കൊറോണ താണ്ഡവമാടുന്ന ഇന്ദ്രപ്രസ്ഥം

കൊറോണ താണ്ഡവമാടുന്ന ഇന്ദ്രപ്രസ്ഥം

സുധീര്‍ നാഥ്  

രാജ്യ തലസ്ഥാനമായ ഡല്‍ഹി മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിടുകയാണ്. ജനങ്ങള്‍ പരസ്പരം സഹായം ചോദിക്കുന്നു. അതേസമയം അധികാര കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ പരസ്പരം പഴി ചാരി ന്യായീകരിക്കുന്നു. ഓരോ ദിവസവും നൂറ് കണക്കിന് ജനങ്ങളാണ് കോവിഡ് മൂലം മാത്രം ഡല്‍ഹിയില്‍ മരണത്തിന് കീഴടങ്ങുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ചുരുങ്ങിയത് പത്ത് മലയാളികള്‍ വീതം മരണപ്പെടുന്നു എന്നാണ് കണക്ക്. 

യുവാക്കളുടെ നേത്യത്ത്വത്തില്‍ നവമാധ്യമങ്ങളില്‍ രൂപം കൊണ്ട ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ഓരോ ഗ്രൂപ്പുകളിലും ദിവസവും എത്രയോ അഭ്യര്‍ത്ഥനകളാണ് വരുന്നത്. ഓക്സിജന്‍ സിലിണ്ടറും, ആശുപത്രി അഡ്മിഷനുമാണ് മിക്ക അഭ്യര്‍ത്ഥനകളും. മരുന്നിന്‍റെ വലിയ ക്ഷാമം ഡല്‍ഹിയില്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മരുന്ന് സംഘടിപ്പിച്ചു കൊടുക്കണം എന്ന അഭ്യര്‍ത്ഥനയും ഉണ്ട്. ആയിരങ്ങള്‍ സഹജീവികള്‍ക്കായി സഹായം നല്‍കുന്നതിന് ഇറങ്ങി തിരിക്കുന്ന അവസരത്തില്‍ തന്നെ കൊള്ളലാഭം നടത്തുന്നവരും ചുറ്റിലുമുണ്ട്. മരുന്നിനും, ഓക്സിജനും ഇരട്ടിയും, മൂന്നിരട്ടിയും ഈടാക്കുന്നവര്‍ ഉണ്ട്.

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ആളാണെന്നോ സാമ്പത്തികമായി താഴെയുള്ള ആളാണെന്നോ നോക്കാതെ, മേല്‍ജാതി എന്നും കീഴ്ജാതി എന്നും നോക്കാതെ കോവിഡ് എല്ലാവരെയും കടന്നാക്രമിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍  ബംഗ്ലാവുകളിലും കുടിലുകളിലും ഓടിക്കയറിയിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ ജനങ്ങള്‍ ഭയപ്പെട്ട് വീട്ടിലിരുന്നപ്പോള്‍ സുരക്ഷിതരായിരുന്നു. വീടുവിട്ട് പുറത്ത് പോയവരായിരുന്നു ഒന്നാം തരംഗത്തില്‍ കൂടുതലായും കോവിഡ് പിടിപ്പെട്ട് ചികിത്സയിലാകുകയും, മറ്റ് മാരക രോഗങ്ങളുള്ളവര്‍ മരണപ്പെടുകയും ഉണ്ടായത്. 

കോവിഡിന്‍റെ രണ്ടാം തരംഗം വളരെ ശക്തിയേറിയതാണ്. വീടിനുള്ളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് വായുവിലൂടെ പടരുന്നു എന്നും, അതിന്‍റെ യാത്ര വളരെ വേഗതയിലാണെന്നും കണ്ടെത്തപ്പെട്ടു കഴിഞ്ഞു. ജനിതക മാറ്റം സംഭവിച്ച് ഇപ്പോള്‍ എത്തിയിരിക്കുന്ന വൈറസ് അതിഭീകരനാണെന്ന് രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന് കാരണം ചികിത്സ ലഭിക്കാതെ, ജീവ വായു ലഭിക്കാതെ, പ്രായ വ്യത്യാസം ഇല്ലാതെ ജനങ്ങള്‍ മരിക്കുന്നതും പ്രയാസപ്പെടുന്നതും അവര്‍ നേരില്‍ കണ്ടതാണ്. കോവിഡ് ബാധിതനായ വ്യക്തി സംസാരിക്കാന്‍ പ്രയാസപ്പെടുന്നത്, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നത് ഡല്‍ഹിയിലുള്ളവര്‍ നേരില്‍ കണ്ടു. ഈ കാഴ്ച്ചകളും, അനുഭവങ്ങളും അവരെ വിറങ്ങലിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ രാജ്യ തലസ്ഥാനത്തിലെ പോലെ കോവിഡ് നിരക്ക് കൂടുന്നുണ്ട്. കേരളത്തില്‍ ആരോഗ്യ രംഗം ശക്തമായതു കൊണ്ട് മരണനിരക്ക് വളരെ കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ കൊറോണ വൈറസിന്‍റെ ഭീകര താണ്ഡവത്തിന്‍റെ കാഠിന്യം തിരിച്ചറിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വടക്കേ ഇന്ത്യയിലെ അവസ്ഥ കേരളത്തില്‍ വരാതിരിക്കാന്‍ അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കേരളത്തിലെ നിലവിലെ അവസ്ഥ തലകീഴെ മറിയാന്‍ ഏറെ സമയം വേണ്ട. ഡല്‍ഹിയിലെ കോവിഡ് ആദ്യ തരംഗത്തില്‍ ആശുപത്രിയിലെ ചികിത്സയും, ഓക്സിജനും ഒരു വലിയ പ്രശ്നമായിരുന്നില്ല. 2021 ഏപ്രില്‍ പത്തിന് ശേഷമാണ് സ്ഥിതി വളരെ വഷളാകുന്നത്. പ്രതദിദിന രോഗികളുടെ എണ്ണം നൂറ്റി ഇരുപതില്‍ നിന്നാണ് കുതിച്ചുയര്‍ന്നത് അപ്പോഴാണ്. ഔദ്യോഗികമായി ലഭിക്കുന്ന കണക്കുകളേക്കാള്‍ എത്രയോ മടങ്ങാണ് യഥാര്‍ത്ഥ കണക്കുകള്‍.

ചികിത്സ ലഭിക്കാതെ ജനങ്ങള്‍ 

രണ്ടാം കോവിഡ് തരംഗം ശക്തമായതോടെ രോഗികളുടെ എണ്ണം കൂടി. കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ അതിവേഗമാണ് സഞ്ചരിക്കുന്നത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഒരു കിടക്ക കിട്ടാന്‍ എല്ലാവരും ഒരു പോലെ അലമുറയിട്ടു കരയുന്ന ദയനീയ കാഴ്ച്ച കുറേ നാളായി കാണുന്നു. അച്ഛന് വേണ്ടി, അമ്മയ്ക്ക്വേണ്ടി, സഹോദരന് വേണ്ടി, സഹോദരിക്ക് വേണ്ടി, സുഹ്യത്തിന് വേണ്ടി... ഇങ്ങനെ ചികിത്സ തേടി ആശുപത്രിയില്‍ ഒരു കട്ടില്‍ ലഭിക്കാന്‍ ഓടി നടക്കുന്നവരുടെ ദയനീയ അവസ്ഥ ഡല്‍ഹിയില്‍ കാണാമായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത തന്‍റെ അനുഭവം പങ്കുവെച്ചത് അന്തര്‍ ദേശിയ മാധ്യമങ്ങളില്‍ വരെ വളരെ ചര്‍ച്ചയായിരുന്നു. അവരുടെ പിതാവിന്‍റെ കോവിഡ്  ചികിത്സയ്ക്കായി നടത്തിയ ശ്രമങ്ങളായിരുന്നു അവര്‍ പങ്ക് വെച്ചത്. ആശുപത്രിയില്‍ പിതാവിനെ പ്രവേശിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അഞ്ച് മണിക്കൂറോളം കാത്തിരുന്നിട്ടും ആശുപത്രി കിടക്ക കിട്ടാതെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹി മരണത്തിന് കീഴടങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അശോക് അമ്രോഹി കിടക്ക ലഭിക്കുന്നതിനായി അഞ്ച് മണിക്കൂറോളമാണ് പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കാത്തിരിക്കേണ്ടി വന്നത്. ശ്വാസ തടസമുണ്ടായ അദ്ദേഹത്തിന് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല. വളരെ വൈകി കാറില്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയെങ്കിലും അര്‍ധരാത്രിയോടെ കാറിനുള്ളില്‍ തന്നെ മരണം സംഭവിച്ചു. ബ്രൂണെയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളുടെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു അദ്ദേഹം. 

ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന അശോക് അമ്രോഹിയുടെ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍റെ ഡല്‍ഹിയിലെ അവസ്ഥ എന്തായിരിക്കും എന്ന് സങ്കല്‍പ്പിക്കാവുന്നതേ ഉള്ളൂ. ഡല്‍ഹിയില്‍ ആശുപത്രികളുടെ ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പല ആശുപത്രികള്‍ക്ക് മുന്നിലും ആംബുലന്‍സുകളില്‍ കോവിഡ് രോഗികളെ കൊണ്ട് കാത്തിരിക്കുന്നു. 

അതേ അവസരത്തില്‍ കോവിഡ് പോസിറ്റീവായ ചോട്ടാ രാജനെ ഡല്‍ഹിയിലെ ഏറ്റവും മികച്ച ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സിക്കാന്‍ തീഹാര്‍ ജയിലില്‍ നിന്ന് കൊണ്ടു വന്നു. വിചാരണ തടവുകാരനായി മധുര ജയിലിലുള്ള മാധ്യമ പ്രവര്‍ത്തകനായ സിദ്ധീക്ക് കാപ്പന് കോവിഡ് പോസിറ്റീവായപ്പോള്‍ മാന്യമായ ചികിത്സ നല്‍കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കേണ്ടിയും വന്നു.  

കോവിഡ് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചവരുടെ കാര്യവും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. രോഗികളുടെ പ്രിയപ്പെട്ടവര്‍ വിവരങ്ങളറിയാന്‍ ആശുപത്രിയുടെ പുറത്ത് റോഡില്‍ വിങ്ങി പൊട്ടുന്ന കാഴ്ച്ച സാധരണമായിരിക്കുന്നു. തന്‍റെ ഭര്‍ത്താവ് ജീവനോടെ ഉണ്ടോ എന്ന് നിലവിളിക്കുന്ന സ്ത്രീയും, തന്‍റെ അമ്മയുടെ അവസ്ഥ എന്തെന്ന് അടച്ചിട്ട ഗേറ്റില്‍ നിന്ന് കാവല്‍ക്കാരനോട് ചോദിക്കുന്ന ചെറുപ്പക്കാരനും നൊമ്പര കാഴ്ച്ചയാണ്. രോഗികളല്ലാത്തവരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കര്‍ശനമായി തടയുകയാണ്. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളുടേയും പുറത്തുള്ളത് സമാനമായ കാഴ്ച്ചയാണ്.

ജീവ വായുവിനായി നെട്ടോട്ടം.

ജീവവായുവായ ഓക്സിജന് വേണ്ടിയുള്ള പരക്കം പാച്ചില്‍ ഡല്‍ഹിയിലെ എല്ലാ തെരുവുകളിലും കാണാം. ആദ്യ കോവിഡ് തരംഗത്തില്‍ നിന്ന് വ്യത്യസ്ഥമായി ഓക്സിജന്‍ നില താഴ്ന്നാണ് പലരും മരണമടയുന്നത്. ഡല്‍ഹിയില്‍ ഓക്സിജനും ഓക്സീ മീറ്ററിനും വലിയ ഡിമാന്‍റായി മാറിയിരിക്കുന്നു. ശ്വസം വലിക്കാന്‍ ബുദ്ധിമുട്ടുന്ന കോവിഡ് രോഗികളായ ആയിരങ്ങളാണ് ചുറ്റിനും ഉള്ളത്. ഈ ഒരു സാഹചര്യത്തില്‍ ഓക്സിജന്‍റെ ലഭ്യത കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രതിസന്ധി ഊഹിക്കാവുന്നതേയുള്ളൂ. 

ഓക്സിജന്‍ നില താഴുന്നത് പിടിച്ചു നിര്‍ത്തുന്നതിന്, ഓക്സിജന്‍ കുഴല്‍വഴി നല്‍കുക മാത്രമേ പോംവഴിയുള്ളൂ. ആശപത്രിയില്‍ രോഗിയുടെ ആരോഗ്യസ്ഥിതിയെ ആശ്രമയിച്ച് പല തലങ്ങളിലായാണ് ഓക്സിജന്‍ കൊടുക്കുന്നത്. സാധാരണ ഒരാള്‍ക്ക് ഓക്സിജന്‍ നില കുറയുന്ന അവസരത്തില്‍ നേസല്‍ പ്രോണ്‍ എന്ന രീതിയാണ് അവലംഭിക്കുക. ഇങ്ങനെ ഉള്ള അവസ്ഥയില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററും പ്രയോജനപ്പെടും. രോഗികള്‍ സ്വന്തമായി തന്നെയാണ് ഓക്സിജന്‍ സ്വീകരിക്കുന്നത്.

സ്വന്തമായി ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നവരെ ഹൈ ഫ്ളോ മാസ്ക്കുകള്‍ വഴി ഓക്സിജന്‍ കൊടുക്കുന്നു. ശ്വാസകോശ രോഗവും മറ്റും കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നവര്‍ക്ക് സിപാപ്പും, ബൈപാപ്പും വെച്ച് ഓക്സിജന്‍ നല്‍കണം. ശക്തമായി ഓക്സിജന്‍ ശ്വാസകോശത്തിലേയ്ക്ക് തള്ളിവിട്ടാണ് ഓക്സിജന്‍ നില സാധാരണയാക്കുന്നതിന് ശ്രമിക്കുക. ഓക്സിജന്‍ നല്‍കി നില മെച്ചപ്പെടുത്തുക എന്നതാണ് കോവിഡ് രോഗികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന പ്രധാന ചികിത്സ. അതുകൊണ്ടാണ് ഓക്സിജന്‍റെ സഹായത്തോടു കൂടി ജീവിതം തിരിച്ചു പിടിക്കാന്‍ സാധിക്കും എന്നുള്ള പ്രതീക്ഷയില്‍ ആശുപത്രിയില്‍ പ്രവേശനം ലഭ്യമാക്കുന്നതിനായി ജനങ്ങള്‍ ഓടിയടുക്കുന്നത്. എല്ലാ ആശുപത്രിയിലും രോഗികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. അത്രമാത്രം കോവിഡ് രോഗികളുടെ എണ്ണം കൂടിയിരിക്കുന്നു. നൂറുകണക്കിനാളുകള്‍ ഡല്‍ഹിയില്‍ മാത്രം ഓക്സിജന്‍ ലഭിക്കാത്തത് കൊണ്ട്  മരിച്ചു വീഴുന്നു എന്നുപറഞ്ഞാല്‍ അത് യാഥാര്‍ത്യമാണ്.

ആശുപത്രികളുടെ മുന്നില്‍ എത്തുന്ന അവസരത്തില്‍ ഓക്സിജന്‍ സഹായം ലഭിക്കില്ല എന്നറിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് പോയി ആംബുലന്‍സില്‍ തന്നെ മരണമടയുന്ന നൂറുകണക്കിനുപേര്‍ ഡല്‍ഹിയിലുണ്ട്. ആശുപത്രിയുടെ ജനറല്‍ വാര്‍ഡില്‍ പ്രവേശനം ലഭിച്ചാല്‍ ഐ.സി.യുവില്‍ അവസരം കാത്തിരിക്കുന്ന എത്രയെത്ര രോഗികളെ കാണാം. കോവിഡ് ആശുപത്രിയായി നിരവധി ആശുപത്രികള്‍ സര്‍ക്കാര്‍ മാറിയിട്ടുണ്ടെങ്കിലും ഓക്സിജന്‍ ലഭ്യത കുറവ് വലിയ അപകടകരമായ വിധത്തില്‍ ഡല്‍ഹിയെ ബാധിച്ചു കഴിഞ്ഞു. ചികിത്സയ്ക്കായി ഓക്സിജന്‍ ലഭിക്കാതെ ആശുപത്രി അധിക്യതര്‍ സര്‍ക്കാരിനോട് കെഞ്ചുന്ന സംഭവം ഞെട്ടിക്കുന്ന ഒന്നാണ്. 

നിലവിലെ ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണ് ആണ് എന്നതിന് പുറത്തു വന്നു കൊണ്ടിരിക്കുന്ന കണക്കുകളില്‍ തന്നെ തെളിവാണ്. സ്വകാര്യ ആശുപത്രികളിലാണ് കൂടുതലായും ഓക്സിജന്‍ ക്ഷാമം നേരിടുന്നത്. ഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലാണ് മുഖ്യമായും ഓക്സിജന്‍ തീര്‍ന്ന് പോയത് കൊണ്ട് ജനം കൂട്ടമായി പിടഞ്ഞ് മരിച്ചതായി വാര്‍ത്ത വന്നത്. ന്യൂ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയും, രോഹിണിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയുമാണ് അത്. മാധ്യമ വാര്‍ത്തകളില്‍ വരാതെ ഒട്ടേറെ സ്വകാര്യ ആശുപത്രികളില്‍ ജീവവായു ലഭിക്കാതെ മരിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വശാര്യ ആശുപത്രികള്‍ പലരും ഗാക്സിജന്‍ ക്ഷാമം പുറത്ത് പറയുന്നില്ല. പക്ഷെ വളരെ ദയനീയമെന്ന് പറയട്ടെ, ഓക്സിജന്‍ തീര്‍ന്നു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ് മലയാളിയായ മുതിര്‍ന്ന റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്തുതി പാടുന്നത് തലകുനിച്ച് മാത്രമേ മലയാളിക്ക് കേള്‍ക്കുവാന്‍ സാധിക്കൂ.  

ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് എല്ലാ ആശുപത്രികളും മുറവിളി കൂട്ടുമ്പോള്‍ ഡല്‍ഹിയില്‍ ക്ഷാമം ഇല്ലെന്ന് ബി.ജെ.പി. വക്താക്കള്‍ മറുപടി പറയുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്നത്. കര്‍ഷക സമരം നരേന്ദ്രമോദിയുടെ പ്രതിഛായ്ക്ക് വലിയ മങ്ങലാണ് ആഘോള തലത്തില്‍ ഉണ്ടാക്കിയത്.  അതിനേക്കാള്‍ ശക്തമായ പ്രത്യാഘാതമാണ് കോവിഡ് പ്രതിരോധ രംഗത്ത് പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഇപ്പോള്‍് സംഭവിച്ചിരിക്കുന്നത്.

ഓക്സിജന്‍ ലഭിക്കാതെ ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ അതിനിടയില്‍ ഒരു പ്രസവം തന്നെ നടന്നു. കോവിഡ് രോഗിയായി ഓക്സിജന്‍റെ സഹായത്താല്‍ വൈറസിനോട് പോരാടിയ സവിതാ പാലാണ് ബഹളത്തിനിടയില്‍ 25ന് രാവിലെ തന്നെ മരണ താണ്ഡവമാടിയ ഇതേ ഐ.സി.യുവില്‍ ഒരു ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. നോര്‍മല്‍ ഡെലിവറിയായിരുന്നു. കുട്ടിയെ സുരക്ഷിതമായി മറ്റൊരു വാര്‍ഡിലേയ്ക്ക് മാറ്റി. കുട്ടിക്ക് കോവിഡ് നെഗറ്റീവാണ്. പക്ഷെ, 27ന് 32 വയസുള്ള സവിതാ പാല്‍ എന്ന സ്ത്രീ അതേ ഐ.സി.യുവില്‍ മരണമടഞ്ഞു. 

സാഹചര്യം വളരെ ഗൗരവമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വളരെ പക്ഷപാദമായിട്ടാണ് ഓക്സിജന്‍റെ കാര്യത്തില്‍ പോലും കാണിക്കുന്നത്. ഡല്‍ഹി ആവശ്യപ്പെട്ടത് 700 മെട്രിക്ക് ടണ്‍ ഓക്സിജനായിരുന്നു. പക്ഷെ ലഭിച്ചത് 490 മെട്രിക്ക് ടണ്‍. അതേസമയം 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ആവശ്യപ്പെട്ട ഗുജറാത്തിന് ലഭിച്ചത് 975 മെട്രിക്ക് ടണ്‍. ഉത്തര്‍ പ്രദേശ് 800 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 753 മെട്രിക്ക് ടണ്‍. മധ്യപ്രദേശ് ആവശ്യപ്പെട്ടത് 445 മെട്രിക്ക് ടണ്‍. പക്ഷെ ലഭിച്ചത് 543 മെട്രിക്ക് ടണ്‍. തമിഴ്നാട് 200 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ 220 മെട്രിക്ക് ടണ്‍ നല്‍കി. രാജസ്ഥാന്‍ 205 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ അത്ര തന്നെ നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച കണക്കാണിത്. ഡല്‍ഹി വിഹിതം കുറയ്ക്കാന്‍ കഴിഞ്ഞ ദിവസവും കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് ഓക്സിജന്‍ വിതരണം ചെയ്യുന്ന ഇനോക്സ് കമ്പനി ഹൈകോടതിയില്‍ വെളിപ്പെടുത്തിയത്. ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും യു.പി - രാജസ്ഥാന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി വെക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഹൈകോടതിയില്‍ അവര്‍ വെളിപ്പെടുത്തി.  ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരണം വരിച്ചവരുടെ കൊലപാതകത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്ന വിമര്‍ശനം വ്യാപകമാണ്. 

വീട്ടില്‍ തന്നെ ചികിത്സ

ആശുപത്രിയില്‍ പ്രവേശനം ബുദ്ധിമുട്ടായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ മിക്കവരും വീടുകള്‍ തന്നെ ആശുപത്രികളാക്കുന്നു എന്ന് പറയാം. ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വാങ്ങി വീട്ടില്‍ മുന്‍കൂട്ടി സൂക്ഷിക്കുന്നവരുണ്ട്. അങ്ങനെ ആവശ്യമില്ലാതെ സൂക്ഷിക്കുന്നത് വഴി ഡല്‍ഹിയില്‍ വ്യാപക സിലിണ്ടര്‍ ക്ഷാമം ഉണ്ടാകുന്നുണ്ട്. മറ്റ് പ്രശ്നങ്ങളില്ലാതെ വീട്ടിലെ ചികിത്സ കൊണ്ട് ജീവന്‍ രക്ഷിക്കുന്നവരും ഇല്ലാതില്ല. ഡല്‍ഹിയിലെ ഒരു നേഴ്സ് പറഞ്ഞത്, ആശുപത്രിയിലെ ജോലിക്ക് ശേഷം വീടുകളിലെ രോഗികളെ നോക്കുന്നുണ്ട് എന്നാണ്. അവര്‍ കോവിഡ് രോഗികള്‍ക്കുള്ള പരിചരണം ഡോക്ടര്‍മാരെ പോലെ ചെയ്തു കൊടുക്കുന്നു. സുഹ്യത്തുക്കളും, ആയല്‍വാസികളും മറ്റും അഭ്യര്‍ത്ഥിക്കുമ്പോള്‍ പിന്‍മാറാനും സാധിക്കുന്നില്ല. ഓക്സിജന്‍ നില ഉയര്‍ത്തുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍ പഠിപ്പിക്കുകയാണ് മുഖ്യമായും.  

രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ആരോഗ്യസംരക്ഷണ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. കേരളത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രോഗികളുടെ എണ്ണം ഗണ്ണ്യമായി കൂടുകയാണെങ്കില്‍ ഓക്സിജന്‍ ക്ഷാമം മുന്നില്‍ കാണേണ്ടതുണ്ട്. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് ഓക്സിജന്‍ സേവനം ആവശ്യമില്ലാത്ത രോഗികള്‍ കഴിവതും വീട്ടില്‍ തന്നെ ചികിത്സ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഓക്സിജന്‍ അളവ് കുറയുന്നവര്‍ക്ക് നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വീടുകളില്‍ കഴിയുന്ന രോഗികള്‍ എടുക്കരുതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വാങ്ങുകയോ, വീട്ടില്‍ ഉപയോഗിക്കുന്നതോ കുറ്റകരമാണെന്ന് കേന്ദ്ര അഭ്യന്തിര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. 

ഓക്സിജനും മരുന്നും കരിഞ്ചന്തയില്‍

ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെ വില്‍ക്കരുത് എന്ന് നിഷ്കര്‍ഷിക്കുന്ന മരുന്നുകളും, കോവിഡ് രോഗികളെ രക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളും വലിയ വിലയില്‍ ഡല്‍ഹിയില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 200 രൂപ മുതല്‍ 300 രൂപ ഉണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ അന്‍പതിനായിരത്തിലേറെ വിലയാണ്. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ട്. ലക്ഷകണക്കിന് രൂപയുടെ റെംഡെസിവിര്‍ ഇന്‍ജക്ഷനാണ് ഡല്‍ഹി പോലീസ് പിടിച്ചെടുത്തിട്ടുത്തത്.

ഡല്‍ഹിയില്‍ തീ അണയ്ക്കുന്നതിനായുള്ള സിലിണ്ടറുകള്‍, ഓക്സിജന്‍ പോര്‍ട്ടബിള്‍ സിലിണ്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വ്യാജമായി ഉണ്ടാക്കി വില്‍പ്പന നടത്തിയ കമ്പനിയെ ഡെറാഡൂണില്‍ പോലീസ് കണ്ടെത്തി. ആന്‍റി ബയോടിക്സ് ഇംജക്ഷന്‍ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയ അഹമ്മദാബാദിലെ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിറകില്ല, ശവപ്പെട്ടയില്ല.

കോവിഡ് ബാധിതരായി മരണപ്പെട്ടവരെ സംസ്കരിക്കുന്നതിന് വേണ്ടി ശവപ്പെട്ടിക്കും, അവരെ ദഹിപ്പിക്കുന്നതിനായി വിറകുകള്‍ക്കും വ്യാപകമായ ക്ഷാമം നേരിട്ടിരിക്കുന്നു. വിറക് ക്ഷാമം നേരിട്ട് തുടങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിരിക്കുന്നു. ശവപ്പെട്ടിയുടെ ക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലടിസ്ഥാനത്തിലാണ് ഡല്‍ഹിയിലെ പല നിര്‍മ്മാതാക്കളും ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം പള്ളി ഖബറിസ്ഥാനില്‍ ജെ.സി.ബി. ഉപയോഗിച്ച് തുടര്‍ച്ചയായി ആഴമുള്ള കുഴികള്‍ എടുത്ത് എടുത്ത് സ്ഥലം തികയാതെ വന്നിരിക്കുന്നു. കാര്യമായ പ്രാര്‍ത്ഥനകള്‍ ഒന്നുമില്ലാതെ എല്ലാ മതത്തിലുള്ളവരുടെ ചലനമറ്റ ശരീരങ്ങള്‍ സംസ്കരിക്കുന്ന കാഴ്ച ഇപ്പോള്‍ ഡല്‍ഹിയില്‍ കാണുവാന്‍ സാധിക്കും.  

ഡല്‍ഹിയിലെ എല്ലാ ശ്മശാനങ്ങളിലും മ്യതശരീരങ്ങളുടെ നീണ്ട നിര കാണുവാന്‍ സാധിക്കും. മരണപ്പെട്ടവരുടെ കൂടെ വന്നവര്‍ തന്നെ മ്യതശരീരം ചിത ഒരുക്കി കര്‍മ്മങ്ങളില്ലാതെ ദഹിപ്പിക്കണം. പല ശ്മശാനങ്ങളുടെ പാര്‍ക്കിങ്ങ് പ്രദേശങ്ങള്‍ പോലും മ്യതശരീരങ്ങള്‍ സംസ്ക്കരിക്കാന്‍ ഒരുക്കിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടത്തിയപ്പോള്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന ജനതയാണ് ഇപ്പോള്‍ കൊറോണയുടെ രണ്ടാം വരവില്‍ ശ്മശാനത്തിന്‍റെ മുന്നില്‍ വരി നില്‍ക്കുന്നത്

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മരണനിരക്കല്ല ഡല്‍ഹിയില്‍ നടക്കുന്നത് എന്നത് സത്യമാണ്. കോവിഡ് മാനദണ്ഡ പ്രകാരം സംസ്ക്കരിക്കപ്പെടുന്ന മ്യതശരീരങ്ങളുടെ എണ്ണവുമായി കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല. ഓരോ പ്രമുഖ ആശുപത്രിയില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് പത്ത് പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്. ഡല്‍ഹിയിലെ പ്രധാന ആശുപത്രികളുടെ എണ്ണം പരിശോധിച്ചാല്‍ തന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടു പെട്ട മരണനിരക്ക് നേക്കാള്‍ എത്രയോ അധികമായിരിക്കും കണക്കുകള്‍ എന്ന് ബോധ്യപ്പെടും. ഡല്‍ഹിയില്‍ സ്വകാര്യ മേഖലയില്‍ 300 ആശുപത്രികളുണ്ട്. അതില്‍ നൂറോളം ആശുപത്രികള്‍ കൂടുതല്‍ സൗകര്യങ്ങളുള്ളതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള നൂറ് ആശുപത്രികളുണ്ട്. ഇത് കൂടാതെ താത്കാലിക കോവിഡ് ആശുപത്രികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

ജനങ്ങളിലെ ഭയം മാറി.

ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ആയി രണ്ടാം തരംഗത്തില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒന്നാം തരംഗത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതില്‍ സമൂഹം ഭയം കൊണ്ട് അകന്നു നില്‍ക്കുകയാണ് ഉണ്ടായത്. സുരക്ഷാ കവചങ്ങള്‍ അണിഞ്ഞ് സംസ്ക്കാര ചടങ്ങുകളില്‍ മരണപ്പെട്ടവരുടെ ഏറ്റവും അടുത്തവര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 

രണ്ടാം തരംഗത്തില്‍ സ്ഥിതി അല്‍പ്പം മാറി. കോവിഡ് രോഗത്തെ ജനങ്ങള്‍ മനസിലാക്കി. കൊറോണ വൈറസിന്‍റെ സ്വഭാവം മനസിലാക്കി. ഇതില്‍ ഇവരുടെ സംസ്കാരചടങ്ങുകള്‍ ജനങ്ങള്‍ കുറവാണ് എന്നുള്ളത് മാത്രമാണ് വ്യത്യാസം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അതിന് ആദ്യത്തെ രംഗത്തിലെ പോലെ പോലെ ജനങ്ങള്‍ പേടിക്കുന്നില്ല ഇല്ല എന്ന് കാണേണ്ടിയിരിക്കുന്നു സുരക്ഷാ കവചം കൊറോണാ വൈറസിനെ അകറ്റിനിര്‍ത്താം എന്നുള്ള വിശ്വാസം ജനങ്ങളില്‍ വന്നിരിക്കുന്നു എന്നു വേണം കരുതുവാന്‍

പ്രവാസി മലയാളികളുടെ താക്കീത്

ഡല്‍ഹിയിലെ പ്രശസ്തമായ സാംസ്കാരിക സംഘടനയായ ജനസംസ്ക്യതി കേരളത്തിലെ ജനങ്ങള്‍ക്കായി അയച്ച സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ അവര്‍ പറയുന്നതിലെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അനാസ്ഥ അരുതേ...അനുഭവം വച്ച് അപേക്ഷിക്കുകയാണ്  എന്നാണ് സന്ദേശത്തിന്‍റെ തലക്കെട്ട്. 

കോവിഡ് മഹാമാരിയുടെ രണ്ടാം വരവില്‍ ചലനമറ്റു സ്തംഭിച്ചു നില്‍ക്കുകയാണ് ഡല്‍ഹിയിലേയും വടക്കേ ഇന്ത്യയിലേയും മലയാളികള്‍ എന്ന് ആദ്യമേ തന്നെ തുറന്ന കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. മേഖലയിലെ ദുരിത പൂര്‍ണ്ണമായ അവസ്ഥ അനുഭവിക്കുന്നവരാണ് തങ്ങളെന്ന് പറയുന്ന കത്തില്‍ ഒപ്പം നടന്നിരുന്ന പലരും പെട്ടെന്ന് വീണു പോകുന്നു എന്നും,  ചിലര്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നു.  പ്രാണ വായു പോലും കിട്ടാതെ പിടഞ്ഞു വീഴുന്നവര്‍,  മരുന്നില്ലാതെ കഷ്ടപ്പെടുന്നവര്‍, ആശുപത്രി ഇല്ലാതെ നരകിക്കുന്നവര്‍... പലതും കണ്ട് മനസ്സു മരവിച്ചു പോകുന്നു. നമ്മുടെ കേരളത്തില്‍ ആ അവസ്ഥകള്‍ ഉണ്ടാകരുതെ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്നു, ആഗ്രഹിക്കുന്നു എന്ന് കത്തില്‍ പറയുന്നു. 

ഞങ്ങളുടെ അനുഭവം ആണ് ഞങ്ങള്‍ പഠിക്കുന്ന പാഠം. ഭരണകൂടത്തിന്‍റെ അനാസ്ഥയോ, കെടുകാര്യസ്ഥതയോ അവിടെ നില്‍ക്കട്ടെ. അതുണ്ട്. പക്ഷെ ജനങ്ങളുടെ അനാസ്ഥ, അലസത, കരുതല്‍ ഇല്ലായ്മ, കടുത്ത അശ്രദ്ധ, ഒന്നിനെയും കൂസാതെ ഉള്ള പെരുമാറ്റം ഇതെല്ലാം ഈ അവസ്ഥക്ക് ആക്കം കൂട്ടി. അല്ലെങ്കില്‍, കൂട്ടുന്നു. അതിനാല്‍ ഞങ്ങള്‍ കൈ കൂപ്പി അഭ്യര്‍ത്ഥിക്കയാണ്. അനുഭവത്തിലെ വേദനകൊണ്ട് അപേക്ഷിക്കുകയാണ്.. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അനുസരിക്കണമെന്നും, കൃത്യമായ ശ്രദ്ധ ചെലത്തണമെന്നും, ജാഗ്രത പുലര്‍ത്തണമെന്നും തുറന്ന കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. 

ഏതു വ്യവസ്ഥിതിക്കും ഒരു പരിധി ഉണ്ട്. ആ പരിധിക്ക് അപ്പുറം സ്ഥിതിഗതികള്‍ പോയാല്‍, ദുരന്തം നാം വിചാരിക്കുന്നതിലും അപ്പുറത്താവും. അതുണ്ടാവാതെ നോക്കണം. അതിനാല്‍, അനുഭവം പഠിപ്പിച്ചതു ആവര്‍ത്തിക്കുന്നു. നിതാന്ത ജാഗ്രതയാണ് ഇന്നാവശ്യം. ദയവായി ഇതും അറിയുക, ലോക് ഡൗന്‍ ഒരു പരിഹാരമേ അല്ല, അതു അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. നമ്മളുടെ ശ്രദ്ധയാണ് പരമ പ്രധാനം. പരമാവധി വീട്ടില്‍ ഇരിക്കൂ. ചെറിയ ലക്ഷണങ്ങള്‍ ആയാല്‍ പോലും, കോവിഡ് ആണെന്ന് കരുതി മുന്‍കരുതല്‍ എടുക്കൂ. സ്വയം മുറിയില്‍ ഒതുങ്ങൂ. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടൂ എന്ന് പറഞ്ഞാണ് തുറന്ന കത്ത് അവസാനിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു താക്കീതായി തന്നെ കാണണം. 

ഇത്തരത്തില്‍ കോവിഡിന്‍റെ ഭീകരത പല പ്രവാസി മലയാളികളും, വിശേഷിച്ച് പ്രവാസികളായ ആരോഗ്യ പ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തെിലെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പല വീഡിയോകളിലും, ശബ്ദ സന്ദേശങ്ങളിലും വടക്കേ ഇന്ത്യയിലെ നേരനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഡല്‍ഹിയിലും, മുംബയിലും മറ്റ് വടക്കേ ഇന്ത്യയിലെ മഹാ നഗരങ്ങളിലെ ദയനീയ അവസ്ഥ സ്വന്തം നാട്ടില്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഓരോരുത്തരും അവരുടെ കഴിവിന്‍റെ പരമാവധി ശ്രമം നടത്തുന്നുണ്ട്. സ്വന്തം വീടുകളിലുള്ളവരോട് ഫോണുകള്‍ വിളിച്ച് വിവരിക്കുന്നു.  

സാമൂഹ്യ മാധ്യമ വിലക്ക്

കോവിഡ് സ്ഥിതി ക്കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാല്‍ വലിയ പരാജയമായിരുന്നു എന്നത് വ്യാപക ചര്‍ച്ചാ വിഷയമാണ്. കര്‍ഷക സമരം മുതല്‍ അതി രൂക്ഷമായ പ്രതിരോധ ശബ്ദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സ്അപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തുകള്‍ എഴുതി. പല തവണയാണ് സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ കത്തുകള്‍ അയച്ചത്.  

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പല സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന സംഭവം തുടര്‍ച്ചയായി സംഭവിക്കുന്നുണ്ട്. പ്രമുഖരായ പലരുടെ സര്‍ക്കാരിനേയും, പ്രധാനമന്ത്രിയേയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നീക്കം ചെയ്തിരുന്നു. ഡല്‍ഹിയെ പോലെ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഉത്തര്‍ പ്രദേശിലെ വിലക്ക് കൗതുകകരമാണ്. ഓക്സിജന്‍ ക്ഷാമം ഉത്തര്‍ പ്രദേശില്‍ ഉണ്ടെന്ന് പറയുന്നവരുടെ സ്വത്ത് കണ്ട് കെട്ടുമെന്നാണ് മുഖ്യമന്ത്രി യോഗി ആധിത്യനാഥ് ഭീഷണി മുഴക്കുന്നത്. 

ഏറ്റവും ഒടുവിലായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച 'റിസൈന്‍ മോദി' എന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് കാമ്പയിന്‍ ശക്തി പ്രാപിച്ചു. ഫേസ്ബുക്ക് ഇത് വിലക്കിയത് വലിയ പ്രതിഷേധത്തിനാണ് ഇട നല്‍കിയത്. വിലക്കിയതില്‍ വിശദീകരണവുമായി അവര്‍ക്ക് വരേണ്ടി വന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും, ഹാഷ്ടാഗ് ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും ഫേസ്ബുക്ക് വിശദീകരിക്കുന്നു. ഹാഷ്ടാഗ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പുനസ്ഥാപിച്ചു എന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഹോം ഐസലോഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഭക്ഷണവും മരുന്നുകളും മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളുമാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. 

കോവിഡ് ബാധിച്ച വ്യക്തി കഴിയുന്ന മുറി നന്നായി വായുസഞ്ചാരമുള്ളതും എല്ലാ ജാലകങ്ങളും തുറന്നിട്ടതുമാകണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല രോഗികള്‍ എല്ലായ്പ്പോഴും ട്രിപ്പിള്‍-ലെയര്‍ മെഡിക്കല്‍ മാസ്ക്ക് ഉപയോഗിക്കണം. രോഗികള്‍ക്ക് താപനില, ഹൃദയമിടിപ്പ്, ഓക്സിജന്‍, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ പരിശോധിക്കുകയും, കൂടുതല്‍ ശ്രദ്ധ ഇങ്ങനെയുള്ള വ്യക്തികളില്‍ കൊടുക്കുകയും വേണം. ചൂടുള്ള വെള്ള ധാരാളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രായമായ രോഗികള്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം, കരള്‍, വൃക്കരോഗം, സെറിബ്രോ-വാസ്കുലര്‍ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരെ ശരിയായി നിരീക്ഷിച്ച ശേഷം മാത്രമേ മെഡിക്കല്‍ ഓഫീസര്‍ വീട്ടിലുള്ള ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കാവൂ.

കേരളത്തില്‍ നിന്നുള്ള താക്കീത് 

ഇത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. കാര്‍ട്ടൂണിസ്റ്റ് അനില്‍ വേഗ തനിക്കുണ്ടായ അനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഒരു താക്കീതായി കാണേണ്ടതുണ്ട്. ഒരു വല്ലാത്ത ദുഖകഥയാണ് പറയുന്നത്. എന്‍റെ മൂത്ത അപ്പച്ചിയും ഇളയ അപ്പച്ചിയും എന്‍റെ അമ്മയും ചേര്‍ന്ന് മൂന്നു വൃദ്ധകള്‍  മൂത്ത അപ്പച്ചിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. മൂത്ത അപ്പച്ചി അടുത്തകാലത്തു ഒന്നു വീണു വയ്യാതായി. കഴിഞ്ഞ മാസം കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മാസം 20000 രൂപ അടച്ച് ഹോംനേഴ്സിനെ നിര്‍ത്തിയിരുന്നു. പാമ്പാടിയില്‍ ഉള്ള ഒരു സഹോദരിയെ കോവിഡ് ടെസ്റ്റുകള്‍ നടത്താതെ ഈ മൂന്നു വൃദ്ധകള്‍ താമസിക്കുന്ന വീട്ടിലേക്ക് നഴ്സിങ് സ്ഥാപനം  ഹോംനേഴ്സിനെ വിടുകയായരുന്നു. കഴിഞ്ഞ ആഴ്ച അവര്‍ പനിയുമായി വരികയും ഒപ്പമുള്ള കിടപ്പുരോഗിയായ അപ്പച്ചിയടക്കം പനി ബാധിക്കുകയും ചെയ്തു. പനി ബാധിച്ച് പാമ്പാടി സഹോദരി പോയപ്പോല്‍ പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരു സ്ത്രീയാണ് പകരം വന്നത്. അവര്‍ക്കും വൈകാതെ പനി ബാധിച്ചു. പൊന്‍കുന്നം അരവിന്ദ ഹോസിപിറ്റലില്‍ നിന്നും പരിശോദനയ്ക്കായി മൊബൈല്‍ ടെസ്റ്റ് യൂണിറ്റിനെ ഏര്‍പ്പാടു ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഹോംനേഴ്സ് വെളുപ്പിനെ വീട്ടില്‍ നിന്നും കടന്നുകളഞ്ഞു. അവര്‍ ഏതോ ബസ്സില്‍ കയറി പേരുമ്പാവൂര്‍ക്ക് മുങ്ങിക്കളഞ്ഞു. അവര്‍ പോയത് സ്വകാര്യ ബസ്സിലാണ്. എത്രോ പേര്‍ക്കവര്‍ രോഗം സപ്ലേ ചെയ്താണ് പോയിരിക്കുക.  

അനിലിന് അമ്മയേയും, മൂത്ത അപ്പച്ചിയേയും നഷ്ടമായി. അമ്മയെയും അപ്പച്ചിയെയും അനിലും മകനും അന്നേ ദിവസം രണ്ടു സമയങ്ങളില്‍ പിപിഇ കിറ്റിനുള്ളില്‍ പ്രവേശിക്കുകയും തുടര്‍ച്ചയായി രണ്ടു ദേഹങ്ങള്‍ കത്തിയമരുന്നത് സാക്ഷിയാകേണ്ടി വന്നു. ലോകത്ത് ആര്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തരുതേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന എന്ന് അനില്‍ പറയുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടി എന്ന് നമ്മള്‍ അഹങ്കരിക്കുന്ന കേരളത്തിലെ ഏറ്റവും ആദ്യം സാക്ഷരത നേടിയ കോട്ടയത്താണ് ഈ സംഭവം ഉണ്ടായത്. ഇവിടെ ഒരു കൊച്ചു വീടിനുള്ളില്‍ പറംലോകവുമായി ബന്ധമില്ലാതെ സീരിയലും കണ്ട് പഴയ കഥകളും അയവിറക്കിയ മൂന്നു വൃദ്ധകളില്‍ ഇപ്പോള്‍ ബാക്കിയാകുന്നത് ഒരാള്‍ മാത്രം. ഹോം നേഴ്സിന്‍റെ രൂപത്തില്‍ കാലന്‍ അവരുടെ വീട്ടില്‍ സംഹാര താണ്ഡവം ആടി. അനില്‍ പറയുന്നത് അവര്‍ നിയമനടപടികളിലേക്ക് പോവുകയാണ് എന്നാണ്. 

കോട്ടയത്തെ സ്വകാര്യ ഹോം നഴ്സിങ് സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വമില്ലായ്മയാണ് രണ്ട് പേരുടെ കോവിഡ് മരണത്തിന് കാരണമായത്. കോവിഡ് ടെസ്റ്റ് നടത്താതെ സ്റ്റാഫിനെ നിരാലംബലരായ വൃദ്ധജനങ്ങളെ പരിചരിക്കാന്‍ വിടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കിടപ്പുരോഗികളെ പരിചരണത്തിനായി സ്ഥാപനങ്ങള്‍ വിടുന്ന ഹോം നഴ്സിനു കോവിഡ് ടെസ്റ്റ് നെഗറ്റീവായി സര്‍ട്ടിഫിക്കറ്റുണ്ടോ എന്നു പരിശോധിക്കുക എന്ന മുന്‍ കരുതല്‍ എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ പൊടുന്നവനെ ഇല്ലാതാകും.