ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കരുതേ...

കോവിഡ് കെയര്‍ ഐ.സി.യു 10

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കരുതേ...

സുധീര്‍ നാഥ്  

രാജ്യം കോവിഡ് മഹാമാരിയില്‍ പിടിക്കപ്പെട്ടപ്പോള്‍ മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് ഭയത്തോടെയാണ് സമൂഹത്തെ കാണുന്നത്. രണ്ടാം തരംഗം വന്നപ്പോള്‍ ഇതേ സമൂഹം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ക്കൈയ്യോങ്ങുന്ന കാഴ്ച്ച രാജ്യ തലസ്ഥാനത്ത് നമ്മള്‍ കണ്ടതാണ്. ഒന്നാം തരംഗത്തില്‍ ജനങ്ങള്‍ ഭയന്ന് മാറി നിന്ന അവസരത്തില്‍ കോവിഡ് രോഗികളെ ശുശ്രൂഷിച്ചവര്‍ക്ക് രണ്ടാം തരംഗത്തില്‍ ചികിത്സിക്കേണ്ട രോഗികളുടെ എണ്ണം രണ്ട് ഇരട്ടിയിലേറെയാണ്. എല്ലാ രോഗികളുടെ അടുത്തും ഓടി എത്തുവാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മിക്ക കോവിഡ് രോഗികള്‍ക്കും ഓക്സിജന്‍ വേണം. എന്നാല്‍ എല്ലാവര്‍ക്കും ഒരാശുപത്രിയില്‍ ഓക്സിജന്‍ കൊടുക്കാന്‍ സൗകര്യമില്ല. ഓക്സിജന്‍ വേണ്ടത്ര ലഭ്യവുമല്ല. നിസാഹയരായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് രോഗികളുടെ ബന്ധുജനങ്ങളാല്‍ ആക്രമിക്കപ്പെടുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. 

ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ്മയ്ക്ക് കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോള്‍ മുതല്‍ മോശം അനുഭവങ്ങള്‍ ധാരളമുണ്ടായതായി സമ്മതിക്കുന്നു. ആശുപത്രിയില്‍ പ്രവേശനം ലഭിക്കാത്തവര്‍. ഓക്സിജന്‍ ലഭിക്കാത്തവര്‍. മരുന്ന് ലഭിക്കാത്തവര്‍. മരണപ്പെടുന്നവരുടെ ബന്ധുക്കള്‍. പഴികള്‍ പലവഴിക്ക് വരും. പഴിക്കുന്നവരെ കുറ്റപ്പെടുത്താന്‍ പറ്റില്ലെന്ന് ഡോക്ടര്‍ ഫാത്തിമ്മ പറയുന്നു. അവരുടെ മാനസികാവസ്ഥ അവരെ കൊണ്ട് പറയിക്കുന്നതാണിത്. പല അവസരങ്ങളില്‍ ചിലര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ശാരീരിക ഉപദ്രവം ചെയ്യാന്‍ വരെ മുതിരുന്നു. അത് ശരിയായ നടപടിയല്ല. ഒരു രോഗിയും മരണപ്പെടണമെന്ന് ആത്മാര്‍ത്ഥതയുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകരും ആഗ്രഹിക്കില്ല. 

ബാംഗ്ലൂരില്‍ തേജസ്വി സൂര്യ എന്ന യുവ പാര്‍ലമെന്‍റ് അംഗവും രണ്ട് എംഎല്‍എ മാരും ബ്രുഹുത്ത് ബാംഗ്ലൂരു മഹാനഗര പാലികി (ബി.ബി.എം..പി.) കോവിഡ് രോഗികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ നിന്ന് 17 മുസ്ലീം സമുദായ അംഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകരെ പുറത്താക്കി. അവരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് അവരെ തീവ്രവാദികളായി ചിത്രീകരിച്ചു. വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ നടക്കുന്നത്. കര്‍ണാടകയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഭവം വലിയ അളവില്‍ തടസമായിട്ടുണ്ട്. ദയവായി രാഷ്ട്രീയവും, വര്‍ഗീയതയും ഒഴിവാക്കുക. ആരോഗ്യ പ്രവര്‍ത്തകരെ ഉപദ്രവിക്കരുതേ... 

ചിത്രം: പ്രൊജക്റ്റ് പ്രാണ്‍ വായുവിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ ഡി.എം.സി. ഇന്ത്യയും, കര്‍മ്മോദയും സൗജന്യ വിതരണത്തിനായി എത്തിച്ച ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍.