നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ...

കോവിഡ് കെയര്‍ ഐ.സി.യു 11

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ...

സുധീര്‍ നാഥ്  

കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് അതിശക്തമാണെന്ന് അറിഞ്ഞതോടെ ജനങ്ങള്‍ ഭയപ്പെട്ടു എന്നത് സത്യമാണ്. ആദ്യ തരംഗം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. അന്നത്തെ ഭയപ്പാടില്‍ നിന്നും കൂടുതല്‍ ഭയം ജനങ്ങള്‍ക്ക് ഉണ്ടാകുവാന്‍ കാരണം, ഇക്കുറി മരണം യുവാക്കളിലും, മറ്റ് രോഗങ്ങള്‍ ഇല്ലാത്തവരിലും ആണ് എന്നതാണ്. ഡല്‍ഹിയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഡി.എം.സിയുടെ നേത്യ നിരയിലുള്ള പി. ജയരാജ് വിശ്രമമില്ലാതെ വടക്കേ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്ക് രക്ഷകനായത് ഒന്നാം തരംഗം മുതല്‍ തന്നെ. മനസില്‍ തട്ടിയ നൂറ് കണക്കിന് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവിടെ ജയരാജ് പ്രതിനിധീകരിക്കുന്നത് ആയിരകണക്കിനുള്ള രാജ്യ തലസ്ഥാനത്തെ സാമൂഹ്യ പ്രവര്‍ത്തകരെയാണ്.

രോഗം കോവിഡാണെന്ന് സ്ഥിരീകരിക്കേണ്ട കാര്യമില്ല. ആരോഗ്യ പ്രശ്നമുള്ള ഒരാളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ പോലും ഇപ്പോള്‍ പലരും മടിക്കുന്നു. അയല്‍ക്കാരും, ബന്ധുക്കളും, സുഹ്യത്തുക്കളും ഒഴിഞ്ഞ് മാറുന്നിടത്താണ് രക്ഷകരായി ജയരാജിനെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും എത്തുന്നത്. എന്തും കോവിഡ് രോഗമാണെന്ന് സമൂഹം തെറ്റിദ്ധരിക്കുന്നു. ജയാരാജിനെ തേടി സുഹ്യത്തിന്‍റെ ഫോണ്‍ വരുന്നു. വളരെ അവശതയോടെയാണ് സംസാരം. തീരെ വയ്യ, ശ്വാസം കിട്ടുന്നില്ല. പനി വിട്ടു മാറുന്നില്ല. ഒരു വണ്ടിയോ, ആംബുലന്‍സോ കിട്ടുന്നില്ല. ഉടനെ എന്നെ ആശപത്രിയിലെത്തിച്ചില്ലെങ്കില്‍... സംസാരം മുഴുമിപ്പിക്കാന്‍ ജയരാജ് സമ്മതിച്ചില്ല. സ്വന്തം വണ്ടിയുടെ പിന്‍ സീറ്റില്‍ സുഹ്യത്തിനെ കിടത്തി. ആശുപത്രിയില്‍ സാമൂഹ്യ പ്രവര്‍ത്തകനെന്ന സ്വാധീനത്തില്‍ പ്രവേശനം ശരിയാക്കി. ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ സുഹ്യത്തിനെ വീട്ടില്‍ തിരിച്ചെത്തിച്ച ഇന്നലെ സുഹ്യത്തിന്‍റെ കുടുംബം ക്കൈകള്‍ കൂപ്പി സന്തോഷത്തിന്‍റെ നിറകണ്ണുകളോടെ നന്ദി അറിയിച്ച നിമിഷം ജീവിതത്തില്‍ മറക്കുന്നതെങ്ങിനെ എന്നാണ് ജയരാജ് ചോദിക്കുന്നത്. ഇത്തരം നിമിഷങ്ങള്‍ നല്‍കുന്ന സംത്യപ്തിയാണ് അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. 

ആശപത്രിയില്‍ ജീവന്‍ രക്ഷിക്കാന്‍ കൊണ്ടു പോകുന്നത് പോലെ തന്നെയാണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ അവസ്ഥയും. മാന്യമായ വിടചൊല്ലല്‍ അവര്‍ക്ക് ലഭിക്കുന്നില്ല. കുടുംബക്കാര്‍ക്ക് പോലും സംസ്ക്കാര ചടങ്ങില്‍ പലപ്പോഴും പങ്കെടുക്കാന്‍ സാധിക്കാറില്ല. ജയരാജിനെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ പന്ത്രണ്ട് മാസത്തിലേറെ നീണ്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നൂറ് കണക്കിന് വ്യക്തികളുടെ സംസ്ക്കാര ചടങ്ങും നടത്തിയിരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി എങ്ങിനെ പറയും...? ആരോട് പറയും...? എങ്ങിനെ പറയും...?

ചിത്രം: മോര്‍ച്ചറിക്ക് മുന്നില്‍ മ്യതശരീരങ്ങള്‍ക്കായ് കാത്തിരുപ്പ്.