ആദരാഞ്ജലികളും, പ്രണാമവും ഡിജിറ്റലായി...!

കോവിഡ് കെയര്‍ ഐ.സി.യു 14

ആദരാഞ്ജലികളും, പ്രണാമവും ഡിജിറ്റലായി...!

സുധീര്‍ നാഥ്  


ഇന്ത്യ ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് കുതിക്കുന്നു. ദിവസവും എത്ര, എത്ര ആദരാഞ്ജലികളും, പ്രണാമവും മലയാളി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി വിടുന്നു. ഡിജിറ്റല്‍ യുഗത്തില്‍ മലയാളികളുടെ സുഖ ദുഃഖങ്ങളിലെല്ലാം എത്ര ഇമോജികളാണ് പങ്കുവെയ്ക്കുന്നത്. അടുത്തിടെ ഡല്‍ഹിയില്‍ അറിയപ്പെടുന്ന ഒരു ചെണ്ട കലാകാരന്‍ വൈകുന്നേരം അന്തരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ദുഃഖത്തിന്‍റെ സന്ദേശ പെരുമഴ തന്നെ ഉണ്ടായി. മരണപ്പെട്ട കലാകാരന്‍റെ സുഹ്യത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് കലാകാരന്‍മാര്‍, ഒരേ കോളനിയിലെ താമസക്കാര്‍ തുടങ്ങി പ്രവാസി കൂട്ടായ്മകളുടെ ഗ്രൂപ്പുകള്‍ എന്നു വേണ്ട എല്ലായിടത്തും ഡിജിറ്റല്‍ ദുഃഖം തളം കെട്ടി. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്‍റെ ചലനമറ്റ ശരീരം ഏറ്റെടുക്കാന്‍ സുഹ്യത്തുക്കളും, ആരാധകരും പോട്ടെ. ബന്ധുജനങ്ങളില്‍ നിന്ന് ഒരാളും വന്നില്ല. സംസ്ക്കാര ചടങ്ങിലും ആരും എത്തിയില്ല. മ്യതശരീരം ഏറ്റെടുത്ത് സംസ്ക്കരിച്ചതും, ചിതാഭസ്മം സ്വീകരിച്ചതും, ഗംഗയില്‍ ഒഴുക്കിയതും സത്യപാലിന്‍റേയും, സുശീലന്‍റെയും നേത്യത്ത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മിക്കവാറും രോഗികള്‍ക്ക് ഓക്സിജന്‍ ആവശ്യമായിരുന്നു. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സൗജന്യമായി രോഗികള്‍ക്ക് നല്‍കി ജീവന്‍ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ ചില എന്‍.ജി.ഒകള്‍ മുന്നോട്ട് വന്നു. ഡി.എം.സി.ഐ. എന്ന എന്‍ജിയോയുടെ കോണ്‍സണ്‍ട്രേറ്റര്‍ വിതരണത്തിന് നേത്യത്ത്വം നല്‍കുന്ന ഡോക്ടര്‍ സഖി ജോണ്‍ വീഡിയോ കോളിലൂടെയാണ് കോവിഡ് രോഗികളുടെ സഹായികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഓക്സിജന്‍ മാസ്ക്ക് എങ്ങനെ രോഗിയുടെ മുഖത്ത് വെയ്ക്കണമെന്ന് വിശദ്ധീകരിക്കുന്ന അവസരത്തില്‍ വീഡിയോ കോളിലൂടെ കണ്ട ഞ്ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ അദ്ദേഹം പങ്ക് വെച്ചു. പിതാവിന്‍റെ അടുത്ത് പോകാത്ത മകന്‍, ഭാര്യയെ ദൂരെ നിന്ന് മാസ്ക്ക് ധരിക്കാന്‍ ഉപദേശിക്കുന്ന ഭര്‍ത്താവ്, തളര്‍ന്ന കോവിഡ് രോഗിയായ മാതാവിനോട് മാസ്ക്ക് ശരിയായി വെയ്ക്കാന്‍ ആക്രോശിക്കുന്ന മകന്‍... എല്ലാം ഡിജിറ്റലായി കാണേണ്ടി വന്ന ദുഃഖവും, അതിന്‍റെ രോക്ഷവും ഡോക്ടര്‍ സഖി ജോണ്‍ പങ്കുവെച്ചു.

ചിത്രം: ഡല്‍ഹിയിലെ ജിടിബി ആശുപത്രിയിലെ താത്കാലിക ഐ.സി.യുവില്‍ ഓക്സിജന്‍ സ്വീകരിക്കുന്ന മലയാളി യുവാവ് വിവേക് നായര്‍. ഫോട്ടോ എടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അന്തരിച്ചു.