കോവിഡ് കെയര്‍ ഐ.സി.യു 18
മാത്യസ്നേഹം ഡിജിറ്റലാക്കി ധന്യ: മുലപ്പാലിന്‍റെ രുചിയറിയാതെ ആല്‍മിയ
സുധീര്‍ നാഥ്
2020 ജനുവരി 17നാണ് ഡല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയിലെ നേഴ്സായ ധന്യ രണ്ടാമത്തെ മകള്‍ ആല്‍മിയയ്ക്ക് ജന്‍മം നല്‍കിയത്. മൂത്ത മകള്‍ ആറ് വയസുകാരി അലാന്‍സ അമ്മയോടൊപ്പം നാട്ടിലായിരുന്നു. മകളെ കാണാനും മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനുമായി അവധി എടുത്ത് ജി.ടി.ബിയിലെ നേഴ്സുകൂടിയായ അനില്‍ പുതുശ്ശേരി മാര്‍ച്ച് മാസം 15ന് നാട്ടിലെത്തി. മകളുടെ മാമോദീസ മാര്‍ച്ച് 21ന് മൂക്കനൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ ആഘോഷപൂര്‍വ്വം നടത്തി. കുടുംബത്തോടെ ഡല്‍ഹിയിലേയ്ക്ക് മടങ്ങാന്‍ മാര്‍ച്ച് 29ന് ടിക്കറ്റും എടുത്തിരുന്നു. മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര റദ്ദാക്കി. ലോക്ക് ഡൗണിന് ഇളവ് വന്നപ്പോള്‍ അനില്‍ ജൂണ്‍ മാസം ഡല്‍ഹിയിലെത്തി. കോവിഡ് രൂക്ഷമായപ്പോള്‍ അവധി മതിയാക്കി എല്ലാ നേഴ്സുമാരും ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച് മാസം പ്രായമുള്ള മകള്‍ ആല്‍മിയയെ അപ്പച്ചനേയും, അമ്മച്ചിയേയും ഏല്‍പ്പിച്ച് ധന്യ മൂത്ത മകളേയും കൂട്ടി ജൂണ്‍ അവസാനം ഡല്‍ഹിയിലെത്തി.
2020 ജൂലൈ മുതല്‍ അനിലും, ഭാര്യ ധന്യയും കോവിഡ് ആശുപത്രിയായി മാറ്റിയ ഡല്‍ഹിയിലെ ജി.ടി.ബി. ആശുപത്രിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നു. രണ്ടാം തരംഗത്തില്‍ ധന്യയ്ക്കും, മൂത്ത മകള്‍ അലാന്‍സിനും കോവിഡ് ബാധിച്ചു. മുലപ്പാല്‍ കുടിക്കേണ്ട മകളെ വീഡിയോ കോളുവഴി കഴിഞ്ഞ പത്ത് മാസത്തിലേറെയായി ധന്യ മാത്യ സ്നേഹം പങ്കിടുന്നു. അനുജത്തിയെ വീഡിയോ കോളിലൂടെ പുന്നാരിക്കുവാനേ അലാന്‍ഡയ്ക്ക് സാധിക്കുന്നുള്ളൂ. ഒന്നാം പിറന്നാള്‍ ആഘോഷം വീഡിയോ കോളിലൂടെ തന്നെ നടത്തിയെന്ന് അനിലും പറയുന്നു. കുഞ്ഞു മകളെ കാണാന്‍ നാട്ടിലേയ്ക്ക് പോകാന്‍ ഒരുങ്ങവെ കോവിഡ് വന്നു. രണ്ടാം തരംഗം ജോലി ഭാരം കൂട്ടിയതോടെ യാത്ര തടസമായി. രണ്ടാം തരംഗത്തില്‍ നൂറിലേറെ മലയാളികളെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ ഈ ദമ്പതികള്‍ അവര്‍ക്ക് ശുശ്രൂഷ നല്‍കി.
സാമൂഹ്യ സേവന രംഗത്ത് ഡല്‍ഹിയില്‍ വ്യാപകമായി അനില്‍ പുതുശ്ശേരിയുടെ പേര് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നേഴ്സ് കൂടിയായ ഭാര്യ ധന്യയുടെ പൂര്‍ണ്ണ പിന്തുണയാണ് എല്ലാത്തിനും ശക്തിയേകുന്നതെന്ന് അനില്‍ പറയുന്നു. എല്ലാ ദിവസവും ഔദ്യോഗിക ജോലി സമയത്തിലും കൂടുതല്‍ മലയാളികളായ രോഗികളെ സഹായിക്കാന്‍ അനില്‍ ആശുപത്രിയില്‍ തന്നെയാണ്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ഥ ഡ്യൂട്ടി സമയം എടുത്താണ് മൂത്ത മകളെ നോക്കുന്നത്. ചില അവസരങ്ങളില്‍ ടി.വി വെച്ച് കൊടുത്ത് മകളെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ആശുപത്രിയില്‍ മലയാളികളുടെ സേവനത്തിന് പോയിട്ടുണ്ട്. കോവിഡ് രോഗത്തിന്‍റെ രണ്ടാം തരംഗത്തിന്‍റെ ശക്തി കുറഞ്ഞു വരുന്നതില്‍ ഇരുവര്‍ക്കും ആശ്വാസം. എല്ലാം ഒന്ന് ഒതുങ്ങി തീര്‍ന്നിട്ട് വേണം കുഞ്ഞുമകള്‍ ആല്‍മിയയെ ഒന്ന് കാണാന്‍ പോകുവാന്‍. ഒരു വയസ്സു കഴിഞ്ഞ അവള്‍ക്ക് അപ്പനും അമ്മയും ഇപ്പോള്‍ അപ്പൂപ്പനും അമ്മൂമയുമാണല്ലോ.
ചിത്രം: ഡല്‍ഹി ജി.ടി.ബി. കോവിഡ് ആശുപത്രിയിലെ നേഴ്സുമാരായ അനിലും, ധന്യയും മക്കളോടൊപ്പം. (ഫയല്‍ ചിത്രം)
