കോവിഡ് കെയര്‍ ഐ.സി.യു 16
നോവല്‍ കൊറോണ വൈറസ് പടരാതെ തടയാനാകും
സുധീര്‍ നാഥ്
"നോവല്‍ കൊറോണ വൈറസ് പടരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായ തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മറയ്ക്കുക. ക്കൈയ്യ് സോപ്പു ഉപയോഗിച്ച് വ്യത്തിയായി കഴുകുക. കണ്ണും, മൂക്കും, വായും ക്കൈ കൊണ്ട് തൊടാതിരിക്കുക. ആര്‍ക്കെങ്കിലും, ചുമയോ, പനിയോ, ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍, അവരുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. അത്യാവശ്യഘട്ടത്തില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ദിശാ ഹെല്‍പ്പ് ലൈന്‍ നമ്പറായ ഒന്നേ പൂജ്യം അഞ്ചേ ആറില്‍ വിളിക്കുക. പൊതുജന താത്പര്യാര്‍ത്ഥം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഭാരത സര്‍ക്കാര്‍. "
കോവിഡ് പടര്‍ന്ന് പിടിച്ചു തുടങ്ങിയ 2020ല്‍ ഈ വാക്കുകള്‍ കേള്‍ക്കാത്ത മെബൈല്‍ ഉപഭോക്താക്കള്‍ മലയാളക്കരയില്‍ ഉണ്ടാകില്ല. കോട്ടയം പാലാ സ്വദേശിയായ ടിന്‍റുമോള്‍ ജോസഫിന്‍റെ ശബ്ദത്തിലായിരുന്നു മലയാളികള്‍ ഈ വരികള്‍ കേട്ടത്. കോട്ടയം ജില്ലയാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി കര്‍ണാടകത്തിലെ സുള്ള്യയിലാണ് ടിന്‍റുവും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നത്. 2011 ല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പിജി പഠനത്തിനായി എത്തിയ ടിന്‍റുമോള്‍ അവിടെ നിന്നാണ് വോയ്സ് ഓവര്‍ രംഗത്തേക്ക് കടന്നുവരുന്നത്.
മലയാളത്തില്‍ ടിന്‍റുമോള്‍ ഉപദേശിച്ചത് സ്വന്തം ജീവിതത്തില്‍ അവര്‍ പിന്തുടര്‍ന്ന് വിജയിപ്പിച്ചു. ഡല്‍ഹി ജെ.എന്‍.യു. സര്‍വ്വകലാശാല ക്യാമ്പസിന്‍റെ അടുത്ത് ഒറ്റമുറി വാടക വീട്ടില്‍ രണ്ട് വനിതാ സുഹ്യത്തുക്കളോടൊപ്പമാണ് ടിന്‍റുമോള്‍ താമസിക്കുന്നത്. രണ്ട് സുഹ്യത്തുക്കള്‍ക്കും രണ്ടാം തരംഗത്തില്‍ കോവിഡ് പോസിറ്റീവായി. മറ്റൊരു സുരക്ഷിത ഇടം തേടാന്‍ സാധിക്കുമായിരുന്നില്ല. പതറാതെ ഒന്നാം തരംഗത്തില്‍ മലയാളികളെ ഉപദേശിച്ച ടിന്‍റുമോള്‍ അത് തന്നെ പിന്തുടര്‍ന്നു. സാമൂഹ്യ അകലം, മാസ്ക്ക്, സാനിറ്റയ്സേഷന്‍. രണ്ടാഴ്ച്ച വളരെ കര്‍ശനമായി അവര്‍ മൂവരും ഒറ്റമുറി വീട്ടില്‍ കഴിഞ്ഞു. ഒരു ബാത്ത് റൂം മാത്രമുണ്ടായിരുന്ന വീട്ടില്‍ എപ്പോഴും ഉപയോഗത്തിന് മുന്‍പും, പിന്‍പും സാനിറ്റയ്സേഷന്‍ ചെയ്യുമായിരുന്നു. സഹമുറിയന്‍മാരായ രണ്ട് സുഹ്യത്തുക്കള്‍ക്കും നെഗറ്റീവായി. ടിന്‍റുമോള്‍ക്ക് കോവിഡ് വന്നില്ല. കോവിഡ് ബാധിതരായ മാതാപിതാക്കളെയും, കൂടപിറപ്പുകളേയും, സുഹ്യത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് ടിന്‍റുമോളുടെ അനുഭവം പാഠമാകട്ടെ. രാജ്യത്തെ വലിയ എന്‍.ജി.ഒയില്‍ ഒന്നായ ദീപാലയയുമായി ചേര്‍ന്ന് ചേരിയിലെ കുട്ടികളുടെ ഉന്നമനത്തിനായി ടിന്‍റുമോള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ചിത്രം: ടിന്‍റുമോള്‍ ജോസഫ്.
