പ്രാണവായുവിന്‍റെ വില അറിഞ്ഞ കാലം

പ്രാണവായുവിന്‍റെ വില അറിഞ്ഞ കാലം

വിജയ് ചൗക്ക് @ 97 @ മെട്രോ വാര്‍ത്ത

സുധീര്‍നാഥ്  

ലോകത്ത് എല്ലായിടത്തും കൊറോണ വൈറസ് അതിശക്തമായ രണ്ടാം തരംഗം വന്നപ്പോഴാണ് പ്രാണവായു എത്രമാത്രം പ്രാധാന്യവും അത്യാവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. കൃത്രിമമായ പ്രാണവായു കൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ ജീവന്‍ പോകും എന്നുള്ള തിരിച്ചറിവ് ലോകത്തെ ജനങ്ങള്‍ക്ക് മുഴുവനും ഉണ്ടായി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രാണവായുവിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടി. അത് ഞെട്ടലോടു കൂടിയാണ് രാജ്യം മുഴുവന്‍ കണ്ടതും, കേട്ടതും. ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞു മരിച്ച ജനങ്ങളുടെ കഥകള്‍ മാധ്യമങ്ങളില്‍ വന്നു.

നമ്മുടെ രാജ്യത്ത് കൊറോണ വൈറസിന്‍റെ ആക്രമണത്തില്‍ ശ്വാസതടസം നേരിടുന്നവരുടെ എണ്ണം വളരെ വലുതാക്കുകയും, അവര്‍ക്ക് ക്രിത്രിമ ഓക്സിജന്‍ നല്‍കേണ്ട സാഹചര്യവും ഉണ്ടായി. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഓക്സിജന്‍റെ കുറവ് വന്നു. ഈ സാഹചര്യത്തില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ആവശ്യകത ഉണ്ടായി. മുന്‍പും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ഉപയോഗം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് അത്ര പ്രചാരം ഉണ്ടായ ഒന്നായിരുന്നില്ല. നാല്‍പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്.

കോവിഡ് രോഗികളില്‍ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ നില താഴുന്നത് പലപ്പോഴും മരണകാരണം ആകുന്നു. ന്യുമോണിയ പിടിപെടുന്നു എന്നതും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യുമോണിയ വ്യാപിക്കുന്നത് മരന്നത്തിന് മറ്റൊരു കാരണമാണ്. കോവിഡ് മൂലം ന്യുമോണിയ പിടിപെടുന്ന രോഗികള്‍ അതില്‍ നിന്ന് മുക്തമായി വളരെ നാള്‍ വിശ്രമിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി  ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. കോവിഡ് രോഗ മുക്തരാകുന്ന വ്യക്തികളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. രാജ്യത്ത് ഇപ്പോള്‍ കോവിഡാനന്തര ചികിത്സയിലിരിക്കുമ്പോഴാണ് മരണപ്പെടുന്നത്. രക്തം കട്ട പിടിച്ചും, ശ്വാസതടസം മൂലവും, ഹൃദയാഘാതവുമാണ് പലപ്പോഴും മരണകാരണം. 

ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കോവിഡാനന്തര വിശ്രമസമയത്ത് ഒരു രക്ഷാകവചമായി കാണാം. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്ന ഈ ചെറു ഉപകരണം പല അളവുകളില്‍ ലഭിക്കും.  മൂന്ന് ലിറ്റര്‍, അഞ്ച് ലിറ്റര്‍, ഏഴര ലിറ്റര്‍, പത്ത് ലിറ്റര്‍ എന്നിങ്ങനെ വ്യത്യസ്തമായ അളവിലാണ് ഇത് വിപണിയിലുള്ളത്.  അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്സിജന്‍റെ അളവ് വളരെ പരിമിതമാണ്. ശാസ്ത്രം പറയുന്നത് അന്തരീക്ഷത്തില്‍ 78 ശതമാനം നൈട്രജന്‍, 21 ശതമാനം ഓക്സിജനും ശേഷിച്ച മറ്റ് ഗ്യാസുകളുമാണ്. വായുവിലുള്ള ഓക്സിജനെ കോണ്‍സെന്‍ട്രേറ്റര്‍ വലിച്ചെടുത്ത് ശുചീകരിച്ച് പുറത്തു കൊടുക്കും. ഈ ശുദ്ധീകരിച്ച ഓക്സിജന്‍റെ പ്യൂരിറ്റി 95 ശതമാനം മാത്രമാണ്. അതേസമയം ഐ.സി.യു.  ബെഡ്ഡുകളില്‍ ലഭിക്കുന്ന ലിക്വിഡ് ഓക്സിജന് 99 ശതമാനത്തില്‍ കൂടുതല്‍ പ്യൂരിറ്റി നല്‍കുവാന്‍ സാധിക്കും.

മരത്തില്‍ നിന്ന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നുണ്ട് എന്നത് ശരി തന്നെയാണ്. വിശേഷിച്ച് ആല്‍ മരത്തില്‍ നിന്ന് കൂടുതല്‍ ഓക്സിജന്‍ പുറത്തു വരും എന്നത്. വനപ്രദേശമായദേശമായ അട്ടപ്പാടി, അഗളി പ്രദേശത്ത് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ എത്തിച്ച അവസരത്തില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക പറഞ്ഞത് അവിടെ ആവശ്യത്തിലേറെ ഓക്സിജന്‍ വനത്തിലെ മരങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടല്ലോ എന്നാണ്. മറ്റ് പ്രദേശത്തെ ഓക്സിജന്‍റെ അളവിലും കൂടുതല്‍ അവിടെ ലഭിക്കും. എന്നത് സത്യമാണ്. പക്ഷെ അത്യാസന്ന നിലയില്‍ ശ്വാസം ലഭിക്കാത്ത ഒരു മനുഷ്യന് വേണ്ട ഓക്സിജന്‍ അവിടെ നിന്ന് ലഭിക്കില്ല എന്ന പ്രാഥമിക വിവരം പലര്‍ക്കും ഇല്ല. ഓക്സിജന്‍റെ ലഭ്യതയ്ക്ക് മരങ്ങള്‍ വെച്ച് പിടിപ്പിക്കണമെന്ന ആഹ്വാനവും ഉണ്ടായി. മരങ്ങളില്ലാത്ത കടലില്‍ മഴ പെയ്യുന്നില്ലേ എന്ന് ചോദിച്ചവരുള്ള നാടാണ് കേരളം. 

കോവിഡ് രോഗം വന്നാല്‍ ഓക്സിജന്‍ നില പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഓക്സി മീറ്റര്‍ എന്ന ഉപകരണമാണ് അതിനായി ഉപയോഗിക്കുന്നത്.  ഓക്സിജന്‍റെ അളവ് ഒരു വ്യക്തിയില്‍ 94 ഉണ്ടെങ്കില്‍ അപകട നിലയിലല്ല എന്ന് നമുക്ക് പറയാം. 94 നിന്ന്  താഴേയ്ക്ക് പോകുമ്പോള്‍ അടിയന്തിരമായി രോഗിക്ക് ഓക്സിജന്‍ നല്‍കണം. ഒരു വ്യക്തി ഓക്സിജന്‍ വില താഴ്ന്നത് കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ സഹായം തേടേണ്ടതാണ്. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഒരു വ്യക്തിയുടെ ഓക്സിജന്‍ നില പിടിച്ചു നിര്‍ത്തുന്ന ഉപകരണമാണ്. മിക്കപ്പോഴും ഇത് കൊണ്ട് മാത്രം പലരും ജീവിതത്തിലേയ്ക്ക് തിരിച്ചു വരും. പ്രാഥമിക അടിയന്തിര സാഹചര്യത്തില്‍ ഓക്സിജന്‍  കോണ്‍സന്‍ട്രേറ്റര്‍ രോഗിയുടെ ശ്വാസ നിയന്ത്രണത്തില്‍ ഉപകരിക്കും. ഇത് ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്റ്റീവ് ഇന്ത്യ എന്ന സാമൂഹ്യ സംഘടനയുടെ സഹകരണത്തില്‍ എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ നൂറ് കണക്കിന് ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൊണ്ട് സാധിച്ചിരുന്നു. 

ഡല്‍ഹിയില്‍ അതീവഗുരുതരമായ സാഹചര്യമുളള സമയത്ത്   ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുടെ സൗജന്യ വിതരണം രോഗികള്‍ക്ക് വലിയ  സഹായമായിരുന്നു. കോവിഡ് ബാധിതരായ പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക് ഉപകരിച്ചു. കേരളത്തില്‍ ഇപ്പോള്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമായിരിക്കുന്നു. ഡല്‍ഹിയില്‍ ഉപയോഗം കുറയുകയും ചെയ്യുന്നു. ഡല്‍ഹിയിലെ മെഷ്യനുകളാണ് ഇപ്പോള്‍ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. 

ഒരു വ്യക്തിയുടെ ഓക്സിജന്‍ നില 85 ല്‍ താഴ്ന്നു എന്ന് കണ്ടാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്.  ആശുപത്രിയില്‍ നല്‍കുന്ന ഐ.സി.യു. വിലെ ലിക്വിഡ് ഓക്സിജന്‍ പലപ്പോഴും പല ജീവനുകളും രക്ഷിക്കും. ഓക്സിജന്‍ സഹായം നല്‍കി എന്ന് കണ്ടാല്‍ അയാള്‍ മരിച്ചു എന്ന് ചിന്തിച്ചിരുന്ന സമൂഹം കോവിഡ് വന്നപ്പോള്‍ ഒന്ന് മനസിലാക്കി. ഓക്സിജന്‍ വേണ്ട പോലെ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാം.

ഓക്സിജന്‍ എന്ന പ്രാണവായുവിന്‍റെ വിലയറിഞ്ഞ കാലമാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. കോവിഡും , കൊറോണയും , പോലെ ഓക്സി മീറ്റും , മാസ്ക്കും, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററും ഇപ്പോള്‍ സാധാരണ സംസാരമായി. ഓരോ റസിഡന്‍സ് അസോസിയഷനും ഒരു ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സ്വന്തമാക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകരിക്കും.