കോവിഡ് കെയര്‍ ഐ.സി.യു 07
പണത്തിന് മൂല്യമില്ലാത്ത ഐ.സി.യു.
സുധീര്‍ നാഥ്
ഡല്‍ഹിയിലെ ജി.ടി.ബി. കോവിഡ് ആശുപത്രിയുടെ ഐ.സി.യുവിലേയ്ക്ക് ഒരു വി.വി.ഐ.പി. ശുപാര്‍ശ പ്രകാരമായിരിക്കണം ഒരാള്‍ പ്രവേശനം നേടി. ഓക്സിജന്‍ നില താഴുന്നു എന്നത് കൊണ്ട് ഉടനെ ഡോക്ടര്‍മാര്‍ വന്ന് ഓക്സിജന്‍ നല്‍കുവാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കി. ഓക്സിജനാണ് കോവിഡിന്‍റെ രക്ഷാമരുന്ന് എന്ന നിലയിലേയ്ക്ക് എത്തിയിരിക്കുന്നു. നേഴ്സുമാര്‍ ഓക്സിജന്‍ മാസ്ക്ക് വെച്ച് ഓക്സിജന്‍ നല്‍കി തുടങ്ങിയ ഉടനെ തന്‍റെ ബാഗില്‍ നിന്ന് അഞ്ഞൂറിന്‍റെ നോട്ടുകള്‍ ജോലിയിലുള്ളവര്‍ക്ക് വെച്ച് നീട്ടി. ഇത് കണ്ട തൊട്ടടുത്ത കട്ടിലില്‍ കിടന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. അവരത് വാങ്ങില്ല സര്‍... പണത്തിന് മൂല്യമില്ലാത്ത ഇടമാണിവിടെ...!
ജി.ടി.ബി. കോവിഡ് ആശുപത്രിയിലെ കോട്ടയം മറ്റക്കര സ്വദേശിയായ നേഴ്സ് തോമസ് ജെ. മരിയാദാസ് കോവിഡ് ഒന്നാം വ്യാപനം തുടങ്ങിയ അന്നു മുതല്‍ പി.പി.ഇ. കിറ്റ് ധരിക്കുന്നു. മരണം കണ്ട് മടുത്തു എന്നും കോവിഡിനോടുള്ള ഭയം അകന്നു എന്നും അദ്ദേഹം പറയുന്നു. ڇമനസ്സും ശരീരവും തളര്‍ന്നു തുടങ്ങിയെങ്കിലും ഒന്ന് ശ്വാസം വലിച്ചു വിട്ടു പോസിറ്റീവ് എനര്‍ജിയോടെ ഓരോ ദിവസവും ഡ്യൂട്ടി തുടങ്ങാം എന്ന് വിചാരിച്ചപ്പോളേക്കും ശ്വാസം കിട്ടാതെ പിടയുന്നവര്‍ക്ക് ഒരു ഓക്സിജന്‍ ബെഡിനായി നിസ്സഹായര്‍ ആയി കേഴുന്നവരുടെ ഫോണ്‍ കാളുകള്‍... ഉറങ്ങാന്‍ കിടന്നാലും തലയ്ക്കുള്ളില്‍ പ്രകമ്പനം കൊള്ളുന്ന നിലവിളികള്‍... എന്നും കണ്മുന്നില്‍ കൂടി വെള്ളപുതപ്പിനാല്‍ മൂടപ്പെട്ട ട്രോളികളുടെ ആരവം... നിലവിളികള്‍... അതില്‍ കണ്മുന്നില്‍ ഇന്നലെ വരെ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍... തൊട്ടു മുന്നില്‍ ഓക്സിജന്‍ ലെവല്‍ താഴ്ന്നു താഴ്ന്നു ശ്വാസം നിലയ്ക്കുന്നവര്‍... അതെ ഞാനുള്‍പ്പെടുന്ന നഴ്സിംഗ് സമൂഹം ഭൂരിഭാഗവും ഇന്നത്തെ സാഹചര്യത്തില്‍ മാനസിക സംഘര്‍ഷത്തില്‍ ആണ്ڇ എത്ര പണമുണ്ടായാലും ഐ.സി.യുവിനുള്ളിലെ എല്ലാ രോഗികളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു പോലെയാണ്. പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെയാണ് അവിടെ. എല്ലാവരോടും സംസാരിച്ച് പോസിറ്റീവ് എനര്‍ജി കൊടുക്കാറുണ്ട് എന്ന് തോമസ് പറഞ്ഞു.
തൊണ്ണൂറ്റഞ്ച് വയസ് പ്രായമുള്ള ഒരു സ്ത്രീയെ ജി.ടി.ബി. ആശുപത്രിയുടെ ഒന്‍പതാം നമ്പര്‍ ബെഡില്‍ ഉണ്ട്. ഓക്സിജന്‍റെ സഹായം അവര്‍ക്ക് വേണം. അവര്‍ സ്വയം മാസ്ക്കൂരി ഭക്ഷണം കഴിക്കുന്നു. സ്വന്തമായി മാസ്ക്ക് ധരിക്കുന്നു. അവരുടെ ചുറ്റിലുമുള്ള പ്രായം കുറഞ്ഞവര്‍ പലപ്പോഴായി മരണത്തിന് കീഴടങ്ങി. കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ ഒട്ടേറെ ഡിസ്ചാര്‍ജ് ഉണ്ടായിരുന്നു. രണ്ടാം തരംഗത്തില്‍ ഡിസ്ചാര്‍ജുകളുടെ എണ്ണം കുറവാണെന്ന് തോമസ് സാക്ഷ്യപ്പെടുത്തുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മുത്തശ്ശി ഡിസ്ചാര്‍ജ് ചെയ്യും...
ചിത്രം: ഡല്‍ഹിയിലെ ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
