യുദ്ധസന്നാഹം ശക്തമായത് കൊണ്ട് തകര്‍ക്കാനാവില്ല

കോവിഡ് കെയര്‍ ഐ.സി.യു 13

യുദ്ധസന്നാഹം ശക്തമായത് കൊണ്ട് തകര്‍ക്കാനാവില്ല

സുധീര്‍ നാഥ്  

പാലസ്ഥീന്‍ ഇസ്റായല്‍ യുദ്ധ വാര്‍ത്തകള്‍ കൊണ്ട് അസ്വസ്ഥമാണ് ലോകം. കോവിഡിനെ ഇല്ലാതാക്കാന്‍ ലോകം മുഴുവന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഇന്ത്യ ഒരു യുദ്ധത്തിന് സന്നാഹമായാണ് നില്‍ക്കുന്നത്. അത്യാധുനിക യുദ്ധ വീമാനങ്ങളും, പീരങ്കികളും, മറ്റ് യുദ്ധോപകരണങ്ങളും ഇന്ത്യയ്ക്കിപ്പോള്‍ സ്വന്തമാണ്. ലോകത്തിലെ ശക്തമായ രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് കൊറോണ എന്ന കുഞ്ഞന്‍ വൈറസ് ലോകത്തെ കീഴടക്കിയത്. എത്ര യുദ്ധകോപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും ഇന്ത്യ നിസ്സഹായമായി വൈറസിനോട് പൊരുതി കൊണ്ടിരിക്കുകയാണ്. ജീവ വായുവിനായി ജനങ്ങള്‍ കരയുകയാണ്. നിലവിലുള്ള യുദ്ധോപകരണങ്ങള്‍ കൊണ്ട് രാജ്യത്തെ കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കില്ല. 1.2 ശതമാനം മാത്രമാണ് ഇന്ത്യയുടെ ബജറ്റില്‍ പൊതുജന ആരോഗ്യത്തിനായി നീക്കി വെച്ചിരിക്കുന്നത്. പ്രതിരോധ രംഗത്ത് നീക്കി വെച്ചിരിക്കുന്നത് ശരാശരി 16 ശതമാനമാണ്. ലോക രാജ്യങ്ങളിള്‍ പൊതുജന ആരോഗ്യത്തിന് നീക്കി വെച്ച തുക വളരെ കൂടുതലാണെന്നത് ജനങ്ങള്‍ താരതമ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. 

ഇന്ത്യ പൊതുജന ആരോഗ്യ രംഗത്ത് വേണ്ടത്ര പണം മുടക്കിയിട്ടുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യയിലെ ഓരോ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ഓരോ ആധുനിക ആശപത്രി പണിയാന്‍ പത്ത് കോടി രൂപ മാറ്റിവെയ്ക്കണമെന്ന് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഓരോ ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്‍റുകള്‍ നിര്‍മ്മിക്കാന്‍ രണ്ട് കോടി നല്‍കിയാല്‍ പോലും എത്രയാകും ചിലവ് എന്ന് അവര്‍ ചോദിക്കുന്നു. 3000 കോടിക്ക് പ്രതിമ പണിതതും, 20,000 കോടിക്ക് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുന്നതും ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്  സര്‍ക്കാരിന്‍റെ രാഷ്ട്രീയ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവരും, പൊതു ജനങ്ങള്‍ തന്നെയുമാണ്. 

ഇപ്പോള്‍ ഇന്ത്യയില്‍ സ്വകാര്യ മേഖലയിലും, പൊതുമേഖലയിലും ഒരു ലക്ഷം ഐ.സി.യു ബെഡുകള്‍ പോലും ഇല്ല എന്നതാണ് വാസ്ഥവം. ഇന്ത്യയില്‍ അഞ്ച് ലക്ഷം ഐ.സി.യു ബെഡുകളുടെ ആവശ്യമാണ് വരാന്‍ പോകുന്നത്. രണ്ടാം കോവിഡ് തരംഗം അതിന്‍റെ പാരമ്യത്തില്‍ എത്തുമ്പോള്‍ മൂന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ രോഗികള്‍ പ്രതിദിനം രാജ്യത്ത് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ തേടുന്ന നല്ലൊരു ശതമാനം പേരും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ഐ.സി.യുവില്‍ പ്രവേശിക്കുന്ന ഒരു രോഗി ചുരുങ്ങിയത് പത്ത് ദിവസം ചികിത്സ തേടണം. ദിവസവും ആശുപത്രിയില്‍ എത്തുന്ന രോഗികളെ വാര്‍ഡുകളില്‍ ചികിത്സിക്കുവാനേ സാധിക്കുന്നുള്ളൂ. ഡല്‍ഹിയില്‍ മാത്രം ആയിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊറോണ വൈറസിനെ തുരത്താന്‍ യുദ്ധോപകരണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്ന് ഇപ്പോള്‍ ഭരണകര്‍ത്താക്കള്‍ക്ക് മനസിലായിരിക്കുന്നു.

ചിത്രം: ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍.