ദേശീയ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കുന്ന പ്രാദേശിക രാഷ്ട്രീയം
വിജയ് ചൗക്ക് @ 96 @ മെട്രോ വാര്‍ത്ത
സുധീര്‍നാഥ്
ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ദേശീയ പാര്‍ട്ടികളെല്ലാം കഴിഞ്ഞ കുറേ നാളുകളായി നിഷ്പ്രഭമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും പഴയതും ശക്തവും, സ്വീകാര്യതയും ഉണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിതി വളരെ ദയനീയമാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അവരുടെ പ്രാതിനിധ്യം കുറഞ്ഞു കുറഞ്ഞു വരുന്നതായി മാത്രമാണ് കാണുവാന്‍ സാധിക്കുന്നത്. അത് ബിജെപി എന്ന മറ്റൊരു ദേശീയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. 2014 തെരഞ്ഞെടുപ്പ് ഫലം ബി ജെ പി യെ രാജ്യത്തിന്‍റെ ഭരണം ഏല്‍പ്പിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ജനപ്രീയമായ പല പദ്ധതികളും നടപ്പിലാക്കിയത് മികച്ച തുടക്കമായിരുന്നു. അഴിമതിക്കെതിരെയുള്ള നീക്കങ്ങളും, സ്വച്ച് ഭാരതും ഏല്ലാവരും സ്വാഗതം ചെയ്ത നടപടിയാണ്. മോദി ഇന്ത്യയെ പതിനഞ്ച് വര്‍ഷം ഒരു എതിര്‍പ്പുമില്ലാതെ ഭരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധി എഴുതി.
മേരേ പ്യാരേ ദേശ് വാസിയോം... എന്ന് പറഞ്ഞ് നടപ്പിലാക്കിയ നോട്ട് നിരോധനം തുടങ്ങി ബി ജെ പി സര്‍ക്കാരിന് തിരിച്ചടികള്‍ തുടങ്ങി. 2019 വ്യത്യസ്ത പാര്‍ട്ടികളെല്ലാം ചേര്‍ന്നുകൊണ്ട് രൂപീകരിച്ച മഹാസഖ്യം പേരില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഐക്യമില്ലായ്മ പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തി തകര്‍ത്തു തരിപ്പണമാക്കി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതു കൊണ്ടാണ് ബിജെപി അധികാരത്തില്‍ ശക്തമായി നില ഭദ്രമാക്കിയതെന്ന് മനസിലാക്കാം. സ്ഥിരത, സ്വീകാര്യത എന്നത് ബി.ജെ.പിയില്‍ ജനം കണ്ടു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വലിയ ഒരു രാഷ്ട്രീയ മാറ്റത്തിന്‍റെ ചിത്രമാണ് ദേശീയതലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി സി.ഐ.എ. സമരത്തിന്‍റെ പിന്നില്‍ അണിനിരന്നത് കോവിഡ് മഹാമാരിക്ക് തൊട്ട് മുന്‍പാണ്. ഡല്‍ഹിയില്‍ നടന്ന വര്‍ഗ്ഗീയ കലാപം നടന്നതും 2020 ആദ്യമാണ്. ഈ രണ്ട് സംഭവങ്ങളും കോവിഡ് മഹാമാരി വന്നതോടെ വിഷയമല്ലാതായി. ജനങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പരക്കം പാഞ്ഞു. കൂട്ട മരണങ്ങള്‍ക്ക് മുന്നില്‍ ജനം പതറി. സാമ്പത്തിക രംഗം താറുമാറായി.
കോവിഡ് കാലത്ത് തിരക്കിട്ട് പാര്‍ലമെന്‍റില്‍ ചര്‍ച്ച ഇല്ലാതെ അംഗീകരിപ്പിച്ച കര്‍ഷക ബില്ല് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ആരംഭിച്ച കര്‍ഷക സമരവും, അതിനു പിന്നാലെ ഇപ്പോള്‍ വളരെ ശക്തമായി കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് ജനതയുടെ സമരവും വലിയ ഒരു മാറ്റത്തിന്‍റെ ശംഖൊലി മുഴക്കി കഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. കോവിഡിന്‍റെ പ്രതിരോധരംഗത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ ആസൂത്രണ പരാജയം ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുന്നു. സെന്‍ട്രല്‍ വിസ്ഥ പോലെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും സര്‍ക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്. കോവിഡില്‍ നട്ടം തിരിയുന്ന ജനതയ്ക്ക് മേല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിവസം തോറും വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ വെറുപ്പിച്ചു. കോവിഡിന്‍റെ വാക്സിന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 2021 ല്‍ നരേന്ദ്രമോഡി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തലകുനിക്കേണ്ടി വന്നത് രാഷ്ട്രീയ വൃത്തങ്ങള്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
നെഹ്റു ഇന്ദിരാ കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ഒട്ടുമിക്ക കെട്ടിടങ്ങളും മോദി സര്‍ക്കാര്‍ തകര്‍ത്ത് പുതിയത് പണിയുന്ന രീതി വ്യാപകമായി നാക്കുന്നുണ്ട്. അവിടെ പുതിയ കെട്ടിടങ്ങള്‍ വെക്കുന്ന തിരക്കിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഗുജറാത്ത് സംസ്ഥാനത്തിലേക്ക് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പല സ്ഥാപനങ്ങളും കൊണ്ടുപോയി എന്നുള്ളത് ഇനിയും പൊതുസമൂഹം അറിഞ്ഞിട്ടില്ല. ഗുജറാത്തില്‍ ഇപ്പോള്‍ എത്ര ദേശീയ സര്‍വ്വകലാശാല ഉണ്ട് എന്ന കണക്ക് നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ഇത്തരത്തില്‍ രാജ്യത്തിന്‍റെ പ്രധാന സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം ഗുജറാത്തിലേക്ക് പറിച്ചു നടപ്പെട്ടത് വളരെ ഗൗരവത്തോടുകൂടി വേണം രാഷ്ട്രം തിരിച്ചറിയേണ്ടത്.
തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തകര്‍ച്ചയാണ് ബി.ജെ.പി.യില്‍ നടക്കുന്നതെന്നത് എന്നത് നിസാരമായി കാണുവാന്‍ സാധിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയ പാര്‍ട്ടികളുടെ പരാജയം സംഭവിക്കുന്ന അതേ അവസരത്തില്‍ തന്നെയാണ് പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ച്ചയും നടന്നുകൊണ്ടിരിക്കുന്നത്. ഓരോ പ്രാദേശിക പാര്‍ട്ടികളും ഓരോ നേതാക്കളില്‍ നിക്ഷിപ്തമായത് വലിയ പ്രശ്നമായി തീര്‍ന്നിരിക്കുന്നു.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ത്രിണമുല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞ് ഭരണം നിലനിര്‍ത്തിയ കാഴ്ച സമീപകാല രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ്. ബി.ജെ.പിയുടെ വളര്‍ച്ച ബംഗാളിലെ നിയമസഭയിലെ അംഗങ്ങളുടെ എണ്ണത്തിലെ വലിയ വര്‍ദ്ധനവില്‍ ഒതുങ്ങി. ഭരണം പിടിച്ചടക്കുമെന്ന പ്രഖ്യാപനം നടത്തിയത് പരാജയപ്പെടുത്താന്‍ മമതയ്ക്ക് കഴിഞ്ഞു എന്നത് രാഷ്ട്രീയമായി കുറച്ചു കാണുവാന്‍ കഴിയില്ല. ബി.ജെ.പിയിലേക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് ചാടിയ ഒട്ടേറെ ത്രണമുല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകരും നേതാക്കളും അടുത്തകാലത്ത് വ്യാപകമായി മമതയുടെ മമത തേടി നടക്കുന്നത് പരസ്യമാണ്. പശ്ചിമബംഗാളില്‍ ത്രിണമുല്‍ കോണ്‍ഗ്രസ് ഇലക്ഷന് ശേഷം വളരെ ശക്തി പ്രാപിച്ചു വരുന്നു എന്നുള്ളത് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ബീഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ് ശക്തമായ ജനസമ്മതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ നേടിയത് തിരഞ്ഞെടുപ്പിന് ശേഷം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കര്‍ഷക സമരം ബി.ജെ.പിയെ നേരിട്ടും, അവരെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തുന്നു എന്നതാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മനസിലാക്കുവാന്‍ സാധിക്കുക.
കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് കോടികള്‍ മുടക്കി പരസ്യം ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യത്തിന് വിപരീതമയ കാര്യങ്ങള്‍ എന്തായാലും ജനങ്ങള്‍ വിശ്വസിക്കില്ല. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ വേദനകള്‍ അവര്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാറ്റുവാനുള്ള സാധ്യത വളരെ കൂടുതലാണ്. കഷ്ടതകള്‍ അനുഭവിച്ച ജനങ്ങളാണ് അവിടെ വോട്ടര്‍മാരെന്നതിന് രാഷ്ട്രീയ നിരീക്ഷകരുടെ പ്രാഗല്‍ഭ്യം ആവശ്യമില്ലല്ലോ.
മഹാരാഷ്ട്രയില്‍ ശിവസേന ശക്തമായ നിലപാടുകളുമായി നില്‍ക്കുന്നത് മറ്റു ദേശീയ പാര്‍ട്ടികളെ എല്ലാം നിഷ്പ്രഭമാക്കിയിട്ടുണ്ട്. ഭരണമികവ് അവിടെ ശക്തമായി പ്രതിഫലിക്കുന്നു എന്നുള്ളത് ജനങ്ങള്‍ക്ക് വലിയ വിശ്വാസം ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ എല്ലാ നടപടികളും ശക്തമായിരുന്നു. മഹാരാഷ്ട്രയിലെ ബിജെപിയെയും കോണ്‍ഗ്രസിനെയും സംഘടനാ തലത്തിലുള്ള പടലപ്പിണക്കങ്ങള്‍ ശിവസേനയുടെ വളര്‍ച്ചയ്ക്ക് കാരണവും ആയിട്ടുണ്ട്.
ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന് മുന്നില്‍ ബി.ജെ.പി. തുടര്‍ച്ചയായി രണ്ട് തവണ അടിയറവ് പറഞ്ഞു കഴിഞ്ഞു. ആം ആദ്മി സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നു. തമിഴ് നാട്ടില്‍ ഡി.എം.കെയുടെ സ്റ്റാലിന്‍ ശക്തമായ നിലപാടുകളുമായി ജനപ്രീയ നടപടികളുമായി ഭരണം തുടങ്ങിയിരിക്കുന്നു. തെലുങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവും , ആന്ധ്രാപ്രദേശില്‍ ജഗ് മോഹന്‍ റെഡ്ഡിയും തകര്‍ത്ത് ഭരിക്കുകയാണ്. കേരളത്തില്‍ സി പി എം തുടര്‍ ഭരണം പിണറായിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കുന്ന പ്രാദേശിക രാഷ്ട്രീയം ശക്തമാക്കുന്നു. വരും നാളുകള്‍ പ്രാദേശിക രാഷ്ട്രീയത്തിന്‍റെ കൈകളിലാണ്.
