കോവിഡ് കെയര്‍ ഐ.സി.യു 15
ഐ ആം വാക്സിനേറ്റഡ്... വാട്ട് എബവ്ട്ട് യു..?
സുധീര്‍ നാഥ്
കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനകള്‍ മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, പ്രദേശിക ഭരണകൂടവും തുടക്കം മുതല്‍ പറയുന്നതാണ് എസ്.എം.എസ്. സോഷ്യല്‍ ഡിസ്റ്റന്‍സ്, മാസ്ക്ക്, സാനിറ്റെസേഷന്‍ എന്നാണ് എസ്.എം.എസ്. കൊണ്ട് ഉദ്ദേശിക്കുന്നത്. അലിഘഡ് മുസ്ലീം സര്‍വ്വകലാശാലയിലെ മലയാള വിഭാഗം തലവന്‍ ഡോക്ടര്‍ ടി.എന്‍. സതീശന്‍ ടെലിവിഷനിലൂടെ കേന്ദ്ര, കേരള സര്‍ക്കാരും മാധ്യമങ്ങളും തുടര്‍ച്ചയായി പറയുന്ന എസ്.എം.എസ്. പിന്തുടര്‍ന്നു. അന്ന് സര്‍വ്വകലാശാലയിലെ മറ്റ് വിഭാഗങ്ങളിലെ അദ്ധ്യാപകരടക്കം പലരും മാസ്ക്കില്ലാതെ, സാമൂഹ്യ അകലം ഇല്ലാതെ, സാനിറ്റയ്സര്‍ ഇല്ലാതെ നടന്നു. രണ്ടാം കോവിഡ് തരംഗമുണ്ടായപ്പോള്‍ അന്‍പതോളം അദ്ധ്യാപകര്‍ മാത്രം അവിടെ മരണത്തിന് കീഴടങ്ങി. അതിന് ശേഷം അവിടെ എല്ലാവരും എസ്.എം.എസ്. പിന്തുടരുന്നതായി ഡോക്ടര്‍ സതീശന്‍ പറഞ്ഞു. അനുഭവമാണ് ഗുരു എന്നതിന് ഉത്തമ തെളിവാണ് ഇത്. ഡല്‍ഹിയിലെ തെരുവുകളില്‍ മാസ്ക്കില്ലാതെ ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ട്, മീശയും താടിയും ചെത്തി മിനുക്കി നടക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. പേരിന് മാസ്ക്ക് താടിയില്‍ തൂക്കുന്നവരും കുറവല്ല. അവരുടെ ഏറ്റവും അടുത്തവര്‍ക്ക് രോഗം വരണോ ഇതൊക്കെ മാറാന്‍...?
കോവിഡിന്‍റെ പ്രതിരോധമാണ് വാക്സിനുകള്‍. രണ്ട് വാക്സിനുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ട് മാസങ്ങളായി. പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വലിയ തിരക്കൊന്നും ഉണ്ടായില്ല. വാക്സിന്‍റെ ആവശ്യവും, അത് സുരക്ഷിതമാണെന്നും പരസ്യമായി പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പരസ്യമാക്കി. എന്നിട്ടും വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായ പലരും മുഖം തിരിച്ചു. ചിലര്‍ വാക്സിനില്‍ വിശ്വാസം ഇല്ലെന്ന് പ്രഖ്യാപിച്ചു. ചിലര്‍ വാക്സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചിട്ട് സ്വീകരിക്കാം എന്ന് പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ തിരക്കേ ഉണ്ടായില്ല.
കോവിഡിന്‍റെ രണ്ടാം തരംഗം ശക്തമായപ്പോള്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന്‍ സുരക്ഷിതമായിരിക്കും എന്ന വാര്‍ത്ത പരന്നു. അതോടെ വാക്സിന്‍ കേന്ദ്രങ്ങളില്‍ തിരക്കായി. വാക്സിന്‍റെ ലഭ്യതയിലും കുറവുണ്ടായി. രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണത്തെ വിവാഹത്തോട് ഉപമിച്ച് ബയോകോണ്‍ മേധാവി കിരണ്‍ മസൂംദാര്‍ ഷാ പറഞ്ഞത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. കിരണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ, 'ഇന്ത്യയിലെ വാക്സിന്‍ വിതരണം വിവാഹം പോലെയാണ്. ആദ്യം നിങ്ങള്‍ തയ്യാറായിരിക്കില്ല. പിന്നെ നിങ്ങള്‍ക്ക് ആരെയും ഇഷ്ടമാകില്ല. പിന്നെ നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. വാക്സിന്‍ സ്വീകരിക്കാത്തത് ആയിരിക്കും നല്ലതെന്ന് കരുതി സ്വീകരിച്ചവര്‍ ദുഃഖത്തില്‍ ആയിരിക്കും. എന്നാല്‍, ഇതുവരെ ലഭിക്കാത്തവര്‍ ഏതെങ്കിലും ഒന്ന് കിട്ടിയാല്‍ മതിയെന്ന ചിന്തയില്‍ ആയിരിക്കും'- കിരണ്‍ ട്വീറ്റ് ചെയ്തു.
ചിത്രം: ഡല്‍ഹിയില്‍ വാക്സിന്‍ സ്വീകരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദീപ സുധീർ.
