്നതിന് വിലയിട്ട കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകമാനം ഉണ്ടായിരുന്നത്. ഒടുവില്‍ രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ സൗജന്യമാക്കി പ്രഖ്യാപിക്കേണ്ടി വന്നു. ഏറ്റവും രസകരമായ കാര്യം കോവിഡ് വാക്സിന്‍ സൗജന്യമാക്കി തന്ന നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാനറുകളും പോസ്റ്ററുകളും പതിക്കണമെന്ന യു.ജി.സി. ഉത്തരവാണ്. 

സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബാധിക്കും. അവര്‍ക്ക് കോവിഡ് കാലത്ത് ശബളത്തില്‍ കുറവ് വന്നിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറയുന്നില്ല എന്ന കാരണമുണ്ടായിട്ടും അവരെ വിലവര്‍ദ്ധനവ് ബാധിക്കുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിന്ന് ജീവിത മാര്‍ഗം കണ്ടെത്തുന്ന ജനങ്ങളും, ദിവസ വേതനക്കാരും വിലക്കയറ്റത്തില്‍ ഏറെ കഷ്ടപ്പെടുകയാണ്. സ്വകാര്യ മേഖല ജീവനക്കാരോട് കോവിഡ് കാലത്ത് കാരുണ്യം കാണിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കോടികണക്കിന് ജനങ്ങള്‍ക്ക് ഈ ദുരന്തകാലത്ത് തൊഴില്‍ നഷ്ടപ്പെട്ടു. നിലനിര്‍ത്തി കിട്ടിയവര്‍ ശമ്പളം വെട്ടിച്ചുരുക്കിയ അവസ്ഥയിലാണ്. 

രാജ്യത്ത് കോവിഡ് മരണകണക്കിനേക്കാള്‍ ഇരട്ടിയിലേറെയാണ് കോവിഡാനന്തരം ഉള്ള മരണങ്ങള്‍. കോവിഡ് കാലത്ത് രാജ്യത്ത് സംഭവിച്ച പട്ടിണി മരണങ്ങളുടെ കണക്ക് പുറത്ത് വന്നിട്ടില്ല. 3.05 കോടി ജനങ്ങള്‍ക്ക് രാജ്യത്ത് കോവിഡ് വന്നതായാണ് കണക്ക്. കോവിഡ് മൂലം 4 ലക്ഷത്തിലേറെ മരണങ്ങളുണ്ടായി. കോവിഡ് നെഗറ്റീവായ ശേഷം മൂന്ന് മാസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കോവിഡ് മൂലം മരണപ്പെട്ട വ്യക്തിയുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. ഇതിന്‍റെ മറുപടി നല്‍കാന്‍ ആറ് ആഴ്ച്ച സമയം കോടതി നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡാനന്തരം മരണപ്പെട്ടവരുടെ കണക്കെടുത്താല്‍ പത്ത് ലക്ഷം ചുരുങ്ങിയത് കാണും. ചിലപ്പോള്‍ അതിന്‍റെ ഇരട്ടിയിലേറെ വന്നാലും അത്ഭുതപെടാനില്ല. കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേരും കോവിഡാനന്തരം മരണപ്പെടുന്ന കാഴ്ച്ച നമ്മള്‍ കണ്ടതാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് എത്രായിരം കോടി രൂപ വേണ്ടി വരും...? രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഇത് കൊടുക്കുവാന്‍ ബുദ്ധിമുട്ടാകും എന്നത് സുപ്രീം കോടതിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കോവിഡ് രാജ്യത്ത് നിന്ന് വിട്ടു പോയിട്ടില്ല. കോവിഡ് മരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.