കോവിഡ് കെയര്‍ ഐ.സി.യു 24
കോവിഡ് അനാഥരാക്കിയ ബാല്യങ്ങള്‍.
സുധീര്‍ നാഥ്
കോവിഡ് രണ്ടാം തരംഗത്തില്‍ കഴിഞ്ഞ അന്‍പത്തഞ്ച് ദിവസം കൊണ്ട് മാതാ പിതാക്കളെ നഷ്ടപ്പെട്ട 577 കുട്ടികള്‍ രാജ്യത്താകമാനം ഉണ്ടെന്നാണ് കണക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ വുമണ്‍ ആന്‍റ് ചൈല്‍ഡ് ഡെവലപ്മെന്‍റ് മന്ത്രാലയം ഔദ്യോഗികമായി കണക്ക് പുറത്തു വിട്ടു. മാതാവിനേയോ, പിതാവിനേയോ മാത്രം നഷ്ടപ്പെട്ട കുട്ടികളുടെ കണക്ക് പതിനായിരത്തിലേറെ വരും. എല്ലാ സംസ്ഥാനങ്ങളോടും കണക്കുകള്‍ ആവശ്യപ്പെട്ടിരുനെന്നും, ലഭ്യമായ കണക്കുകളാണ് പുറത്ത് വിടുന്നതെന്നും മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. ചില സംസ്ഥാനങ്ങളില്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് മന്ത്രാലയ വ്യത്തങ്ങള്‍ പറയുമ്പോഴും, സംസ്ഥാനം തിരിച്ചുള്ള കണക്ക് പുറത്ത് വിട്ടിട്ടില്ല. കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പുനരധിവാസത്തെ കുറിച്ചുള്ള ചര്‍ച്ച ഗൗരവമായി നടക്കുന്നതായി മന്ത്രാലയ വ്യത്തങ്ങള്‍ പറയുന്നു. കേരളത്തിലും, ഡല്‍ഹിയിലും അനാഥരായ ബാല്യങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപനം വന്നു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഉടനെ സമാന തീരുമാനം എടുക്കേണ്ടി വരും.
മാതാപിതാക്കന്‍മാരെ നഷ്ടപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി മാത്രം എല്ലാ ജില്ലകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് ഉചിതമായ മാറ്റം നടപ്പിലാക്കുമെന്ന് വുമണ്‍ ആന്‍റ് ചൈല്‍ഡ് ഡെവലപ്മെന്‍റ് മന്ത്രികൂടിയായ സ്മ്യതി ഇറാനി പറഞ്ഞു. കോവിഡ് മൂലം അനാഥമായ കുട്ടികളെ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് സാമൂഹ്യ മാധ്യങ്ങളില്‍ വ്യാപകമായ പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുട്ടികളെ ദത്തെടുക്കുന്ന നടപടി കര്‍ശനമായും മന്ത്രാലയത്തിന്‍റെ നിയമവ്യവസ്ഥിതിയില്‍ കൂടി മാത്രമായിരിക്കണമെന്നും, അല്ലാത്തവ ശിക്ഷാര്‍ഹമായിരിക്കും എന്നും അവര്‍ പറഞ്ഞു. കോവിഡ് മൂലം അനാഥരായ കുട്ടികളെ ദത്തെടുക്കുന്നത് കര്‍ശനമായും സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി വഴി മാത്രമായിരിക്കും നിയമസാധുത.
ഇന്ത്യയില്‍ ദത്തെടുക്കല്‍ നിയമം കര്‍ശനമാണ്. ആറ് വര്‍ഷം വരെ കാത്തു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഡല്‍ഹിയിലെ ഒരു പ്രമുഖ അനാഥാലയത്തില്‍ നൂറ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാത്രമായിരുന്നു അനുമതി. തെരുവില്‍ അനാഥമായ നാല് ഭിന്നശേഷിക്കാരായ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചതിന് ആദ്യ എന്‍.ഡി.എ. മന്ത്രിസഭയിലെ വകുപ്പ് മന്ത്രി മനേക ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഏഴ് ഷോക്കേസ് നോട്ടീസാണ് നല്‍കിയത്. മറ്റൊരു പ്രമുഖ അനാഥാലയത്തില്‍ നടത്തിയ റെയ്ഡിന് ശേഷം മിക്കി മൗസിന്‍റെ ചിത്രം ഇല്ലെന്ന കണ്ടത്തലാണ് രേഖപ്പെടുത്തിയത് എന്നത് മന്ത്രാലയത്തിന്‍റെ സമീപനം വ്യക്തമാക്കുന്നു.
ചിത്രം: കോവിഡ് കാലത്തെ കുട്ടികളുടെ സുരക്ഷിതത്ത്വം ഉറപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
