കോവിഡ് കെയര്‍ ഐ.സി.യു 23
കോവിഡില്ലാ നാട്ടില്‍ കൊറാണ വൈറസിന് വിസ നല്‍കി.
സുധീര്‍ നാഥ്
കോവിഡ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്ന് കയറിയ 2020ല്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ കോവിഡില്ലാത്ത നാടായി അഭിമാനത്തോടെ ചൂണ്ടി കാട്ടിയ ഇടമാണ് 36 ദ്വീപ് സമൂഹം ചേര്‍ന്ന ലക്ഷദ്വീപ്. കോവിഡ് തുടങ്ങിയ കാലം മുതല്‍ വളരെ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ച് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി 7 ദിവസം കപ്പലില്‍ കയറും മുന്‍പ് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, അഡ്മിനിസ്ട്രേഷന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലിലും കര്‍ശനമായും ക്വറന്‍റയിന്‍ ഇരിക്കണം. ദ്വീപില്‍ ഇറങ്ങിയ ശേഷം 7 ദിവസം ക്വറന്‍റയിന്‍ കര്‍ശനമായിരുന്നു. നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഭ്യന്തിരമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ 2020 ഡിസംബര്‍ മാസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. അദ്ദേഹം സ്വകാര്യ ഡോണിയര്‍ വിമാനത്തില്‍ ലക്ഷദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്ഥാനം ഏല്‍ക്കാന്‍ എത്തി. ക്വാറന്‍റയിന്‍ സംവിധാനം എടുത്ത് മാറ്റി. 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ എടുത്ത ആര്‍ക്കും കപ്പലില്‍ കയറാം എന്ന് ഉത്തരവിറക്കി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി 2020 ഡിസംബറില്‍ തന്നെ അവിടുത്തെ ജനങ്ങള്‍ അപകടം തിരിച്ചറിയുകയും പരിഷ്ക്കാരം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടു.
2021 ജനുവരി 18ന് ജനങ്ങള്‍ ഭയപ്പെട്ടത് സംഭവിച്ചു. കൊറോണ വൈറസ് ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കോവിഡ് രോഗികളുടെ എണ്ണം ദിവസം ചെല്ലും തോറും ഉയര്‍ന്നു കൊണ്ടിരുന്നു. 6611 പേര്‍ക്കാണ് ആകെ കോവിഡ് രോഗികളായത്. ഇതില്‍ 4537 പേര്‍ കോവിഡ്മുക്തരായി. 24 പേര്‍ കോവിഡ് മൂലം അന്തരിച്ചു എന്നാണ് സര്‍ക്കാര്‍ കണക്ക്. മരണനിരക്ക് അതിലും കൂടുതലാണെന്നാണ് ദ്വീപ് നിവാസികള്‍ തന്നെ പറയുന്നത്. ടൂറിസ്റ്റുകള്‍ക്ക് നിരോധനം പിന്‍വലിച്ച നടപടിയാണ് ദ്വീപില്‍ കോവിഡ് പടരാന്‍ കാരണമായതായി ദ്വീപ് നിവാസിയായ പടനാട മുഹമ്മദ് സാലിക്ക് പറയുന്നു. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഇവിടെ വാക്സിന്‍ നല്‍കുന്നതില്‍ വലിയ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് ഭീതിയിലുള്ള ലക്ഷദ്വീപിലെ ജനങ്ങള്‍ കോവിഡ് മൂലം മരണമടഞ്ഞവരെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊല ചെയ്യുകയായിരുന്നു എന്ന് ആരോപിക്കുന്നു. ദ്വീപിലെ യുവജനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. ദ്വീപില്‍ മികച്ച ആശുപത്രികള്‍ ഇല്ലാത്തത് വലിയ ഭീഷണിയാണ്. പ്രസവത്തിന് പോലും തൊട്ടുകിടക്കുന്ന കരപ്രദേശമായ കൊച്ചിയില്‍ എത്തേണ്ടതുണ്ട് എന്നത് അവിടുത്തെ ആരോഗ്യ രംഗത്തെ അവസ്ഥ തുറന്നു കാട്ടുന്നതാണല്ലോ. മറ്റ് പല കാരണങ്ങള്‍ ചൂണ്ടി കാട്ടി എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രതിനിധികളും, ജനങ്ങളും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും കൊറോണ വൈറസിന് ലക്ഷദ്വീപിലേയ്ക്ക് വിസ നല്‍കിയത് അഡ്മിനിസ്ട്രേറ്ററാണെന്നതിന് ഒരു തര്‍ക്കവുമില്ല.
(ലക്ഷദ്വീപ് മുന്‍ പാര്‍ലമെന്‍റ് അംഗവും കേന്ദ്ര മന്ത്രിയുമായ പി.എം. സെയ്തിന്‍റെ മാധ്യമ കാര്യ സെക്രട്ടറിയായിരുന്നു ലോഖകന്‍)
ചിത്രം: ലക്ഷദ്വീപിലെ വീടുകളില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
