അണ്‍ലോക്കിലെ വിശേഷങ്ങള്‍
വിജയ് ചൗക്ക് @ 98 @ മെട്രോ വാര്‍ത്ത: ജൂണ്‍ 18
സുധീര്‍നാഥ്
കേരളത്തില്‍ അണ്‍ലോക്ക് തുടങ്ങിയതോടെ വിശേഷങ്ങളുടെ പെരുമഴ തന്നെയാണ് വരുന്നത്. അടിമുടി മാറ്റങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും. കോവിഡ് വ്യാപനം തടഞ്ഞ് ജനങ്ങളുടെ സുരക്ഷ കരുതിയാണ് ലോക് ഡൗണുകള്‍ ഭരണകൂടം പ്രഖ്യാപിക്കുന്നതി. ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ കൂട്ട മരണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും. ഇതിന്‍റെ ചെറു പതിപ്പിന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാണ്. കൂട്ടിലടയ്ക്കപ്പെട്ട കിളികളെ പോലെ ലോക് ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ പുറത്തിറങ്ങിയ ജനങ്ങള്‍ സുരക്ഷ മറന്നുവോ എന്ന് തോന്നും.
കോവിഡ് ലോക്ക് ഡൗണിലെ നിയന്ത്രണങ്ങള്‍ പല അവസരത്തിലും ലംഘിച്ചത് ജനപ്രതിനിധികള്‍ തന്നെയാണ്. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ജനങ്ങള്‍ കൂടി. ഇത് പല സ്ഥലങ്ങളിലും കോവിഡ് രോഗ വ്യാപനത്തിന് കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു. പുറത്തിറങ്ങാന്‍ പല കാരണങ്ങള്‍ കണ്ടെത്തി സത്യവാങ്ങ് മൂലം കൊണ്ട് നടക്കുന്നവരുണ്ടായിരുന്നു.
കോവിഡിന്‍റെ ഒന്നാം തരംഗം നമ്മള്‍ വിജയകരമായി അതിജീവിച്ചു. രണ്ടാം തരംഗത്തില്‍ വലിയ വിജയമായതായി പറയുവാന്‍ സാധിക്കില്ല. എന്നാലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ശക്തമായി ആരോഗ്യ രംഗത്ത് പ്രതിരോധം സ്യഷ്ടിച്ചു. മരണസംഖ്യ വലിയ അളവ് വരെ കുറയ്ക്കുവാന്‍ കേരളത്തിന് സാധിച്ചു. കോവിഡിനെ തുടര്‍ന്ന് നൂറ് കണക്കിന് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അത് രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ മാരക ആക്രമണം കൊണ്ടാണ്. കോവിഡാനന്തരമാണ് കേരളത്തില്‍ ശ്വസം മുട്ടിയും, ഹ്യദയാഘാതം മൂലവും മരണപ്പെട്ടിട്ടുള്ളത്.
തലമുറമാറ്റം എന്നപേരില്‍ കേരളത്തില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടാകളും ഏതാണ്ട് ഒരേ നിലപാടെടുത്തു. യുവാക്കല്‍ അതുകൊണ്ട് കേരള നിയമസഭയില്‍ കൂടുതലായി എത്തി. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പുതുതലമുറയിലെ നേതാക്കള്‍ ജനക്ഷേമ പ്രവര്‍ത്തനവുമായി ഇറങ്ങി തിരിക്കുന്ന കാഴ്ച്ചകള്‍ മുന്നില്‍ സ്വാഭാവികമായും ഉണ്ടാകും. ആദ്യ പിണറായി സര്‍ക്കാര്‍ ജനങ്ങളെ സ്വാധീനിച്ചത് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയാണെന്ന് സംസാരമുണ്ട്. അത് തുടര്‍ഭരണത്തിന് കാരണമായി എന്നാണ് എല്ലാവരും പറയുന്നത്. ജനപ്രീയരാകാന്‍ കിറ്റ് മികച്ച ഒരു ഉപാദിയാണെന്ന് എല്ലാ രാഷ്ട്രീയ നേത്യത്ത്വവും തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും കേരളത്തില്‍ കിറ്റ് വിതരണം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ വിശക്കുന്നു എന്ന് പരാതി പറയില്ലായിരിക്കാം.
അണ്‍ലോക്ക് നടപടി തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് പുതിയ ഒരു ഡി.ജി.പിയെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഗൗരവപ്പെട്ട് തുടങ്ങിയിരിക്കുന്നത്. ജൂണ്‍ 30ന് നിലവിലുള്ള ഡി.ജി.പി. സ്ഥാനം ഒഴിയും. ജൂണ്‍ 24 ാം തീയതിയാണ് കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യു.പിഎസ്.സി. സമിതി കേരളം സമര്‍പ്പിക്കുന്ന 9 അംഗ പാനലില്‍ നിന്ന് 3 പേരുകള്‍ തിരഞ്ഞെടുത്ത് കേരളത്തിന് സമര്‍പ്പിക്കുക. ചീഫ് സെക്രട്ടറിയെ കൂടാതെ, യു.പി.എസ്.സി പ്രതിനിധി, കേന്ദ്ര ആഭ്യന്തിര സെക്രട്ടറി, കേന്ദ്ര സേനയുടെ ഒരു മേധാവി, നിലവിലെ ഡി.ജി.പി. എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി തിരഞ്ഞെടുക്കുന്ന മൂന്നുപേരില്‍ നിന്ന് ഒരാളെ സംസ്ഥാന ഡി.ജി.പിയായി തെരഞ്ഞെടുക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കും. അണ്‍ ലോക്കിങ്ങ് പ്രക്രിയ അവസാനിക്കും മുന്‍പ് കേരളത്തിന് പുതിയ ഒരു ഡി.ജി.പിയെ കൂടി നമുക്ക് ലഭിക്കും.
അണ്‍ലോക്ക് പ്രക്രിയ ശക്തിപ്പെട്ടതോടെ കെ റെയില്‍ പദ്ധതിക്ക് ശക്തി പ്രാപിച്ചു വരുന്നതായി കാണുവാന്‍ സാധിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ റെയില്‍ പാത 2024 പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്നാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും പുതിയ പാതയിലൂടെ തീവണ്ടി ഓടുന്നത്. നാല് മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡില്‍ എത്താന്‍ സാധിക്കും എന്നത് പ്രത്യേകതയാണ്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന തീവണ്ടിക്ക് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളില്‍ ഉണ്ടാകും. 532 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ലൈന്‍ പാതയാണ് ഇതിനുവേണ്ടി ഉണ്ടാക്കുന്നത്. 66079 കോടി രൂപയാണ് ഇതിനായി ചെലവ് വരുക. നിലവിലെ തീവണ്ടി യാത്രയേക്കാള്‍ ചിലവ് കൂടുമെങ്കിലും, വിമാനയാത്രയോളം വരില്ല എന്നാണ് അനുമാനം.
മഹാരോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. കോവിഡ് വാക്സിനുകള്‍ ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിച്ചത് ഇന്ത്യയിലാണെങ്കിലും ഇന്നും വാക്സിന്‍ ക്ഷാമം രൂക്ഷമാണ് രാജ്യത്ത്. ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ വിദേശ രാജ്യത്ത് വ്യാപകമായി കയറ്റി അയച്ചതാണ് കാരണം. വാക്സിന്‍ ക്ഷാമം എന്ന വിഷയം നിയന്ത്രിക്കാന്‍ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ദിവസങ്ങള്‍ കൂട്ടി. സൗജന്യ വാക്സിന്‍ എന്നത് മറന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തം നിലയ്ക്ക് വാക്സിന്‍ വില കൊടുത്ത് വാങ്ങുവാന്‍ കേന്ദ്രം അനുമതി നല്‍കി. ഒടുവില്‍ രാജ്യത്ത് വാക്സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് വളരെ വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ വാക്സിന്‍ ചലഞ്ച് എന്ന പ്രഖ്യാപനത്തോടെ കോടിക്കണക്കിന് രൂപയാണ് കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ വന്നത്. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വൈകി പ്രഖ്യാപിച്ചത് ഒരു കണക്കിന് കേരളത്തിലെ വികസനത്തിന് തുണയായി. ചലഞ്ചിലൂടെ സമാഹരിക്കപ്പെട്ട തുക പൊതു വിദ്യാഭ്യാസ രംഗത്ത് ഉപയോഗിക്കും എന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായത് മറ്റ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചില്ല. അപ്രതീക്ഷിതമായി ലഭിച്ച ഒരു വലിയ വികസന പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കും എന്ന് തന്നെ ലോക് ഡൗണ്‍ ഇളവിന്‍റെ കാലത്ത് നമുക്ക് വിശ്വസിക്കാം.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലോക്ക് ഡൗണ്‍ കാലം മുതല്‍ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിന്‍റെ മരവിപ്പില്‍ നിന്ന് നേതാക്കള്‍ അണ്‍ലോക്കായി വരുന്നതേയുള്ളൂ. അതിനിടയില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ ഹൈക്കമാന്‍റ് തീരുമാനിച്ചതും, ഇനി ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല എന്ന പ്രഖ്യാപനവും വലിയ വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്. പതിവ് പോലെ പരാതി പെട്ടിയുമായി പലരും ഡല്‍ഹിയിലെത്തി. ഇടഞ്ഞു നില്‍ക്കുന്ന ചില നേതാക്കളെ ഹൈകമാന്‍റ് ഡല്‍ഹിക്ക് വിളിപ്പിച്ച് അനുനയിപ്പിക്കുകയും ഉണ്ടായി. പ്രതിഷേധങ്ങളും, അത്യപ്തിയും അണ്‍ലോക്ക് ചെയ്യാന്‍ ഹൈക്കമാന്‍റിന് സാധിച്ചിരിക്കുന്നു എന്നുള്ളത് ഒരു നേട്ടമായി തന്നെ കാണണം. പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇപ്പോഴും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. അധികാരം ഉള്ളിടത്ത് ഓടിപോകുന്ന അണികളുള്ള കോണ്‍ഗ്രസിന് അത് നിസാരമാണ് താനും.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രശ്നങ്ങളില്‍ നിന്ന് അണ്‍ലോക്കായി കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെയാണ് മരംമുറി കേസുമായി ആയി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇടത് സര്‍ക്കാര്‍ ലോക്കാവുന്നത്. പുതുതായി അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് നേരെ ഉയര്‍ന്ന ആദ്യത്തെ ലോക്കാണ് മരം മുറി ആരോപണം. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സഹായിക്കാന്‍ നടത്തിയ ഉത്തരവിനെ മറയാക്കിയാണ് മരം മുറി നടന്നതെന്നും, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് പറഞ്ഞും അണ്‍ലോക്കിങ്ങ് പ്രക്രിയ തുടങ്ങി കഴിഞ്ഞു. അത് എതമാത്രം വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം.
കേരള രാഷ്ട്രീയത്തിലെ പ്രധാന കക്ഷികളില്‍ സംഭവിച്ച സമാനമായ സ്ഥിതിയാണ് ബി.ജെ.പിയില്‍ ഉള്ളത്. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിയെ നേതാക്കളും അണികളും ലോക്കാക്കി കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിത്ത്വം ലഭിക്കാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ബി.ജെ.പിയുടെ ദേശീയ നേതാവ് തുടക്കമിട്ട ലോക്കിന് മുകളില്‍ ഒട്ടേറെ ലോക്ക് വീ കഴിഞ്ഞു. കുഴല്‍പണവും, സ്ഥാനാര്‍ത്ഥിത്ത്വം ഒഴിയാനും, സ്വീകരിക്കാനും കോഴ നല്‍കിയ ആരോപണം ഒരു വശത്ത്. എത്തിയ തുക എത്തേണ്ടിടത്ത് എത്തിയില്ല എന്ന ആരോപണം വേറെ. ഓരോ ദിവസം ചെല്ലും തോറും അവരുടെ നേരെയുള്ള ആരോപണങ്ങള്‍ കൂടുന്നതാണ് കാണുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയപരമായി അണ്‍ലോക്ക് പ്രക്രിയ ശ്രമങ്ങള്‍ എല്ലാ പാര്‍ട്ടിയിലും നടക്കുന്നുണ്ട്.
ഒരു മൂന്നാം കോവിഡ് തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാം തരംഗത്തിലെ വൈറസിന്‍റെ ശക്തിയും, വേഗതയും നമ്മള്‍ കണ്ടതാണ്. മൂന്നാം തരംഗം അതീവ ഭീകരമായിരിക്കും എന്ന് പറയുന്നു. കരുതലാണ് കരുത്ത് എന്ന് എല്ലാവരും തിരിച്ചറിയണം. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഒരിക്കല്‍ കൂടി ലോക് ഡൗണ്‍ താങ്ങാന്‍ സാധിക്കില്ല. അണ്‍ ലോക്ക് തുടങ്ങിയെങ്കിലും കരുതല്‍ ഉണ്ടായിരിക്കണം.
