മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ഏതാണ്...?
സുധീര്‍ നാഥ്
ലോക കാര്‍ട്ടൂണ്‍ ദിനമായ മെയ് 5ന് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടാം. മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ഏതാണ്...? മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ കൊല്ലം പരവൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന്‍ മാസികയില്‍ പി എസ് ഗോവിന്ദപിള്ള വരച്ച മഹാക്ഷാമ ദേവതയാണ്. വിദൂഷകന്‍ മാസികയുടെ പത്രാധിപരായിരുന്നു നീലകണ്ഠപിള്ള. ഒരിക്കല്‍ നീണ്ട യാത്ര പോയ അവസരത്തില്‍ നീലകണ്ഠപിള്ള, അമ്മാവനും രസികന്‍ ഹാസ്യ മാസികയുടെ പത്രാധിപരുമായിരുന്ന പി എസ് ഗോവിന്ദപിള്ളയ്ക്ക് ചുമതല നല്‍കി. അന്നായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍ വിദൂഷകനില്‍ പ്രസിദ്ധീകരിച്ചത്.
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്തായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടില്‍ കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയില്‍ മനുഷ്യരെ തന്‍റെ കുന്തത്തില്‍ കോര്‍ത്തിറക്കിയിരിക്കുന്നു. വലത്തേ കൈയില്‍ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യന്‍ ജീവനായി പിടയുന്നു. കാല്‍ ചുവട്ടിലും മനുഷ്യര്‍ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഭീകരനായ അസുര രൂപത്തോട് എന്തോ നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷാമ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തില്‍ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. മഹാക്ഷാമദേവത എന്ന തലക്കെട്ടോടെ വിദൂഷകനില്‍ വന്ന ആദ്യ കാര്‍ട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.
1919ല്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ലക്ഷണമൊത്ത കാര്‍ട്ടൂണ്‍ എന്ന് പറയുമ്പോള്‍ അതിനും 68 കൊല്ലം മുമ്പ് 1851ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എഴുതിയ പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ടല്ലോ... എന്ന് കാര്‍ട്ടൂണിസ്റ്റ് ജോസ് ജോസഫ് ചോദിച്ച ഒരു സംശയമാണ് പുതിയ ഒരു അന്വേഷണത്തിന് തുടക്കം കുറിച്ചത്. ജെഹന്നസ് ഇവാന്‍ജലി സ്ത ഗോസ്നറുടെ (1773 - 1858) Herz Buchlein എന്ന ജര്‍മന്‍ ഗ്രന്ഥത്തിന് ഗുണ്ടര്‍ട്ട് നിര്‍വഹിച്ച പരിഭാഷയാണ് 'മാനുഷഹൃദയം'. ഈ ഗ്രന്ഥത്തിന് 1849 മുതല്‍ പതിപ്പുകളുണ്ടായിരുന്നിരിക്കണം. ഡോ സ്കറിയാ സക്കറിയ പ്രസിദ്ധീകരിച്ചത് 1851ലെ പതിപ്പാണ്. മാനുഷഹൃദയത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ 1846ല്‍ ജര്‍മനിയില്‍ വിശ്രമത്തിന് പോയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അവിടെ ബത്തേലിയൂസ് എന്നൊരു ചിത്രകാരനെ ഏല്‍പ്പിച്ചിരുന്നതായി ഗുണ്ടര്‍ട്ടിന്‍റെ തന്നെ കത്തുകളില്‍ കാണുന്നു. ചിത്രകാരനെ കൊണ്ട് പത്ത് ചിത്രങ്ങള്‍ മാനുഷഹ്യദയം എന്ന പുസ്തകത്തിനായി വരപ്പിച്ചു.
കാര്‍ട്ടൂണിന് സമാനമായ രണ്ട് ചിത്രങ്ങള്‍ ഈ പുസ്തകത്തില്‍ കാണുവാന്‍ സാധിക്കും. ദുഷ്ടന്‍റെ മരണവും പാപത്തിന്‍ കൂലിയും എന്ന തലക്കെട്ടിലും ദൈവ ഭക്തന്‍റെ മരണവും എന്ന തലക്കെട്ടിലും വരച്ച രണ്ട് ചിത്രങ്ങള്‍ക്കാണ് കാര്‍ട്ടൂണിനോട് കൂടുതല്‍ സാമ്യം ഉള്ളത്. അക്കാലത്ത് തുടക്കം കുറിച്ച യൂറോപ്യന്‍ കാര്‍ട്ടൂണ്‍ ശൈലിയോട് വളരെ അടുത്ത് നില്‍ക്കുന്നതാണ് ഈ രണ്ട് ചിത്രങ്ങളും. ചിത്രത്തിലെ പിശാചിന്‍റെ കാര്യത്തില്‍ കമ്മറ്റിയിലെ ചിലര്‍ക്ക് വിയോജിപ്പുണ്ടായതായി ഗുണ്ടര്‍ട്ട് ഒരു കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ചരിത്രം ഒരു അന്വേഷണമാണ്. ഇന്നു നാം അറിയുന്നതിനേക്കാള്‍ എത്രയോ കാര്യങ്ങള്‍ മണ്‍മറഞ്ഞ കഴിഞ്ഞ കാലത്തേക്കു തിരിച്ചു നടന്നാല്‍ കണ്ടെത്താനാവും. മലയാളികള്‍ ഓലയും പുല്ലും മേഞ്ഞ വീട്ടില്‍ തഴപ്പായയില്‍ കിടന്നുറങ്ങിയിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍, പല മെത്തകളിട്ട് പട്ടു മെത്തയില്‍ ഉറങ്ങുന്ന ധനികനും നരകത്തിലേക്കു വലിച്ചിഴക്കപ്പെടുന്ന ബ്രാഹ്മണ വേഷധാരിയും അന്നു കേരളത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്ക് നരകശിക്ഷ ലഭിക്കുമെന്നും ദുഷ്ടന്‍റെ മരണവും പാപത്തിന്‍ കൂലിയും എന്ന തലക്കെട്ടിലുള്ള ചിത്രം പറയാതെ പറയുന്നു. ധനവാനും ലാസറും എന്ന കഥ പോലെ ദുഷ്ടര്‍ക്കു നരകം എന്ന ആശയമാണ് ഇതില്‍ പ്രകടമാക്കിയിരിക്കുന്നത്. ദൈവ ഭക്തന്‍റെ മരണമെന്ന അടുത്ത ചിത്രത്തില്‍ മാലാഖമാര്‍ ദൈവ ഭക്തനെ സ്വര്‍ഗത്തിലേയ്ക്ക് കൊണ്ടു പോകുന്നത് ചിത്രീകരിച്ചിരിക്കുന്നു.
മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചിത്രങ്ങള്‍ വഴി നടത്തിയ ശ്രമം എന്ന് മാത്രമേ നമുക്ക് രണ്ട് ചിത്രങ്ങളേയും നോക്കി കാണുവാന്‍ സാധിക്കൂ. കാര്‍ട്ടൂണ്‍ എന്ന ആക്ഷേപഹാസ്യ ചിത്രരചനാ രീതി യൂറോപ്പില്‍ പ്രചരിച്ച 1850 കാലഘട്ടത്തില്‍ തന്നെ മത പ്രചരണത്തിന് ഉതകുന്ന ചിത്രങ്ങളില്‍ കാര്‍ട്ടൂണ്‍ ശൈലി വന്നത് സ്വാഭാവികമാകും. മഹാക്ഷാമ ദേവത പോലെ വിമര്‍ശനം ഈ ചിത്രങ്ങളില്‍ കാണുന്നില്ല. ലോക കാര്‍ട്ടൂണ്‍ ദിനത്തില്‍ ഈ രണ്ട് ചിത്രങ്ങള്‍ ചര്‍ച്ചയ്ക്കായി പൊതു സമക്ഷം അവതരിപ്പിക്കുന്നു.
