കോവിഡ് കെയര്‍ ഐ.സി.യു 19
അതിഥിയായി എത്തി, കൊറോണയ്ക്ക് കീഴടങ്ങി
സുധീര്‍ നാഥ്
മരണം രംഗബോധമില്ലാത്ത കോമാളിയാണ്. കോവിഡ് രണ്ടാം തരംഗം എത്രയോ പേരെയാണ് ഭൂമിയില്‍ നിന്ന് തുടച്ച് നീക്കിയത്. രണ്ടാം തരംഗത്തില്‍ കൂടുതലും യുവാക്കളും, മധ്യവയസ്ക്കരുമാണ് മരണപ്പെട്ടത്. ഡല്‍ഹിയില്‍ അതിഥിയായി എത്തി മരണത്തിന് കീഴടങ്ങിയ ഒരു ഡസനോളം മലയാളികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളം ആരോഗ്യ രംഗത്ത് സുരക്ഷിത ഇടമാണെന്ന് ലോകമാകമാനം കേള്‍വി കേട്ടതാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ് എന്ന് പറയുന്നതില്‍ അതുകൊണ്ട് തന്നെ തെറ്റുമില്ല.
കേരളത്തില്‍ വിശ്രമജീവിതം നയിക്കാന്‍ ഡല്‍ഹി വിട്ടു പോയതാണ് സുരേഷും, ഭാര്യ മേരി ഫിലിപ്പം. പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അവരെ തേടി ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ അഭിലാഷിന് കോവിഡ് പോസിറ്റീവായ വാര്‍ത്ത എത്തി. അഭിലാഷിന് ഭക്ഷണവും മറ്റും ഉണ്ടാക്കി കൊടുത്ത് ശുശ്രൂഷിക്കുക എന്ന ആഗ്രഹത്താലാണ് ഡല്‍ഹിയിലേയ്ക്ക് മാതാപിതാക്കള്‍ എത്തിയത്. അഭിലാഷ് കോവിഡ് മുക്തനായി. പക്ഷെ കോവിഡ് പോസിറ്റീവായ മേരി ഫിലിപ്പിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വൈദ്യ ശാസ്ത്രത്തിന് കഴിഞ്ഞില്ല.
ഡല്‍ഹിയിലെത്തി അത്യാവശ്യ ബിസിനസ് മീറ്റിങ്ങിനായിരുന്നു കേരളത്തില്‍ പത്തനംതിട്ടയില്‍ നിന്നെത്തിയ ദമ്പതികളുടെ ഉദ്ദേശം. പക്ഷെ, ഡല്‍ഹിയിലെ മുന്തിയ ഹോട്ടലായ ഹേളീഡേ ഇന്നില്‍ താമസിച്ചിരുന്ന സുജയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. കോവിഡ് ബാധിതനായി മരണപ്പെട്ട ഭര്‍ത്താവിന്‍റെ ചിതാഭസ്മവുമായി ബാംഗ്ലൂരിലെ മക്കളുടെ അടുത്ത് പറന്നെത്തി വിശ്രമിക്കുകയാണവര്‍. കേരളത്തിലെത്തി പള്ളിയിലെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യണമെന്നാണ് അവരുടെ ഉദ്ദേശം.
ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോര്‍ജ് ഫ്രാന്‍സിസും, നേഴ്സായ ഭാര്യ റേച്ചലും ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. മികച്ച ചികിത്സ നല്‍കാനും, ശുശ്രൂഷിക്കാനും ആഗ്രഹിച്ചാണ് ഇരുവരും കേരളത്തില്‍ ചേര്‍ത്തലയില്‍ നിന്ന് ഫ്രാന്‍സിസിന്‍റെ മാതാപിതാക്കളെ വിമാന മാര്‍ഗം ഡല്‍ഹിയില്‍ കൊണ്ടു വന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ അവര്‍ക്ക് അപ്പച്ചനെ പതിനഞ്ച് ദിവസം കൊണ്ട് നഷ്ടപ്പെട്ടു. ഇത്തരത്തില്‍ വടക്കേ ഇന്ത്യയില്‍ കേരളത്തില്‍ നിന്നെത്തി കോവിഡിന്‍റെ പിടിയില്‍ ജീവന്‍ വെടിഞ്ഞവര്‍ എത്രയോ പേര്‍. അവരുടെ എത്രയോ പേരുടെ ചിതാഭസ്മം ഗംഗയിലൂടെ ഒഴികുന്നു. അത് ഓരോന്നും ഒരു കഥയാണ്. അതിഥിയായി വന്ന് ജീവന്‍ വെടിഞ്ഞവരുടെ കഥ...
ചിത്രം: ഡല്‍ഹിക്ക് സമീപമുള്ള ചോട്ടി ഹരിദ്വാറിലെ ഗംഗയില്‍ കോവിഡ് ബാധിതരുടെ ചിതാഭസ്മം ഒഴുക്കുന്നവര്‍.
