കോവിഡ് തല കുനിക്കും, ജിതേന്തര്‍ സിംഗ് ഷന്‍ഡിയെ കണ്ടാല്‍

കോവിഡ് തല കുനിക്കും, ജിതേന്തര്‍ സിംഗ് ഷന്‍ഡിയെ കണ്ടാല്‍

വിജയ് ചൗക്ക് @ 94 @ മെട്രോ വാര്‍ത്ത: മെയ് 24

സുധീര്‍നാഥ് 

കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജിതേന്തര്‍ സിംഗ് ഷന്‍ഡി ഏറ്റവും പ്രിയപ്പെട്ടവനും കാണപ്പെട്ട ദൈവവുമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. കോവിഡ് ബാധിച്ച വ്യക്തികളെ സഹായിക്കാന്‍ വിസമതിക്കുന്ന സമൂഹത്തില്‍ ധൈര്യ സമേതം ഷന്‍ഡിയുടെ നേത്യത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഹിദ് ഭഗത് സിംഗ് സേവാ ദള്‍ എന്ന സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ സന്നദ്ധരാണ്. ശാഹ്ദ്ര നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് 2013ല്‍ അകാലി ദളിന്‍റെ ടിക്കറ്റില്‍ ബിജെപി മുന്നണിയില്‍ മത്സരിച്ച് വിജയിച്ച് ഡല്‍ഹി നിയമസഭാ അംഗമായ വ്യക്തിയാണ് ജിതേന്ദ്ര സിംഗ് ഷന്‍ഡി. അതിനുശേഷം പൂര്‍ണ്ണമായും സാമൂഹിക പ്രവര്‍ത്തനരംഗത്ത് തന്നെയാണ് അദ്ദേഹം ഉള്ളത്. 2021ല്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.  

1996 ല്‍ ഡല്‍ഹിയിലെ നിതംബോദ് ഘട്ട് ശ്മശാനത്തില്‍ കത്തി തീരാത്ത വിറകുള്‍ മറ്റ് ചിതകളുടെ പരിസരത്ത് നിന്ന് ശേഖരിക്കുന്ന ഒരു മാതാവിനെയും പിതാവിനെയും ഷന്‍ഡി കണ്ടു. പാവങ്ങളായ അവര്‍ പണമില്ലാത്തതിനാല്‍ സ്വന്തം മകനെ സംസ്കരിക്കാന്‍ വിറക് ശേഖരിക്കുകയായിരുന്നു എന്ന് മനസിലാക്കി. അന്ന് എടുത്ത തീരുമാനമായിരുന്നു പാവങ്ങളെ സഹായിക്കാനുള്ള സംഘടന. മരണമടയുന്നവര്‍ക്ക് മാന്യമായ യാത്രയയപ്പ് നല്‍കുക എന്ന ദൗത്ത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ഷാഹിദ് ഭഗത് സിംഗ് സേവാ ദള്‍ എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ എന്‍.ജി.ഒ. അനാഥരായ ഒട്ടേറെപ്പേരുടെ സംസ്കാരം കഴിഞ്ഞ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തുകയുണ്ടായി. കോവിഡ് കാലത്ത് മാത്രം 3560 തോളം കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണ് അദ്ദേഹം സംസ്കരിച്ചത്. 2021 ഏപ്രില്‍ 1 മുതല്‍ മെയ് 16 വരെ 2199 കോവിഡ് രോഗികളുടെ മ്യതശരീരങ്ങളാണ് സീമാപുരി ശ്മശാനത്തില്‍ മാത്രം സംസ്ക്കരിച്ചത്.   

ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ ജി.ടീ.ബി, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, എം.സി.ഡി. ജനറല്‍ ആശപത്രി എന്നിവയുടെ മോര്‍ച്ചറിയുടെ പരിസരത്ത് രാവിലെ തന്നെ ജിതേന്തര്‍ സിംഗ് ഷന്‍ഡിയുടെ നേത്യത്ത്വത്തില്‍ സേവന പ്രവര്‍ത്തകരും, ആംബുലന്‍സുകളും ഉണ്ടാകും. ജാതി, മതം, ഭാഷ, രാഷ്ട്രീയം, സാമ്പത്തികം ഒന്നും നോക്കാതെ എല്ലാവര്‍ക്കും സഹായകമായി അവര്‍ നിലകൊള്ളും. സ്വന്തം കൂടപ്പിറപ്പ് കോവിഡ് വന്ന് മരണപ്പെട്ടതിനാല്‍ മ്യതശരീരത്തിന്‍റെ അടുത്ത് വരാന്‍ പോലും മടിക്കുന്ന കാഴ്ച്ച നിത്യ സംഭവമാണ്. അവിടെ ഒരു പരിചയവുമില്ലാത്ത ജിതേന്തര്‍ സിംഗ് ഷന്‍ഡി മ്യതശരീരത്തിന് ആദരവ് നല്‍കി സംസ്ക്കാരങ്ങള്‍ക്ക് നേത്യത്ത്വം നല്‍കും. എല്ലാ ദിവസവും ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഷാഹിദ് ഭഗത് സിംഗ് സേവാ ദള്‍ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ മ്യതശരീരം ആംബുലന്‍സില്‍ കേറ്റുന്നത് കാണാം. ഒരുദിവസം പോലും അവധി എടുക്കാതെ ജിതേന്തര്‍ സിംഗ് ഷന്‍ഡിയുടെ നേതൃത്വത്തിലുള്ള സേവന പ്രവര്‍ത്തകര്‍ ഇവിടെ കര്‍മ്മനിരതരായി നില്‍ക്കുന്നത് കണ്ടാല്‍ കൊറോണ വൈറസ് പോലും തലതാഴ്ത്തും.  

ഓരോ ദിവസവും സഹായം അഭ്യര്‍ത്ഥിച്ച് 500 കോളുകളെങ്കിലും തന്‍റെ മൊബൈലില്‍ കോവിഡ് ബാധിതരായവരില്‍ നിന്ന് ലഭിക്കാറുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്ന അദ്ദേഹത്തിന് തുടര്‍ച്ചയായി നമ്മളോട് സംസാരിക്കാന്‍ പോലും സാധിക്കില്ല. എപ്പോഴും അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എതിര്‍ ഭാഗത്തുനിന്ന് കോവിഡ് ബാധിതരായവരും, കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കളുമാണ് സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നത്. ഇപ്പോള്‍ 18 ആംബുലന്‍സുകളാണ് അദ്ദേഹത്തിന്‍റെ സംഘടനയുടെ നേത്യത്ത്വത്തില്‍ സേവനം നടത്തുന്നത്. 22 മുഴുവന്‍ സമയ സേവന സന്നദ്ധരായ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്‍റെ ശക്തി.  

കോവിഡ് ബാധിച്ച് മരിച്ചവരുടെ വീട്ടുകാരും മിക്കവാറും കോവിഡ് ബാധിതരായിരിക്കും. ഡല്‍ഹിയില്‍ മറ്റിടങ്ങളില്‍ നിന്ന് ജോലിക്കായി വന്ന് താമസിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ അദ്ദേഹം തന്നെ നേരിട്ട് ചെന്ന് ഏറ്റെടുത്ത് സംസ്കാരം നടത്തുന്നത് പതിവാണ്. കോവിഡ് മരണങ്ങള്‍ കൂടിയിരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടായ ദയനീയ അവസ്ഥ ദില്‍ഷാദ് ഗാര്‍ഡന്‍ എസ്.എന്‍.ജി. ജ്വല്ലറി ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ സുശീലന്‍ ഓര്‍ക്കുന്നു. ശ്മശാനങ്ങളില്‍ വിറകിനും മറ്റും പണം കൊടുക്കാനില്ലാത്തതിനാല്‍ മ്യതശരീരങ്ങള്‍ ഉപേക്ഷിച്ച് പോയതാണ് അത്. ഒരു ദിവസം 12 അനാഥ ശവശരീരങ്ങളായിരുന്നു സീമാപുരി ശ്മശാനത്തില്‍ ഉപേക്ഷിക്കപ്പെട്ടതെന്ന് സുശീലന്‍ പറഞ്ഞു. ജിതേന്തര്‍ സിംഗ് ഷന്‍ഡിയുടെ നേത്യത്ത്വത്തില്‍ നടത്തുന്ന സീമാപുരി ശ്മശാനത്തില്‍ മെയ് മാസം ആദ്യം കുറച്ച് ദിവസങ്ങളില്‍ ഇത്തരം ഉപേക്ഷിക്കപ്പെട്ട മ്യതശരീരങ്ങള്‍ ഒരുമിച്ച് ഒറ്റ ചിത ഒരുക്കി സംസ്ക്കരിച്ചതായി സുശീലന്‍ പറഞ്ഞു. ഇപ്പോഴും ശ്മശാനത്തില്‍ ഉപേക്ഷിക്കുന്ന മ്യതശരീരങ്ങള്‍ വല്ലപ്പോഴും ഉണ്ട്.  

അവകാശികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ സംസ്ക്കരിച്ചിട്ടുണ്ടെന്ന് ജിതേന്തര്‍ സിംഗ് ഷന്‍ഡി പറഞ്ഞു. ആശുപത്രികളില്‍ നിന്നും പോലീസില്‍ നിന്നും ഇത്തരം മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതിനു വേണ്ടി ഇദ്ദേഹത്തെ തേടി ഫോണുകളും വരാറുണ്ട്. വല്ലപ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോള്‍ അദ്ദേഹം അനുഭവിക്കുന്നത്. വേണ്ടപ്പെട്ടവരൊക്കെ ഉണ്ടായിട്ടും അനാഥ ശവത്തെ പോലെ സംസ്ക്കരിക്കപെടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. കൊവിഡ് വൈറസാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത്. കഴിഞ്ഞ 15 മാസത്തിലേറെയായി പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും, മരണപ്പെട്ടവരെ സംസ്കരിക്കുന്നതിനും മുന്നിട്ടിറങ്ങുന്നു.  

കോവിഡ് രണ്ടാം തരംഗം വന്നതോടെ ഷണ്ടിയും സംഘവും പതിനഞ്ച് മണിക്കൂര്‍ ശരാശരി സേവന രംഗത്തുണ്ട്. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് വന്നതിനാല്‍ അദ്ദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ തന്നെയാണ് കിടന്നുറങ്ങുന്നത്. അദ്ദേഹത്തിന്‍റെ അമ്മയും, മകനും, ഭാര്യയും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ് ശക്തി എന്ന് അദ്ദേഹം തന്നെ സാക്ഷിപ്പെടുത്തുന്നു. അദ്ദേഹത്തിനും, മകനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന കുറേ പ്രവര്‍ത്തകര്‍ക്കും ആദ്യ കോവിഡ് തരംഗത്തില്‍ തന്നെ കോവിഡ് വന്നിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. 

കിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരി ശ്മശാനത്തില്‍ ഒരു ദിവസം 125 മ്യതശരീരങ്ങള്‍ സംസ്ക്കരിക്കേണ്ടി വന്നത് ദുഃഖത്തോടെ ഷന്‍ഡി ഓര്‍ക്കുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യ പാക്ക് വിഭജന കാലത്തോടും, സിഖ് കലാപത്തോടും, ബോപ്പാല്‍ ഗ്യാസ് ദുരന്തത്തോടും താരതമ്യം ചെയ്യാമെന്നാണ് ജിതേന്ദ്ര സിംഗ് ഷെട്ടിയുടെ പക്ഷം. മാതാവിന്‍റേയോ, പിതാവിന്‍റേയോ ചലനമറ്റ ശരീരവുമായി കൊച്ചു കുട്ടികള്‍ ശ്മശാനത്തില്‍ എത്തുന്ന കാഴ്ച്ച ഹ്യദയഭേദകമാണെന്ന് ഷന്‍ഡി പറഞ്ഞു. അഞ്ച് മാസം പ്രായമുള്ളതും, കോവിഡ് ബാധിച്ച് മരണമടഞ്ഞ കുട്ടിയെ സംസ്ക്കരിക്കാന്‍ വന്ന പിതാവിനെ കണ്ട അനുഭവം കണ്ണുനിറയിച്ചതായിരുന്നു. ചലനമറ്റ കുട്ടിയെ സ്വന്തം ക്കൈകളില്‍ എടുത്ത് സംസ്ക്കരിക്കാന്‍ നടന്നുനീങ്ങുന്ന ജിതേന്ദ്ര സിംഗ് ഷെട്ടിയുടെ ചിത്രം ഒരിക്കലും മറക്കുവാന്‍ സാധിക്കുന്നതല്ലെന്ന് സാംസ്ക്കാരിക പ്രവര്‍ത്തകനും, ഫോട്ടോ ഗ്രാഫറുമായ മുകേഷ് മേനോന്‍ സാക്ഷിപ്പെടുത്തി. 

ജിതേന്ദ്ര സിംഗ് ഷന്‍ഡിയെ അപായപ്പെടുത്താന്‍ 2007, 2013, 2014ല്‍ വര്‍ഷങ്ങളില്‍ ശ്രമം ഉണ്ടായി. മൂന്ന് തവണയും അദ്ദേഹത്തിന് നേരെ വെടി ഉതിര്‍ത്തെങ്കിലും, അത്ഭുതകരമായി രക്ഷപ്പെട്ടു. 2018 ഡിസംബറില്‍ നസിറുദ്ദീന്‍ ഷായ്ക്കെതിരെ ജിതേന്ദര്‍ സിംഗ് ഷന്‍ഡി പരാതി രേഖപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ജീവനെ ഓര്‍ത്ത് താന്‍ ഭയപ്പെടുന്നു എന്നാണ് നസറുദ്ദീന്‍ ഷാ പറഞ്ഞത്. 2018 ഡിസംബറില്‍ തന്നെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ചും ഇദ്ദേഹം വാര്‍ത്താ താരമായിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ല. ജനസേവന പ്രവര്‍ത്തിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷന്‍ഡി.