പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2021 മെയ് 05
ഓക്സിജന്‍ എത്തി, ഇനി ക്ഷാമം ആരോഗ്യ പ്രര്‍ത്തകര്‍
രാജ്യത്ത് വ്യാപകമായി ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നു എന്ന് പറേയേണ്ട സാഹചര്യങ്ങള്‍ വന്നിരിക്കുന്നു. പല കേന്ദ്രങ്ങളില്‍ നിന്നും ഓക്സിജന്‍ എത്തി തുടങ്ങി. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ മാറ്റിവെച്ച ഓക്സിജനും, വിദേശങ്ങളില്‍ നിന്നുള്ള ഓക്സിജനും ഒരു പരിതി വരെ പ്രശ്നപരിഹാരമായിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നപ്പോള്‍ മ്യതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് വിറകുകള്‍ ലഭിക്കാതായി. വിറക് ക്ഷാമം രൂക്ഷമായ വര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ശ്മശാനങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പണം കെട്ടി സ്വന്തമായി വിറക് കൊണ്ട് പോയി സംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തണം. മതപരമായ ചങ്ങെുകള്‍ പലപ്പോഴും നടക്കുന്നില്ല. വരും ദിവസങ്ങളില്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം നേരിടാന്‍ പോകുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമമായിരിക്കുമെന്ന് പൊതുജന ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സഖി ജോണ്‍ ഓര്‍മ്മപ്പെടുത്തുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലേറെ പേര്‍ രാജ്യത്ത് കോവിഡ് ബാധിതരായിരിക്കുന്നു. ഇതില്‍ ഡോക്ടര്‍മാരും, നേഴ്സുമാരും മറ്റും ഉള്‍പെടും. അവാസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തിരമായി ചികിത്സാ രംഗത്ത് ഇറങ്ങാനുള്ള അംഗീകാരം ഉടന്‍ കൊടുക്കണമെന്ന് ഡോക്ടര്‍ സഖി ജോണ്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് ഫലം കണ്ടു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ മെഡിക്കല്‍, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും നാല് മാസത്തേയ്ക്ക് മാറ്റി വെയ്ക്കുകയും, അവരോട് കോവിഡ് പ്രതിരോധ രംഗത്ത് ഇറങ്ങണമെന്ന് ഉത്തരവും ഇറക്കി. രോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടുന്നത് അപകടകരമായ സ്ഥിതി ഉണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് കോടതിയെ സമീപിച്ചതെന്നും, കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ സ്വാഗതം ചെയ്യുനെന്നും ഡോക്ടര്‍ സഖി ജോണ്‍ പറഞ്ഞു. രോഗികളുടെ എണ്ണം മാത്രമല്ല, താത്കാലിക ആശുപത്രികള്‍ ഉയരുന്നതോടെ കിടക്കകളുടെ എണ്ണവും കൂടുന്നു. പക്ഷെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നു.
കേന്ദ്ര മന്ത്രിസഭ അഴിച്ചു പണിയുന്നു
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മുന്നണിക്കും കനത്ത തിരിച്ചടി നേരിട്ടതിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ദേശിയ നേത്യത്ത്യം അഴിച്ച് പണിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭയില്‍ വലിയ അഴിച്ച് പണിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതുപോലെ തന്നെ പാര്‍ട്ടിയുടെ ദേശീയ നേത്യത്ത്വത്തിലും അഴിച്ച് പണി നടക്കും. നിലവിലെ പല കേന്ദ്ര നേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാനം ഒഴിയേണ്ടതായി വരും. കേരളത്തിലെ മുതിര്‍ന്ന ചില നേതാക്കള്‍ പരാജയത്തിന് കാരണമായ കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും, സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും പരാതി സമര്‍പ്പിച്ച് കഴിഞ്ഞു. കേരളത്തിലെ അച്ചടി ദ്യശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പും കേന്ദ്ര നേത്യത്ത്വത്തിന് സമര്‍പ്പിച്ച പരാതിയില്‍ വെച്ചിട്ടുണ്ട്. സമാനമായി ബംഗാളിലെ ബിജെപി ഘടകത്തിനെതിരേയും ചില ആദ്യകാല നേതാക്കള്‍ ദേശീയ നേത്യത്ത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ കൂട്ടായ്മകള്‍
കോവിഡ് രോഗികളെ സഹായിക്കുന്ന മലയാളി കൂട്ടായ്മ ദേശീയ ശ്രദ്ധ നേടുന്നു. ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്റ്റീവ്, ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്റ്റീവ് ഇന്ത്യ, ജനസാംസ്ക്യതിയുടെ കോവിഡ് കെയര്‍, ഡല്‍ഹി മലയാളി അസോസിയഷന്‍റെ കോവിഡ് ടാസ്ക്ക് ഫോഴ്സ്, അയ്മയുടെ ക്യൂആര്‍ടി തുടങ്ങി പന്ത്രണ്ടോളം കൂട്ടായ്മകള്‍ ഡല്‍ഹിയില്‍ സജീവമാണ്.
ആരോഗ്യ പ്രവര്‍ത്തകരായ മലയാളികള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നു എന്നുള്ളത് ഇത്തരം കൂട്ടായ്മകളുടെ ഒരു ശക്തിയാണ്. ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകര്‍ വ്യത്യസ്ത വാട്സ്ആപ്പ് കൂട്ടായ്മകളില്‍ അംഗമായത് കൊണ്ട് അവരുടെ ആശുപത്രികളില്‍ ഉണ്ടാകുന്നു ഒഴിവുകളും, മറ്റു സാഹചര്യങ്ങളും ഉടനെതന്നെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കും എന്നുള്ളത് വലിയ നേട്ടമായി തന്നെ കാണണം. മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മയില്‍ മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹായം നല്‍കുന്നു. സഹായം നല്‍കുന്ന സംഘടനയിലെ അംഗമാണോ എന്നത് പരിഗണിക്കാതെ എല്ലാവര്‍ക്കും സഹായം നല്‍കി വ്യത്യസ്ഥരാകുകയാണ് മലയാളി കൂട്ടായ്മകള്‍. വ്യത്യസ്തമായ കൂട്ടായ്മകളുടെ സഹായത്താല്‍ ആയിരക്കണക്കിനാളുകളാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആശുപത്രിയില്‍ പ്രവേശനം അഭ്യര്‍ത്ഥിക്കുന്നവര്‍, ഓക്സിജന്‍ ലഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നവര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അഭ്യര്‍ത്ഥിക്കുന്നവര്‍, മരുന്ന് സംഘടിപ്പിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നവര്‍, ആംബുലന്‍സ് ആവശ്യപ്പെടുന്നവര്‍ തുടങ്ങി പലര്‍ക്കും പല തരം ആവശ്യങ്ങളാണ്. നൂറുകണക്കിന് സഹായ അഭ്യര്‍ത്ഥനകള്‍ വിവിധ ഗ്രൂപ്പുകളില്‍ ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത് അതിന് തെളിവാണ്. കോവിഡ് ബാധിതനായി മരണപ്പെടുന്ന വ്യക്തിയുടെ കുടുംബാംഗങ്ങള്‍, അവരുടെ പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നത് പല ഗ്രൂപ്പുകളിലും കാണാന്‍ സാധിക്കും. കുടുംബക്കാരുടെ സാന്നിധ്യമില്ലാതെ എത്രയോ മൃതദേഹങ്ങളാണ് ഡല്‍ഹിയില്‍ സംസ്കരിക്കപ്പെടുന്നത്. അവരുടെ കുടുംബാംഗങ്ങളും കോവിഡ് ചികിത്സയില്‍ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാമ്പത്തിക നേട്ടം മുന്നില്‍ കാണാതെ സമൂഹ്യ സേവനത്തിനായി ഇറങ്ങിത്തിരിച്ച മലയാളികളുടെ കൂട്ടായ്മ ഇപ്പോള്‍ രാജ്യതലസ്ഥാനത്തെ ഒരു പ്രധാന ചര്‍ച്ച വിഷയം തന്നെയാണ്.
കൂട്ടായ്മകളില്‍ ഇല്ലാത്തവര്‍
ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള എത്രയോ മലയാളികളാണ് ഡല്‍ഹിയില്‍ ഉള്ളത്. അവരില്‍ പലരും ഒരു കൂട്ടായ്മയിലും പങ്കു ചേരാന്‍ തയ്യാറാകാതെ സ്വയം ഉള്‍വലിഞ്ഞ് സമൂഹത്തിലെ കൂട്ടായ്മകളെ അവക്ജ്ഞയോടെ കണ്ടവരാണ്. ഏതൊരു സംഘടനയില്‍ നിന്നും പുറം തിരിഞ്ഞുനില്‍ക്കുന്ന ഒട്ടേറെപ്പേരെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാണുവാന്‍ സാധിക്കും. കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചതും ഇവരൊക്കെ തന്നെയാണെന്ന് ഇപ്പോള്‍ അപ്പോള്‍ വളരെ വ്യക്തമായി എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. എത്ര പണം ഉണ്ടായാലും ഒരു ആശുപത്രിയില്‍ പ്രവേശനം ലഭിക്കുന്ന ബുദ്ധിമുട്ടുകളാണ് അതില്‍ ഏറ്റവും പ്രധാനം. ഓക്സിജനായി, മരുന്നുകള്‍ ലഭിക്കുന്നതിനായി, ആശുപത്രിയില്‍ എത്തിക്കുന്നതിനായി സമൂഹവുമായി ഒരു ബന്ധവും ഇല്ലാത്തതിനാല്‍ മാത്രം കഷ്ടപ്പെട്ട് ഒട്ടേറെപ്പേര്‍ വിവിധ സംഘടനാ ഭാരവാഹികളോട് ദയനീയമായി വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത നാലോളം മലയാളി കുടുംബങ്ങളില്‍ മരണം സംഭവിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് അവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥിച്ച് ബന്ധുമിത്രാധികള്‍ വിളിച്ചത് ഇപ്പോള്‍ സംസാരമാണ്. ജീവിതത്തില്‍ എല്ലാം പണംകൊണ്ട് നേടാം എന്ന് വിചാരിച്ചിരുന്നവര്‍ക്ക് ഒരു തിരിച്ചറിവായി ഈ കോവിഡ് കാലം.
ഓക്സിജന്‍ ലങ്കാറും, കേന്ദ്ര സര്‍ക്കാരിന്‍റെ പക്ഷപാദവും
വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണുന്ന ഒന്നാണ് ഗുരുദ്വാരകള്‍. സിഖ് സമുദായ അംഗങ്ങളുടെ ആരാധനാ കേന്ദ്രമാണ് ഗുരുദ്വാരകള്‍. അവിടെ നടക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്യകയാണ്. കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ വിശക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണമാണ് അവര്‍ നല്‍കിയത്. സൗജന്യ ഭക്ഷണം നല്‍കുന്നതിനെ അവര്‍ ലങ്കാര്‍ എന്നാണ് പറയാറ്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ അവര്‍ ഗുരുദ്വാരയില്‍ ഭക്ഷണം മാത്രമല്ല സമൂഹത്തിന് സൗജന്യമായി നല്‍കിയത്. ജീവവായുവായ ഓക്സിജന്‍ കോവിഡ് രോഗികള്‍ക്ക് അവര്‍ നല്‍കി. ഓക്സിജന്‍ ലങ്കാര്‍ ഗുരുദ്വാരകളില്‍ നല്‍കുക വഴി കോവിഡ് പ്രതിരോധത്തില്‍ ഈ പ്രവര്‍ത്തി ലോക ശ്രദ്ധേ നേടിയിരിക്കുകയാണ്. ജീവവായുവായ ഓക്സിജന് വേണ്ടിയുള്ള പരക്കം പാച്ചില്‍ ഡല്‍ഹിയിലെ എല്ലാ തെരുവുകളിലും കാണാം. ആദ്യ കോവിഡ് തരംഗത്തില്‍ നിന്ന് വ്യത്യസ്ഥമായി ഓക്സിജന്‍ നില താഴ്ന്നാണ് പലരും മരണമടയുന്നത്. ഓക്സിജന്‍ നില താഴുന്നത് പിടിച്ചു നിര്‍ത്തുന്നതിന്, ഓക്സിജന്‍ കുഴല്‍വഴി നല്‍കുക മാത്രമേ പോംവഴിയുള്ളൂ. സാഹചര്യം വളരെ ഗൗരവമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വളരെ പക്ഷപാദമായിട്ടാണ് ഓക്സിജന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങളോട് കാണിക്കുന്നത്. ഡല്‍ഹി ആവശ്യപ്പെട്ടത് 700 മെട്രിക്ക് ടണ്‍ ഓക്സിജനായിരുന്നു. പക്ഷെ ലഭിച്ചത് 490. ഗുജറാത്തിന് 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 975 മെട്രിക്ക് ടണ്‍. ഉത്തര്‍ പ്രദേശ് 800 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 753 മെട്രിക്ക് ടണ്‍. മധ്യപ്രദേശ് ആവശ്യപ്പെട്ടത് 445 മെട്രിക്ക് ടണ്‍. പക്ഷെ ലഭിച്ചത് 543 മെട്രിക്ക് ടണ്‍. തമിഴ്നാട് 200 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ 220 മെട്രിക്ക് ടണ്‍ നല്‍കി. രാജസ്ഥാന്‍ 205 മെട്രിക്ക് ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ അത്ര തന്നെ നല്‍കി. ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരണം വരിച്ചവരുടെ കൊലപാതകത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്ന വിമര്‍ശനം വ്യാപകമാണ്.

