പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാവി

പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാവി

വിജയ് ചൗക്ക് @ 99 @ മെട്രോ വാര്‍ത്ത: ജൂണ്‍ 26

സുധീര്‍നാഥ് 

ഇന്ത്യ സ്വതന്ത്ര്യം ലഭിച്ചതിന്‍റെ 75 ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് എന്ന ഏക കക്ഷി മന്ത്രിസഭയില്‍ നിന്ന് കൂട്ട് കക്ഷി ഭരണത്തിലേയ്ക്ക് രാജ്യം മാറി. അതേസമയം പ്രതിപക്ഷവും കൂട്ടു കക്ഷിയായി മാറി. പല പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണം വലിയ കുഴപ്പങ്ങളില്ലാതെ കുറേ നാള്‍ മുന്നോട്ട് പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയപരമായും, പാര്‍ലമെന്‍റിലെ അംഗബലത്തിലും ശക്തരായ ഇന്ദിരാ ഗാന്ധിയേയും, രാജീവ് ഗാന്ധിയേയും താഴെ ഇറക്കിയത് പ്രതിപക്ഷ ഐക്യമായിരുന്നു എന്നത് രാഷ്ട്രിയ ചരിത്രമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ വരുന്നു എന്ന് വായിക്കുമ്പോള്‍ അത് അശക്തമാകും എന്ന് പറയുവാന്‍ സാധിക്കില്ല. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം അതാണ് നമുക്ക് മുന്നില്‍.

പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുള്ള ശ്രമം കഴിഞ്ഞ കുറേ നാളുകളായി ദേശീയ രാഷ്ട്രീയ രംഗത്ത് നടക്കുന്നുണ്ട.് ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് രൂപംകൊടുത്ത മഹാസഖ്യം പൂര്‍ണ്ണ പരാജയം ആയി മാറിയതും നമുക്ക് മുന്നില്‍ തന്നെ ഉദാഹരണമായി ഉണ്ട്. ഓരോ രാഷ്ട്രീയ കക്ഷിക്കും ഉണ്ടായ താല്‍പര്യങ്ങള്‍ തന്നെയാണ് മഹാസഖ്യത്തിന്‍റെ പരാജയത്തിലേയ്ക്ക് നയിച്ചത്. പ്രാദേശിക രാഷ്ട്രീകക്ഷികളുടെ നേതാക്കളുടെ വ്യക്തി താത്പര്യമാണ് പരാജയങ്ങള്‍ക്ക് കാരണം. അതേസമയം ശക്തി പ്രാപിച്ചു വരുന്ന പ്രാദേശിക രാഷ്ട്രീയമാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് മുന്നിലുള്ള വെല്ലുവിളി.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയും, ചോദ്യചിഹ്നവുമായി മുന്നില്‍ നിന്നത് ബംഗാളില്‍ മമതാ ബാനര്‍ജിയും, തമിഴ്നാട്ടില്‍ സ്റ്റാലിനും, കേരളത്തില്‍ പിണറായി വിജയനുമാണ്. തിരഞ്ഞെടുപ്പില്‍ ത്രിംമുലില്‍ നിന്ന് ബിജെപിയിലേയ്ക്ക് പോയ നേതാക്കള്‍ തിരികെ ചാടിയത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഒരു സീറ്റുണ്ടായ കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു സീറ്റും ലഭിച്ചില്ല എന്ന് വന്നത് മറ്റൊരു ദുരന്തമായി ബി.ജെ.പി. കേന്ദ്ര നേത്യത്ത്വം വിലയിരുത്തുന്നു. വോട്ട് ശതമാനത്തിന്‍റെ കുറവ് കേരളത്തില്‍ മാത്രമായിരുന്നില്ല ഉണ്ടായത്. ഹൈദരാബാദിലും, തെലുങ്കാനയിലും, മഹാരാഷ്ട്രയിലും ബി.ജെ.പി. വിരുദ്ധരായ രാഷ്ട്രീയപാര്‍ട്ടികള്‍ ഭരിക്കുന്നു എന്നുള്ളത് രാഷ്ട്രീയമായി പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. 

2022 ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ യോഗി ആദിത്ത്യ നാഥിന്‍റെ ജനപ്രീതി കുറഞ്ഞ് വരികയാണ്. അടുത്തിടെ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ അയോധ്യ, വാരണസി തുടങ്ങിയ പ്രദേശങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലെ രാഷ്ട്രീയ ഗതിമാറ്റവും, രാമജന്‍മഭൂമിയിലെ മാറ്റവും നിസാരമായി എഴുതി തള്ളാന്‍ കഴിയില്ല. രാഷ്ട്രീയരംഗത്ത് അത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 20 ലക്ഷത്തിന് വാങ്ങിയ ഭൂമി 2 കോടിക്ക് ഒരാഴ്ച്ച വ്യത്യാസത്തില്‍ കച്ചവടം നടത്തിയത് തുടങ്ങി അയോധ്യയിലെ ഭൂമി കച്ചവട കഥകള്‍ പ്രാദേശിക ചര്‍ച്ചാ വിഷയമാണ്. അത് കൊണ്ട് മാത്രം പല തട്ടുകളിലായി വിഭജിച്ചിരിക്കുകയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍. 

ഉത്തര്‍പ്രദേശില്‍ മുലായംസിംഗിന്‍റെ മകന്‍ അഖിലേഷ് യാദവ് സ്വന്തം നിലയില്‍ തന്നെ രാഷ്ട്രീയ മേല്‍വിലാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആധിത്യ നാഥിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തമായ രീതിയിലാണ് അഖിലേഷ് മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉണ്ടാക്കി എടുത്ത സല്‍പേരിന് ഇപ്പോള്‍ തിളക്കം കൂടിയിരിക്കുന്നു എന്ന രാഷ്ട്രീയ നിരീക്ഷണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് അനുകൂലമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ദേശീയ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും നാമാവശേഷമായി കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു സത്യമാണ്.് ഒരുകാലത്ത് ഉത്തര്‍പ്രദേശിലെ ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയ കക്ഷി ആയിരുന്ന കോണ്‍ഗ്രസ് ചരിത്രമായി മാറി കൊണ്ടിരിക്കുന്നു.

ബിഹാറില്‍ നിതീഷ്കുമാര്‍ ബി.ജെ.പിയുടെ ഘടകക്ഷിയായിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ബീഹാര്‍ രാഷ്ട്രീയത്തിലെ ശക്തനായ നിതീഷ് കുമാര്‍ കൂട്ടുകെട്ടില്‍ അത്യപ്തനാണ് എന്നത് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഈ കൂട്ടുകെട്ടിന്‍റെ ആയുസിനെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പറയുന്നത്. ബീഹാറിലെ മുന്‍കാല രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അവിടെ രാഷ്ട്രീയ മലക്കം മറിച്ചില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ബീഹാര്‍ രാഷ്ട്രീയത്തിന്‍റെ മാഃമ്രല്ല, ദേശിയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ കൂട്ടായ്മയുടെ ഭീഷ്മാചാര്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാണ്. പിതാവിനെ പോലെ സമുദായത്തിന്‍റേയും, ബീഹാര്‍ ജനതയുടേയും പിന്തുണ തേജസ്വി യാദവ് നേടുന്നുണ്ട്. ലാലുവിന്‍റെ മകനെന്ന പേരിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ബീഹാറില്‍ കരുത്തു പകരുന്നുണ്ട്. കാലി  തീറ്റ അഴിമതി എന്നത് ബീഹാറിലെ ജനങ്ങള്‍ ഗൗരവമായി എടുത്തിട്ടില്ല എന്ന് കാണാം. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അതിശക്തമായ രാഷ്ട്രീയ നിലപാടുകളുമായി കേന്ദ്ര സര്‍ക്കാരിനോട് കലഹിച്ച് മുന്നേറുകയാണ്. ആം ആദ്മി പാര്‍ട്ടിയോട് തുടര്‍ച്ചയായി രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോഡി അധികാരത്തില്‍ ഇരിക്കുകയായിരുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും അത് നടപ്പിലായില്ല. ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ ഒരു എം.എല്‍.എ. പോലും ഇല്ലാത്ത കോണ്‍ഗ്രസിന് മൂന്ന് പാര്‍ലമെന്‍റ് സീറ്റ് കൊടുക്കാമെന്ന് ആം ആദ്മി പാര്‍ട്ടി സമ്മതിച്ചതാണ്. അന്ന് ഈ കൂട്ടുകെട്ട് ഉണ്ടായിരുന്നെങ്കില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പി. ജയിക്കില്ലായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റായ രാഹുല്‍ ഗാന്ധിയായിരുന്നു എതിര് നിന്നതെന്ന് അന്ന് ഡല്‍ഹി കോണ്‍ഗ്രസിന്‍റെ ചുമതലക്കാരനായ പി.സി. ചാക്കോ പറഞ്ഞത് ഗൗരവമായി കാണേണ്ടതാണ്. പ്രതിപക്ഷ കൂട്ടായ്മ രൂപം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന് പഴയ കഥകള്‍ പറഞ്ഞ് സ്വയം ആശ്വസിക്കാനേ സാധിക്കൂ.

മുന്‍കാലങ്ങളിലുള്ള പ്രതിപക്ഷ കൂട്ടായ്മയിലെ പോരായ്മകള്‍ ശ്രദ്ധേയമാണ്. ഒത്തൊരുമ ഇല്ലായ്മയും, നേത്യത്ത്വത്തിലെ തര്‍ക്കങ്ങളുമാണ് പലപ്പോഴും കൂട്ടായ്മകളുടെ തകര്‍ച്ച. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ച വരുന്ന അവസരത്തിലാണ് ഒരു നേതാവിനെ കേന്ദ്രീകരിക്കുവാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടാകുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ശക്തമായ നിലയില്‍ നില്‍ക്കുന്ന ബിജെപിയ്ക്ക് ആശ്വാസമായി വരുന്നത്. ഒരു നേതാവിനെ കണ്ടെത്തുവാന്‍ കഴിയാത്തതും, അങ്ങിനെ ഒരു നേതാവിന്‍റെ കീഴില്‍ അണിനിരക്കുവാന്‍ കഴിയുന്നില്ലെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ ഏറ്റവും വലിയ പരാജയം. 

ചന്ദ്രബാബു നായിഡു നേതൃത്വം കൊടുത്ത് രൂപം കൊടുത്ത പ്രതിപക്ഷ ളെക്യം വിജയമായിരുന്നു. ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതായിരുന്നു കൂട്ടായ്മ വിജയിക്കാന്‍ കാരണം. കൂട്ടായ്മയില്‍ ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നതും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, വി.പി. സിംഗ്, ലാലു പ്രസാദ് യാദവ്, ശരത്ത് പവാര്‍, പോലെയുള്ള ശക്തരായ നേതാക്കള്‍ പ്രതിപക്ഷ കൂട്ടായ്മയുടെ ഉണ്ടായിരുന്നു എന്നുള്ളത് ഒരു വലിയ ശക്തിയായിരുന്നു. ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നു പ്രതിപക്ഷ കൂട്ടായ്മയില്‍ ശരത് പവാര്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. മമതാ ബാനര്‍ജിക്ക് നേത്യത്ത്വത്തിലെത്തി കഴിവ് തെളിയിക്കാന്‍ സാധിക്കും എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുടെ എണ്ണം കൂടുതലുമാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വന്ന ഉടനെ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തയച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പി. സര്‍ക്കാരിനെ താഴെ ഇറക്കുക എന്ന ലക്ഷ്യവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും, അതിനായി ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും മമത ആവശ്യപ്പെട്ടു. ബിജെപി വിരുദ്ധമായി നിലകൊള്ളുന്ന രാഷ്ട്രീയ കക്ഷികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് 2024 നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ശരത് പവാര്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കക്ഷി നേതാക്കള്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന് അതില്‍ ക്ഷണം ഉണ്ടായില്ല.

പ്രതിപക്ഷനിരയിലെ എട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു പവാറിന്‍റെ യോഗത്തില്‍ പങ്കെടുത്തത്. അതില്‍ ത്രിണമൂലും, ആം ആദ്മി പാര്‍ട്ടിയും, പങ്കെടുത്തിരുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. രാട്രീയ തന്ത്രം മെനയുന്നതില്‍ വിദഗ്ദനായ പ്രശാന്ത് കിഷോര്‍ ശരത് പവാറുമായി രണ്ട് വട്ടം യോഗത്തിന് മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു എന്നതും ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു. ബംഗാളിലെ മമതയുടെ വിജയത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങളായിരുന്നു എന്നതും ചര്‍ച്ചാ വിഷയമാണ്. വരും ദിവസങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ശക്തി പ്രാപിച്ചാല്‍ അത് ബി.ജെ.പി. നേത്യത്ത്വത്തിന് സമ്മര്‍ദ്ദമുണ്ടാക്കും എ! കാര്യത്തില്‍ സംശയമില്ല.