കോവിഡിനെ പ്രതിരോധിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങള്‍...

കോവിഡിനെ പ്രതിരോധിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങള്‍...

വിജയ് ചൗക്ക് @ 95 @ മെട്രോ വാര്‍ത്ത: മെയ് 29

സുധീര്‍നാഥ്  

ലോകം മുഴുവന്‍ തരിച്ചു നിന്ന നിമിഷങ്ങളായിരുന്നു കോറോണ വൈറസിന്‍റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത നിമിഷങ്ങള്‍ മുതല്‍. വൈദ്യ ശാസ്ത്രം കൊറോണ വൈറസ് വ്യാപനത്ത തടയാന്‍ പല മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. സാമൂഹ്യ അകലവും, മാസ്ക്കും, സാനിറ്റയ്സറും അതില്‍ അതിപ്രധാനമാണെന്ന് തുടക്കം മുതല്‍ പറയുന്നത് ഇന്നും തുടരുന്നു എന്നത് ഈ പ്രതിരോധ മാര്‍ഗത്തിന്‍റെ വിജയമായി തന്നെ കാണേണ്ടിയിരിക്കുന്നു. ലോകരാജ്യങ്ങളെല്ലാം കര്‍ഫ്യൂവും, ലോക്ക് ഡൗണും പ്രഖ്യാപിച്ചതും പ്രതിരോധത്തിന് മരുന്നുകള്‍ കണ്ടെത്തും മുന്‍പാണ്. പക്ഷെ ഇപ്പോഴും ഈ മാര്‍ഗങ്ങള്‍ ലോകമെങ്ങും പ്രയോഗിക്കുന്നു. കോവിഡിനെ ഇല്ലായ്മ ചെയ്യാന്‍ ഒരു മരുന്നും ഇനിയും കണ്ടെത്തിയില്ല എന്നതും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്.

കോവിഡ് പ്രതിരോധിക്കുന്നതിന് വേണ്ടി ഒട്ടേറെ മരുന്നുകള്‍ ലോകത്തുള്ള എല്ലാ  ഡോക്ടര്‍മാരും പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികളെ രക്ഷിക്കാന്‍ കൊടുക്കുന്ന പല മരുന്നുകളും മറ്റ് രോഗങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടതാണ്. അങ്ങനെയുള്ള മരുന്നുകള്‍ ജീവന്‍ രക്ഷിക്കാന്‍ നല്‍കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. മലേറിയ പിടിപെടുന്ന രോഗികള്‍ക്ക് കൊടുക്കുന്ന ഹൈഡോക്സിക്ളോറോക്വീന്‍ എന്ന മരുന്ന് ആദ്യകാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധരംഗത്ത് അത് കുറേ രോഗികളില്‍ വിജയകരമായിരുന്നു എന്നുള്ളത് സത്യമാണ്. ഈ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്ന് പിന്നീട് കണ്ടെത്തി. ഈ മരുന്നിന്‍റെ ഉപയോഗം മൂലം ചില രോഗികളുടെ വ്യക്കപോലുള്ള അവയവങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായി പിന്നീട് കണ്ടെത്തിയതോടു കൂടി മരുന്നിന്‍റെ ഉപയോഗം ഇപ്പോള്‍ ഗണ്യമായി കുറച്ചിരിക്കയാണ്.

വൈദ്യ ശാസ്ത്ര രംഗത്ത് ഒട്ടേറെ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസുകളുടെ അക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍  ഒട്ടേറെ ആന്‍റി വൈറസുകള്‍ കണ്ടു പിടിച്ചിട്ടുണ്ട്. വൈറസുകളുടെ ശക്തി കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒട്ടേറെ മരുന്നുകള്‍ക്ക് വൈദ്യ ശാസ്ത്രം അംഗീകാരം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പിടിപെട്ട രോഗികളില്‍ മറ്റു വൈറസുകള്‍ക്ക് എതിരെ ഉപയോഗിക്കുന്ന പല മരുന്നുകളും പ്രയോഗിച്ചു വരുന്നതായി കാണുവാന്‍ സാധിക്കും. കൊറോണ വൈറസുകളെ തകര്‍ക്കുവാന്‍ ഇതിന് പല അവസരത്തിലും സാധിക്കുന്നു എന്നതും  കാണുവാന്‍ സാധിക്കും.

ഇപ്പോള്‍ കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മരുന്നാണ് റംഡിസീവര്‍. ഈ മരുന്നിന് മാത്രമാണ് വൈദ്യ ശാസ്ത്രം കോവിഡ് രോഗികള്‍ക്ക് നല്‍കാമെന്ന് ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടുള്ളത്. പല തരത്തിലുള്ള വൈറല്‍ രോഗ പ്രതിരോധത്തിന് നല്‍കിയിരുന്ന മരുന്നാണിത്. പക്ഷേ, പൂര്‍ണ്ണമായും കോവിഡിന് പ്രതിരോധമാണ് ഈ മരുന്ന് എന്ന് തറപ്പിച്ച് പറയാറായിട്ടില്ല. കോവിഡ് രോഗികള്‍ പലരും ഈ മരുന്ന് കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയെന്നതാണ് ആശ്വാസം.

കോവിഡ് രോഗം വന്നവരില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം രോഗികളില്‍ രക്തം നേര്‍പ്പിക്കുന്ന ആസ്പിരിന്‍ നല്‍കാറുണ്ട്. ഹ്യദയവുമായി ബന്ധപ്പെട്ട ചികിത്സയില്‍ രോഗങ്ങള്‍ക്ക് വര്‍ഷങ്ങളായി നല്‍കി വരുന്ന മരുന്നാണെങ്കിലും കോവിഡ് രോഗികളിലും ഇത് നല്‍കുന്നു.

പ്ലാസ്മാ ചികിത്സ ഫലപ്രദമായി ആദ്യ കോവിഡ് തരംഗത്തില്‍ കണ്ടിരുന്നു. കോവിഡ് രോഗം സുഖപ്പെട്ട രോഗികളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ മാത്രം എടുത്ത് കോവിഡ് രോഗികളില്‍ നല്‍കുന്നതായിരുന്നു ഇത്. കോവിഡ് ബാധിതനായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള പ്രമുരായ കോവിഡ് ബാധിതരുള്‍പ്പടെ വിജയകരമായി നടപ്പാക്കിയിരുന്നു. ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് പോലും തുറന്നിരുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമായില്ല. അത് കൊണ്ട് തന്നെ ഇത് കോവിഡ് ചികിത്സാ മാര്‍ഗങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പക്ഷെ, ഇപ്പോഴും ചില രോഗികളില്‍ പ്ലാസ്മാ ചികിത്സ ഇപ്പോഴും നടത്തുന്നുണ്ട്.

രണ്ടുതരം വൈറസുകളാണ് സാധാരണഗതിയില്‍ ലോകത്ത് കണ്ടുവരുന്നത്. ആര്‍.എന്‍.എയും, ഡി.എന്‍.എയും വിഭാഗത്തില്‍പെട്ട വൈറസുകളാണ് പ്രധാനപ്പെട്ടവ. ഇത് കൂടാതെ ഒട്ടേറെ വൈറസുകള്‍ ഉണ്ട്. കൊറോണ വൈറസ് ആര്‍.എന്‍.എ. വിഭാഗത്തില്‍ പെട്ട വൈറസാണ്. കോവിഡ് പിടിപെട്ട രോഗികളില്‍ ആദ്യപടിയായി സ്വാഭാവികമാണ് പനിയാണ് ഉണ്ടാകുക. പനി കുറയ്ക്കുക എന്നതാണ് ആദ്യ നടപടി. പാരസെറ്റമോളും, ഡോളോയും, ക്രോസിനും ഇപ്പോള്‍ വ്യാപകമായി ഇതിനായി ഉപയോഗിക്കുന്നത്. പനിയോടൊപ്പം ചുമയും ഉണ്ടാകുന്നത് വൈറസിന്‍റെ വ്യാപനത്തിന്‍റെ തോത് കൂടുതലായതിന്‍റെ ലക്ഷണമാണ്. ചുമ കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടി രോഗികളില്‍ ഇന്‍ഹൈലറും, ചുമയ്ക്കുള്ള മരുന്നുകളും നല്‍കും. രോഗികളുടെ പ്രതിരോധ ശേഷി കുറയുന്നതിനാല്‍ മള്‍ട്ടി വൈറ്റമിനുകളും, സിങ്ക് ഗുളികകളും നല്‍കുന്നത് സ്വാഭാവികമാണ്. രോഗ ലക്ഷണങ്ങള്‍ തീവ്യമാകുമ്പാഴാണ് സ്റ്റെറോയിഡ് നല്‍കുന്നത്.

കോവിഡ് രോഗികളുടെ അവസ്ഥ ന്യുമോണിയയിലേയ്ക്ക് കയറുന്നതാണ് ഏറ്റവും വലിയ അപകടം. തുടക്കം മുതല്‍ ഇത് ചികിത്സിച്ചാല്‍ രോഗിയെ രക്ഷപ്പെടുത്താം. അസിത്രോമൈസിന്‍ ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ ന്യുമോണിയ ശക്തമാകാതിരിക്കാന്‍ നല്‍കുന്നു. ഓക്സിജന്‍റെ അളവ് ശരീരത്തില്‍ കുറയുന്നത് അപകടകരമാണ്. ഓക്സിജന്‍ കോണ്‍സണ്‍ഡ്രേറ്ററുകള്‍ ഇപ്പോള്‍ രാജ്യത്താകമാനം വിതരണം നടക്കുന്നത് ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ ഇടയായിട്ടുണ്ട്. ഓക്സിജന്‍റെ അളവ് ഒരു മനുഷ്യനില്‍ ചുരുങ്ങിയത് 94 വേണം. ഓക്സിജന്‍റെ അളവ് 84 വരുന്നത് വരെ കോണ്‍സന്‍ട്രേറ്ററുകള്‍ ഉപകരിക്കും. അതിന് താഴെ വന്നാല്‍ ഐ.സി.യു.വിന്‍റെ പിന്തുണ അനിവാര്യമാണ്. ന്യുമോണിയയുടെ അളവ് കൂടുന്നതനുസരിച്ച് ഓക്സിജന്‍റെ അളവ് കുറയും. ഐ.സി.യുവിന്‍റെ വിവിധ തട്ടുകളിലും രോഗിയുടെ ഓക്സിജന്‍ നില ഉയരാത്ത പക്ഷമാണ് വെന്‍റിലേറ്ററിലേയ്ക്ക് മാറ്റുന്നത്. 

ശാസ്ത്രീയ അടിത്തറ ഇല്ലാതെ ഗോമൂത്രവും, ചാണകവും കോവിഡ് പ്രതിരോധമാണെന്ന് പ്രഖ്യാപിക്കുന്ന ഭരണകര്‍ത്താക്കളും, ജനപ്രതിനിധികളും ഉള്ള നാടാണ് ഇന്ത്യ. ഡല്‍ഹിയില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത് തടുക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല. പാര്‍ലമെന്‍റ് അംഗമായ പ്രഖ്യാ താക്കൂര്‍ തനിക്ക് കോവിഡ് വരാത്തത് ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി പറയുന്നത് രാവിലെ 11 മണിമുതലുള്ള വെയില്‍ കൊണ്ടാല്‍ കൊറോണ വൈറസ് പമ്പ കടക്കും എന്നാണ്. ചില നേതാക്കള്‍ കൊറോണ വൈയറസിനെ ഓടിക്കാന്‍ ഗോ ഗോ കൊറോണ, കൊറോണ ഗോ ഗോ... എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്നുണ്ട്. അംഗീകാരം ലഭിക്കാത്ത പതഞ്ചലിയുടെ കോവിഡിനുള്ള മരുന്ന് പുറത്തിറക്കിയത് നമ്മുടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌ഗിരി, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനുമാണ് എന്നത് വളരെ ദുഃഖരമാണ്.

വൈറസുകളുടെ അക്രമണത്തില്‍ നിന്ന് മനുഷ്യനെ പ്രതിരോധിക്കുന്നതിന് ആയുര്‍വേദത്തിലും, ഹോമിയോയിലും മരുന്നുകള്‍ ഉണ്ട്. ഇതൊക്കെ വൈറസ് പ്രതിരോധം മുന്നില്‍ കണ്ടുള്ള ഒന്നാണ്. കൊറോണ വൈറസിനെ മാത്രം ഉദ്ദേശിച്ചുള്ള ഒന്നല്ല അതൊക്കെ. അര്‍സേനിസം ആല്‍ബും 30 എന്ന ഹോമിയോ മരുന്ന് രാജ്യവ്യാപകമായി കോവിഡ് പ്രതിരോധ മുന്നണി പോരാളികള്‍ക്ക് നല്‍കുന്നുണ്ട്. ഇത് വലിയ പ്രതിരോധമാണെന്ന് വൈദ്യ ശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. വൈറസുകളെ പ്രതിരോധിക്കാന്‍ ഒട്ടേറെ ആയുര്‍വേദ മരുന്നുകളും വിപണിയിലുണ്ട്. പല സര്‍ക്കാരുകളും ഈ പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി തന്നെ നല്‍കുന്നുണ്ട്. 

കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും വാക്സിനുകള്‍ കണ്ടെത്തുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ നിന്ന് വാങ്ങിയ സീഡില്‍ നിന്ന് വിശസിപ്പിച്ച കൊവിഷീല്‍ഡും, ഇന്ത്യയുടെ ഭാരത് ഭയോടെക്ക് നിര്‍മ്മിച്ച കോവാക്സിനും അംഗീകാരം ഒരുമിച്ച് നേടി ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. റഷ്യയുടെ സ്പുട്നിക്ക് ഒരു ഡോസാണെങ്കിലും, ഇന്ത്യയ്ക്ക് നല്‍കുന്നത് രണ്ട് ഡോസുകളുടേതാണ്. അപ്പോളോ ആശുപത്രിയാണ് സ്പുട്നിക്ക് വാക്സിന്‍ വിതരണത്തിന് ഏറ്റെടുത്തിരിക്കുന്നത്. വളരെ താമസിയാതെ ജര്‍മനിയുടെ ബയോണ്‍ടെക്ക് വികസിപ്പിച്ച  ഫൈസര്‍ വാക്സിനും ഇന്ത്യയിലെത്തും. 

ഇന്ത്യയുടെ 138 കോടി ജനങ്ങളില്‍ 4.36 കോടി ജനങ്ങള്‍ മാത്രമാണ് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഒരു ഡോസ് സ്വീകരിച്ചത് 20.3 കോടി മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ 55 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീഇിച്ചാല്‍ മാത്രമേ നമ്മള്‍ അപകട നില തരണം ചെയ്യൂ. ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എല്ലാ ആശുപത്രികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് നിലവിലെ ഓക്സിജന്‍ ശേഖരത്തിന്‍റെ മൂന്നിരട്ടി ശേഖരിച്ച് വെയ്ക്കാാണ്. മൂന്നാം കോവിഡ് തരംഗത്തിന്‍റെ തീവ്യത ഈ ഉത്തരവില്‍ വായിച്ചെടുക്കാം. 

കോവിഡിനെ പ്രതിരോധിക്കുന്ന ഒട്ടേറെ മരുന്നുകള്‍ ഇപ്പോള്‍ എല്ലാ ആശുപത്രികളിലും പരീക്ഷിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. രാജ്യത്തെ തന്നെ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയായ ഡല്‍ഹി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍റ് റിസേര്‍ച്ച് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ കൂടിയായ പ്രൊഫസര്‍ രമേശ് കെ. ഗോയലിന്‍റെ നേതൃത്വത്തില്‍ അഞ്ചോളം മുതിര്‍ന്ന ഫാക്കല്‍റ്റികള്‍ വികസിപ്പിച്ച കോറോ ക്വീല്‍ എന്ന മരുന്ന് ആരോഗ്യ ശാസ്ത്ര രംഗത്ത് ഇപ്പോള്‍ സംസാരമാണ്. മൂന്നാം ഘട്ട പരീക്ഷണം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അമേരിക്കയിലെ മിസൂറി സ്റ്റേറ്റ് സര്‍വ്വകലാശാലയുമായി സഹകരിച്ച് നടത്തിയ പഠനം വിജയമാണെന്ന് പറയാം.   

കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ച മരുന്ന് കണ്ടെത്തിയ ടീമില്‍ കരുന്നാഗപള്ളി സ്വദേശിനിയായ ഡോക്ടര്‍ ജസീല മജീദ് ഉണ്ട് എന്നത് മലയാളിക്ക് അഭിമാനമാണ്. ഡോക്ടര്‍ ജസീല പറയുന്നത് വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആയുര്‍വേദ ഗ്രന്ഥമായ രാസായനത്തില്‍ പരാമര്‍ശിക്കുന്ന മക്കോയി എന്ന ചെടിക്ക് കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായി മുതിര്‍ന്ന ശാസ്ത്രജ്ഞനും, മുന്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സിലറുമായിരുന്ന പ്രൊഫസര്‍ സി. ആര്‍. ബാബു അഭിപ്രായപ്പെട്ടു. അവിടെ നിന്ന് തുടങ്ങിയതാണ് പരീക്ഷണം. ഡല്‍ഹിയിലെ ആരാവല്ലി ബയോ ഡൈവേഴ്സിറ്റി മേഖലയില്‍ നിന്ന് ശേഖരിച്ച മക്കോയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് മറ്റു ചില വൈറസിനെ പ്രതിരോധിക്കുന്ന പഥാര്‍ത്ഥങ്ങളും ചേര്‍ത്ത് കോറോ ക്വീല്‍ എന്ന മരുന്ന് വികസിപ്പിച്ചത്.

കോറോ ക്വീല്‍ ഹെര്‍ബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേത്യത്ത്വത്തില്‍ വികസപ്പിച്ച മരുന്നായതിനാല്‍ ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം നേടേണ്ടതായുണ്ട്. കൊറോണ വൈറസിന്‍റെ വ്യാപനം തടയുവാന്‍ കോറോ ക്വീലിന് സാധിക്കുന്നു എന്നത് തെളിയിക്കപ്പെട്ടതാണെന്ന് ഡോക്ടര്‍ ജസീല പറയുന്നു. കോവിഡ് രോഗികളില്‍ നഷ്ടപ്പെടുന്ന രുചിയും മണവും വളരെ വേഗം തിരികെ ലഭിക്കുന്നതായും തെളിയിക്കപ്പെട്ടു. മൈല്‍ഡ് ആന്‍റ് മോഡറേറ്റ് രോഗികളില്‍ മാത്രമാണ് ഈ മരുന്ന് വിജയിച്ചതായി കണ്ടത്. കോവിഡ് രോഗം തീവ്രമായ രോഗികള്‍ക്ക് നല്‍കാന്‍ മരുന്ന് വികസിപ്പിക്കുന്ന തിരക്കിലാണ് ഈ രംഗത്തെ ഗവേഷകര്‍. ഇത്തരം പല മരുന്ന് പരീക്ഷണവും ലോകത്തെല്ലായിടത്തും നടക്കുന്നു. അത് മനുഷ്യ ജീവന്‍റെ രക്ഷയ്ക്കായി ഏറെ താമസിയാതെ എത്തും എന്ന പ്രതീക്ഷയിലാണ് ലോകം.

ഫോട്ടോ: ഡോക്ടര്‍ ജസീല മജീദ് കോവിഡ് ഗവേഷണത്തിനിടയില്‍ ഡല്‍ഹി ഫാര്‍മസ്റ്റ്യൂട്ടിക്കല്‍ സയന്‍സ് ആന്‍റ് റിസേര്‍ച്ച് സര്‍വ്വകലാശാല ഓഫീസില്‍.