ഇന്ത്യന്‍ റെയില്‍വേയുടെ കോവിഡ് സാന്ത്വനം

കോവിഡ് കെയര്‍ ഐ.സി.യു 21

ഇന്ത്യന്‍ റെയില്‍വേയുടെ കോവിഡ് സാന്ത്വനം

സുധീര്‍ നാഥ്   

ഇന്ത്യയുടെ ഞരമ്പുകളാണ് റെയില്‍വേ ലൈനുകള്‍. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും അത് പടര്‍ന്ന് കിടക്കുന്നു. കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിപ്പിച്ച സമയത്ത് യാത്രാ തീവണ്ടികള്‍ പൂര്‍ണ്ണമായും നിര്‍ത്തി. ചരക്ക് തീവണ്ടികള്‍ മാത്രമായിരുന്നു ഓടിയിരുന്നത്. സംസ്ഥാന അതിര്‍ത്തികളില്‍ തടസങ്ങളില്ലാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും ഇന്ത്യന്‍ റെയില്‍വെയാണ് ഭക്ഷ്യദാന്യങ്ങളും, ആവശ്യ വസ്തുക്കളും എത്തിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായ കാലം കൂടിയായിരുന്നു അത്. ഈ കാലത്ത് തന്നെയാണ് തീവണ്ടി ബോഗികള്‍ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി മാറ്റി രാജ്യത്തെ കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെ മാറിയത്. തീവണ്ടികളുടെ ബോഗികള്‍ ഐസ്വലേഷന്‍ വാര്‍ഡുകളും, ഐ.സി.യുവും, വെന്‍റിലേറ്ററുമാക്കി. 4000 ത്തോളം ബോഗികളാണ് ഇതിനായി രാജ്യത്താകമാനം ഇന്ത്യന്‍ റെയില്‍വെ വിട്ടു നല്‍കിയത്.

ജീവവായുവായ ഓക്സിജന് ഇന്ത്യയില്‍ ക്ഷാമമുണ്ടായപ്പോള്‍ നൂറ് കണക്കിന് കോവിഡ് രോഗികള്‍ മരണപ്പെട്ടു. 224 തവണയാണ് ഓക്സിജന്‍ എക്സ്പ്രസ് സേവനം ഇന്ത്യന്‍ റെയില്‍വെ നടത്തിയത്. രാജ്യത്താകമാനം ഓക്സിജന്‍ എത്തിക്കുന്നതിനയി ചീറി പാഞ്ഞത് ഇന്ത്യന്‍ റെയില്‍വെയുടെ കോവിഡ് സാന്ത്വന പ്രവര്‍ത്തിയാണ്. 15,284 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ഇന്ത്യന്‍ റെയില്‍വേ ഇതിനകം 14 സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച്ച ഒന്‍പത് ഓക്സിജന്‍ എക്സ്പ്രസ് തീവണ്ടികള്‍ 569 മെട്രിക്ക് ടണ്‍  ഓക്സിജനുമായി പല സംസ്ഥാനങ്ങളിലേയ്ക്കും ഓടികൊണ്ടിരിക്കുന്നു എന്നാണ് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്. റെയില്‍വേയുടെ ആശുപത്രികളും, സ്പോര്‍ട്ട്സ് സെന്‍ററുകളും കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്. റെയില്‍വെ ജീവനക്കാര്‍ക്ക് മാത്രമായിരുന്ന ആശുപത്രികള്‍ പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തി. 

ഇന്ത്യന്‍ റെയില്‍വേയുടെ 14 ലക്ഷം ജീവനക്കാരില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് കോവിഡ് രോഗം വന്നതായാണ് കണക്ക്. അതില്‍ 4000 റെയില്‍വെ ജീവനക്കാരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. പൊതു സമൂഹവുമായി ഇടപഴകുന്ന റെയില്‍വേ ജീവനക്കാര്‍ക്കുള്ള വാക്സിനേഷന്‍ അതീവ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം ദീര്‍ഘദൂര യാത്രാ തീവണ്ടികള്‍ ഓടി തുടങ്ങി. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് ഇപ്പോഴും യാത്ര തുടങ്ങാന്‍ സാധിച്ചിട്ടില്ല. തീവണ്ടി യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ചിത്രം: ഇന്ത്യന്‍ റെയില്‍വേയുടെ ഓക്സിജന്‍ എക്സ്പ്രസ് ട്രയിന്‍.