കെട്ട കാലത്തുള്ള കൊള്ളയും തട്ടിപ്പും

കോവിഡ് കെയര്‍ ഐ.സി.യു 09

കെട്ട കാലത്തുള്ള കൊള്ളയും തട്ടിപ്പും

സുധീര്‍ നാഥ് 

കോവിഡിന്‍റെ ആദ്യ വരവില്‍ രാജ്യത്താകമാനം സാനിറ്റയ്സര്‍, മാസ്ക്ക് എന്നിവ നിലവാരമില്ലാതെ വിപണിയില്‍ ഉണ്ടായിരുന്നു. വ്യാജമായി ഇതൊക്കെ വലിയ അളവിലാണ് നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടത്. കൊറോണ വൈറസ് പരക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആദ്യ തരംഗ സമയത്ത് സര്‍ക്കാര്‍ തെര്‍മ്മല്‍ സ്ക്കാനര്‍ വഴി മനുഷ്യ ശരീരത്തിന്‍റെ ഊഷ്മാവ് പരിശോധിക്കുന്ന നടപടിയാണ് എടുത്തത്. വടക്കേ ഇന്ത്യയിലെ താപനില പലപ്പോഴും 48 ഡിഗ്രിയില്‍ മുകളിലായിരിക്കുന്ന സാഹചര്യമായിരിക്കും മെയ് മുതല്‍ ആഗസ്റ്റ് വരെ. ഡല്‍ഹി വിപണിയില്‍ ഒരു ഡസനിലേറെ ബ്രാന്‍റുകളില്‍ തെര്‍മ്മോ മീറ്ററുകളാണ് വിപണിയിലുണ്ടായിരുന്നത്. ഒരാളുടെ താപനില പല കണക്കുകളില്‍ കാണിക്കുന്നു എന്നത് കൊണ്ട് വ്യാജന്‍മാര്‍ അവിടേയും ഉണ്ടെന്ന് മനസിലാക്കാം. വിപണിയിലെ വിലയില്‍ തന്നെയാണ് വ്യാജനും വിറ്റിരുന്നത് എന്നതാണ് അന്ന് നടന്നത്. 

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ സംഭവിച്ചിരിക്കുന്ന മറ്റൊരു ദുരന്തം വ്യാപകമായി നടക്കുന്ന കരിച്ചന്ത, കൊള്ള, തട്ടിപ്പ് എന്നിവയാണ്. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട് മരണമടയുന്ന രോഗികളുടെ ക്കൈവശമുള്ള വിലപിടിപ്പുള്ള പല വസ്തുക്കളും മോഷ്ടിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹിയിലെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിലകൂടിയ മരുന്നുകളും, പണം, മൊബൈല്‍ തുടങ്ങി പലതും നഷ്ടപ്പെടുന്നു. ഡല്‍ഹിയില്‍ ഇത്തരം മോഷണം നടത്തിയ പത്തോളം പേര്‍ വിവിധ ഇടങ്ങളില്‍ നിന്ന് പോലീസ് പിടിയിലായിട്ടുണ്ട്.

ജീവവായു ആയ ഓക്സിജന്‍ നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സായി പകുതി പണം ഡിജിറ്റലായി വാങ്ങി അപ്രത്യക്ഷരായവര്‍ ഡല്‍ഹിയില്‍ ഡസന്‍ കണക്കിനാണ്. കോവിഡ് രോഗികള്‍ക്കായുള്ള അത്യാവശ്യ മരുന്നുകള്‍ പലമടങ്ങ് കൂട്ടി വില്‍പ്പന നടത്തുന്നത് പരസ്യമായാണ്. എന്തിനേറെ, വീട്ടില്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ പണം നല്‍കി കമ്പളിപ്പിക്കപ്പെട്ടവര്‍ എത്രയെന്നോ...? സൗജന്യമായി ഓക്സിജന്‍ സിലിന്‍ഡറും, കോണ്‍സെട്രേറ്ററും, മരുന്നും നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലുണ്ട്. കോവിഡ് രോഗിയായെന്നും, ഓക്സിജന്‍ താഴുന്നതായും, മറ്റും പറഞ്ഞ് എന്‍.ജി.യോയുടെ സഹായത്തിനായി സമീപിച്ച് സൗജന്യം പറ്റി മുങ്ങുന്നവരുണ്ട്. ഓക്സിജന്‍ സിലിന്‍ഡറുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട് എന്നതിനാല്‍ കരിഞ്ചന്തയില്‍ വലിയ തുകയാണ് ഓരോന്നിനും. ഓക്സിജന്‍ കോണ്‍വെഡ്രേറ്ററിന് ഒന്നര ലക്ഷം രൂപ വരെയുണ്ട്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീകരതയെ മുതലെടുത്ത് ലക്ഷാധിപതികളാകുന്നവരെ കുറിച്ച് എന്ത് പറയാന്‍...?

ചിത്രം: ഡല്‍ഹിയില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ സ്വന്തമാക്കാന്‍ തിക്കി തിരക്കുന്നവര്‍.