രണ്ടാം തരംഗവും പതിസന്ധികളും

രണ്ടാം തരംഗവും പതിസന്ധികളും

വിജയ് ചൗക്ക് @ 93 @ മെട്രോ വാര്‍ത്ത: മെയ് 15

സുധീര്‍നാഥ്  

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ആകമാനം വിറകൊള്ളിച്ചിരിക്കുകയാണ്.  രാജ്യത്തിന്‍റെ ചിഹ്നമായ ഇന്ത്യാ ഗേറ്റിന് ഇരുവശത്തുമുള്ള പുല്‍തകിടികള്‍ ഉഴുത് മറിക്കപ്പെട്ടിരിക്കുന്നു. രാജ്യം കോവിഡ് മഹാമാരിയില്‍ പിടയുന്നു. വാക്സിനായി കരയുന്നു. ജനതയ്ക്ക് സൗജന്യ വാക്സിന്‍ നല്‍കുന്നതിന് പകരം 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്താ പ്രെജക്റ്റുമായി മുന്നോട്ട് പേകുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. 

ഒട്ടേറെ പ്രതിസന്ധിഘട്ടങ്ങളില്‍ ആണ് രാജ്യത്തെ ഓരോ സംസ്ഥാനവും നീങ്ങുന്നതെന്ന് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ്. കോവിഡ് രണ്ടാം വരവ് ശാസ്ത്രലോകം പ്രവചിച്ചതാണെങ്കിലും അതിന് വേണ്ടത്ര വില കല്‍പ്പിച്ചിരുന്നോ എന്നത് സംശയമാണ്. മുന്‍കരുതലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. രണ്ടാം തരംഗത്തില്‍ വൈറസിന്‍റെ വളരെ ശക്തമായ ആക്രമണമാണ് നടക്കുന്നത്. പ്രായമായവരില്‍ എന്നപോലെ യുവാക്കളിലും ഈ തവണ കോവിഡ് നാശം വിതച്ചിരിക്കുന്നു. 

രണ്ടാം തരംഗത്തില്‍ രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസുകള്‍ അതിവേഗം സഞ്ചരിച്ച് പ്രായവ്യത്യാസമില്ലാതെ ഒരേപോലെ ആക്രമണം ഉണ്ടാകുന്നു. രോഗികളുടെ എണ്ണം കൂടുന്നതും ഒപ്പം മരണസംഖ്യ കൂടുന്നതുമാണ്  ഇത്തവണ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് രാജ്യത്തെ ആശുപത്രികളില്‍ സൗകര്യമില്ല. രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആശുപത്രിക്കിടക്കകള്‍ തികയാതെ വരുന്ന ഒരു വലിയ പ്രതിസന്ധി ഉണ്ടായി. രോഗികളില്‍ ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ക്ക് കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ന്യുമോണിയ പിടിപെടുന്നു. അവരുടെ ഓക്സിജന്‍ നില താഴുമ്പോള്‍ രക്ഷിക്കാന്‍ ഓക്സിജന്‍ നല്‍കേണ്ടി വരും. ഭൂരിപക്ഷം രോഗികള്‍ക്കും ഓക്സിജന്‍ വേണ്ടി വന്നതാണ് രണ്ടാമത് ഉണ്ടായ പ്രതിസന്ധി.  

ഓക്സിജന്‍ കിട്ടാതെ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്ത് മരിച്ചതായി വേണം കണക്കാക്കുവാന്‍. ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടവരുടെ സര്‍ക്കാര്‍ കണക്കുകള്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോവിഡ് മരണം വരെ വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വകാര്യ ആശുപത്രികള്‍ വ്യക്തമായ കണക്ക് നല്‍കുന്നുമില്ല. സ്വകാര്യ ആശുപത്രികളുടെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്. പല സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിനാളുകള്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. കോവിഡ് ബാധിതരായവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല എന്നുള്ളതുകൊണ്ട് കൊണ്ട് വ്യക്തമായ ഒരു അറിവ് പൊതുസമൂഹത്തിന് ലഭിക്കുന്നില്ല.

കോവിഡിന് ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ രാജ്യ തലസ്ഥാനത്തെ കരിഞ്ചന്തകളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സഹായത്തിന് പിന്‍വാതില്‍ പ്രവേശനം നടക്കുന്നു. ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമായി തുടങ്ങിയെങ്കിലും ആശുപത്രിയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുവേണ്ടി കൈക്കൂലി കൊടുക്കേണ്ട സാഹചര്യം രാജ്യതലസ്ഥാനത്ത് പോലും നിലനില്‍ക്കുന്നു. സ്വകാര്യ ആശുപത്രികള്‍ പകല്‍ കൊള്ള തന്നെയാണ് നടത്തുന്നത്. ഓക്സിജനും, ഓക്സിജന്‍ കോണ്‍സണ്‍ഡ്രേറ്ററും ഇരട്ടിയിലതികം വിലയ്ക്കാണ് വില്‍ക്കുന്നത്. മരുന്നുകള്‍ വ്യാജമായി ഉണ്ടാക്കി വിപണിയില്‍ ഇറക്കിയിരിക്കുന്നു. ഇതൊക്കെ രാജ്യത്തെ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കി.

രാജ്യം ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ. ഡല്‍ഹിയിലെ 40% ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മുന്‍നിരയില്‍ നിന്ന് മാറി നിന്നിരുന്നത്. 500 ഡോക്ടര്‍മാരെങ്കിലും ഡല്‍ഹിയിലും, എന്‍.സി.ആറിലുമായി കൊറോണ വൈറസ് അപഹരിച്ചിട്ടുണ്ട്. നേഴ്സുമാരും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വേറെ. അവാസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തിരമായി ചികിത്സാ രംഗത്ത് ഇറങ്ങാനുള്ള അംഗീകാരം ഉടന്‍ കൊടുക്കണമെന്ന് ഡോക്ടര്‍ സഖി ജോണ്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് ഫലം കണ്ടു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മെഡിക്കല്‍, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും നാല് മാസത്തേയ്ക്ക് മാറ്റി വെയ്ക്കുകയും, അവരോട് കോവിഡ് പ്രതിരോധ രംഗത്ത് ഇറങ്ങണമെന്ന് ഉത്തരവും ഇറക്കിയിട്ടുണ്ട്. 

കോവിഡ് മൂലം നൂറ് കണക്കിന് ജനങ്ങള്‍ ഓരോ പട്ടണങ്ങളിലും മരണപ്പെടുന്നു. മരണസംഖ്യ കൂടിയപ്പോള്‍ ശ്മശാനത്തിന് മുന്നില്‍ ശവസംസ്ക്കാരത്തിന് ചേതനയറ്റ ശരീരങ്ങളുമായി വരി നില്‍ക്കുന്ന കാഴ്ച്ച സാധാരണമായി. ശവദാഹത്തിന് ശ്മശാനങ്ങളില്‍ നല്‍കാന്‍ പണമില്ലാത്ത ജനങ്ങള്‍ ഇന്ത്യയിലുണ്ട്. ദരിദ്രരായ ജനങ്ങള്‍ സംസ്ക്കരിക്കുവാനുള്ള പണമില്ലാത്ത ഒറ്റ കാരണം കൊണ്ട്  വേണ്ടപ്പെട്ടവരുടെ ശവശരീരങ്ങള്‍ ഗംഗയിലും, യമുനയിലും  ഒഴുക്കുന്നു. നദിക്കരയിലെ മണലില്‍ കുഴിച്ചിടുന്നു. ഇന്ത്യന്‍ ജനങ്ങളുടെ ദാരിദ്ര്യം വിളിച്ചോതുന്നതാണ് മാധ്യമങ്ങള്‍ വഴി പുറത്തു വരുന്ന ഇത്തരം വാര്‍ത്തകള്‍.

ഇന്ത്യയില്‍ ഉണ്ടാക്കുന്ന വാക്സിനുകള്‍, ഇന്ത്യന്‍ ജനതയ്ക്ക് നല്‍കാതെ വിദേശത്ത് കച്ചവടം നല്‍കുവാന്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കിയതിനെ ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. കോവിഡ് വാക്സിന് കമ്പനികള്‍ സ്വയം വില നിശ്ചയിക്കുന്നതിന് അവസരം ഉണ്ടാക്കിയതിലും വീഴ്ച്ച സംഭവിച്ചു. സൗജന്യമായി ഇന്ത്യന്‍ ജനതയ്ക്ക് വാക്സിനുകള്‍ നല്‍കുമെന്ന് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ പറഞ്ഞത് മറന്നുകൊണ്ടുള്ള  നീക്കം ജനങ്ങള്‍ കാണുന്നുണ്ട് എന്നത് വലിയ രാഷ്ട്രീയ പ്രതിചലനം ഉണ്ടാക്കും.

വാക്സിനുകള്‍ വാങ്ങി രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് പകരം എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ നേരിട്ട് വാങ്ങുവാനുള്ള വഴി തുറന്നിട്ടത് ഏറെ വിമര്‍ശനമുണ്ടാക്കി. രാജ്യത്ത് ആവശ്യത്തിന് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചതില്‍ ജനം പഴി പറയുന്നത് കേന്ദ്ര സര്‍ക്കാരിനെയാണ്. വാക്സിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ക്ക് പാളിച്ച സംഭവിച്ചു എന്നു തന്നെയാണ് വ്യാപക സംസാരം. 

ആഗ്രയിലെ ശക്തനായ ആര്‍.എസ്.എസ്. അംഗവും, ബി.ജെ.പി. പ്രവര്‍ത്തകനുമായ അമിത്ത് ജയ്സ്വാള്‍ കോവിഡ് ബാധിച്ച് മരിച്ചത് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ സംസാര വിഷയമയി മാറിയിരിക്കുന്നു. ലക്ഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആധിത്യ നാഥിനേയും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ ഇരുവരും ഫോളോ ചെയ്യുന്ന അമിത്ത് ജയ്സ്വാള്‍ കോവിഡ് ബാധിതനായപ്പോള്‍ രണ്ട് പേരുടേയും ട്വിറ്ററില്‍  സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ പത്ത് ദിവസം അലഞ്ഞു. അതിന് ശേഷം മഥുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

അമിത്ത് ജയ്സ്വാളിന്‍റെ കുടുംബം പരസ്യമായി മോദിയുടേയും, യോഗിയുടേയും ചിത്രങ്ങള്‍ കാറില്‍ നിന്നും വീട്ടില്‍ നിന്നും നീക്കം ചെയ്തതായി പരസ്യപ്പെടുത്തിയത് ഉത്തര്‍ പ്രദേശിലെ ഹിന്ദി മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്താണ് പ്രസിദ്ധീകരിച്ചത്. മോദിയേയും, യോഗിയേയും ഇതുപോലെ അടുത്ത കാലത്ത് ഹിന്ദി മാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടില്ല. അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നടക്കുവാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഈ സംഭവം കാര്യമായി ബാധിക്കും.

കോവിഡ് രണ്ടാം തരംഗം അതിന്‍റെ താണ്ഡവം ആടി തുടങ്ങിയ അവസരത്തില്‍ നടന്ന തിരഞ്ഞെടുപ്പും, ശേഷം നടന്ന ഉത്തര്‍ പ്രദേശിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്‍റെ ഫലവും വിശകലനം ചെയ്യേണ്ടതാണ്. പ്രദേശിക രാഷ്ട്രീയവും, ദേശീയ രാഷ്ട്രീയവും തമ്മിലുള്ള മത്സരമായിരുന്നു അതെന്ന് പറയണം. വരും വര്‍ഷങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പാര്‍ട്ടികളുടെ പേരാട്ടമാണ് കാണുവാന്‍ പോകുന്നത്. ദേശിയ പാര്‍ട്ടിയായി ബിജെപിയെ മാത്രമേ പരിഗണിക്കുവാന്‍ സാധിക്കൂ. ദേശിയ പാര്‍ട്ടി എന്ന പേരുണ്ടെങ്കിലും കോണ്‍ഗ്രസ് നാള്‍ക്കുനാള്‍ അലിഞ്ഞില്ലാതാകുന്ന ദയനീയ കാഴ്ച്ചയും രാജ്യം സാക്ഷ്യം വഹിക്കുന്നു.