നവജാത ശിശുക്കളും, ഗര്‍ഭിണികളും കോവിഡും.

കോവിഡ് കെയര്‍ ഐ.സി.യു 22

നവജാത ശിശുക്കളും, ഗര്‍ഭിണികളും കോവിഡും.

സുധീര്‍ നാഥ്  

കോവിഡ് ബാധിതനാവുന്ന ഗര്‍ഭിണികളുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവളുടെ ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും അവസ്ഥകള്‍ ഒന്നാലോചിച്ചു നോക്കൂ. കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ ബേബി ബൂം ഉണ്ടാകുമെന്ന് രസചരട് പൊട്ടിച്ച് പറഞ്ഞത് പോലല്ല രണ്ടാം തരംഗത്തില്‍. രാജ്യത്തെ ആശുപത്രികളില്‍ ഒട്ടേറെ ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവിച്ചിരുന്നു. നവജാത ശിശുക്കളില്‍ കോവിഡ് ബാധ വളരെ കുറവേ കണ്ടിട്ടുള്ളൂ. കുട്ടികളില്‍ വയറസ് ബാധ ശക്തമായി ഉണ്ടാകില്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. നവജാത ശുശുവിന് യു.ഐ.പി പ്രകാരം ലോകത്തെലായിടത്തും പത്ത് രോഗപ്രതിരോധ വാക്സിന്‍ നല്‍കുന്നുണ്ട് എന്നത് അതിന് കാരണമായി ചൂണ്ടി കാണിക്കുന്നു. ഈ പ്രതിരോധ വാക്സിനുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നു. ഡല്‍ഹിയില്‍ അഞ്ച് മാസം, ഒന്‍പത് മാസം പ്രായമുള്ള കുട്ടികള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആസ്ത്മയോ, മറ്റ് ശ്വാസകോശ രോഗങ്ങളോ, പ്രതിരോധ ശേഷികുറവോ ഉള്ള കുട്ടികളാണ് കോവിഡിന്‍റെ പിടിയില്‍ അകപ്പെടുന്നത്. 

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വേദനിപ്പിക്കുന്ന ഒട്ടേറെ വാര്‍ത്തകളാണുണ്ടായത്. കര്‍ണ്ണാടകയിലെ മാണ്‍ഡിയില്‍ അഞ്ചു ദിവസം പ്രായമുള്ള കുട്ടിക്ക് മാതാവിനേയും, പിതാവിനേയും കോവിഡ് കവര്‍ന്നു. ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ പ്രസവിച്ച് രണ്ടാം ദിവസം അമ്മ മരിച്ചത് കഴിഞ്ഞ മാസമാണ്. ഹൈദ്രബാദിലെ കിംസ് ആശുപത്രിയില്‍ 28 ആഴ്ച്ചകള്‍ മാത്രം പ്രായമായ കുട്ടിയെ കോവിഡ് ബാധിച്ച സ്ത്രി പ്രസവിച്ചു. രണ്ടാം ആഴ്ച്ച മുതല്‍ കുട്ടിയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുകയും, പരിശോധനില്‍ കോവിഡ് പോസിറ്റീവാകുകയും ഉണ്ടായി. മാസം തികയാതെ പ്രസവിക്കുകയും കോവിഡ് ബാധിതനുമായ കുട്ടി മൂന്ന് ആഴ്ച  തീവ്രപരിചരണ വിഭാഗത്തില്‍ കോവിഡ് ചികിത്സ നല്‍കിയ ശേഷം നെഗറ്റീവായി ജീവിതത്തിലേയ്ക്ക് കടന്നു വന്നു. കുട്ടി കോവിഡ് നെഗറ്റീവും, ആരോഗ്യവതിയുമാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ രണ്ടാം തരംഗത്തിലെ ശക്തമായ കോവിഡ് വന്നാല്‍ ഏറെ അപകടകരമാണ്. ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ ഹൈപ്പര്‍ ടെന്‍ഷനോ, പ്രമേഹമോ ഉണ്ടെങ്കില്‍ അപകടത്തിന്‍റെ തോത് കൂടിയതാണ്. 

ലോകാരോഗ്യ സംഘടന ഗര്‍ഭിണികളായ സ്ത്രീകള്‍ കര്‍ശനമായി പാലിക്കേണ്ട കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അതില്‍ അതിപ്രധാനം അനാവശ്യ യാത്രയും, കൂടിചേരലുകളും ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ച് വീടിനുള്ളില്‍ കഴിയുക എന്നതാണ്. ക്കൈകള്‍ സോപ്പുപയോഗിച്ചത് ശുദ്ധവെള്ളത്തില്‍ കഴുകുക എന്നതാണ്. കഴിവതും എപ്പോഴും മാസ്ക്ക് ഉപയോഗിക്കുകയും, വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുകയും വേണം എന്നതാണ്. ക്കൈകള്‍ കൊണ്ട് കണ്ണിലും, മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നത് അപകടം ഒഴിവാക്കും. 

നവജാത ശിശു കോവിഡ് പോസിറ്റീവായാലും അമ്മയുടെ അടുത്ത് തന്നെയാണ് കിടത്തുക. സാമൂഹ്യ അകലം പാലിക്കുന്നതിനായി ആറടി ദൂരം വ്യതിസം ഉണ്ടായിരിക്കണം എന്ന് മാത്രം. അമ്മയ്ക്ക് കോവിഡ് പോസിറ്റീവാണെങ്കിലും, മാസ്ക്കും, ഗ്ലൗസും ധരിച്ച് മുലപ്പാല്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ചിത്രം: കോവിഡ് കാലത്തെ നവജാത ശിശുവും, അമ്മയും.