ഡല്‍ഹിയിലെ കോവിഡ് ഭീതി ഒഴിയുന്നു.
സുധീര്‍ നാഥ്
ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടേയും, മരണങ്ങളുടേയും കണക്കുകള്‍ കുറയുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലോക ജനത ഭീതിയോടെ കണ്ട സീമാപുരി ശ്മശാനത്തിലെ അവസ്ഥയ്ക്ക് തന്നെ മാറ്റം വന്നതായി കാണാം. അവിടെ കൂട്ടമായുള്ള ചിത കത്തുന്ന ഭീതിജനകമായ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 6430 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെയ് 14 വെള്ളിയാഴ്ച്ച 8506 കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 289 മരണങ്ങളാണ് വെള്ളിയാഴ്ച്ച സംഭവിച്ചത്. പക്ഷെ ശനിയാഴ്ച്ചത്തെ ഡല്‍ഹി സര്‍ക്കാരിന്‍റെ കണക്കില്‍ മരണ നിരക്ക് 337 ആണ്. കോവിഡ് പോസിറ്റീവിറ്റി റേറ്റ് 11.32% ആയി കുറഞ്ഞിട്ടുണ്ട്.
രാജ്യത്താദ്യമായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ബാങ്ക് സര്‍ക്കാര്‍ ആരംഭിച്ചു. 200 മെഷ്യനുകളാണ് ഡല്‍ഹി സര്‍ക്കാര്‍ തുടക്കമെന്ന നിലയില്‍ ഓരോ ജില്ലയിലും സമാഹരിച്ചിരിക്കുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കളക്റ്റീവ് ഇന്ത്യ എന്ന എന്‍ജിഒ 75 കോണ്‍സന്‍ട്രേറ്റര്‍ സൗജന്യമായി ഡല്‍ഹിയിലെ രോഗികള്‍ക്ക് നല്‍കുന്നുണ്ട്. സമാനമായി മൂന്നോളം എന്‍ജിഒകള്‍ കോണ്‍സന്‍ട്രേറ്റര്‍ സൗജന്യമായി നല്‍കുന്നു. ഓക്സിജന്‍ സൗകര്യത്തോടെയുള്ള ഐ.സി.യു ബെഡുകള്‍ പുതുതായി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഓക്സിജന്‍റെ കുറവ് പരിഹരിച്ചതോടെ ഡല്‍ഹി സുരക്ഷിതമായി വരുന്നു എന്ന് തന്നെ പറയാം.
ഫോട്ടോ: ഡല്‍ഹിയില്‍ ഭീതി പരത്തിയ സീമാപുരി ശ്മശാനം ഓരാഴ്ച്ച മുന്‍പും, ശനിയാഴ്ച്ചയും.


