കോവിഡ് കെയര്‍ ഐ.സി.യു 20
വൈറസ് ഭീതി കുറയുന്നു. ഫംഗസ് ഭീതി ഉയരുന്നു.
സുധീര്‍ നാഥ്
കോവിഡ് വൈറസിനെ നിയന്ത്രണത്തില്‍ കൊണ്ടു വരുവാന്‍ ആരോഗ്യ ശാസ്ത്രത്തിന് ഒരു പരിധി വരെ സാധിച്ചു. മരുന്നും, പ്രതിരോധ വാക്സിനുകളും മാത്രമല്ല, സാമൂഹ്യ അകലം, മാസ്ക്ക്, സാനിറ്റെസേഷന്‍ എന്ന പ്രതിരോധ മാര്‍ഗവും, ലോക്ക് ഡൗണ്‍ എന്ന നിയമവും കോവിഡ് വ്യാപനത്തിന് തടസമായി. ഒരു ദിവസം 400 പേര്‍ കോവിഡ് രോഗബാധിതരായി അത്യാസന്ന നിലയില്‍ ഡല്‍ഹിയിലെ ജി.ടി.ബി. ആശുപത്രിയില്‍ എത്തിയിരുന്ന ദിവസങ്ങളുണ്ട്. പക്ഷെ ഇപ്പോള്‍ ഡല്‍ഹിയിലെ സ്ഥിതിയില്‍ മാറ്റം വന്നു. വല്ലപ്പോഴുമേ രോഗികള്‍ എത്തുന്നുള്ളൂ. കിടക്കകള്‍ ഉണ്ട്. ഓക്സിജന്‍ ഉണ്ട്. പഴയ ഭീതി അകന്നു. കോവിഡ് ഒന്നാം തരംഗത്തില്‍ രാജ്യത്ത് 748 ഡോക്ടര്‍മാരാണ് കോവിഡിന് കീഴടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനുകള്‍ ആദ്യമേ കൊടുത്തത് കൊണ്ടാകണം രണ്ടാം തരംഗത്തില്‍ മരണസംഖ്യ കുറഞ്ഞു. രണ്ടാം തരംഗത്തില്‍ രാജ്യത്തെ 420 ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
വൈറസിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ മ്യൂകര്‍മൈക്കോസിസ് ഫംഗസ് അഥവാ ബ്ളാക്ക് ഫംഗസ് രോഗികളിലും, ആരോഗ്യ പ്രവര്‍ത്തകരിലും ഭീതി ഉയര്‍ത്തുന്നു. രാജ്യത്ത് ഇതിനോടകം 9000 ലേറെ കോവിഡ് രോഗികളില്‍ ബ്ളാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഗുജറാത്തിലാണ് ഇത് കൂടുതല്‍ രോഗികളില്‍ കണ്ടത്. മഹാരാഷ്ട്രയിലും, ആന്ദ്രാപ്രദേശിലും തെലുങ്കാനയിലും ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടുതലാണ്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഇരുന്നൂറിലേറെയായി. കേരളത്തിലും ബ്ളാക്ക് ഫംഗസ് നാല്‍പതോളം രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായത് പോലെ ബ്ളാക്ക് ഫംഗസ് രോഗികളില്‍ ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്നിന് ക്ഷാമം ഉണ്ടാകാം എന്നും ആശങ്കയുണ്ട്.
പ്രമേഹമുള്ള കോവിഡ് രോഗികളില്‍ അമിതമായി ഉപയോഗിക്കുന്ന സ്റ്റിറോയിഡാണ് ബ്ളാക്ക് ഫംഗസിന് കാരണമാകുന്നത്. വേറൊരു വിഭാഗം അഭിപ്രായപ്പെടുന്നത് വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനും, അമിതമായ ഓക്സിജനും മനുഷ്യ ശരീരത്തില്‍ കടത്തി വിട്ടതും കാരണമാണെന്നാണ്. മുന്‍പെങ്ങും കാണാത്ത രീതിയില്‍ ബ്ളാക്ക് ഫംഗസ് രോഗം വ്യാപകമാകുന്നതില്‍ ആശങ്കകള്‍ ഉണ്ട്. എന്തായാലും ഫംഗസ് ഒരു പകര്‍ച്ചവ്യാധിയായി തന്നെ കണക്കിലെടുക്കണമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന ബ്ളാക്ക് ഫംഗസ് രോഗം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തുന്നു. കണ്ണിനേയും തലച്ചോറിനേയും മാരകമായി ബാധിക്കുന്നതാണ് ഈ രോഗം. കാഴ്ച്ചശക്തി നഷ്ടപ്പെടും എന്നതാണ് മറ്റൊരു ദുരന്തം. ബ്ളാക്ക് ഫംഗസ് രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമായതിനാല്‍ വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്.
വൈറ്റ് ഫംഗസ് രോഗവും ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബീഹാറിലും ഡല്‍ഹിയിലും, ഗുജറാത്തിലും, മഹാരാഷ്ട്രയിലും വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ബ്ളാക്ക് ഫംഗസിനേലും അപകടകാരിയാണ് വൈറ്റ് ഫംഗസ്. കണ്ണിനും തലച്ചോറിനും മാത്രമല്ല, മനുഷ്യ ശരീരത്തിന്‍റെ പ്രധാന അവയവങ്ങളെ നശിപ്പിക്കുവാന്‍ ശക്തനായതാണ് വൈറ്റ് ഫംഗസ്. ഇത് എങ്ങിനെ നേരിടുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ വൈദ്യ ശാസ്ത്ര ലോകം.
ചിത്രം: ഡല്‍ഹിയിലെ പ്രശസ്തമായ കോവിഡ് ആശുപത്രിയായ ജി.ടി.ബിയിലെ കാഷ്വാലിറ്റിയിലെ ശനിയാഴ്ച്ച ചിത്രം.
