താളം തെറ്റിയ കോവിഡ് കരുതലും, മുന്‍കരുതലും

കോവിഡ് കെയര്‍ ഐ.സി.യു 17

താളം തെറ്റിയ കോവിഡ് കരുതലും, മുന്‍കരുതലും

സുധീര്‍ നാഥ്  

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിയിലായിരുന്നു. 2020 ജനുവരി 30ന്. അതിനു മുമ്പുതന്നെ കേരളം കോവിഡ് പ്രതിരോധ തയ്യാറെടുപ്പും ആരംഭിച്ചിരുന്നു. കേരളത്തിലെ ആരോഗ്യ രംഗത്തെ മികവും, നീപ്പയും കേരളത്തെ ഏറെ സഹായിച്ചു. കൊറോണ വൈറസ് ഇന്ത്യയില്‍ പടര്‍ന്ന് തുടങ്ങിയ 2020 ജനുവരി മാസം തന്നെ നമ്മുടെ ആരോഗ്യ രംഗം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പബ്ലിക്ക് ഹെല്‍ത്ത് അസോസിയഷന്‍, ഇന്ത്യന്‍ അസോസിയഷന്‍ ഓഫ് പ്രിവന്‍റീവ് ആന്‍റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് (സാംക്രമിക രോഗ വിദഗ്ദന്‍) എന്നിവര്‍ സംയുക്തമായി 2020 മെയ് മാസം ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായതായി  സര്‍ക്കാരിനെ അറിയിച്ചു. പക്ഷെ സര്‍ക്കാര്‍ ഈ രംഗത്തെ വിദക്തരായവരുടെ റിപ്പോര്‍ട്ട് തള്ളുകയും, സാമൂഹ്യ വ്യാപനം രാജ്യത്ത് ഉണ്ടായില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ക് ഡൗണല്ല, പകരം ക്ലസ്റ്ററുകളായി കര്‍ശന നിയന്ത്രണമായിരുന്നു വേണ്ടിയിരുന്നത്. ഇത് ചെവികൊടുക്കാതെ ഒടുവില്‍ പ്രഖ്യാപിക്കേണ്ട ലോക്ക് ഡൗണ്‍ ആദ്യമേ പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നു.

മാര്‍ച്ച് 24ന് മാത്രമാണ് ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങള്‍ വിദേശത്തു നിന്ന് പറന്നിറങ്ങുന്നത് വിലക്കിയത്. ഇതിനകം എട്ടു ലക്ഷത്തിലധികം ആളുകള്‍ ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യയില്‍ എത്തി കഴിഞ്ഞിരുന്നു. ലോക്ക് ഡൗണില്‍ ഭരണകര്‍ത്താക്കള്‍ നല്‍കുന്ന ഇളവുകളാണ് മറ്റൊന്ന്. അത് ഇപ്പോഴും തുടരുന്നു എന്നതാണ് അത്ഭുതം. സുപ്രീം കോടതി 2021 മെയ് 8ന് കോവിഡ് പ്രതിരോധിക്കാന്‍ ഐ.സി.എം.ആറിലെ പന്ത്രണ്ട് പേരുടെ നാഷ്ണല്‍ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളിലും സാംക്രമിക രോഗ വിദഗ്ദരാണ് കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകത്തെ ഏറ്റവും മികച്ച പതിനഞ്ച് സാംക്രമിക രോഗ വിദഗ്ദരെ എടുത്താല്‍ അതില്‍ പത്ത് പേര്‍ ഇന്ത്യക്കാരാണ്. പക്ഷെ ഇന്ത്യയുടെ ടാസ്ക്ക് ഫോഴ്സില്‍ ഒരു സാംക്രമിക രോഗ വിദഗ്ദന്‍ പോലുമില്ല. ക്രിക്കറ്റ് ടീമിനോട് ഫുഡ്ബോള്‍ മത്സരത്തില്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ പറഞ്ഞത് പോലായി...!

കോവിഡിന്‍റെ വാക്സിനുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എത്തിക്കുന്നതിനൊപ്പം കയറ്റുമതിയിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് വലിയ വീഴ്ച്ചയായിരുന്നു. രാജ്യത്തെ ജനങ്ങള്‍ വാക്സിന്‍ ലഭിക്കാതെ അലഞ്ഞു. വാക്സിന്‍ സ്വീകരിക്കാത്തവര്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മരിച്ചു വീണു. മൂന്നാം തരംഗത്തിന് മുന്‍പായി രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുകയാണെങ്കില്‍ വലിയ ഒരു അപകടത്തില്‍ നിന്ന് രാജ്യം രക്ഷപെടും. പോളിയോയെ തുരത്താന്‍ അടക്കമുള്ള വാക്സിനുകള്‍ സൗജന്യമായി നല്‍കിയ രാജ്യമാണ് ഇന്ത്യ. അവിടെ ഇപ്പോള്‍ ജനങ്ങള്‍ കോവിഡിന്‍റെ വാക്സിന്‍ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. 

ചിത്രം: സാംക്രമിക രോഗ വിദഗ്ദര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍.