എഴുപത്തഞ്ചിന്‍റെ നിറവിലെ സച്ചി മാഷ്
സുധീര്‍ നാഥ്
എഴുപത്തഞ്ചില്‍
വളവൊക്കയും നിവരുന്നു,
മുള പൂത്തത് പോലെ
ചുളിയും തൊലിയുടെ
യടിയില്‍ നിന്നും മെല്ലെ
വാക്കുകളുയരുന്നു:
മലയാളികളുടെ പ്രിയ കവി പ്രൊഫസര്‍ കെ. സച്ചിദാനന്ദന്‍ എഴുപത്തഞ്ച് വയസ് പൂര്‍ത്തിയാക്കുന്നു. കവി ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ച കാലത്തൊക്കെയും ആശങ്കകളായിരുന്നു കവിതകളില്‍ കൂടുതല്‍ പങ്ക് വെച്ചിട്ടുള്ളത്. ഭാവിയുടെ പ്രത്യാശ സ്വപ്നം കണ്ട് പല അവസരങ്ങളിലും കവി ആശ്വാസം കാണാറുമുണ്ട്. കോവിഡ് എന്ന മഹാമാരി വഴി പ്രപഞ്ചം തന്നെ മനുഷ്യന്‍റെ പ്രക്യതിയോടുള്ള ക്രൂരതയ്ക്കും, പരസ്പരമുള്ള വിദ്വേഷത്തേയും തിരുത്താന്‍ ശ്രമിക്കുമ്പോള്‍ ലക്ഷദ്വീപിനെ കാശ്മീരാക്കുന്നതും, കര്‍ഷകരെ ചവുട്ടി മെതിക്കുന്നതും ആശങ്കയ്ക്ക് ഇട നല്‍കുന്നുണ്ട്.
45 വയസ് തുടങ്ങി യോഗ ദിവസേന ചെയ്യുന്നു. മന്ത്രങ്ങളൊക്കെ ചെല്ലുന്ന പതിവില്ലെങ്കിലും യോഗയിലെ വ്യായാമം ചെയ്യാറുണ്ട്. യോഗ മതത്തിന്‍റെ ഭാഗമൊന്നുമല്ല. അങ്ങനെ തെറ്റദ്ധരിക്കുന്നവരാണ് യോഗയെ എതിര്‍ക്കുന്നത്. സൂര്യ നമസ്ക്കാരവും, മുസ്ലീം നിസ്ക്കാരവും, ക്രിസ്ത്യന്‍ ആരാധനയിലെ വണങ്ങലും മറ്റും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യായാമം തന്നെയാണ്. യോഗയെ നമുക്ക് മതേതരയായ ശാരീരിക അഭ്യാസമായിട്ട് കാണാം. ചിലര്‍ അതിനെ വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്നതില്‍ എനിക്ക് തടസമില്ല. ഞാനങ്ങിനെ കാണുന്നില്ല. ഓം എന്ന അക്ഷരം വളരെ സമയം നീട്ടി പറയുന്നത് ഒരു നല്ല വ്യായാമമായിട്ടാണ് ഞാന്‍ കാണുന്നത്. ഓം എന്നതിന് പകരം ഉും എന്ന് പറഞ്ഞാലും അതേ അനുഭവം തന്നെയാണ് ഉണ്ടാകുന്നത്. അത് നമ്മുടെ തലച്ചോറിനേയും, ശരീരത്തിനും ഉണര്‍വ്വുണ്ടാകുന്നു. ഞാന്‍ ഒരിക്കലും മത വിരോധിയോ യുക്തിവാദിയോ അല്ല. ഞാന്‍ അമ്പലങ്ങളില്‍ പോകുന്ന വിശ്വാസിയല്ല. ഒരിക്കലും മതങ്ങളെ തള്ളി പറഞ്ഞിട്ടില്ല.
ഞാനും തുളസി എന്ന ബിന്ദുവും തമ്മില്‍ 1969 മെയ് 10ന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹിതരായത് എന്ന് കെ സച്ചിദാനന്ദന്‍ ഓര്‍ക്കുന്നു. അവരുടെ പിന്തുണയില്ലെങ്കില്‍ തന്‍റെ കവിതയോ എഴുത്തോ ഒന്നും തന്നെ ഇല്ല എന്ന് മാഷ് സമ്മതിക്കുന്നു. എന്‍റെ ആരോഗ്യത്തിന്‍റെ കാര്യം നോക്കുന്നതും, മരുന്നുകള്‍ സമയത്ത് തരുന്നതും അവരാണ്. അവരുടെ കാര്യങ്ങളും ഞാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ വീട്ടു ജോലി ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നത്. പാത്രങ്ങള്‍ കഴുകുന്നതിലും അടുക്കളയിലെ പാചകത്തിലും ഒപ്പം നില്‍ക്കും. അങ്ങനെ പരസ്പരം സഹകരിച്ചുള്ള യാത്രയാണ്.
തന്‍റെ ബാല്യകാലം മതേതര സ്വഭാവമുണ്ടായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്നു എന്നത് എഴുപത്തഞ്ചാം വയസില്‍ അദ്ദേഹം ഓര്‍ക്കുന്നു. എന്‍റെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു. ഞാന്‍ കൊടുങ്ങലൂരിലെ മുസ്ലീം പള്ളിയില്‍ പെരുന്നാളാഘോഷിക്കാന്‍ ബാല്യകാല സുഹ്യത്ത് അബ്ദുള്‍ ഖാദറോടൊപ്പം സ്ഥിരം പോകാറുണ്ട്. ക്രിസ്ത്യന്‍ പള്ളിയില്‍ പെരുന്നാളിന് പോകാറുണ്ട്. അമ്പലങ്ങളിലെ ഉത്സവത്തിന് പോകാറുണ്ട്. വ്യത്യസ്ഥ മതത്തിലുള്ള ദൈവങ്ങള്‍ വേറെ വേറെ പേരില്‍ അറിയപ്പെടുമെങ്കിലും എല്ലാം ഒന്നു തന്നെയാണെന്നാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്. എഴുപത്തഞ്ച് വര്‍ഷം കൊണ്ട് സമൂഹത്തിന് മാറ്റം വന്നതായി മാഷ് പരിഭവിക്കുന്നു. കാലം മാറിയപ്പോള്‍ മതവും, ജാതിയും ജനങ്ങളെ പല തട്ടുകളിലാക്കി. പക്ഷെ തന്‍റെ വീട്ടില്‍ എല്ലാ മതങ്ങളില്‍ നിന്നുള്ളവരും കുടുംബാംഗങ്ങളാണ്. അതുകൊണ്ട് എല്ലാ ഉത്സവങ്ങളും, പെരുന്നാളുകളും വീട്ടില്‍ ആഘോഷമാണ്. ചുരുങ്ങിയ പക്ഷം സ്വന്തം വീടെങ്കിലും മതേതര സ്വഭാവമുള്ളതാണെന്ന ആശ്വാസമുണ്ട്.
ഹേ മ്യത്ത്യു, ഒളിപ്പിക്കു
മെന്നെ നിന്‍ മുടിക്കെട്ടില്‍
കാണാത്ത ക്കൈതപ്പൂവിന്‍
രൂക്ഷമാം സുഗന്ധമായ്...
ഫോട്ടോ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കെ സച്ചിദാനന്ദനും, തുളസിയും തമ്മില്‍ വിവാഹിതരായപ്പോള്‍.
